വർഗീയ ധ്രുവീകരണത്തിന്റെ വടകര മോഡൽ
text_fieldsഒരു തീയും കൊളുത്തുന്നവർ വിചാരിക്കുമ്പോള്‍ കെടുത്താന്‍ കഴിയണമെന്നുമില്ല. ഇത്തരം ധ്രുവീകരണ രാഷ്ട്രീയം തെരഞ്ഞെടുപ്പിനും രാഷ്ട്രീയത്തിനുമപ്പുറം ഒരു സാമൂഹിക പ്രശ്നമായി വളരുന്നുണ്ട്. സംഘ്പരിവാറും ആഗോള വലതുപക്ഷവും സൃഷ്ടിച്ച ഇസ്ലാമോഫോബിയയുടെ സാധ്യതയെതന്നെയാണ് ഇത്തരം ഘട്ടങ്ങളില്‍ ഇടതുപക്ഷവും കത്തിക്കാനും മുതലെടുക്കാനും ശ്രമിക്കുന്നത്
കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് അവസാനിച്ചു. പക്ഷെ, ‘വടകര’യെച്ചൊല്ലി തെരഞ്ഞെടുപ്പു കാലത്തെക്കാള്‍ വലിയ പോരാണ് സമൂഹ മാധ്യമങ്ങളില്‍ അരങ്ങേറുന്നത്. അതുണ്ടാക്കുന്ന ജ്വരം ഭീതിജനകമായ രീതിയിൽ നാടാകെ അരിച്ചിറങ്ങുന്നുണ്ട്.
യഥാർഥത്തില്‍, ഈ തെരഞ്ഞെടുപ്പിന് വടകരയില്‍ പ്രത്യേകതകള്‍ ഒന്നുമുണ്ടായിരുന്നില്ല. വടകര അടിസ്ഥാനപരമായി ഇടതുപക്ഷ മണ്ഡലമാണ്. എന്നിട്ടും 2009 മുതൽ കോൺഗ്രസ് അവിടെ തുടർച്ചയായി ജയിക്കുന്നു. അത് തിരിച്ചുപിടിക്കാന്‍ ശക്തമായി ആഗ്രഹിച്ച സി.പി.എം മികച്ച സ്ഥാനാർഥിയെ രംഗത്തിറക്കുകയും ചെയ്തു.
പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നടത്തിയ ചടുലമായ രാഷ്ട്രീയ നീക്കത്തിൽ സിറ്റിങ് എം.പി കെ. മുരളീധരന് തൃശൂരിലേക്ക് മാറിയപ്പോൾ വടകരയിൽ നറുക്കുവീണത് ഷാഫി പറമ്പിലിന്.
കോണ്‍ഗ്രസ് സ്ഥാനാർഥിപ്പട്ടികയിലെ മുസ്ലിം പ്രാതിനിധ്യക്കുറവ് സജീവ ചർച്ചയായ സന്ദർഭത്തിൽകൂടിയാണ് ഷാഫി വടകരയിലെത്തുന്നത്. യു.ഡി.എഫ് സ്ഥാനാർഥിപ്പട്ടികയില്‍ ജനസംഖ്യാനുപാതികമായ മുസ്ലിം പ്രാതിനിധ്യം ഉണ്ടായിരുന്നില്ല എന്നത് ഒരു രാഷ്ട്രീയ വിഷയമായി ഇപ്പോഴും അവശേഷിക്കുന്നുണ്ട്.
കെ.കെ. ശൈലജ സി.പി.എമ്മിന്റെ മികച്ച സ്ഥാനാർഥിയാണെന്ന് പറയുന്നത് രണ്ട് കാരണങ്ങൾ കൊണ്ടാണ്. ഒന്ന്, 2019ലെ കനത്ത തോല്‍വിയുടെ പ്രധാന കാരണം അന്നത്തെ എല്‍.ഡി.എഫ് സ്ഥാനാർഥി പി. ജയരാജന് ടി.പി വധക്കേസില്‍ പങ്കുണ്ടെന്ന ആരോപണമായിരുന്നു. ടീച്ചർക്കെതിരെ അത്തരമൊരു ആരോപണം ഉന്നയിച്ച് സ്ഥാപിച്ചെടുക്കുക എളുപ്പമല്ല. രണ്ട് ആരോഗ്യ മന്ത്രിയായിരിക്കേ അവർക്ക് കൈവന്ന പ്രതിച്ഛായ.
