മഹ്ര്‍, മുത്തലാഖ്, പര്‍ദ...
text_fields1997 മുതല്‍ വനിതാലീഗ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം വഹിക്കുന്ന ഖമറുന്നിസ അന്‍വര്‍ കേന്ദ്ര സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഉന്നതാധികാര സമിതിയംഗമായി തെരഞ്ഞെടുക്കപ്പെട്ടത് അടുത്തിടെയാണ്. വിവിധ രാജ്യങ്ങളില്‍ നടന്ന വനിതാ കണ്‍വെന്‍ഷനുകളില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തു. എം.ഇ.എസ് വനിതാ വിഭാഗം ദേശീയ സെക്രട്ടറിയായി പത്തു വര്‍ഷത്തോളം പ്രവര്‍ത്തിച്ച അവര്‍ സ്ത്രീകളോട് സമൂഹം പുലര്‍ത്തുന്ന സമീപനങ്ങളെക്കുറിച്ചും മതം അനുശാസിക്കുന്ന കാര്യങ്ങള്‍ സ്ത്രീയുടെ കാര്യത്തില്‍ ലംഘിക്കപ്പെടുന്നതിനെക്കുറിച്ചും മനസ്സ് തുറക്കുന്നു
സ്ത്രീപ്രശ്നങ്ങള്‍ ഏറെ ചര്‍ച്ചയാകുമ്പോഴും വനിതാ സംഘടനകളില്‍ പുതുതായി കടന്നു വരുന്നവരുടെ എണ്ണം കുറയുകയല്ലോ?
രാഷ്ട്രീയത്തില്‍ വരാന്‍ പലര്‍ക്കും മടിയാണ്. എത്ര പ്രവര്‍ത്തിച്ചാലും അംഗീകാരം കിട്ടില്ലയെന്ന ചിന്തയാണ് ഭൂരിപക്ഷം പേര്‍ക്കും. സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ താല്‍പര്യം തദ്ദേശ സ്ഥാപനങ്ങളിലും മറ്റും ഒതുങ്ങുന്നതിനാണ്. അവരോടെല്ലാം ഞങ്ങള്‍ പറയുന്നത്് അംഗീകാരവും സ്ഥാനവുമല്ല വലുതെന്നും പ്രവര്‍ത്തനങ്ങളിലെ മികവാണ് പ്രധാനമെന്നുമാണ്. ഏറെക്കാലം മുമ്പ് ഞങ്ങളെല്ലാം പൊതുരംഗത്തേക്കിറങ്ങിയത് കടുത്ത എതിര്‍പ്പുകള്‍ വകവെക്കാതെയാണ്. ഞാന്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയത് അറിഞ്ഞെത്തിയ ചില പ്രമാണിമാര്‍ പറഞ്ഞത് കല്ലേറ് കിട്ടുമെന്നായിരുന്നു. കല്ലേറ് കൊണ്ടോളാമെന്നായിരുന്നു എന്‍െറ മറുപടി. മാത്രമല്ല, അവരെല്ലാംതന്നെ പിന്നീട് തിരുത്തിപ്പറഞ്ഞ ചരിത്രമേയുണ്ടായിട്ടുള്ളൂ.
വനിതാലീഗിന് എത്രമാത്രം പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ട്?
അച്ചടക്കത്തോടെയാകണം പ്രവര്‍ത്തനമെന്ന് 1997ല്‍ വനിതാലീഗ് തുടങ്ങിയപ്പോള്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ പറഞ്ഞ വാക്കുകളാണ് ഇന്നും വഴികാട്ടി. വൈകീട്ട് ആറു മണിക്കുശേഷം പുറത്തിറങ്ങി പ്രവര്‍ത്തനം വേണ്ടെന്ന ഉപദേശവും അദ്ദേഹം നല്‍കിയിരുന്നു. എന്‍െറ അഭിപ്രായത്തില്‍ അത് നല്ല നിര്‍ദേശമാണ്. അത്രയും പ്രശ്നങ്ങള്‍ കുറയുമല്ലോ. കുടുംബത്തിന്‍െറ എല്ലാ കാര്യങ്ങളും ഉറപ്പുവരുത്തിയാണ് അന്നും ഇന്നും പൊതുപ്രവര്‍ത്തനം. ആ രീതിയില്‍ മാറ്റമുണ്ടാകരുതെന്ന് നിര്‍ബന്ധമുണ്ട്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ മാത്രമാണ് അന്ന് വനിതാലീഗ് പ്രവര്‍ത്തനം തുടങ്ങിയത്. ഇന്ന് എല്ലാ ജില്ലകളിലും ദേശീയതലത്തിലും പ്രവര്‍ത്തനം വ്യാപിച്ചു.
