മുതിർന്നവരുടെ സഭ ദരിദ്രമായി മാറുമ്പോൾ
text_fieldsരാജ്യസഭയുടെ ചരിത്രത്തിൽതന്നെ അപൂർവമായിരുന്നു 72 പേർക്കുള്ള ആ കൂട്ട യാത്രയയപ്പ്. 65 പേർ സംസാരിച്ച ആ യാത്രയയപ്പ് ആറര മണിക്കൂർ നീണ്ടു. വിരമിക്കുന്നവരിൽ 27 പേരും രണ്ടിലേറെ തവണ പാർലമെന്‍റ് അംഗങ്ങളായിരുന്നവർ. അഞ്ചുപേർ വിവിധ പാർലമെന്‍ററി സ്ഥിരംസമിതി അധ്യക്ഷന്മാർ.
കാലാവധി കഴിഞ്ഞവരിൽ ഏറ്റവും കൂടുതൽ തവണ പാർലമെന്‍റ് അംഗമായത് പി. ചിദംബരമാണ്. 35 വർഷം ലോക്സഭയിലിരുന്ന ശേഷമാണ് രാജ്യസഭയിൽ ചിദംബരം ആറു വർഷ കാലാവധി പൂർത്തിയാക്കുന്നത്. ആന്‍റണിയും അംബിക സോണിയും 30 വർഷം രാജ്യസഭയിൽ മാത്രമിരുന്നവരാണ്. ആനന്ദ് ശർമയും സുരേഷ് പ്രഭുവും പ്രഫുൽ പട്ടേലും 24 വർഷവും തികച്ചവർ. കോൺഗ്രസ് ചീഫ് വിപ്പ് ജയറാം രമേശും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയും ബിജു ജനതാദളിലെ പ്രസന്ന ആചാര്യയും ശിവസേന നേതാവ് സഞ്ജയ് റാവത്തും 18 വർഷമിരുന്നവർ. മുൻ പ്രധാനമന്ത്രി ഐ.കെ ഗുജ്റാളിന്‍റെ മകൻ നരേഷ് ഗുജ്റാൾ, മായാവതി ഉയർത്തിക്കൊണ്ടുവന്ന ബ്രാഹ്മണ നേതാവായ സുപ്രീംകോടതി അഭിഭാഷകൻ സതീഷ് ചന്ദ്ര മിശ്ര, പ്രഫുൽ പട്ടേൽ ... പ്രഗല്ഭരുടെ നിര അങ്ങനെ നീളുന്നു.
ബി.ജെ.പിയിൽ കാലാവധി തീരുന്ന നാല് കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമനും പിയൂഷ് ഗോയലും മുഖ്താർ അബ്ബാസ് നഖ്വിയും രാമചന്ദ്ര പ്രസാദ് സിങ്ങും ഒന്നും തന്നെ മികച്ച പാർലമെന്‍റേറിയന്മാർ അല്ലെങ്കിലും മോദി-അമിത് ഷാ ദ്വയത്തിന്റെ അപ്രീതി ഇല്ലാത്തവരായതിനാൽ തിരിച്ച് സഭയിലെത്തുമെന്നുതന്നെയാണ് കരുതുന്നത്. എന്നാൽ, അംബികാ സോണി, കപിൽ സിബൽ, ആനന്ദ് ശർമ എന്നിങ്ങനെ പ്രതിപക്ഷ ബെഞ്ചിൽനിന്നിറങ്ങിപ്പോകുന്നവരുടെ കാര്യം അതല്ല. വളരെ കുറച്ച് സംസാരിക്കുകയും നന്നായി പണിയെടുക്കുകയും ചെയ്യുന്നയാളെന്ന് പ്രതിപക്ഷ നേതാവ് ഖാർഗെ വിശേഷിപ്പിച്ച എ.കെ. ആന്‍റണി പോലും തിരിച്ചുവരില്ല.
