ഏക സിവിൽ കോഡ്; കരട് കണ്ണിലായാൽ
text_fieldsസംഘ്പരിവാർ അജണ്ട നടപ്പാക്കാൻ ബി.ജെ.പിയെ സഹായിച്ചിരുന്ന തമിഴ്നാട്ടിലെ എ.ഐ.എ.ഡി.എം.കെയും ആന്ധ്രപ്രദേശിലെ വൈ.എസ്.ആർ കോൺഗ്രസും പഞ്ചാബിലെ ശിരോമണി അകാലിദളും നാഗാലാൻഡിലെ എൻ.ഡി.പി.പിയും മേഘാലയയിലെ എൻ.പി.പിയും മിസോറമിലെ എം.എൻ.എഫുമെല്ലാം ഏക സിവിൽ കോഡിനെതിരെ പരസ്യനിലപാടെടുത്തത് നരേന്ദ്ര മോദിയുടെ മധ്യപ്രദേശ് പ്രസംഗത്തിനു ശേഷമാണ്. ഏക സിവിൽ കോഡ് നടപ്പാക്കിയാൽ എം.എൽ.എമാരുടെ വീടുകൾ കത്തുമെന്നാണ് നാഗാലാൻഡ് ഭരിക്കുന്ന സഖ്യകക്ഷി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നേരിൽകണ്ട് നൽകിയ മുന്നറിയിപ്പ്
ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് വാട്സ്ആപ് വഴി പ്രചരിക്കുന്ന സന്ദേശങ്ങളുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് നരേന്ദ്ര മോദി സർക്കാർ നിയോഗിച്ച കേന്ദ്ര നിയമ കമീഷനെക്കൊണ്ട് പറയിപ്പിക്കുന്ന തലത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. കമീഷനുമായി ബന്ധപ്പെടുത്തി ചില സന്ദേശങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അവയിൽ പരാമർശിച്ച നമ്പറുകൾ തങ്ങളുടേതല്ലെന്നും ഏക സിവിൽ കോഡ് സംബന്ധമായ ആശയവിനിമയങ്ങളെല്ലാം ഔദ്യോഗിക വിലാസം വഴിയോ, ഇ-മെയിൽ വഴിയോ നേരിട്ടറിയിക്കണമെന്നുമാണ് കമീഷൻ വ്യക്തമാക്കിയിരിക്കുന്നത്.
ഏകീകൃത സിവിൽ കോഡ് നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മധ്യപ്രദേശിൽ പ്രധാനമന്ത്രി പറയുംമുമ്പെ സംഘ്പരിവാറും ഗോദി മീഡിയയും ആഘോഷം തുടങ്ങിയത് രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തിന് ‘മുട്ടൻ പണി’ കിട്ടാൻ പോകുന്നു എന്ന നിലയിലായിരുന്നു. കരടില്ലാത്ത കോഡിൽ അഭിപ്രായംതേടി നിയമ കമീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചപ്പോഴേക്കും വേണമെന്ന് ആവശ്യപ്പെട്ട് കമീഷന് അയക്കേണ്ട സന്ദേശത്തിന്റെ ‘കരട്’ വാട്സ് ആപ് വാഴ്സിറ്റികൾ പുറത്തുവിട്ടു.
ഏകീകൃത കോഡ് നടപ്പാക്കി രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ നിയമ കമീഷനോട് ആവശ്യപ്പെടുന്ന കാമ്പയിനും അവർ തുടങ്ങി. ഉള്ളടക്കം എന്താണെന്നറിയാത്ത കോഡ് നടപ്പാക്കാതെ ഇന്ത്യയുടെ വൈവിധ്യം കാത്തുസൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ സന്ദേശങ്ങളുടെ ‘കരടു’മിറങ്ങി. അനുകൂലികളുടെയും പ്രതികൂലികളുടെയും ‘കരട്’ യുദ്ധത്തിനിടയിലാണ് ഒരു കരടുമിറക്കാത്ത കോഡിൽ ഇവരൊന്നും പറയുന്നത് വിശ്വസിക്കരുതെന്ന പ്രസ്താവനയുമായി കമീഷൻ വരുന്നത്.
കരട് ആരുടെയെല്ലാം കണ്ണിലെ കരടാകും?
രാജ്യദ്രോഹക്കുറ്റം പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ ഭരണകൂടത്തിന്റെ മനസ്സിലിരിപ്പ് അപ്പാടെ ശിപാർശയായി സമർപ്പിച്ച ഒരു നിയമ കമീഷൻ ഏക സിവിൽ കോഡ് അജണ്ട നടപ്പാക്കുന്നതിൽ വിലങ്ങുതടിയാകില്ലെന്ന് ബി.ജെ.പിക്ക് ഉറപ്പാണ്. എന്നാൽ, മുസ്ലിംകളെ അപരവത്കരിക്കാൻ ഉപയോഗിച്ച സ്വന്തം പ്രകടനപത്രികയിലെ രാമക്ഷേത്ര നിർമാണവും കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കലുംപോലെ അനായാസം പ്രയോഗിക്കാവുന്ന അജണ്ടയല്ല ഏക സിവിൽ കോഡ് എന്ന് ബി.ജെ.പി തിരിച്ചറിഞ്ഞിരിക്കുന്നു; സ്വന്തം സഖ്യകക്ഷികളും സഹയാത്രികരും അവർക്ക് തിരിച്ചറിവുണ്ടാക്കി കൊടുത്തുവെന്ന് പറയുന്നതാവും നേര്.