വനിതാലീഗിന് സീറ്റ് വേണമെന്നത് എല്ലാ തെരഞ്ഞെടുപ്പുകളിലും കേള്‍ക്കുന്ന ആവശ്യമാണ്. എന്നാല്‍, യാഥാര്‍ഥ്യമായിട്ടില്ല?
ഞങ്ങള്‍ പ്രതീക്ഷയിൽ തന്നെയായിരുന്നു. സ്ത്രീകള്‍ മുന്‍നിരയിലേക്ക് വരുന്നതില്‍ എതിര്‍പ്പുള്ളവര്‍ പാര്‍ട്ടിയില്‍തന്നെയുണ്ട്. വ്യത്യസ്ത അഭിപ്രായമുള്ളവരെ ഒരുമിപ്പിച്ച് കൊണ്ടു പോകേണ്ട ഉത്തരവാദിത്തമാണ് നേതൃത്വത്തിനുള്ളത്. സ്ത്രീകളുടെ വോട്ട് മാത്രമല്ലല്ലോ വേണ്ടത്. എല്ലാവരുടെയും വോട്ട് ലഭിക്കേണ്ടതുണ്ട്.
രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരുന്ന സ്ത്രീകളെ പിറകില്‍നിന്ന് ഭരിക്കുകയാണെന്ന പ്രചാരണം എത്രമാത്രം ശരിയാണ്?
പലരുടെയും സ്വാര്‍ഥതയാണ് ഇതിന് കാരണം. സ്ത്രീകള്‍ ജയിച്ചാലും ഭര്‍ത്താക്കന്മാര്‍ അധികാരം വിട്ടുകൊടുക്കാത്ത അവസ്ഥ ചിലയിടത്തെങ്കിലുമുണ്ട്. എന്നാല്‍, ഒരു പരിചയവുമില്ലാതെ കടന്നുവന്ന് പഞ്ചായത്ത്, നഗരസഭ, ജില്ലാപഞ്ചായത്ത് തലങ്ങളില്‍ കഴിവ് തെളിയിച്ച നിരവധി പേരെ എനിക്ക് വ്യക്തിപരമായറിയാം.
സ്ത്രീകള്‍ക്ക് ഭാരിച്ച ജോലികള്‍ ചെയ്യാനാകില്ലെന്ന തരത്തില്‍ പ്രമുഖ മതപണ്ഡിതന്‍ നടത്തിയ പ്രതികരണം വിവാദമായിരുന്നല്ലോ?
ഇത്തരം പ്രതികരണങ്ങള്‍ ഞങ്ങള്‍ മുഖവിലക്കെടുക്കുന്നില്ല. വനിതാബില്‍ ഇന്നും പാസാകാത്തതിന് കാരണം അഖിലേന്ത്യാ തലത്തില്‍ ഈ സമീപനം പലരും പുലര്‍ത്തുന്നതിനാലാണ്. കോണ്‍ഗ്രസും ബി.ജെ.പിയും ഭരിച്ചിട്ടും ആ സ്ഥിതിയില്‍ മാറ്റമില്ല. സ്ത്രീകളെ മുന്നോട്ടു കൊണ്ടു വരുന്നതില്‍ ഇത്തരം പുരുഷന്മാര്‍ എതിര് നില്‍ക്കുന്നു. സംവരണം കൊണ്ട് മാത്രമാണ് അധികാര സ്ഥാനങ്ങളില്‍ ഇത്രയെങ്കിലും വനിതകള്‍ എത്തിയത്.
മുസ് ലിം സ്ത്രീകളില്‍ പര്‍ദ ഒരു തരംഗമായി പടരുകയാണെന്ന് വിമര്‍ശമുണ്ടല്ലോ?
