നിറം മങ്ങി ലീഗ്, പച്ചകോട്ടയിൽ വിള്ളൽ വീഴ്ത്തി ഇടത്
text_fieldsമലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടിയെന്ന അതികായൻ രണ്ടു തവണ 38000ൽ പരം വോട്ടിെൻറ ഭൂരിപക്ഷത്തിൽ പച്ചക്കൊടി പാറിച്ച മണ്ഡലത്തിൽ കെ.എൻ.എ ഖാദറിനെ പോരിനിറക്കുേമ്പാൾ അതേ ഭൂരിപക്ഷം നിലനിർത്താനാവുമെന്ന് മുസ്ലിം ലീഗ് പോലും പ്രതീക്ഷിച്ചിരുന്നില്ല. അന്തിമ വിശകലനത്തിൽ 30,000 വോട്ടിെൻറ ഭൂരിപക്ഷമാണ് അവർ തന്നെ കണക്കു കൂട്ടിയിരുന്നത്. എന്നാൽ, ഫലം വന്നപ്പോൾ ഖാദറിെൻറ ലീഡ് 23,310ൽ ഒതുങ്ങിയത് ലീഗ് നേതൃത്വത്തിന് തിരിച്ചടിയായി. റോഡ് ഷോയും മറ്റ് പ്രചാരണ പരിപാടികളുമായി കുഞ്ഞാലിക്കുട്ടി മുന്നിൽ നിന്ന് തേർ തെളിയിച്ചിട്ടും ഉമ്മൻചാണ്ടി ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ഭൂരിപക്ഷം ഇത്ര കുറഞ്ഞുവെന്നത് തിരിച്ചടിയുടെ ആഴം വർധിപ്പിക്കുന്നു.
കുഞ്ഞാലിക്കുട്ടിയല്ല ഖാദർ എന്ന് രാഷ്ട്രീയമറിയുന്ന എല്ലാവരും സമ്മതിക്കും. എന്നാൽ ഭൂരിപക്ഷത്തിലുണ്ടായ വൻ ഇടിവ് ലീഗ് നേതൃത്വത്തിന് തീർത്തും അപ്രതീക്ഷിതമാണ്. സ്ഥാനാർഥി പട്ടികയിൽ അവസാന ഘട്ടത്തിൽ മുന്നിലുണ്ടായിരുന്ന യു.എ ലത്തീഫിനെ മറികടന്ന് ഖാദർ ടിക്കറ്റ് സ്വന്തമാക്കിയേപ്പാൾ തന്നെ ഭൂരിപക്ഷത്തിൽ ഇടിവുണ്ടാവുമെന്ന് ലീഗ് നേതൃത്വം കണക്കു കൂട്ടിയിരുന്നു. ഇത് മറികടക്കാനാണ് കുഞ്ഞാലിക്കുട്ടി തന്നെ രംഗത്തെത്തിയത്. എന്നിട്ടും രക്ഷയുണ്ടായില്ല. എ.ആർ. നഗർ, ഉൗരകം, വേങ്ങര, പറപ്പൂർ, ഒതുക്കുങ്ങൽ, കണ്ണമംഗലം എന്നീ പഞ്ചായത്തുകളിൽ അഞ്ചും ഭരിക്കുന്നത് ലീഗാണ്. പറപ്പൂർ പഞ്ചായത്തിൽ മാത്രമാണ് ലീഗ് പ്രതിപക്ഷത്തിരിക്കുന്നത്. പച്ച കോട്ടകളിൽ വിള്ളൽ വീണ് ഇടതുപാളയത്തിലേക്ക് വോട്ട് ചോർന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.
