ഏകീകൃത സിവിൽ കോഡ്:പഴയ വിഭാഗീയതകൾ അപ്രസക്തം
text_fieldsഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട ശക്തമായ സംവാദം എൺപതുകളിൽ ഞാൻ കോളജ് വിദ്യാർഥിയായിരുന്ന കാലത്താണ് ഉണ്ടായത്. 1978ലാണ് ആദ്യമായി ഇ.എം.എസ് സി.പി.എം ജനറൽ സെക്രട്ടറിയാവുന്നത്. പാർട്ടി ഉണ്ടായ നാൾ മുതൽ അന്നുവരെ പി. സുന്ദരയ്യ ആയിരുന്നു ജനറൽ സെക്രട്ടറി. അതേവർഷംതന്നെയാണ് വിഖ്യാതമായ ഷാബാനോ ബീഗം കേസ് ഉണ്ടാവുന്നത്. മുസ്ലിം സ്ത്രീകളുടെ ജീവനാംശം സംബന്ധിച്ച ഈ കേസിന്റെ ആദ്യഘട്ടത്തിൽ വിവാദം ദേശീയതലത്തിൽ എത്തിയിരുന്നില്ല. എന്നാൽ, 1980ൽ കേസ് സുപ്രീംകോടതിയിൽ എത്തിയതോടെ വലിയ ദേശീയ പ്രാധാന്യം ലഭിക്കുകയും കോടതിക്ക് പുറത്തു ഇതുസംബന്ധിച്ച് വലിയൊരു വിവാദം പൊട്ടിപ്പുറപ്പെടുകയുംചെയ്തു.
ജനസംഘം അജണ്ടയും ഇ.എം.എസിന്റെ നിലപാടും
ജനത പാർട്ടിയുടെ തകർച്ചക്കുശേഷം പഴയ ജനസംഘം ബി.ജെ.പിയായി രൂപംമാറിയത് 1980ലായിരുന്നു. 1967ലാണ് ജനസംഘം ആദ്യമായി ഏകീകൃത സിവിൽ കോഡ് എന്ന ആവശ്യം തെരഞ്ഞെടുപ്പ് പത്രികയിൽ ഉൾപ്പെടുത്തുന്നത്. ജനസംഘം എല്ലായ്പോഴും മൂന്ന് മുദ്രാവാക്യങ്ങളാണ് തങ്ങളുടെ അടിസ്ഥാന നിലപാടായി ഉയർത്തിപ്പിടിച്ചിരുന്നത്. ഒന്ന്: ഏകീകൃത സിവിൽ നിയമം, രണ്ട്: ആർട്ടിക്കിൾ 370 പിൻവലിക്കൽ, മൂന്ന്: അയോധ്യയിലെ രാമക്ഷേത്ര നിർമാണം. എന്നാൽ, തുടർന്നുള്ള തെരഞ്ഞെടുപ്പുകളിൽ ഈ വിവാദ വിഷയങ്ങൾ മുഖ്യ ചർച്ചാവിഷയമാക്കാൻ ജനസംഘത്തിനു കഴിഞ്ഞിരുന്നില്ല. കോൺഗ്രസിനെ എങ്ങനെയും പുറത്താക്കുക എന്ന ആർ.എസ്.എസ് അജണ്ടയുടെ അടിസ്ഥാനത്തിൽ തന്ത്രപരമായി എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒന്നിപ്പിക്കാനുള്ള ശ്രമത്തിൽ അവർ സ്വന്തം അജണ്ട തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളായി ഉയർത്താതെ തന്ത്രപരമായി പിന്നോട്ടുപോയിരുന്നു.
ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള 1980ലെ കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവിനെത്തുടർന്ന് രൂപപ്പെട്ട ദേശീയ സാഹചര്യവും ഈ മുദ്രാവാക്യങ്ങൾ കേന്ദ്രപ്രമേയമാക്കുന്നതിനു അനുകൂലമായിരുന്നില്ല. അതുകൊണ്ടാണ് 1980ൽ ഭാരതീയ ജനത പാർട്ടിയുടെ രൂപവത്കരണ വേളയിൽ തങ്ങളുടെ ലക്ഷ്യം ‘ഗാന്ധിയൻ സോഷ്യലിസ’മാണെന്ന് അവർ എഴുതിവെച്ചത്. അങ്ങനെ ഒരു സോഷ്യലിസം നിലവിലില്ലെന്ന് ബി.ജെ.പിക്ക് തീർച്ചയായും അറിയാമായിരുന്നു. സോഷ്യലിസത്തോടു ആഭിമുഖ്യമുണ്ട് എന്ന തരത്തിൽ ചില പ്രസ്താവനകൾ ഗാന്ധി നടത്തിയിട്ടുണ്ടെങ്കിലും തന്റെ ആത്മകഥയിൽ ഏതാണ്ട് ഒരു മുഴുവൻ അധ്യായംതന്നെ ഗാന്ധിയുടെ സോഷ്യലിസ്റ്റ് വിരുദ്ധ സമീപനത്തെ വിമർശിക്കാൻ നീക്കിവെച്ചതു സാക്ഷാൽ ജവഹർലാൽ നെഹ്റു തന്നെയായിരുന്നു. സോഷ്യലിസത്തോടും മാർക്സിസത്തോടുമുള്ള ഗാന്ധിയുടെ എതിർപ്പ് അവയുടെ ഹിംസയോടുള്ള സമീപനത്തിന്റെ പേരിലാവാം എന്ന് നെഹ്റു പറയുന്നുണ്ടെങ്കിലും “പഴയ ഫ്യൂഡൽ ഭരണകൂടങ്ങളെയും വൻകിട സെമീന്ദാർമാരെയും താലൂക്ക്ദാർമാരെയും പുതിയ മുതലാളിത്തത്തിനെയും” അനുഗ്രഹിച്ച് ആശിർവദിച്ചുകൊണ്ട് ഗാന്ധിക്കെങ്ങനെ സോഷ്യലിസത്തെക്കുറിച്ചു പറയാനാവുമെന്ന് നെഹ്റു ചോദിക്കുന്നുണ്ട്. ഒരു വാചകമടി എന്ന നിലയിൽ മാത്രമായിരുന്നു ബി.ജെ.പി സോഷ്യലിസത്തെക്കുറിച്ച് പറഞ്ഞതെങ്കിലും തങ്ങളുടെ മുഖ്യ അജണ്ടകൾ അവർക്കപ്പോഴും മറച്ചുവെക്കേണ്ടിവന്നു.
എന്നാൽ, ഷാബാനോ കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതി സംവാദം വളരെവേഗം പൊതുമധ്യത്തിലേക്കു കൊണ്ടുവരാൻ സി.പി.എമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയെന്ന നിലക്ക് അക്കാലത്ത് ഇ.എം.എസ് എടുത്ത നിലപാടിന് കഴിഞ്ഞിരുന്നു. ഈ കേസിന്റെ കാര്യത്തിൽ വളരെ വ്യക്തമായ നിലപാടെടുത്ത ഇ.എം.എസ് അതിൽ ദേശവ്യാപകമായി ചർച്ചയുണ്ടാവുന്നതിനു സഹായകമായ രീതിയിൽ പ്രചണ്ഡമായ പ്രചാരണം നടത്തുകയും ചെയ്തിരുന്നു. അടിയന്തരാവസ്ഥക്കാലത്തുപോലും, സി.പി.എം നേതൃത്വം നൽകുന്ന ഇടതു മുന്നണിയിൽ ഉണ്ടായിരുന്ന അഖിലേന്ത്യ മുസ്ലിംലീഗിന്റെ ശരീഅത്ത് അനുകൂല നിലപാടിനെ രൂക്ഷമായി വിമർശിക്കുകയും അവരെ മുന്നണിയിൽനിന്ന് പുറത്താക്കുകയും ചെയ്തതോടെ അദ്ദേഹത്തിന്റെ ഇക്കാര്യത്തിലുള്ള നിലപാടിലെ എല്ലാ അവ്യക്തതകളും മാറുകയും ചെയ്തു. അക്കാലത്തെ ചർച്ചകളെക്കുറിച്ച് ഞാൻ മുമ്പും എഴുതിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സി.