ഇറാനുമേൽ വീണ്ടും യു.എസ് യുദ്ധമേഘങ്ങൾ; പശ്ചിമേഷ്യയിൽ വീണ്ടും ചോരയൊഴുകുമോ?
text_fieldsഗൾഫ് കടലിലേക്ക് എണ്ണമറ്റ ആയുധങ്ങളുമായി അമേരിക്കൻ യുദ്ധവാഹിനി കപ്പലുകൾ
ഓരോ ഇറാനിയുടെയും നെഞ്ചു പൊള്ളിച്ച് മേജർ ജനറൽ ഖാസിം സുലൈമാനിയെന്ന ഖുദ്സ് സേന മേധാവി അയൽ രാജ്യ തലസ്ഥാനമായ ബഗ്ദാദിൽ ബോംബുവീണ് മരണംപുൽകിയതിന് ഒരു വർഷം പൂർത്തിയാകാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ പശ്ചിമേഷ്യയുടെ ആകാശത്ത് ഉത്കണ്ഠയുടെ തീ പടർത്തി പുതിയ യുദ്ധ മേഘങ്ങൾ. കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കൻ നഗരമായ നോർത്ത് ഡക്കോട്ടയിൽനിന്ന് നീണ്ട 30 മണിക്കൂർ അതിവേഗം പറന്ന് രണ്ട് ബി 52 ബോംബർ വിമാനങ്ങൾ പശ്ചിമേഷ്യയുടെ ആകാശങ്ങൾക്കു മുകളിൽ ഭീതിവിതച്ച് തിരിച്ചുപോയതോടെ ഇതുവരെയും പതിവു വാർത്തകൾ മാത്രമായിരുന്ന ഇറാൻ പ്രതികാരവും ട്രംപിെൻറ യുദ്ധഘോഷവും സംഭവിക്കുമോയെന്ന ആധിയായി കാര്യങ്ങൾ മാറുന്നു. ആഴ്ചകൾക്കിടെ മൂന്നാം തവണയാണ് അമേരിക്ക ബി 52 ബോംബറുകൾ പശ്ചിമേഷ്യയിലേക്ക് പറത്തുന്നത്. യുദ്ധങ്ങൾക്ക് മുമ്പ് ശക്തി പ്രകടനമെന്നോണം പതിവായി അമേരിക്ക നടത്തുന്ന ഈ ആകാശപ്രദക്ഷിണം എന്തിനായിരിക്കണം പിന്നെയും പിന്നെയും ഗൾഫ് മേഖല ലക്ഷ്യമിടുന്നത്?
ആധികൂട്ടി ആയുധ വിന്യാസം
പ്രസിഡൻറ് പദവിയിൽ ഇനിയുമേറെ നാളുകളില്ലെങ്കിലും അതുവരെയും അധികാരപുരുഷനായി ചിലത് നടപ്പാക്കുമെന്ന് വാക്കിലും നടപ്പിലും ലോകത്തെ ബോധിപ്പിച്ചുകൊണ്ടേയിരിക്കുന്നുണ്ട്, ഡോണൾഡ് ട്രംപ്. അതിെൻറ ഭാഗമായി കൂടിയാകണം, ഇറാൻ അതിരിടുന്ന ഹുർമുസ് കടൽ ലക്ഷ്യമിട്ട് അമേരിക്കയുടെ ആയുധങ്ങൾ പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. യുദ്ധക്കപ്പലുകളായ യു.എസ്.എസ് ജോർജിയ എത്തുന്നത് 154 ടോമഹോക് മിസൈലുകളും വഹിച്ചാണ്. മാരക പ്രഹരശേഷിയുള്ള എഫ്-18 സൂപർ ഹോണറ്റ്സ് യുദ്ധവിമാനങ്ങളെയും കൂട്ടി യു.എസ്.എസ് നിമിറ്റ്സ് എന്ന മറ്റൊരു യുദ്ധക്കപ്പൽ തൊട്ടുപരിസരത്തെത്തിക്കഴിഞ്ഞു. പോർട്ട് റോയൽ, ജോൺ പോൾ ജോൺസ് തുടങ്ങി വിവിധ പേരുകളിൽ മിസൈൽ വേധ കപ്പലുകൾ വേറെ.