പിണറായി വിജയൻ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന് കീഴിലുള്ള പൊലീസ് ചില വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകൾ തിരിച്ചടിയാകുമെന്ന് അവർ ഭയന്നിരുന്നു. എന്നാൽ അത്തരം ആശങ്കകളെല്ലാം അപ്രസക്തമാക്കുന്നതാണ് ഇടതു മുന്നേറ്റം. ലീഗിെൻറ ഉറച്ച കോട്ടകളിലൊന്നായ മണ്ഡലത്തിൽ ഇടതു മുന്നേറ്റമുണ്ടാക്കിയ നേട്ടത്തിന് തിളക്കമേറെയാണ്. ഇതിന് പുറമെ എസ്.ഡി.പി.െഎയുടെ മുന്നേറ്റം കനത്ത പ്രഹരമാണ് ലീഗിന് നൽകിയത്. വരും നാളുകളിൽ അവരുടെ ഉറക്കം കെടുത്തുന്നതും ഇതായിരിക്കും. ഹാദിയ വിഷയമടക്കം ന്യൂനപക്ഷ വിഷയങ്ങളിൽ ഇടത്, വലത് മുന്നണികൾ സ്വീകരിക്കുന്ന നിലപാടുകളെ വിമർശിച്ചും സംഘ്പരിവാർ ഭീതി ചൂണ്ടിക്കാണിച്ചുമാണ് എസ്.ഡി.പി.െഎ പ്രചാരണം നടത്തിയത്. തങ്ങൾ ചർച്ച ചെയ്ത വിഷയങ്ങൾ മണ്ഡലത്തിൽ സ്വാധീനം ചെലുത്തിയെന്നതിെൻറ തെളിവാണ് കൂടിയ വോട്ടുകളെന്നാണ് അവരുടെ വിലയിരുത്തൽ. ഹിന്ദു വോട്ടുകളുടെ സമാഹരണം എന്ന അജണ്ടയുമായി മത്സര രംഗത്തുണ്ടായിരുന്ന ബി.ജെ.പിക്കും കിട്ടി കനത്ത അടി. കേന്ദ്ര മന്ത്രിമാരുൾപ്പെടെ മണ്ഡലത്തിൽ പ്രചാരണത്തിനെത്തി. കേന്ദ്ര ഭരണത്തിെൻറ പകിട്ടും അവർക്കുണ്ടായിരുന്നു. എന്നാൽ വേങ്ങരയിലെ വോട്ടർമാർ അവരെ നാലാം സ്ഥാനത്താക്കി.
2014ലെ ലോക്സഭ െതരഞ്ഞെടുപ്പിലും 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിച്ച വെൽഫെയർ പാർട്ടി മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിലും തുടർന്നുവന്ന വേങ്ങര ഉപതെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നില്ല. ആർക്കും വോട്ടുചെയ്യാതെ വിട്ടുനിൽക്കുകയെന്ന നിലപാടാണ് പാർട്ടി ഇരു തെരഞ്ഞെടുപ്പിലും സ്വീകരിച്ചത്.
പച്ചക്കോട്ടയിൽ വിള്ളൽ
ഇടതു നുഴഞ്ഞുകയറ്റത്തിൽ വേങ്ങരയിലെ ലീഗ് കോട്ടകൾക്ക് ശക്തിക്ഷയം. സർവ്വ സന്നാഹങ്ങളുമായി ഇടതു, വലതു മുന്നണികൾ ഏറ്റുമുട്ടിയ ഉപതെരഞ്ഞെടുപ്പിൽ ലീഗിെൻറ തട്ടകത്തിൽ ചെറുതല്ലാത്ത പ്രഹരമേൽപ്പിക്കാൻ എൽ.ഡി.എഫിനായി. ലീഗിെൻറ ശക്തി കേന്ദ്രങ്ങളായ ആറു ഗ്രാമ പഞ്ചായത്തുകളിലും അവരുടെ ലീഡിൽ വൻകുറവുണ്ടായി. 