കൂത്തമ്പലങ്ങളിൽ ഇന്നും തുടരുന്ന അയിത്തം
text_fieldsസ്വാതന്ത്ര്യം ലഭിച്ച് ഏഴു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും സാമൂഹ്യ സാംസ്കാരിക ജീവിതത്തിൻ്റെ പല തുറകളിലും സ്വതന്ത്രവും നീതിനിഷ്ഠവും ആത്മാഭിമാനത്തോടെയുമുള്ള ജീവിതത്തിന് വലിയ വിഘാതങ്ങളാണ് വർത്തമാനകാല സമൂഹത്തിലും മർദിത അവർണ സമുദായങ്ങൾക്ക് അനുഭവിക്കേണ്ടി വരുന്നത്. നവോത്ഥാന പുരോഗമന മാനവിക സമത്വാശയങ്ങളാൽ പൂരിതമാണന്ന് കരുതുമ്പോഴും "മലയാളി സമൂഹം " ജാതി വേർതിരിവുകളുടെ അസമത്വാധിഷ്ഠിത അയിത്ത വ്യവസ്ഥയെ പൂർണമായും കൈയൊഴിയുന്നതിലുള്ള വിമുഖത തുടരുകയാണ്. നവോത്ഥാനവും ജ്ഞാനോദയ പ്രക്രിയയും ഒരു പ്രത്യേക ചരിത്ര ഘട്ടത്തെ മുൻനിർത്തിയുള്ള ഭൂതകാലസ്മൃതി മാത്രമാവാതെ സാമൂഹ്യ ജീവിതത്തിലെ ഒരു തുടർപ്രക്രിയയായി മാറിത്തീരേണ്ടതിൻ്റെ ആവശ്യകതയെയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിലും മതിൽക്കകത്തും അവർണ അഹിന്ദു സമുദായങ്ങളിലുൾപ്പെട്ട കലാകാരന്മാർക്ക് അവരുടെ കലയുടെ പ്രകടനങ്ങൾക്ക് പ്രവേശനം നിഷേധിക്കുന്ന പാരമ്പര്യവാദികളായ ആചാരവാദികൾ ഭരണഘടനാ ജനാധിപത്യത്തിന് തീരാകളങ്കമാണ് വരുത്തിവയ്ക്കുന്നത്. പ്രാചീന മധ്യകാലങ്ങളിൽ നിലനിന്നിരുന്ന ബ്രാഹ്മണ്യ പൗരോഹിത്യ മേധാവിത്വ വ്യവസ്ഥയെ ഒട്ടും ഉടവു വരുത്താതെ നിലനിർത്താനാണ് പാരമ്പര്യ വാദികൾ ശ്രമിക്കുന്നത്.
ക്ഷേത്രപ്രവേശന വിളംബരത്തിന് മുൻപ് വരെ അവർണ ജാതി വിഭാഗങ്ങൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് ക്ഷേത്രത്തെയും ബിംബത്തെയും അശുദ്ധമാക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. കേരളത്തിൽ നടന്ന ക്ഷേത്രപ്രവേശന സമരങ്ങൾ ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങളായി മാത്രം ചുരുക്കി കാണുന്നത് ചരിത്രപരമായി പൂർണമായും ശരിയായിരിക്കുകയില്ല. യഥാർത്ഥത്തിൽ തങ്ങൾ തുല്യമനുഷ്യരാണെന്നും ആത്മാഭിമാനമുള്ള തുല്യ പൗരരാണന്നുമുള്ള പ്രഖ്യാപനങ്ങളാണ് ആ സമരങ്ങളുടെ ഉള്ളടക്കത്തെ കൂടുതൽ പ്രോജ്വലിപ്പിക്കുന്നത്. പൊതുവഴികളിൽ പോലും നടന്നു പോകുന്നതിന് ഹീനമായ അസ്പൃശ്യത കല്പിച്ചതിനെതിരായി കൂടിയായിരുന്നു ഇത്തരം സമരങ്ങൾ. വിപ്ലവാത്മകമായ ഇത്തരം ത്യാഗോജ്വല സമര ഏടുകളെ നിർവീര്യമാക്കുന്ന വിധത്തിലാണ് ഇന്ന് സവർണ ബ്രാഹ്മണ്യ പുരുഷാധിപത്യ വ്യവസ്ഥ അവർണ സമുദായങ്ങളിലുൾപ്പെട്ടവരെയും "അഹിന്ദു" എന്ന് പ്രഖ്യാപിച്ചു കൊണ്ടു മറ്റ് കലാപ്രതിഭകളെയും ഹിംസാത്മകമായി കൂത്തമ്പലങ്ങളിൽ നിന്നും ബഹിഷ്കൃതരാക്കുന്നത്. ഇതിലൂടെ ആധുനിക കാലത്തും കൂത്തമ്പലങ്ങളെ ബ്രാഹ്മണ്യ വ്യവസ്ഥയുടെ സംരക്ഷണ കേന്ദ്രമായി നിലനിർത്താനാണ് ബ്രാഹ്മണ്യ സംരക്ഷകർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.