പി.എം അംഗങ്ങൾ ഏകീകൃത സിവിൽ കോഡിനോടുള്ള കോൺഗ്രസ് സമീപനം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. അതിനു പിന്നാലെ ഇ.എം.എസ് അക്കാലത്തു നടത്തിയ ശക്തമായ ആക്രമണത്തിന്റെ രേഖകൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്റെ ഓർമയിൽ അതില്ലെങ്കിലും ഇ.എം.എസിന്റെ നിരവധി പ്രസംഗങ്ങൾ ഞാൻ അക്കാലത്തു കേട്ടിരുന്നു. അദ്ദേത്തിന്റെ ലേഖനങ്ങളും വായിച്ചിരുന്നു. ആലപ്പുഴയിൽ അഖിലേന്ത്യ മുസ്ലിം ലീഗ് മുന്നണി വിടുന്നതിനു തൊട്ടുമുമ്പ് നടത്തിയ സമ്മേളനത്തിൽ സംസാരിച്ചത് അവരുടെ അനിഷേധ്യ നേതാവ് പി.എം. അബൂക്കക്കറായിരുന്നു. അതിന്റെ അനൗൺസ്മെന്റ് വാഹനത്തിലിരുന്നു “ഇളങ്കുളത്തുമനക്കൽ ശങ്കരൻ നമ്പൂതിരിപ്പാടും ശരീഅത്തും എന്ന വിഷയത്തിൽ പി.എം. അബൂബക്കർ സാഹിബ് സംസാരിക്കുന്നു” എന്നുപറഞ്ഞു പൊട്ടിക്കരഞ്ഞ എ.ഐ.എം.എൽ പ്രവർത്തകനെക്കുറിച്ച് ഞാൻ വളരെ മുമ്പ് എഴുതിയിട്ടുണ്ട്.
അജണ്ട തിരിച്ചുവരുന്നു
ഈ സാഹചര്യത്തിലാണ് ലാൽകൃഷ്ണ അദ്വാനി ബി.ജെ.പി പ്രസിഡന്റാവുന്നതും ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതിനുശേഷമുള്ള തെരഞ്ഞെടുപ്പിൽ കേവലം രണ്ട് സീറ്റുമാത്രം ലഭിച്ച് ബി.ജെ.പി പരാജിതരാവുന്നതും. തങ്ങളുടെ സോഷ്യലിസ്റ്റ് വാചാടോപം അവസാനിപ്പിച്ച് പഴയ മുദ്രാവാക്യങ്ങൾ മൂന്നും പൊടിതട്ടിയെടുക്കുകയാണ് അദ്വാനി ആദ്യമായി ചെയ്തത്. ഇതോടെ രാജ്യത്തെ അന്നത്തെ രണ്ടു പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മുസ്ലിം വ്യക്തിനിയമത്തിന്റെ പ്രശ്നം ശക്തമായി ഉന്നയിക്കുന്ന സാഹചര്യമുണ്ടായി. കോൺഗ്രസിനെയും രാജീവ് ഗാന്ധിയെയും സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയാണ് ഇതുണ്ടാക്കിയത്. ഇന്ത്യയുടെ ഭാവിയെക്കുറിച്ച് വലിയ സ്വപ്നങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു എന്നത് സത്യമാണ്. പക്ഷേ, രാഷ്ട്രീയ കാര്യങ്ങളിൽ പൊതുവേ കോൺഗ്രസിന്റെ പൊതുനിലപാടുകൾ മുന്നോട്ടുകൊണ്ടുപോവുക എന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ടുതന്നെ ബി.ജെ.പിയും സി.പി.എമ്മും ആവശ്യപ്പെടുന്ന ഏകീകൃത സിവിൽ കോഡോ അല്ലെങ്കിൽ മുസ്ലിം വ്യക്തിനിയമത്തിലെ മാറ്റങ്ങളോ അദ്ദേഹത്തിന്റെ അജണ്ട ആയിരുന്നില്ല.