ഷാഫിക്കും അനുകൂല ഘടകങ്ങളുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ രാഷ്ട്രീയേതരമായ ചില ഘടകങ്ങള്‍ കൊണ്ടുവന്ന രാഷ്ട്രീയക്കാരനാണ്. സുരേഷ് ഗോപിയെക്കാള്‍ സിനിമയെ തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി സംയോജിപ്പിച്ചത് ഷാഫിയാണ്. ഇത് എത്ര അളവില്‍ വോട്ടാവും എന്നത് ഇനിയും കാണാനിരിക്കുന്ന കാര്യം മാത്രമാണ്. മുസ്ലിം സമുദായാംഗമാണ് എന്നത് ഷാഫിക്ക് ഒരേസമയം അനുകൂലവും പ്രതികൂലവുമായ ഘടകമായിരുന്നു.
മുസ്ലിം വര്‍ഗീയത ഇളക്കിവിടുന്നു എന്ന പ്രചാരണംകൊണ്ട് ഷാഫിയുടെ താരസ്വഭാവത്തെ നേരിടാനാണ് സി.പി.എം ശ്രമിച്ചത്, ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഷാഫിയുടെ മുസ്ലിം ഐഡന്റിറ്റിയും ലീഗിന് മണ്ഡലത്തിലുള്ള സ്വാധീനവും അതിനുള്ള മികച്ച ചേരുവയുണ്ടാക്കാൻ പ്രയോജനകരവുമായി.
ഹിന്ദുവിനെതിരെ മത്സരിക്കുന്ന മുസ്ലിം എന്ന പരികൽപന ബി.ജെ.പി രാജ്യത്ത് ശക്തിപ്പെടുത്തുന്ന വിദ്വേഷത്തിന്റെ ദ്വന്ദ്വമാണ്. മുസ്ലിം ലീഗും മുസ്ലിംകളും ഷാഫിക്കുവേണ്ടി ഒന്നിക്കുന്നുവെന്ന ആരോപണം ദീപാനിശാന്ത് പോലുള്ള പ്രമുഖ ഇടതുപക്ഷ ഹാൻഡിലുകൾ വ്യാപകമായി പ്രചരിപ്പിച്ചതിന്റെ അർഥവും ഇതുതന്നെ.
ഇതിലൂടെ സംഭവിക്കുന്നത് എൽ.ഡി.എഫിന്റെ ഒരു മുസ്ലിം ഇതര സ്ഥാനാർഥിക്കെതിരെയും യു.ഡി.എഫിന് മുസ്ലിം സ്ഥാനാർഥിയെ മത്സരിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുകയെന്നതാണ്. മുസ്ലിമല്ലാത്ത ഒരു നേതാവിനെതിരെ മത്സരിക്കുന്ന ഏത് മുസ്ലിം സെക്കുലര്‍ സ്ഥാനാർഥികള്‍ക്കെതിരെയും സമുദായ സ്വഭാവമുള്ള ആരോപണങ്ങള്‍ ഭാവിയിൽ ആവർത്തിക്കപ്പെട്ടേക്കും.
മുസ്ലിം ലീഗ് പ്രതിനിധാനം ചെയ്യുന്ന മതേതര സാമുദായിക സ്വഭാവം സി.പി.എം അംഗീകരിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ ലീഗിനെ എൽ.ഡി.എഫ് മുന്നണിയിൽ ചേർക്കാൻ അവരാഞ്ഞുശ്രമിക്കുന്നത്. സംഘടനാ ഭദ്രതയുള്ളതിനാൽ സ്വാധീന മേഖലകളില്‍ കോണ്‍ഗ്രസിനെക്കാള്‍ തെരഞ്ഞെടുപ്പ് രംഗത്ത് യു.ഡി.എഫില്‍ സജീവമാകാറുള്ളത് മുസ്ലിം ലീഗാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രനെയും കെ. മുരളീധരനെയും ജയിപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചതും അവർതന്നെയാണ്. കോണ്‍ഗ്രസ് സ്ഥാനാർഥി ഷാഫി പറമ്പില്‍ എന്ന മുസ്ലിം ആയപ്പോള്‍ ലീഗിന്റെ പ്രവര്‍ത്തനത്തിലെ സജീവതയെ വര്‍ഗീയമായി ചിത്രീകരിക്കാൻ സി.പി.എമ്മിന് സാധിക്കുന്നുവെന്ന വ്യത്യാസം മാത്രമാണ് ഇക്കുറിയുണ്ടായത്.