2011ൽ 24901ഉം 2016ൽ 34124ഉം വോട്ടുകൾമാത്രമുണ്ടായിരുന്ന എൽ.ഡി.എഫ് വോട്ട് ബാങ്ക് ഇക്കുറി 41917 ആയി ഉയർന്നു. ഇടതിന് ആകെ 7793 വോട്ടുകൾ കൂടി. വേങ്ങരയിലെ എൽ.ഡി.എഫ് വോട്ടുകൾ യു.ഡി.എഫ് ഭൂരിപക്ഷത്തേക്കാൾ കുറവാണെന്ന നാണക്കേടിനും ഇതോടെ അറുതിയായി. ന്യൂനപക്ഷ കേന്ദ്രീകൃത മണ്ഡലത്തിൽ പ്രചാരണവിഷയം അനുകൂലമാക്കിയെടുക്കുന്നതിലുള്ള വിജയമാണ് ഇടതിന് തുണയായത്. പ്രചാരണവേളയിൽ സി.പി.എം കുന്തമുന ആർ.എസ്.എസിനെതിരെ തിരിച്ചത് ന്യൂനപക്ഷ വോട്ടർമാരെ സ്വാധീനിച്ചുവെന്നാണ് ഫലം നൽകുന്ന സൂചന. സി.പി.എമ്മിെൻറ അപ്രതീക്ഷിത പടയോട്ടത്തെ പ്രതിരോധിക്കുന്നതിൽ യു.ഡി.എഫ് പൂർണ്ണമായി വിജയിച്ചില്ല. പാർട്ടി സംവിധാനം ദുർബലമായിട്ടും അടിത്തട്ട് ഇളക്കി സി.പി.എം നടത്തിയ ചിട്ടയായ പ്രവർത്തനം അവരെ തുണച്ചു. സർക്കാറിെൻറ പ്രവാസി ക്ഷേമപദ്ധതികളും ഷാർജ സുൽത്താെൻറ സന്ദർശനവുമടക്കം പ്രചാരണ വിഷയമാക്കിയുള്ള ഇടതുതന്ത്രവും ഫലം കണ്ടു.
ഹാദിയ വിഷയത്തിൽ സുപ്രീംകോടതിൽ എൻ.െഎ.എ അന്വേഷണത്തിനെതിരെ സർക്കാർ നിലപാടെടുത്തതും സി.പി.എമ്മിന് ഗുണം ചെയ്തു. തെരഞ്ഞെടുപ്പ് ദിവസം സോളാർ അന്വേഷണ പ്രഖ്യാപനം നടത്തിയുള്ള എൽ.ഡി.എഫ് നീക്കവും വിജയം കണ്ടു. മണ്ഡലത്തിന് സുപരിചതനായ പി.പി. ബഷീറിനെ വീണ്ടും സ്ഥാനാർഥിയാക്കാനുള്ള തീരുമാനവും അനുകൂലമായി. നേരത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയതും ഗുണം ചെയ്തു. കുഞ്ഞാലിക്കുട്ടിയെ രണ്ടു തവണ വൻ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തിച്ച മണ്ഡലത്തിൽ ലീഗ് വോട്ടുകളിൽ ചോർച്ചയുണ്ടാക്കി കനത്ത വെല്ലുവിളിയുയർത്താൻ സി.പി.എമ്മിന് കഴിഞ്ഞു. ലീഗ് കോട്ടകളിൽ വിള്ളലുണ്ടാക്കാനാവില്ലെന്നുള്ള പ്രചാരണത്തിെൻറ മുനയൊടിക്കുന്നതാണ് വേങ്ങര ഫലം. ഇത് എൽ.ഡി.എഫിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ലീഗും കോൺഗ്രസും മുമ്പില്ലാത്തവിധം െഎക്യപ്പെട്ടിട്ടും ഇടതിനെ തടയാനായില്ല. ലീഗിെൻറ ഭൂരിപക്ഷം കുറക്കാനായതും വോട്ടിങ് ശതമാനം വർധിപ്പിച്ചതും ഭരണ, രാഷ്ട്രീയ നേട്ടവുമായാണ് ഇടതുമുന്നണി വിലയിരുത്തുന്നത്.