ഈ സന്ദർഭത്തിലാണ് മുസ്ലിം വ്യക്തി നിയമം എന്തായാലും സെക്ഷൻ 125 അനുസരിച്ചുള്ള ജീവനാംശം നൽകാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ഷാബാനോ കേസിൽ വിധി പറയുന്നതും വിധിയുമായി ബന്ധമില്ലാത്ത പരാമർശങ്ങൾ ഇസ്ലാമിനെക്കുറിച്ച് അദ്ദേഹം നടത്തുന്നതും. മുസ്ലിം സംഘടനകൾ ഏതാണ്ട് ഒന്നായിത്തന്നെ അതിനെ എതിർത്ത് രംഗത്തുവന്നു. അന്ന് നടന്നിരുന്ന ഏകപക്ഷീയമായ ചർച്ചകളിലും ബി.ജെ.പിയുടെ നീക്കങ്ങളിലും അരക്ഷിതരായ മുസ്ലിം ജനവിഭാഗത്തോട് ഐക്യപ്പെട്ടുകൊണ്ട് സുപ്രീംകോടതി വിധിക്കെതിരായ നിയമനിർമാണം ആവശ്യമാണെന്ന് കോൺഗ്രസ് നേതൃത്വം രാജീവ് ഗാന്ധിയെ ബോധ്യപ്പെടുത്തി. എന്നാൽ, ഇതിൽനിന്ന് പരമാവധി മുതലെടുത്തത് ബി.ജെ.പി ആയിരുന്നു. 2012ൽ ‘ഇന്ത്യാ ടുഡേ’യിൽ എഴുതിയ ലേഖനത്തിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അന്ന് മുസ്ലിം സംഘടനകൾ നിയമനിർമാണത്തിനുവേണ്ടി തെരുവുകളിൽ സമരംചെയ്യുമ്പോൾ ജനാധിപത്യ മഹിള അസോസിയേഷൻ മുസ്ലിം വനിതകളെക്കൂട്ടി നിയമനിർമാണത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് സുഭാഷിണി അലി എഴുതി: “ഏറ്റവും ദൗർഭാഗ്യകരമായ കാര്യം, ഒരുകാലത്ത് ഹിന്ദു കോഡ് ബില്ലിനെ എതിർത്ത സംഘ് പരിവാറിലെ ബി.ജെ.പിക്ക് സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്നവരായി പ്രത്യക്ഷപ്പെടാനും ന്യൂനപക്ഷങ്ങൾക്കെതിരെ അവർ സുപ്രീംകോടതിയെ ബഹുമാനിക്കാൻ വിസമ്മതിക്കുന്നവരാണെന്നും ഭരണഘടനയോട് കൂറില്ലാത്തവരാണെന്നും ദേശവിരുദ്ധരാണെന്നും ആരോപിച്ച് വിപുലമായ പ്രചാരണം നടത്താനും കഴിഞ്ഞു എന്നതാണ്. ഈ പ്രചാരണമാണ് ബാബരി മസ്ജിദ് തകർക്കാനും കേന്ദ്രത്തിൽ അധികാരത്തിലെത്താനും അവരെ സഹായിച്ചത്”. തുടർന്ന് സുഭാഷിണി അലി ഇതുകൂടി പറഞ്ഞു: “മഹിള അസോസിയേഷൻ ഇതിൽനിന്ന് ധാരാളം പാഠങ്ങൾ പഠിച്ചു. വെറുതെ സ്ത്രീകൾക്കും ലിംഗസമത്വത്തിനുംവേണ്ടി സന്ധിയില്ലാത്ത നിലപാടുകൾ കൈക്കൊണ്ടാൽ മാത്രം പോരാ.…. എല്ലാ മതങ്ങളിലും ലിംഗസമത്വം ഉണ്ടാവാനാണ് പരിശ്രമിക്കേണ്ടത്…മാത്രമല്ല, ഗാർഹികപീഡന വിരുദ്ധ നിയമംപോലുള്ള മതേതര നിയമങ്ങൾ നടപ്പിലാക്കുന്നതിനുവേണം ഊന്നൽ നൽകാൻ”
ഇന്ന് പൊതുവേ പ്രതിപക്ഷ പാർട്ടികൾ സ്വീകരിക്കുന്നത് ഈ നിലപാടാണ് എന്നാണ് എനിക്ക് മനസ്സിലാവുന്നത്. ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുന്നതിന് പിന്നിലുള്ള ബി.ജെ.പിയുടെ ലക്ഷ്യം എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസിനെ ഒറ്റപ്പെടുത്തി നടത്തിയ പ്രചാരണങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ ദോഷമാണ് ഉണ്ടാക്കിയത് എന്നതിൽ സംശയമില്ല. അതുകൊണ്ടുതന്നെ ബി.ജെ.പിക്ക് കൂടുതൽ സാധ്യതകൾ നൽകുന്ന വിഭാഗീയ രാഷ്ട്രീയത്തിൽനിന്ന് എല്ലാ സംഘടനകളും പിന്മാറേണ്ടതുണ്ട്. വിപുലമായ പ്രതിപക്ഷ ഐക്യം മാത്രമാണ് ജനാധിപത്യ വിശ്വാസികളുടെ മുന്നിലുള്ള പോംവഴി. ●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.