ഈ കോലാഹലങ്ങള്‍ക്കെല്ലാം ശേഷവും സി.പി.എം അടിസ്ഥാനപരമായി മുസ്ലിം വിരുദ്ധമായ രാഷ്ട്രീയപ്പാര്‍ട്ടിയാണ് എന്നു പറയാന്‍ കഴിയില്ല. മുസ്ലിംകള് ന്യൂനപക്ഷമായ മണ്ഡലങ്ങളില്‍ മുസ്ലിം ഇതര സ്ഥാനാർഥികള്‍ക്കെതിരെ മുസ്ലിം ഐഡന്റിറ്റിയുള്ളവരെ മത്സരിപ്പിക്കുകയെന്നത് സി.പി.എം ധാരാളമായി ചെയ്തുപോരുന്ന കാര്യമാണ്. എന്നാൽ, ഇതൊക്കെ ഞങ്ങള്‍ ചെയ്താല്‍ മതി കോണ്‍ഗ്രസും ലീഗും ചെയ്യേണ്ടതില്ല എന്ന മനോഭാവമാണ് പ്രശ്നം.
ഇത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വിജയിക്കാനുള്ള വഴികെട്ട തന്ത്രത്തിൽ തുടങ്ങി അവിടെതന്നെ അവസാനിക്കുന്ന കാര്യമല്ല. തെരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി കൊളുത്തുന്ന തീ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സ്വാഭാവികമായും അണഞ്ഞുകൊള്ളുമെന്ന് വിചാരിക്കുന്നത് യുക്തിയല്ല.
ഒരു തീയും കൊളുത്തുന്നവർ വിചാരിക്കുമ്പോള്‍ കെടുത്താന്‍ കഴിയണമെന്നുമില്ല. ഇത്തരം ധ്രുവീകരണ രാഷ്ട്രീയം തെരഞ്ഞെടുപ്പിനും രാഷ്ട്രീയത്തിനുമപ്പുറം ഒരു സാമൂഹിക പ്രശ്നമായി വളരുന്നുണ്ട്.
സംഘ്പരിവാറും ആഗോള വലതുപക്ഷവും സൃഷ്ടിച്ച ഇസ്ലാമോഫോബിയയുടെ സാധ്യതയെതന്നെയാണ് ഇത്തരം ഘട്ടങ്ങളില്‍ ഇടതുപക്ഷവും കത്തിക്കാനും മുതലെടുക്കാനും ശ്രമിക്കുന്നത്. സാമൂഹികമായി പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ആയിരം മെഗാ വാട്ട് ഇസ്ലാമോഫോബിയയാണ് ഈ പ്രചാരണങ്ങളിലൂടെ ഉൽപാദിപ്പിക്കപ്പെട്ടിരിക്കുന്നത്.
പാനൂര്‍ നഗരസഭയിലെ മുസ്ലിം ലീഗ് പ്രതിനിധി അന്‍സാര്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പ്, വരാൻപോകുന്ന വർഗീയ ധ്രുവീകരണത്തിലേക്കുള്ള ചൂണ്ടുപലകയാണ്. അന്‍സാര്‍ എഴുതുന്നു: ‘ഇലക്ഷന് ശേഷം ഇന്നാണ് നഗരസഭ ഓഫിസില്‍ പോയത്. നല്ല സൗഹൃദമുള്ള ഇടതുപക്ഷ അംഗം എന്നെക്കണ്ടപ്പോള്‍ മുഖം തിരിച്ചു.
സാധാരണ പരസ്പരം സ്നേഹാഭിവാദ്യങ്ങള്‍ കൈമാറിയിരുന്ന ഒരുപാട് സംസാരിച്ചിരുന്ന ഒരാള്‍ പെട്ടെന്ന് മുഖഭാവം മാറിയപ്പോള്‍ ഞാന്‍ കാര്യമന്വേഷിച്ചു. അപ്പോഴാണ് സി.പി.എം വടകര പാര്‍ലമെന്റ് ഇലക്ഷനുമായി ബന്ധപ്പെട്ട് ഉണ്ടാക്കുന്ന പുതിയ നരേറ്റിവ് എത്രമാത്രം നമ്മുടെ പൊതുസമൂഹത്തെ ബാധിച്ചിട്ടുണ്ടെന്ന് മനസ്സിലായത്.