പര്‍ദ ഇസ് ലാമികവേഷമല്ല. എളുപ്പത്തില്‍ ധരിക്കാവുന്ന ഒരു വസ്ത്രമെന്ന് പറയാം. അല്ലാതെ അതൊരു നിര്‍ബന്ധിത വേഷമല്ല. മുഖവും മുന്‍കൈയും ഒഴിച്ചുള്ള ഭാഗങ്ങള്‍ മറയ്ക്കാന്‍ മാത്രമേ മതം പറയുന്നുള്ളൂ. മുഖം മറയ്ക്കാന്‍ എവിടെയും പറയുന്നില്ല. മാത്രമല്ല, മുഖം തുറന്നിടാനാണ് പറയുന്നത്. പര്‍ദ എന്നൊരു വാക്കുപോലും ഖുര്‍ആനിലോ ഹദീസിലോ ഇല്ല. ഹിജാബ് എന്നേയുള്ളൂ. ചുരിദാറോ, സാരിയോ, മലേഷ്യന്‍ വസ്ത്രമോ എന്തുവേണമെങ്കിലും ധരിക്കാന്‍ മുസ് ലിം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഹജ്ജിന് പോകുമ്പോള്‍ പുരുഷന്‍ ഒറ്റ വേഷം മാത്രമേ ധരിക്കാവൂ. എന്നാല്‍, സ്ത്രീകള്‍ക്ക് ഏതു വേഷവുമാകാം. ഇന്ന് പര്‍ദയുടെ പ്രചാരം വര്‍ധിച്ചതില്‍ വ്യവസായിക താല്‍പര്യങ്ങള്‍കൂടിയുണ്ടാകാം. എന്‍െറ വേഷവിധാനം കണ്ടിട്ട് ഒരിക്കല്‍ ഒരു ഡി.എം.ഒ ചോദിച്ചത് നിങ്ങള്‍ക്ക് ഈ കാടന്‍വേഷമേ ധരിക്കാന്‍ കിട്ടിയുള്ളോ എന്നാണ്. മദര്‍തെരേസയുടെയും ഇന്ദിര ഗാന്ധിയുടെയും സ്ഥിരം വേഷങ്ങളെക്കുറിച്ചോര്‍മിപ്പിച്ചാണ് ഞാന്‍ അന്ന് അവര്‍ക്ക് മറുപടി നല്‍കിയത്.
ശരീഅത്തിന്‍െറ മൗലിക തത്ത്വങ്ങളില്‍ നിന്നുകൊണ്ടുതന്നെ മുസ്ലിം വ്യക്തിനിയമം പരിഷ്കരിക്കണമെന്ന ആവശ്യത്തോട് എങ്ങനെ പ്രതികരിക്കുന്നു?
മുസ് ലിം വ്യക്തിനിയമത്തിനല്ല പ്രശ്നം. അത് നടപ്പാക്കുന്നിടത്താണ്. ഏതെങ്കിലും ബോര്‍ഡിന്‍െറയോ വ്യക്തികളുടെയോ തീരുമാനങ്ങളല്ല സ്ത്രീകള്‍ക്ക് വേണ്ടത്. സ്ത്രീകള്‍ക്കുള്ള അവകാശവും സ്വാതന്ത്ര്യവുമെല്ലാം മതത്തില്‍തന്നെ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇസ് ലാമിക നിയമം എന്നും ഒന്നാണ്. നാടിനോ കാലത്തിനോ അനുസരിച്ച് മാറുന്നതല്ല. ഖുര്‍ആനിലും ഹദീസിലും സ്ത്രീയെ സംരക്ഷിക്കാനുള്ള കാര്യങ്ങള്‍ നിര്‍വചിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ന് നേരെമറിച്ചാണ് കാര്യങ്ങള്‍. മുഹമ്മദ് നബി മരിക്കാന്‍ നേരത്ത് നടത്തിയ പ്രസംഗത്തില്‍പോലും പറഞ്ഞത് സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ചാണ്. സ്ത്രീകളോട് മാന്യമായി പെരുമാറുന്നവനാണ് ഉത്തമനായ വ്യക്തിയെന്നാണ് നബി പറഞ്ഞത്. അടുക്കളക്കാര്യം പോലും സ്ത്രീയുടേത് മാത്രമാണെന്ന് മതം പറയുന്നില്ല. ഭര്‍ത്താവ് അവളെ അടുക്കളയിലും സഹായിക്കണം.