ജർമനിയിൽനിന്ന് എഫ്-16 ജെറ്റ് ഫൈറ്റർ വിമാനങ്ങളുടെ ഒരു സ്ക്വാഡ്രൺ (ഒരു ഡസനിലേറെ) അയൽരാജ്യത്തെ വ്യോമതാവളത്തിൽ കാത്തിരിപ്പ് തുടങ്ങിയിട്ട് ദിവസങ്ങളായി. എന്തിനാകും കടലിലും കരയിലും ആകാശത്തും ശക്തി പ്രകടിപ്പിക്കുന്നത്?
മുഹ്സിൻ ഫഖ്രിസാദയെ എന്തിന് കൊന്നു?
ഇറാൻ ആണവ പദ്ധതിയുടെ ഹൃദയവും നട്ടെല്ലുമായി വാഴ്ത്തപ്പെട്ട ശാസ്ത്രജ്ഞൻ മുഹ്സിൻ ഫഖ്രിസാദ ഇസ്രായേൽ ഗൂഢാലോചനയുടെ ഇരയായി ദിവസങ്ങൾക്ക് മുമ്പ് ടെഹ്റാൻ നഗരത്തിൽ കൊല്ലപ്പെട്ടത് ഒരു വർഷത്തിനിടെ ഇറാനേറ്റ രണ്ടാം 'ഷോക്ക്' ആയിരുന്നു. സൈനികമായും ശാസ്ത്രീയമായും ഇറാനെ പശ്ചിമേഷ്യയിൽ കരുത്തരാക്കി നിർത്തിയ രണ്ടു പ്രമുഖർ ഇല്ലാതാക്കപ്പെട്ടത് തെല്ലൊന്നുമല്ല, തെഹ്റാനെയും ഭരണ- ആത്മീയ നേതൃത്വത്തെയും പ്രകോപിപ്പിച്ചത്. കഴിഞ്ഞ വർഷം ജനുവരി മൂന്നിനായിരുന്നു ഇറാഖിലെ ശിയാ നീക്കങ്ങളുടെ ചുമതലയുമായി ബഗ്ദാദിലെത്തിയ ഖാസിം സുലൈമാനിയും മറ്റു ഇറാനി പ്രമുഖരും സഞ്ചരിച്ച കാറുകൾ അമേരിക്കൻ ബോംബുവർഷത്തിൽ ചാരമായി പോയത്.
പ്രതികാരം പ്രഖ്യാപിച്ച് ഇറാൻ തെരുവുകളിൽ ദിവസങ്ങളോളം ജ്വലിച്ചുനിന്ന പ്രതിഷേധങ്ങൾക്ക് പുതിയ സാക്ഷാത്കാരം എന്നേ നേതൃത്വത്തിെൻറ മനസ്സിലുള്ളതാണ്. അത് വൈകാതെ സംഭവിക്കുമെന്ന് ആയത്തുല്ല ഖാംനഈ മുതൽ ഹസൻ റൂഹാനി വരെ പ്രഖ്യാപിച്ചിട്ടുമുണ്ട്. അതിെൻറ തുടർച്ചയായിട്ടാകണം, ഇറാഖിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്കു മേൽ 50 തവണയാണ് റോക്കറ്റ് ആക്രമണങ്ങളുണ്ടായത്. അമേരിക്കൻ സേനക്ക് അവശ്യവസ്തുക്കളുമായി പോയ വാഹനങ്ങൾ 90 തവണയും ആക്രമിക്കപ്പെട്ടു. ഏറ്റവുമൊടുവിൽ ബഗ്ദാദിലെ ഗ്രീൻ സോണിൽ പ്രവർത്തിക്കുന്ന യു.എസ് എംബസിയിലും ഡിസംബർ 20ന് റോക്കറ്റുകൾ വീണു. ഭയന്നുപോയതു കൊണ്ടാണോ എന്നറിയില്ല, ഇറാഖിലെ 2,500 സൈനികരെ ജനുവരി പകുതിക്കകം പിൻവലിക്കാൻ തൊട്ടുപിന്നാലെ ട്രംപ് ഉത്തരവിടുകയും ചെയ്തു.