ദാരിദ്ര്യം തുറന്നുകാട്ടി രാം ഗോപാൽ യാദവ്
ഇത്രയും എം.പിമാർ കൂട്ടത്തോടെ വിരമിക്കുന്നതു മൂലം പാർലമെന്‍റ് ദരിദ്രമാകുമെന്ന് താൻ ഭയക്കുന്നു എന്ന് പറഞ്ഞത് സമാജ് വാദി പാർട്ടിയുടെ രാജ്യസഭ നേതാവും മുലായം സിങ്ങിന്‍റെ സഹോദരനുമായ രാം ഗോപാൽ യാദവാണ്. ഇത്രയേറെ പരിചയ സമ്പന്നരായ ആളുകൾ ഒറ്റയടിക്ക് രാജ്യസഭയിൽനിന്ന് പിരിഞ്ഞുപോകുന്നത് കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ ഇതാദ്യമായാണ് താൻ കാണുന്നതെന്ന് പറഞ്ഞ് രാം ഗോപാൽ യാദവ് പ്രകടിപ്പിച്ച ഭയവും സന്ദേഹവും നിഴലിക്കുന്നതായിരുന്നു മിക്ക കക്ഷി നേതാക്കളുടെ സംസാരവും. പരിചയസമ്പന്നർ പരമാവധി തിരിച്ചെത്തട്ടെ എന്ന് ആശംസിച്ച രാംഗോപാൽ യാദവ് പകരം അറിവുള്ളവരെയും പണ്ഡിതരെയും കൊണ്ടുവരണമെന്ന് എല്ലാ പാർട്ടികളോടും അഭ്യർഥിച്ചു. പോകുന്നവരിൽ ചിലരെങ്കിലും തിരിച്ചുവരട്ടെ എന്നാണ് തന്‍റെയുള്ളിലെ ആഗ്രഹമെന്ന് ജനതാദൾ-യു നേതാവും രാജ്യസഭ ഉപാധ്യക്ഷനുമായ ഹരിവൻഷ് നാരായൺ പറഞ്ഞതും ദരിദ്രമാകാൻ പോകുന്ന രാജ്യസഭ മുന്നിൽകണ്ടാണ്. ഒരു പ്രധാനമന്ത്രിക്കൊപ്പം രണ്ടു മുൻ പ്രധാനമന്ത്രിമാർ ഒരുമിച്ചിരിക്കുന്നത് കണ്ട സഭയായിരുന്നു ഇത്. സർക്കാർ പാർലമെൻററി മര്യാദ പാലിക്കാത്ത ഘട്ടങ്ങളിൽ റൂൾബുക്ക് ഉയർത്തി പോയന്‍റ് ഓഫ് ഓർഡർ പറയാൻ കഴിയുമായിരുന്നവരാണ് തിരിച്ചുവരാൻ സാധ്യതയില്ലാത്ത നേതാക്കളിൽ പലരും. പിരിഞ്ഞുപോകുന്നവർ വൈവിധ്യമാർന്ന മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരാണ് എങ്കിൽ അവശേഷിക്കുന്നവരിൽ പാർലമെന്‍ററി പരിചയവും സഭാ ചട്ടങ്ങളിൽ വ്യുൽപത്തിയുമുള്ളവർ വിരലിലെണ്ണാവുന്നവർ മാത്രം. വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ചവരാണ് സാധാരണഗതിയിൽ രാജ്യസഭയിൽ വരാറുണ്ടായിരുന്നത്. ഇപ്പോൾ കാര്യങ്ങൾ അങ്ങനെയൊന്നുമല്ല. നേതാക്കളോടുള്ള കൂറും വിധേയത്വവും പാർട്ടിക്കുള്ള പ്രയോജനവുമാണ് രാജ്യസഭാ അംഗത്വത്തിന്‍റെ മാനദണ്ഡങ്ങൾ. കഴിവുള്ളവരെ തള്ളി വേണ്ടപ്പെട്ടവരെ വെക്കാൻ അമിത് ഷായും മോദിയും വെച്ച ഉപായം കൂടിയാണ് 75 വയസ്സിന്‍റെ പരിധി. 75 വയസ്സ് പരിധി വെച്ചോളൂ. പക്ഷേ, 75 കഴിഞ്ഞും ആരോഗ്യമുള്ളവരെയെങ്കിലും തിരിച്ചുകൊണ്ടുവരണമെന്നും ബി.ജെ.പി ബെഞ്ചിനെ നോക്കി അദ്ദേഹം ആവശ്യപ്പെട്ടു.
ഖാർഗെക്ക് മോദിയോട് പറയാനുണ്ടായിരുന്നത്
രാജ്യസഭയുടെ പ്രൗഢി ഉയർത്തിപ്പിടിക്കുന്നതിന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു മുതൽ ബി.ജെ.പിയുടെ പ്രഥമ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി വരെയുള്ളവർ നടത്തിയ പരിശ്രമങ്ങളിലേക്ക് നരേന്ദ്ര മോദിയുടെ ശ്രദ്ധ ക്ഷണിക്കുമ്പോൾ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ മുഖത്ത് ആത്മവിശ്വാസം ഒട്ടുമില്ലായിരുന്നു. മോദിയെ നോക്കി യാത്രയയപ്പിനെങ്കിലും പ്രധാനമന്ത്രി രാജ്യസഭയിൽ വന്നല്ലോ എന്ന് ആശ്വാസം പ്രകടിപ്പിച്ച ഖാർഗെ രാജ്യസഭയിലിരിക്കാതെ രാഷ്ട്രീയ വിദ്യാഭ്യാസം പൂർണമാകില്ലെന്ന് വാജ്പേയി പറഞ്ഞത് ഓർമിപ്പിച്ചു.