ദക്ഷിണേന്ത്യയിലും വടക്കേ ഇന്ത്യയിലുമുള്ള ബി.ജെ.പി സഖ്യകക്ഷികളും സഹകാരികളും മാത്രമല്ല, വടക്കുകിഴക്കൻ ഇന്ത്യ ഒന്നടങ്കവും ഏക സിവിൽ കോഡിന് ഇരുതല മൂർച്ചയുണ്ടെന്നു കണ്ട് അത് നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
നിർണായക ഘട്ടങ്ങളിൽ സംഘ് പരിവാർ അജണ്ട നടപ്പാക്കാൻ ബി.ജെ.പിയെ സഹായിച്ചിരുന്ന തമിഴ്നാട്ടിലെ എ.ഐ.എ.ഡി.എം.കെയും ആന്ധ്രപ്രദേശിലെ വൈ.എസ്.ആർ കോൺഗ്രസും പഞ്ചാബിലെ ശിരോമണി അകാലിദളും നാഗാലാൻഡിലെ എൻ.ഡി.പി.പിയും മേഘാലയയിലെ എൻ.പി.പിയും മിസോറമിലെ എം.എൻ.എഫുമെല്ലാം ഏക സിവിൽ കോഡിനെതിരെ പരസ്യനിലപാടെടുത്തത് നരേന്ദ്ര മോദിയുടെ മധ്യപ്രദേശ് പ്രസംഗത്തിനു ശേഷമാണ്.
ഏക സിവിൽ കോഡ് നടപ്പാക്കിയാൽ എം.എൽ.എമാരുടെ വീടുകൾ കത്തുമെന്നാണ് നാഗാലാൻഡ് ഭരിക്കുന്ന സഖ്യകക്ഷി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നേരിൽകണ്ട് നൽകിയ മുന്നറിയിപ്പ്.
ഇല്ലാത്ത ‘സിവിൽ കോഡി’ൽനിന്ന് ഒഴിവാക്കിത്തുടങ്ങിയാൽ
ഐക്യ പ്രതിപക്ഷത്തെ ഏക സിവിൽ കോഡിൽ ശിഥിലമാക്കാമെന്ന ബി.ജെ.പി കണക്കുകൂട്ടലാണ് സ്വന്തം പക്ഷത്തുള്ളവർതന്നെ എതിരായതോടെ പൊളിഞ്ഞുതുടങ്ങിയിരിക്കുന്നത്. കരട് പോലുമാകാത്ത ഒരു കോഡിൽനിന്ന് ക്രൈസ്തവരെയും ഗോത്രവിഭാഗങ്ങളെയും ഒഴിവാക്കിത്തരാമെന്ന് അമിത് ഷാ പറഞ്ഞെന്ന് ഡൽഹിയിൽ അദ്ദേഹത്തെ കണ്ടിറങ്ങിവന്ന നാഗാലാൻഡ് നേതാക്കൾ മാധ്യമങ്ങൾക്കു മുമ്പാകെ വെളിപ്പെടുത്തിയപ്പോൾ നിഷേധിക്കാൻ കേന്ദ്രസർക്കാറിനോ ആഭ്യന്തര മന്ത്രാലയത്തിനോ കഴിഞ്ഞില്ല. ബി.ജെ.പി എത്തിപ്പെട്ട നിസ്സഹായാവസ്ഥയുടെ നേർകാഴ്ചയായിരുന്നു ആ കൂടിക്കാഴ്ച.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലടക്കം സംഘ് പരിവാറിന്റെ പല അജണ്ടകളോടും പ്രതിപത്തി കാണിച്ച ആം ആദ്മി പാർട്ടി എടുത്തുചാടി പ്രഖ്യാപിച്ച താത്വിക പിന്തുണപോലും മാറ്റേണ്ട സ്ഥിതിയിലായി. സിഖ് മത വേദിയും ശിരോമണി അകാലിദളും പരസ്യമായി പ്രകടിപ്പിച്ച പ്രതിഷേധത്തിനൊപ്പം നിൽക്കുകയാണിപ്പോൾ പഞ്ചാബിലെ ആപ് മുഖ്യമന്ത്രി.
ബി.ജെ.പി അജണ്ട പൊളിയുന്ന കാഴ്ച
ഗോത്ര വർഗക്കാരെയും ക്രൈസ്തവരെയും സിഖുകാരെയും ഒഴിവാക്കി ഏക സിവിൽ കോഡ് ഉണ്ടാക്കുന്നത് പഠിക്കാൻ നിയമ കമീഷനെ ശട്ടംകെട്ടിയാലും പരിഹാരമാവില്ല. കാരണം ന്യൂനപക്ഷ മാളങ്ങളിൽനിന്ന് പിടിച്ചതിലും വലുത് ഭൂരിപക്ഷ മാളത്തിൽനിന്ന് കപിൽ സിബലിനെപ്പോലുള്ള നിയമജ്ഞർ പിടിച്ച് പുറത്തിട്ടിരിക്കുന്നു.