തിരുവിതാംകൂർ ക്ഷേത്ര പ്രവേശനത്തെ സംബന്ധിച്ച റിപ്പോർട്ടിൽ പുന്നശ്ശേരി നീലകണ്ഠ ശർമ രേഖപ്പെടുത്തിയത് അവർണരെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചാൽ ക്ഷേത്രം അശുദ്ധമാവുമെന്നാണ്. ചിത്തിര തിരുനാൾ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചപ്പോഴും റീജൻ്റായി തിരുവിതാംകൂർ ഭരിച്ചിരുന്ന ഗൗരി ലക്ഷ്മി ബായി തൻ്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ അവർണർ പ്രവേശിക്കുന്നത് അശുദ്ധമായാണ് കരുതിയിരുന്നത്. ചരിത്രത്തിൽ പ്രവർത്തിച്ച ഇതേ യാഥാസ്ഥിതിക സംരക്ഷകരാണ് ക്ഷേത്ര മതിൽക്കകത്ത് അവർണരും "അഹിന്ദുക്കളും " പ്രവേശിച്ചാൽ ആചാരവിരുദ്ധമാവും എന്ന് വാദിക്കുന്നത്.
ജാതി ബ്രാഹ്മണ്യത്തിൻ്റെ ആചാരഹിംസകളെ കടപുഴക്കിയെറിഞ്ഞു കൊണ്ടാണ് നാരായണ ഗുരു അരുവിപ്പുറത്ത് ജാതിഭേദവും മത ഭേദവും ഒഴിഞ്ഞ സാഹോദര്യത്തിൻ്റെ പ്രതിഷ്ഠ നടത്തിയത്. ആചാരവാദത്തിൻ്റെ നടത്തിപ്പുകാരിൽ പ്രധാനിയായ ഇണ്ടംതുരുത്തി നമ്പ്യാതിരി സാക്ഷാൽ ഗാന്ധിയെ പോലും മൗനത്തിലേക്ക് തള്ളിവിട്ടത് ആചാര ബ്രാഹ്മണ്യത്തിൻ്റെ പ്രമാണവാദത്തിലൂടെയാണ്. സനാതന ഹിന്ദുവാണന്ന് സ്വയം അവകാശപ്പെട്ട ഗാന്ധി പോലും ഇണ്ടംതുരുത്തിയുടെ ബ്രാഹ്മണ്യ വാദങ്ങൾക്കു മുമ്പിൽ പരാജയപ്പെട്ടു. ഇതേ വാദവുമായാണ് ഭരണഘടനാ ജനാധിപത്യം നിലനിൽക്കുന്ന ഒരു രാജ്യത്ത് ആചാര വാദവുമായി ബ്രാഹ്മണ്യ സംരക്ഷകർ ഉറഞ്ഞു തുള്ളുന്നത്.
കേരളത്തിലെ തന്ത്ര ഗ്രന്ഥങ്ങൾ അവർണ സമുദായങ്ങളിലുൾപ്പെട്ടവരെയെല്ലാം അയിത്തം പടർത്തുന്ന ജനവിഭാഗങ്ങളായാണ് സ്ഥാനപ്പെടുത്തിയത്. ഇവർ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ക്ഷേത്രവും ബിംബവും അശുദ്ധമാവുമെന്നും കേരളത്തിൽ രചിക്കപ്പെട്ട പ്രയോഗമഞ്ജരി, വിഷ്ണു സംഹിത, തന്ത്രസമുച്ചയം, ശേഷ സമുച്ചയം, കുഴിക്കാട്ടു പച്ച തുടങ്ങിയ എല്ലാ തന്ത്ര ഗ്രന്ഥങ്ങളും ഏക കണ്ഠമായി പ്രസ്താവിക്കുന്നു. ആചാര അനുഷ്ഠാന ബ്രാഹ്മണ്യത്തിൻ്റെ ഈ അയിത്ത വ്യവസ്ഥയാണ് ആധുനിക കാലത്തും കൂടൽമാണിക്യം ഉൾപ്പെടെയുള്ള കേരളീയ ക്ഷേത്രങ്ങളിൽ തുടരുന്നത്. ഇത് പ്രത്യക്ഷമായ അയിത്താചരണമാണ്. നവോത്ഥാന ആശയങ്ങളിലൂടെ ഉഴുതുമറിക്കപ്പെട്ടു എന്നവകാശപ്പെടുന്ന കേരളീയ സമൂഹത്തിന് ഇത് എത്രമേൽ ഭൂഷണമാണന്ന് ആത്മപരിശോധന നടത്തേണ്ട സന്ദർഭവുമിതാണ്. ഭരണഘടനാ ജനാധിപത്യത്തിനും തുല്യനീതിക്കും പ്രാധാന്യം കല്പിക്കുന്ന മുഴുവൻ മനുഷ്യരും ഇന്നും തുടരുന്ന ഈ അയിത്താചരണത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ടത് ഭരണഘടനാ ജനാധിപത്യ വ്യവസ്ഥയുടെ സുസ്ഥിര നിലനില്പിന് അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.