വക്കം മൗലവിയുടെ ‘മുസ്ലിം’ പത്രം; ഒരു കാലഘട്ടത്തിന്റെ നേര്‍ചിത്രം
text_fields1906 ജനുവരി മുതല്‍ ആറു ലക്കങ്ങളും 1907ല്‍ ഏഴു ലക്കങ്ങളും ഇറങ്ങിയ ശേഷം നിന്നുപോയ ‘മുസ്ലിം’ 1913ല്‍ ഡമ്മി 8 വലുപ്പത്തിലെ 24 പേജില്‍നിന്ന് ഫുള്‍സ്കേപ്പ് വലുപ്പത്തില്‍ 16 പുറങ്ങളിലേക്ക് ആകര്‍ഷകമാക്കി വീണ്ടും പ്രസിദ്ധീകരിച്ചു തുടങ്ങി. 1910ൽ മൗലവിയുടെ സ്വന്തം പ്രസ് സർക്കാർ കണ്ടുകെട്ടിയിരുന്നതിനാൽ ഏറെ ക്ലേശങ്ങൾ സഹിച്ചാണ് ഇത് സാധ്യമാക്കിയിരുന്നത്
വക്കം മുഹമ്മദ് അബ്ദുല്‍ഖാദര്‍ മൗലവിയുടെ നൂറ്റമ്പതാം ജന്മവാര്ഷികത്തില് ആ നവോത്ഥാന നായകന്റെ മഹത്വങ്ങള്‍ പല വീക്ഷണകോണിലൂടെ നാം സ്മരിക്കുന്നുണ്ട്. മൗലവിയുടെ ‘സ്വദേശാഭിമാനി’ പത്രവും സാമൂഹിക പ്രവര്‍ത്തനങ്ങളുമൊക്കെ പൊതുസമൂഹം കൂടുതലായി വിലയിരുത്തിയത് ഈ നൂറ്റാണ്ടിലാണ്. അതോടൊപ്പം, സാമുദായിക പരിഷ്കരണത്തിന്റെ ഭാഗമായി മൗലവി നടത്തിയ പത്രപ്രവര്‍ത്തനവും വിദ്യാഭ്യാസ മേഖലകളിലെ ശക്തമായ ഇടപെടലുകളും സ്വാഭാവികമായും അല്ലാതെയും തമസ്കരിക്കപ്പെട്ടിട്ടുമുണ്ട്.
‘സ്വദേശാഭിമാനി’ പത്രം പ്രസിദ്ധീകരിക്കുമ്പോള്‍ത്തന്നെ ‘മുസ്ലിം’ എന്നൊരു മാസിക ആരംഭിക്കാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നെങ്കിലും അത് പുറത്തുവന്നത് 1906 ജനുവരിയിലായിരുന്നു.
അതുവരെ മുസ്ലിം കേരളം കണ്ടിട്ടില്ലാത്ത കെട്ടിലും മട്ടിലുമുള്ള 24 പേജുകളിലായി പുറത്തിറങ്ങിയ പ്രഥമ ലക്കം, വിദ്യാഭ്യാസ വിഷയത്തില്‍ ഏറെ പിന്നോട്ടുപോയിരിക്കുന്ന മുസ്ലിം സമുദായത്തിന്റെ അഭിവൃദ്ധിക്കും സാംസ്കാരിക ഉന്നതിക്കും വേണ്ടിയുള്ള ഒരു പത്രത്തിന്റെ അനിവാര്യത എടുത്തുപറഞ്ഞു.
ആദ്യ ലക്കത്തില്‍ ചേർത്തിരുന്ന കാനേഷുമാരി കണക്കുകളുടെ ചുരുക്കം ഇതാണ്: തിരുവിതാംകൂറിലെ മുസ്ലിംകളുടെ എണ്ണം 1,90,565 ആയിരുന്നു. (ആകെ ജനസംഖ്യയുടെ 6.5 ശതമാനം). അതില്‍ അക്ഷരജ്ഞാനമുള്ളവര്‍ പുരുഷന്മാരിൽ ആയിരത്തിൽ 84 പേരും സ്ത്രീകൾ ആയിരത്തിൽ 10 പേരും മാത്രമായിരുന്നു. ഇരുപതു വയസ്സിനു മുകളിലുള്ള മുസ്ലിം പുരുഷന്മാരില് 74 ശതമാനത്തിനും എഴുത്തോ വായനയോ അറിയില്ല. കൃഷി, കച്ചവടം, സ്വയംതൊഴില്‍ എന്നിവയില്‍ പാരമ്പര്യമായി കിട്ടിയ അറിവല്ലാതെ മറ്റൊരു വിശേഷ അറിവുമില്ലാതെയാണ് അവർ കഴിഞ്ഞിരുന്നത്.