ഏക സിവിൽ കോഡ് ആദ്യം നടപ്പാക്കേണ്ടത് ഹിന്ദുക്കളിലാണെന്ന് പരസ്യമായി പറഞ്ഞ് തമിഴ്നാട് ഭരിക്കുന്ന ഡി.എം.കെയാണ് ഇത്തരമൊരു ദിശയിലേക്ക് ഏക സിവിൽ കോഡ് ചർച്ച കൊണ്ടുപോയത്. ആചാരങ്ങൾ നിയമമായ ഇന്ത്യയിൽ വൈവിധ്യമാർന്ന ആചാരങ്ങളുള്ള ഹിന്ദു സമുദായത്തിലെ വ്യക്തിനിയമങ്ങൾ എങ്ങനെയാണ് ഏകരൂപത്തിലാക്കാൻ പോകുന്നതെന്ന സിബലിന്റെ ചോദ്യത്തിന് ഉത്തരം നൽകാൻ മോദി സർക്കാറിന് കഴിഞ്ഞിട്ടില്ല.
ഹിന്ദു കുടുംബങ്ങൾക്ക് മാത്രം കോടികളുടെ നികുതി ഇളവ് നൽകുന്നതിന് ആധാരമാക്കുന്ന ഹിന്ദു സിവിൽ നിയമമൊക്കെ ബി.ജെ.പി റദ്ദാക്കുമോ എന്ന സിബലിന്റെ ചോദ്യവും കുറിക്ക് കൊണ്ടിട്ടുണ്ട്. ദേശീയതലത്തിൽ ചർച്ച ആ നിലക്ക് പുരോഗമിച്ചതോടെ ഏക സിവിൽ കോഡിനെ മുസ്ലിംകളുടെ മാത്രം പ്രശ്നമാക്കി ധ്രുവീകരണ അജണ്ട സൃഷ്ടിക്കാനുള്ള ബി.ജെ.പി നീക്കം പൊളിഞ്ഞുകൊണ്ടിരിക്കുന്നതാണ് കാണാനാവുന്നത്.
ഹിന്ദുക്കളിൽ ഏക സിവിൽ കോഡ് നടപ്പാക്കുമോയെന്ന് ചോദിച്ച് ഡി.എം.കെ ഈ മറുചോദ്യങ്ങൾക്ക് തുടക്കമിട്ട തമിഴ്നാട്ടിൽ എ.ഐ.ഡി.എം.കെ എതിർപക്ഷത്തായി. സിഖുകാർക്ക് ബാധകമാക്കാനാവില്ലെന്ന ശിരോമണി അകാലിദളിന്റെ നിലപാട് അവരുമായി 2024ൽ സഖ്യം പ്രതീക്ഷിച്ച ബി.ജെ.പിയെ മാത്രമല്ല, ഏക സിവിൽ കോഡിനെ പിന്തുണച്ച ആപ്പിനെക്കൂടിയാണ് പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
മജ്ലിസും സി.പി.എമ്മും കാണിക്കുന്ന അത്യാവേശം
ഇടതുപക്ഷം അടക്കമുള്ളവർ വളരെ അവധാനതയോടെ മുസ്ലിംകളുടേതല്ലാത്ത ഒരു പൊതുവിഷയമായി ഉന്നയിച്ച് ദേശീയതലത്തിൽ ബി.ജെ.പിയുടെ ഈ തെരഞ്ഞെടുപ്പ് അജണ്ടയെ പരാജയപ്പെടുത്താൻ പണിയെടുത്തുകൊണ്ടിരിക്കുമ്പോൾ കേരളത്തിലെ സി.പി.എമ്മും ഹൈദരാബാദിലെ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമൂനും ഇതൊരു മുസ്ലിം വിഷയമാക്കി ഉയർത്തിക്കാണിക്കാനുള്ള അത്യാവേശത്തിലാണ്.
ഏക സിവിൽ കോഡ് വിവാദം എടുത്തിട്ട ബി.ജെ.പി പ്രതീക്ഷിക്കുന്നത് ഭൂരിപക്ഷ വോട്ടാണെങ്കിൽ ഈ രണ്ട് അത്യാവേശക്കാരുടെയും കണ്ണ് ന്യൂനപക്ഷ വോട്ടിലാണ്. മതസംഘടനകളിലെ ആവേശ കമ്മിറ്റിക്കാരെപ്പോലും തോൽപിക്കുന്ന തരത്തിലാണ് മുസ്ലിംകളെ ഏക സിവിൽ കോഡിനെതിരെ അണിനിരത്താൻ ഈ രണ്ട് രാഷ്ട്രീയ പാർട്ടികൾ കാണിക്കുന്ന അത്യാവേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.