നിങ്ങളെക്കാള്‍ നല്ലത് ബി.ജെ.പിയാണെന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ സംസാരം തുടങ്ങിയത്. ശൈലജ ടീച്ചര്‍ക്ക് നേരെ നിങ്ങളെ ആളായതുകൊണ്ട് എല്ലാവരും ഒന്നിച്ചുനിന്നു. ടീച്ചര്‍ തോറ്റാല്‍ പൗരത്വ സമരത്തിന് ഞങ്ങളാരും പങ്കെടുക്കില്ലയെന്നും പറഞ്ഞു.’
എളമരം കരീമിനെക്കാള്‍ സവിശേഷമായ ഒരു സമുദായ സ്വത്വവും മതവ്യക്തിത്വവും യഥാർഥത്തില്‍ ഷാഫി പറമ്പിലിനില്ല. മതസമുദായ സ്വത്വങ്ങള്‍ ഒരു തെറ്റല്ലാതിരിക്കെ മുസ്ലിം പേരുകാര്‍ ഞങ്ങള്‍ക്കൊപ്പം നിന്നാല്‍ കുഴപ്പമില്ല. ഇതരര്ക്കൊപ്പമാണെങ്കിൽ ആ പേരുതന്നെ ഞങ്ങള്‍ പ്രശ്നമാക്കുമെന്ന നിലപാട് ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്.ഡി.പി.ഐയും ഷാഫിയെ പിന്തുണച്ചുവെന്നതും ഇടതുപക്ഷത്തിന്റെ ആരോപണ പട്ടികയിലെ ഒരു ഇനമാണ്. കെ. മുരളീധരന് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി മത്സരിച്ച കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇതിനേക്കാള്‍ ശക്തമായി യു.ഡി.എഫിനെ പിന്തുണച്ചവരാണ് വെല്‍ഫെയര്‍ പാര്ട്ടിക്കാർ. ഈ തെരഞ്ഞെടുപ്പില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ വെല്‍ഫെയര്‍ പാര്‍ട്ടി നടത്തിയിട്ടില്ല.
എസ്.ഡി.പി.ഐ വടകരയില്‍ മാത്രമല്ല, 20 ലോക്സഭ മണ്ഡലങ്ങളിലും യു.ഡി.എഫിനെയാണ് പിന്തുണച്ചത്. അതില്‍ മൂന്നിടത്ത് മാത്രമാണല്ലോ മുസ്ലിം സ്ഥാനാര്‍ഥികളുള്ളത്. ബാക്കി 17 ഇടത്തും അവരും വോട്ട് ചെയ്തത് മുസ്ലിംകളല്ലാത്ത യു.ഡി.എഫ് സ്ഥാനാർഥികള്‍ക്കായിരിക്കും. വളരെ രാഷ്ട്രീയമായ ഇത്തരം കാര്യങ്ങളിലെല്ലാം വടകരയില്‍ മാത്രം മുസ്ലിം വര്‍ഗീയത കണ്ടെത്താന്‍ ശ്രമിക്കുന്നത് ഭൂരിപക്ഷ വര്‍ഗീയത ഇളക്കിവിട്ട് ജയിക്കാന്‍ നടത്തിയ ശ്രമം മാത്രമാണ്.
കേരള ചരിത്രത്തില്‍തന്നെ പ്രമാദമായ രണ്ട് രാഷ്ട്രീയ വര്‍ഗീയ കലാപങ്ങളുടെ ഓർമകള്‍ ചരിത്രത്തിന്റെ ഭാഗമായുള്ള ഭൂഭാഗം കൂടിയാണ് വടകര ലോക്സഭ മണ്ഡലം. ഈ ഓർമകളെ വിളിച്ചുണര്ത്താതിരിക്കുകയെന്നത് എല്ലാവരും കാണിക്കേണ്ട വിവേകമാണ്.
തലശ്ശേരി മുസ്ലിം വിരുദ്ധ കലാപത്തില്‍ സി.പി.എം അണികള്‍ പങ്കെടുത്തിരുന്നു എന്നും അവരെ വിളിച്ചന്വേഷിച്ചപ്പോള്‍ മുസ്ലിം ലീഗിനോടുള്ള വിരോധം മുസ്ലിം വിരോധമായി മാറിയതാണെന്ന് അവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി പിന്തിരിപ്പിച്ചു എന്നും അന്നത്തെ സി.പി.എം നേതാവായിരുന്ന എം.വി. രാഘവന് ആത്മകഥയില്‍ പറയുന്നുണ്ട്. വടകരയില്‍ വിതക്കുന്നത് സി.പി.എമ്മാണെങ്കിലും അവസാനം കൊയ്യുക സംഘ്പരിവാര്‍ ആയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.