സ്ത്രീക്കു നേരെയുള്ള അനീതികള്‍ ഏതൊക്കെ രീതിയില്‍ പ്രകടമാണ്?
സ്ത്രീധനം തന്നെയെടുക്കാം. ഒരിക്കലും ഇസ് ലാമില്‍ പറഞ്ഞിട്ടില്ലാത്ത കാര്യമാണത്. സ്ത്രീതന്നെയാണ് ധനമെന്നാണ് മതം പഠിപ്പിച്ചത്. എന്നാല്‍, മഹ്ര്‍ വേണമോയെന്നു പോലും ചോദിക്കുന്നില്ലെന്ന സ്ഥിതിയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍. സ്ത്രീക്ക് തനിക്കാവശ്യമുള്ള മഹ്ര്‍ ആവശ്യപ്പെടാമെന്ന് വ്യക്തമായി പറഞ്ഞിട്ടും ഇന്നും അവളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണ്. അവള്‍ പൊന്നിന്‍കൂമ്പാരം ചോദിച്ചാലും നല്‍കണം. ഇന്ന് നക്കാപ്പിച്ച മഹ്ര്‍ നല്‍കിയാണ് പലയിടത്തും നിക്കാഹ് നടക്കുന്നത്. മഹ്ര്‍ പേരിന് മാത്രമായി. വരന്‍െറ ആളുകള്‍ നിശ്ചയിക്കുന്നത് നല്‍കുന്നു. അതിന്‍െറ പത്തിരട്ടി സ്ത്രീധനമായി വാങ്ങുകയും ചെയ്യുന്നു. സമ്പന്നരായ അറബികളില്‍ പലരും ഭാരിച്ച മഹ്ര്‍ നല്‍കാന്‍ സാധിക്കാത്തതിനാലാണ് വേറെ നാടുകളില്‍ പോയി വിവാഹം കഴിക്കുന്നതെന്നത് കാണണം. കുഞ്ഞിനെ വളര്‍ത്താന്‍ കഴിവില്ലെങ്കില്‍ ആരോഗ്യമുള്ള സ്ത്രീക്ക് പണം നല്‍കിയിട്ടെങ്കിലും മുലപ്പാല്‍ നല്‍കാന്‍ അവസരമൊരുക്കണമെന്ന് നിഷ്കര്‍ഷിച്ചത് സ്ത്രീയുടെയും കുഞ്ഞിന്‍െറയും ആരോഗ്യത്തിനും ക്ഷേമത്തിനും ഇസ് ലാം കാലങ്ങള്‍ക്കു മുമ്പുതന്നെ എത്രത്തോളം മുന്‍തൂക്കം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു.
മുത്തലാഖിനെക്കുറിച്ച് സ്ത്രീയും പുരുഷനും എത്രമാത്രം ബോധവാന്മാരാണ്?
ഭൂമിയില്‍ ദൈവം ഏറ്റവുമധികം വെറുക്കുന്ന കാര്യമാണ് വിവാഹമോചനം. അതുകൊണ്ടുതന്നെ ഉറപ്പിച്ചു പറയാം, അത് അത്ര എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യമല്ല. മുസ് ലിം പുരുഷന് നാല് വിവാഹം കഴിക്കാമെന്ന് പറയുന്നത് കൃത്യമായ നിബന്ധനകളോടെയാണ്. ഒന്നിലധികം വിവാഹം കഴിച്ചാല്‍തന്നെ എല്ലാ ഭാര്യമാര്‍ക്കും വസ്ത്രം, ഭക്ഷണം എന്നിവയെപ്പോലെ സ്നേഹവും പങ്കിട്ട് നല്‍കണം. എന്നാല്‍, ഒരു പുരുഷനും അത് സാധിക്കില്ല. അങ്ങനെ പെരുമാറാന്‍ സാധിക്കില്ലെങ്കില്‍ ഒരു വിവാഹത്തില്‍ ഒതുങ്ങിക്കോളൂ എന്നാണ് മതം പഠിപ്പിച്ചത്. മൊബൈല്‍ ഫോണില്‍ മെസേജയച്ച് മൊഴി ചൊല്ലുന്നതും മറ്റും അവകാശ നിഷേധമായി ചുരുക്കിക്കാണാനാകില്ല. ഇത് അക്രമമാണ്. അനിസ് ലാമികമാണ്. ഇതിനെതിരെ സമുദായ നേതാക്കളും സമൂഹവും ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയല്ലാതെ പോംവഴിയില്ല.