ബുദ്ധിജീവികളും വിവിധ തുറകളിൽ പ്രാഗൽഭ്യം തെളിയിച്ചവരുമായിരുന്നു രാജ്യസഭാംഗങ്ങളിലേറെ പേരുമെന്നും അവരെയൊക്കെ ജവഹർലാൽ നെഹ്റു ആദരിച്ചതെങ്ങനെയായിരുന്നുവെന്നും ഖാർഗെ മോദിക്ക് പറഞ്ഞുകൊടുത്തു. 11 തെരഞ്ഞെടുപ്പ് ജയിച്ച് 12ാമത്തെ തെരഞ്ഞെടുപ്പിൽ തോറ്റതിനെ തുടർന്നാണ് രാജ്യസഭയിൽ വരേണ്ടി വന്നതെന്ന് പറഞ്ഞ മല്ലികാർജുൻ ഖാർഗെ മുതിർന്നവരുടെ ഈ സഭയിലിരുന്നപ്പോഴാണ് ഇത്രയും നാൾ പഠിക്കാത്ത പലതും പഠിച്ചുവരുന്നതെന്നും തുറന്നുപറയാനും മടി കാണിച്ചില്ല. പ്രതിപക്ഷ ബെഞ്ചിലിരിക്കുന്നവർ എണ്ണത്തിൽ കുറവാണെങ്കിലും വാദത്തിന് കൂടുതൽ ബലമുണ്ടാകുക അവർക്കായിരിക്കുമെന്ന് താനിരിക്കുന്ന പ്രതിപക്ഷ നേതാവിന്‍റെ ഇരിപ്പിടത്തിലിരുന്ന നേരത്ത് വാജ്പേയി പറഞ്ഞത് കൂടി മോദിയെ കേൾപ്പിച്ചാണ് ഖാർഗെ പ്രസംഗം അവസാനിപ്പിച്ചത്.
നിർവഹിക്കേണ്ട ധർമത്തിലും രാജ്യസഭ ദരിദ്രമാകുകയാണ്
പാർലമെന്‍ററി ജനാധിപത്യത്തിൽ ജനപ്രതിനിധികൾക്കായി രണ്ടാമതൊരു ജനപ്രാതിനിധ്യ സഭയുടെ അനിവാര്യത ഇന്ത്യ ബോധ്യപ്പെടുത്തി കൊടുത്തത് രാജ്യസഭയിലൂടെയാണ്. ലോക്സഭയെ തിരക്കിട്ട നിയമ നിർമാണങ്ങൾക്ക് മാറിമാറി വരുന്ന സർക്കാറുകൾ ഉപയോഗിക്കുമ്പോൾ അത്തരം നീക്കങ്ങൾക്ക് തടയിടാറുള്ളത് മുതിർന്നവരുടെ സഭയെന്ന പേരുള്ള രാജ്യസഭയാണ്. ഇക്കാര്യം ഡോ. രാധാകൃഷ്ണൻ പ്രത്യേകം എടുത്തുപറഞ്ഞതാണ്.
ലോക്സഭയിലെ ഭൂരിപക്ഷത്തിന്‍റെ ബലത്തിൽ പാസാക്കി രാജ്യസഭയിലേക്ക് കൊണ്ടുവന്ന നിരവധി ബില്ലുകൾ പാർലമെന്‍ററി സമിതികളിലേക്ക് വിട്ട് മാസങ്ങളെടുത്ത് ജനങ്ങളുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ശേഖരിച്ച് ജനതാൽപര്യത്തിന് അനുസൃതമായി അവ ചെത്തി മിനുക്കിയ എത്രയോ അനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ, കേന്ദ്രം ഭരിക്കുന്ന കക്ഷി ഒറ്റക്ക് 100 കടക്കുകയും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കൂടെ നിർത്താൻ കഴിയുന്ന പാർട്ടികളെയും എം.പിമാരെയും കൂടി കൂട്ടിയാൽ അനായാസം കേവല ഭൂരിപക്ഷം തികക്കുകയും ചെയ്യാനുള്ള സാഹചര്യമാണ് 72 എം.പിമാരുടെ കൂട്ട യാത്രയയപ്പിനൊടുവിൽ രാജ്യസഭയിൽ വന്ന് ചേർന്നിരിക്കുന്നത്.
പാർലമെന്‍റിനെ മറികടന്നും നോക്കുകുത്തിയാക്കിയും നിയമവിരുദ്ധമായ രീതിയിൽ നിയമ നിർമാണം നടത്താനുള്ള അവസരമാണ് സർക്കാറിന് ലഭിക്കുന്നത്. അതോടെ തങ്ങൾ ഇച്ഛിക്കുന്നതെന്തും നിയമത്തിന്‍റെ ബലത്തിൽ അടിച്ചേൽപിക്കാനും അവർ തുനിഞ്ഞെന്നും വരും.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.