‘മനുഷ്യത്വം’ എന്ന തലക്കെട്ടിലെ ആദ്യ ലേഖനത്തെ തുടര്‍ന്ന് കെ. രാമകൃഷ്ണ പിള്ളയുടെ ‘തിരുവിതാംകൂറിലെ മുസല്മാന്മാര്’, ‘മുഹറം’, അറബി പത്രഗ്രന്ഥത്തില്നിന്ന് എടുത്ത ‘ജപ്പാനും ഇസ്ലാം മതവും’, ‘മുസ്ലിം വിദ്യാഭ്യാസ സഭ’ തുടങ്ങിയ രചനകളാൽ ആ പതിപ്പ് സമ്പുഷ്ടമായിരുന്നു.
അടുത്ത ലക്കങ്ങളില്‍ പ്രസിദ്ധീകരിച്ച ‘മുഹമ്മദീയ വിദ്യാഭ്യാസം’, ‘കേരള മുസല്മാന്മാരും മലയാള ഭാഷയും’ തുടങ്ങിയ ലേഖനങ്ങൾ സമുദായ പരിഷ്കരണത്തിനുള്ള ആത്മാർഥമായ ശ്രമം വ്യക്തമാക്കുന്നു. സര് സയ്യിദ് അഹമ്മദ് ഖാന്റെ അലീഗഢ് ആള് ഇന്ത്യ മുഹമ്മദന്‍ എഡ്യൂക്കേഷണല്‍ കോണ്‍ഗ്രസ് ഉണ്ടായശേഷം അവിടം എത്രത്തോളം അഭിവൃദ്ധി കൈവരിച്ചുവെന്ന കാര്യം ഓര്‍മിപ്പിച്ചുകൊണ്ട് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശത്തെ മുസ്ലിംകള് ഒത്തൊരുമിച്ച് അത്തരം സഭകള്‍ ഉണ്ടാക്കണമെന്ന് അടിക്കടി ഓർമപ്പെടുത്തിയിരുന്നു.
കാലോചിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി പറയുന്ന ലേഖനം, ഒരു കാലത്ത് സമുദായം ഔന്നത്യത്തിലെത്തിയതിന്റെ മുഖ്യഹേതു വിദ്യാഭ്യാസം നേടുന്നതിലുള്ള അവരുടെ ആസക്തിയും വിദേശങ്ങളില്‍ പോയി അവിടങ്ങളിലെ പഠിച്ച് അവരുടെ ഗ്രന്ഥങ്ങള്‍ അന്യഭാഷകളിലേക്കും മാതൃഭാഷയിലേക്കും പരിഭാഷപ്പെടുത്തി ഗ്രന്ഥരചനയില്‍ അവരുടെ കഴിവിനെ പരിചയപ്പെടുത്തിയതുമാണെന്ന് സമര്‍ഥിക്കുന്നു.
1906 ജനുവരി മുതല്‍ ആറു ലക്കങ്ങളും 1907ല്‍ ഏഴു ലക്കങ്ങളും ഇറങ്ങിയ ശേഷം നിന്നുപോയ ‘മുസ്ലിം’ 1913ല്‍ ഡമ്മി 8 വലുപ്പത്തിലെ 24 പേജില്‍നിന്ന് ഫുള്‍സ്കേപ്പ് വലുപ്പത്തില്‍ 16 പുറങ്ങളിലേക്ക് ആകര്‍ഷകമാക്കി വീണ്ടും പ്രസിദ്ധീകരിച്ചു തുടങ്ങി. 1910ൽ മൗലവിയുടെ സ്വന്തം പ്രസ് സർക്കാർ കണ്ടുകെട്ടിയിരുന്നതിനാൽ ഏറെ ക്ലേശങ്ങൾ സഹിച്ചാണ് ഇത് സാധ്യമാക്കിയിരുന്നത്.
മനുഷ്യര്‍ സ്വതന്ത്രരാണെങ്കിലും അവരുടെ സ്വാതന്ത്ര്യം അപൂർണമാണെന്നും അവര്‍ ഓരോ കാര്യങ്ങള്‍ എത്രതന്നെ കരുതലോടുകൂടി ചെയ്താലും അവ പലപ്പോഴും ആഗ്രഹത്തിന് വിപരീതമായി പരിണമിക്കാറുണ്ടെന്നുമാണ് മുൻ അനുഭവത്തെക്കുറിച്ച് പുതിയ ലക്കത്തിൽ സൂചിപ്പിച്ചിരുന്നത്.