സ്ത്രീകളുടെ അവകാശമെന്ന നിലയില്‍ ഫസ്ഖിനെ എങ്ങനെ നോക്കിക്കാണുന്നു?
പുരുഷന് തലാഖ് ചൊല്ലി സ്ത്രീയെ ഒഴിവാക്കാമെങ്കില്‍ സ്ത്രീക്ക് ഫസ്ഖിലൂടെ അതിന് അവകാശമുണ്ട്. അവളുടെ ജീവിതത്തിന് യോജിച്ച വ്യക്തിയല്ലെങ്കില്‍ വേണ്ടെന്നുവെക്കാം. എന്നാല്‍, കോടതി മുഖേനയേ നടത്താവൂ, ഒരു വര്‍ഷം മുമ്പറിയിക്കണം തുടങ്ങിയ കൂച്ചുവിലങ്ങുകളിലൂടെ സ്ത്രീയുടെ ഈ അവകാശത്തെ തടയാനാണ് ഇന്നുള്ള ശ്രമം. ഇസ് ലാമിക രാജ്യങ്ങളില്‍പോലും ഇക്കാര്യത്തില്‍ ലഭിക്കുന്ന സ്വാതന്ത്ര്യം ഇന്ത്യയില്‍ ലഭിക്കുന്നില്ല. സ്ത്രീക്ക് ഇത്രയും സ്വാതന്ത്ര്യം വേറെ ഏത് മതത്തിലാണുള്ളത്. എന്നാല്‍, പല ക്ളാസുകളിലും ഫസ്ഖിനെക്കുറിച്ച് ഞങ്ങളെല്ലാം പറയുമ്പോള്‍ പുരുഷന്മാര്‍ കണ്ണുരുട്ടി നോക്കുന്ന സ്ഥിതിയാണിന്ന്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് മിക്ക ഭര്‍ത്താക്കന്മാരും പ്രാധാന്യം കല്‍പിക്കുന്നില്ല.
സ്ത്രീ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനിടയില്‍ മറക്കാനാകാത്ത അനുഭവങ്ങള്‍?
സമ്പൂര്‍ണ സാക്ഷരതക്കായുള്ള പ്രവര്‍ത്തനം ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തി. മലപ്പുറം ജില്ലയുടെ തീരപ്രദേശങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി പിന്നാക്ക വിഭാഗത്തില്‍പെട്ട നിരവധി സ്ത്രീകള്‍ക്ക് അക്ഷര വെളിച്ചമെത്തിക്കാനായി. ഞങ്ങളുള്‍പ്പെടെയുള്ള സ്ത്രീകള്‍ നേതൃത്വം നല്‍കിയതിനാലാണ് പല മുസ് ലിം സ്ത്രീകളും അന്ന് സാക്ഷരതാ പ്രവര്‍ത്തനവുമായി സഹകരിച്ചത്. ആദ്യം ഓടിയൊളിച്ച സ്ത്രീകള്‍ പിന്നീട് ഞങ്ങള്‍ ചെല്ലുമ്പോള്‍ ആവേശത്തോടെ സ്വീകരിച്ചു.
പൊതുരംഗത്തേക്കുള്ള കടന്നുവരവ്?
ഒരിക്കലും പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നില്ല ഞാന്‍. കണ്ണൂരില്‍ നിന്ന് തിരൂരിലെത്തിയപ്പോള്‍ സ്ത്രീകളുടെ പിന്നാക്കാവസ്ഥ കണ്ടാണ് അവരുടെ പ്രശ്നങ്ങളിലേക്കിറങ്ങിച്ചെല്ലുന്നത്. ഭര്‍ത്താവിന്‍െറ പിന്തുണ വലിയ സഹായമായി. മുസ് ലിം സ്ത്രീകളുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്നും എപ്പോഴും പറയുമായിരുന്ന ബാപ്പയുടെ സ്വാധീനവും എന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് പിറകിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.