ഖാസിം സുലൈമാനി വധത്തിെൻറ വാർഷികത്തിൽ ചിലത് സംഭവിക്കുമെന്ന സൂചന യു.എസ് രഹസ്യാന്വേഷണ വിഭാഗം നൽകുേമ്പാൾ അനുകൂലമായാണോ പ്രതികൂലമായാണോ എന്നു മാത്രമേ അറിയാൻ ബാക്കിയുള്ളൂ. രണ്ടു സാധ്യതകളും തുല്യമായി ബാക്കിനിൽക്കുന്നു.
ട്രംപിനോളം യുദ്ധ ഭ്രാന്ത് ബൈഡൻ തുടരുമോ എന്ന് ഉറപ്പില്ലെങ്കിലും മുൻഗാമി ബോധപൂർവം തുടങ്ങിയിട്ടത് പൂർത്തിയാക്കാതെ അടങ്ങിയിരിക്കാൻ അദ്ദേഹത്തിനാകില്ലെന്നുറപ്പ്. ഇതുതന്നെയാണ് പശ്ചിമേഷ്യയെ കൂടുതൽ കലുഷിതമായി നിലനിർത്തുന്നത്. സമീപ കാലത്ത് ഇറാൻ പശ്ചിമേഷ്യയിൽ ആർജിച്ച സൈനിക, ഭരണ നേട്ടങ്ങളുടെ തലച്ചോറ് ഖാസിം സുലൈമാനിയായിരുന്നുവെങ്കിൽ കടുത്ത ഉപരോധങ്ങൾ രാജ്യത്തെ പ്രതിസന്ധിയുടെ മുനയിൽ നിർത്തിയപ്പോഴും രഹസ്യമായി ആണവ പദ്ധതികളെ ചലിപ്പിച്ചത് കഴിഞ്ഞ മാസം കൊല ചെയ്യപ്പെട്ട ഫഖ്രിസാദയുമായിരുന്നു. ഇരുവരെയും കൊലക്കുകൊടുക്കാനായിരുന്നില്ല, ഇറാൻ നേതൃത്വം എല്ലാം നൽകി സംരക്ഷിച്ചുപോന്നത്. അതാണ് അപ്രതീക്ഷിത ആക്രമണങ്ങളിൽ ഇല്ലാതായത്. ഫഖ്രിസാദയെ ഇല്ലാതാക്കിയത് ഇസ്രായേൽ ആണെന്നാണ് ആരോപണമെങ്കിലും യു.എസ്- ഇസ്രായേൽ സഖ്യത്തെ കുറിച്ച് അറിയാത്തവർ മേഖലയിലുണ്ടാകില്ല.
കടലിൽ യുദ്ധക്കപ്പലുകൾ മാത്രമല്ല, സൗഹൃദ രാജ്യങ്ങളിൽ സൈനികരെയും വിമാനങ്ങളും കൂട്ടി യു.എസ് തയാറെടുപ്പ് ശക്തമാക്കുന്നതും ഇവയെല്ലാം തിരിച്ചറിഞ്ഞാണ്. അതിനാൽ തന്നെ, മേഖല ആധിയോടെ ഉറ്റുനോക്കുന്നത് എന്തുസംഭവിക്കുമെന്നാണ്?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.