മൂന്നാം പുസ്തകത്തിലെ ആദ്യ തുടര്‍ലേഖനം ഖുര്‍ആനെ സംബന്ധിച്ചായിരുന്നു. ഒരു പക്ഷേ, ആദ്യമായിട്ടായിരിക്കും ആ പുണ്യഗ്രന്ഥത്തിന്റെ അവതരണം, ദൈവത്തിന്റെ വചനഗുണം, അതിൽ ഭാഷയുടെയും ശബ്ദത്തിന്റെയും പ്രസക്തി എന്നിവയെല്ലാം അതിലളിതമായി മലയാളികള്‍ക്കുമുന്നിൽ വിവരിക്കപ്പെട്ടത്.
രണ്ടാമത്തെ ലേഖനം ‘യഥാർഥ ഉന്നതി’ എന്ന ശീര്‍ഷകത്തില്‍ മനുഷ്യരെയാകെ ഒന്നായി കണ്ടുകൊണ്ടുള്ള ചിന്തനീയമായ വിശകലനമായിരുന്നു. ഇസ്ലാമിക വിദ്യാഭ്യാസ രീതിയെക്കുറിച്ചുള്ള ലേഖനം മിസ്റിലെ (ഈജിപ്ത്) അലക്സാണ്ട്രിയയിൽ ഉലമാക്കള്‍ നടത്തുന്ന ‘മശീഖത്തു ഉലമാഇല്‍ ഇസ്കരന്തിയ്യാ’ എന്ന സഭയുടെ വര്‍ഷാന്ത റിപ്പോര്‍ട്ടിലെ ശൈഖ് മുഹമ്മദ് ഷാഖിര്‍ എന്ന പണ്ഡിതന്റെ അഭിപ്രായം ഉദ്ധരിച്ചുകൊണ്ടാണ് ചേര്‍ത്തത്.
ലണ്ടനിലെ ‘റിവ്യൂ ഓഫ് റിവ്യൂസ്’ എന്ന പ്രസിദ്ധ ഇംഗ്ലീഷ് മാസികയില്‍ ‘മുസ്ലിം സമുദായത്തിന്റെ അപകര്ഷഹേതു’ എന്ന തലക്കെട്ടോടെ വന്ന ഒരു പത്രാധിപ പ്രസംഗത്തെ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുമ്പോൾ മൗലവിയുടെ ആശയങ്ങള്‍ അതില്‍ പ്രതിഫലിക്കുന്നത് നമുക്ക് വ്യക്തമാകുന്നു.
‘മതവിശ്വാസ സംബന്ധമായ ഒരപേക്ഷ’ എന്ന തലക്കെട്ടില്‍ ജാണ്പൂരില്വെച്ച് നടന്ന ആള് ഇന്ത്യാ ഷിയാ കോൺഫറന്‍സിൽ നവാബ് സയിദ് മുഹമ്മദ് ചെയ്ത അധ്യക്ഷ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ സാരവത്തായ പ്രസംഗം എന്ന നിലക്ക് റിപ്പോര്‍ട്ട് ചെയ്തുകാണുന്നു. യൂറോപ്പിലും അമേരിക്കയിലും വിവിധ വര്‍ഗക്കാർ അന്നുണ്ടാക്കിയ ഐക്യത്തെ ഓര്‍മിപ്പിച്ചുകൊണ്ട് ആ മാതൃക പിന്തുടരണമെന്നും, ഹിന്ദു മുസ്ലിം സാഹോദര്യം നിലനിര്‍ത്തണമെന്നും ആ പ്രസംഗത്തിൽ നവാബ് ആഹ്വാനം ചെയ്തിരുന്നു.
‘നമ്മുടെ സ്ത്രീകള്‍’ എന്നൊരു ശീര്‍ഷകത്തില്‍ എഴുതിയ മറ്റൊരു ലേഖനത്തില്‍ ഈജിപ്തില്‍ സ്ത്രീ വിദ്യാഭ്യാസത്തില്‍ ഉണ്ടായിട്ടുള്ള മുന്നേറ്റത്തെ എടുത്തുപറഞ്ഞുകൊണ്ട് സ്ത്രീകളുടെ കഷ്ടാവസ്ഥ പരിഹരിക്കാൻ ‘അവരെ വിദ്യ അഭ്യസിപ്പിക്കുക ഒരേയൊരു വഴിയേ നാം കാണുന്നുള്ളൂ’ എന്ന് വ്യക്തമാക്കുന്നു.
പാശ്ചാത്യ വനിതകളെ ഒരിക്കലും കണ്ണടച്ച് അനുകരിക്കരുത് എന്ന സന്ദേശം മലയാള സ്ത്രീകള്‍ക്ക് നല്‍കുന്നത് പുത്തേഴത്ത് രാമന് മേനോന് ബി.എ.യുടെ ലേഖനത്തിലൂടെയാണ്. ‘സര്‍വേന്ത്യാ മുസ്ലിം സ്ത്രീവിദ്യാഭ്യാസ സംഘം’ എന്ന മറ്റൊരു ലേഖനത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ടുള്ള ആവേശോജ്ജ്വലമായ സംഘത്തിന്റെ ആഹ്വാനങ്ങള്‍ കാണുന്നു.
ഒരു വാര്‍ത്തയുടെ റിപ്പോര്‍ട്ടിങ്ങില്‍ തിരുവനന്തപുരത്ത് മുഹർറത്തിന് ‘കിടായടിയ്ക്ക’ എന്ന പേരില്‍ ജന്തുക്കളെ നിർദയം കടിച്ചുവലിച്ചു എറിയുന്ന നിഷ്ഠുരവൃത്തി ചെയ്യുന്നത് അനാചാരമാണെന്നും അതിന് മതവുമായി ഒരു ബന്ധവുമില്ലെന്ന് പറയുമ്പോള്‍ പൂനയില്‍ സമാനമായ പ്രവൃത്തിക്കെതിരെ മുസ്ലിംകള് നല്കിയ ഹരജിയും ചൂണ്ടിക്കാട്ടുന്നുണ്ട്.
ഏറ്റവും പുതിയ ലോകവാര്‍ത്തകള്‍ ഉള്‍ക്കൊള്ളിച്ച് വായനക്കാരുടെ കാലികമായ അറിവിനെ വളര്‍ത്താൻ സഹായിച്ച ‘ലോകാലോകം’ എന്ന പംക്തിയില്‍ നിഷ്പക്ഷമായ അവലോകനങ്ങളും ചേർത്തിരുന്നു.
കാൺപുര്‍ മച്ചിലി ബസാര്‍ പള്ളിക്കേസില്‍ വൈസ്രോയ് നേരിട്ടുവന്ന് പൊലീസ് ഇടപെടലിനെ തള്ളിപ്പറഞ്ഞ് ഒത്തുതീര്‍പ്പ് ഉണ്ടാക്കിയതിന്റെ അവലോകനം, തെക്കേ ആഫ്രിക്കയിലെ ഇന്ത്യക്കാരെക്കൊണ്ട് ബ്രിട്ടീഷുകാര്‍ ധനവാന്മാരായ കഥ, ഒന്നാം ലോകയുദ്ധവും അതിനു മുമ്പും തുടരുമ്പോഴുമുള്ള ഓരോ രാജ്യങ്ങളുടെയും ഇടപെടലും മുസ്ലിം രാജ്യങ്ങള്‍ക്ക് സംഭവിച്ച വീഴ്ചകളും കോട്ടങ്ങളുമെല്ലാം ഇതിൽ പ്രതിപാദിക്കപ്പെട്ടു.
തിരുവിതാംകൂര്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ക്ഷണമനുസരിച്ച് 1913 ഡിസംബര്‍ 21ന് തിരുവനന്തപുരത്തു വിളിച്ചുകൂട്ടിയ മുഹമ്മദീയ വിദ്യാഭ്യാസ കോണ്‍ഫറന്‍സിന്റെ സാഹചര്യം വിവരിച്ചുകൊണ്ടൊരു സര്‍ക്കാര്‍ ഗെസറ്റ് 1914 ഡിസംബര്‍ 15ന് ഇറക്കിയിരുന്നു. അതിന്റെ റിപ്പോര്‍ട്ടും അനന്തര നടപടികളും മുഴുവനായി ‘മുസ്ലിം’ പ്രസിദ്ധീകരിച്ചു.
ഡയറക്ടര്‍ വിളിച്ചുകൂട്ടിയ ആലോചന യോഗത്തില്‍ ശൈഖ് മാഹിന്‍ ഹമദാനി തങ്ങളും വക്കം മൗലവിയും ഉൾപ്പെടെ 18 പേര് പങ്കെടുത്തു. അവര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ അസി. ഡയറക്ടര്‍ പരിഗണിക്കുകയും എല്ലാ സഹകരണങ്ങളും വാഗ്ദാനം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഒരു മുസ്ലിം കോണ്‍ഫറന്‍സ് വിളിച്ചുചേർക്കാനും മഹാസഭ ഉണ്ടാക്കാനുമായി അംഗങ്ങൾ ഒത്തുചേർന്ന് വക്കം മൗലവിയെ പ്രസിഡന്റാക്കി കമ്മിറ്റി രൂപവത്കരിച്ചു.
നിര്‍ദേശങ്ങള്‍ പരിഗണിച്ച സര്‍ക്കാര്‍ അനുകൂല നടപടികള്‍ എടുത്തതിന്റെ വെളിച്ചത്തില്‍ പല ഉദ്യോഗസ്ഥരും ഇതിനായി മുന്നോട്ടുവന്നു. പണ്ഡിതനും സാഹിത്യകാരനും പ്രഭാഷകനുമായ സ്കൂള്‍ ഇന്‍സ്പെക്ടര്‍ ഒ.എം. ചെറിയാന് ആയിരുന്നു അതില്‍ പ്രമുഖന്. ‘മുസ്ലിം’ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ‘മുഹമ്മദീയ വിദ്യാഭ്യാസം’ എന്ന ലേഖനത്തിൽ ഉള്‍പ്പെടുത്തിയിരുന്ന ചില സ്ഥിതിവിവരക്കണക്കുകള്‍ സമുദായ സ്നേഹികളുടെ കണ്ണുതുറപ്പിക്കുന്നതായിരുന്നു.
1913ല്‍ തിരുവിതാംകൂരില്‍ ഉണ്ടായിരുന്ന ജനസംഖ്യയിൽ പതിനാറില്‍ ഒരാൾ മുസ്ലിം ആയിരുന്നു. (മുസ്ലിം ജനസംഖ്യ 226617). തന്റെ കീഴിലെ 10 താലൂക്കുകളില്‍ 80213 പേരുള്ളതില്‍ 15-20 പ്രായക്കാരായ മുസ്ലിംകൾ 8589. അതില്‍ വിദ്യാഭ്യാസമുള്ളവര്‍ 713. കൊല്ലം താലൂക്കില്‍ 862 കുട്ടികളില്‍ പഠിച്ചവര്‍ 36. കരുനാഗപ്പള്ളിയില്‍ 2404 പേരില്‍ 42 പേരും. കുന്നത്തൂര്‍ താലൂക്കില്‍ 10 വയസ്സിനുതാഴെ 1189 പേരുള്ളപ്പോള് അതില്‍ എഴുത്ത് അറിയാവുന്നവര്‍ ഒരാള്‍ മാത്രം.
ഈ വിഷയത്തിൽ ഒ.എം. ചെറിയാൻ പുലർത്തിയ ശുഷ്കാന്തി മൗലവിക്ക് നല്കിയ ഒരു കത്തില്‍നിന്നും വ്യക്തമാണ് (ആ കത്തും പിന്നീട് പ്രസിദ്ധീകരിക്കുകയുണ്ടായി). സമുദായം വിദ്യാഭ്യാസത്തോട് എത്രമാത്രം പുറംതിരിഞ്ഞു നിൽക്കുകയാണെന്ന കാര്യം മൗലവിയുടെ പത്രത്തിലൂടെയാണ് പുറംലോകം അറിയുന്നത്.
സര്‍ക്കാർ ഇടപെടലുകള്‍ക്കും സമുദായത്തിനുള്ളിലെ പരിവര്‍ത്തനത്തിനുമായി നേരിട്ടും സീതി സാഹിബ്, കെ.എം. മൗലവി, ഇ.കെ. മൗലവി തുടങ്ങിയ ശിഷ്യരിലൂടെയും അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ പില്ക്കാലത്ത് കേരള മുസ്ലിംകൾക്ക് വരുത്തിയ പരിവർത്തനങ്ങൾ നമുക്ക് മുന്നിലുണ്ട്.
(അവലംബം: വക്കം മൗലവി മെമ്മോറിയല്‍ ആന്‍ഡ് റിസര്‍ച് സെന്റര്‍, വക്കം, മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിക്കാനിരിക്കുന്ന 1913-16കളിലെ ‘മുസ്ലിം’ മാസികകളില്‍നിന്ന്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.