ജനരക്ഷ യാത്രയും ബി.ജെ.പിയെ രക്ഷിച്ചില്ല
മലപ്പുറം ഒരിക്കൽകൂടി ബി.ജെ.പിയെ നിരാശപ്പെടുത്തി. ജനരക്ഷായാത്ര വേങ്ങരവഴി തിരിച്ചുവിട്ടും കേന്ദ്ര സംസ്ഥാന നേതാക്കളെ പ്രചാരണത്തിന് എത്തിച്ചും ആവേശം സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും മണ്ഡലം ബി.ജെ.പിയെ സ്വകീരിച്ചില്ല. മുൻ തെരഞ്ഞെടുപ്പുകളിൽ ലഭിച്ച വോട്ട് നിലനിർത്താനോ വർധിപ്പിക്കാനോ ബി.ജെ.പിക്കായില്ല. പാരമ്പര്യ വോട്ടുകളും പാർട്ടിയെ കൈവിട്ടു. 2016 നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ 1327 വോട്ടിെൻറ കുറവ് ഇത്തവണ വേങ്ങരയിൽ ബി.ജെ.പിക്കുണ്ടായി. ബി.ജെ.പിയുടെ ജനചന്ദ്രൻ മാസ്റ്റർക്ക് ലഭിച്ചത് 5728 വോട്ടുകൾ മാത്രം.
2016 ൽ ബി.ജെ.പിയുടെ ആലി ഹാജി 7055 വോട്ടുകൾ നേടിയിരുന്നു. ആറ് മാസം മുമ്പ് നടന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നിന്ന് കിട്ടിയ വോട്ടും ജനചന്ദ്രൻ മാസ്റ്റർക്ക് ലഭിച്ചില്ല. മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ശ്രീപ്രകാശ് വേങ്ങരയിൽ നിന്ന് 5,952 വോട്ടുകൾ നേടിയിരുന്നു. ഇതിൽ 224 വോട്ടിെൻറ കുറവ് വന്നു. വേങ്ങര മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും പാർട്ടിക്ക് വോട്ട് കുറഞ്ഞു. പ്രതീക്ഷിച്ച കേന്ദ്രങ്ങളിൽ നിന്ന് വോട്ട് ഒഴുകിയില്ല. വേങ്ങര മണ്ഡലത്തിൽ വലിയ മുന്നേറ്റം പ്രതീക്ഷിച്ചിരുന്നില്ലങ്കിലും വോട്ട് കുറയുമെന്ന് കണക്കുകൂട്ടിയിരുന്നില്ല. വേങ്ങരയിൽ മൂന്നാം സ്ഥാനവും പതിനായിരത്തിന് അടുത്ത് വോട്ടുമായിരുന്നു പ്രതീക്ഷ. രണ്ടും നടന്നില്ല. കേന്ദ്ര ഭരണ നേട്ടങ്ങൾ, സംസ്ഥാന ഭരണ പരാജയം, ഹാദിയ കേസ് എന്നിവയിൽ ഉൗന്നിയായിരുന്നു വേങ്ങരയിലെ ബി.ജെ.പി പ്രചാരണം. ദേശീയ പാതയിലൂടെ കടന്നുപോകേണ്ടിയിരുന്ന ജനരക്ഷായാത്ര വേങ്ങര വഴി തിരിച്ചുവിട്ട് സ്വീകരണം ഒരുക്കി. കേന്ദ്രമന്ത്രി ആർ.കെ സിങും, സംസ്ഥാനധ്യക്ഷൻ കുമ്മനം രാജശേഖരനും മുതിർന്ന നേതാക്കളുടെ പടയും വേങ്ങരയിലെത്തി. ഒന്നും ഫലം കണ്ടില്ല. തർക്കങ്ങൾ പരിഹരിക്കാത്തതിനാൽ വേങ്ങരയിൽ ബി.ഡി.ജെ.എസിെൻറ പൂർണ സഹായവും ലഭിച്ചില്ല. പോളിങ് ശതമാനം കൂടിയിട്ടും വോട്ട് കുറഞ്ഞത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്.
കറുത്ത കുതിരയായി എസ്.ഡി.പി.െഎ
ഹാദിയ കേസുകൾപ്പെടെ ന്യൂനപക്ഷ വിഷയങ്ങളിലൂന്നി ഇരു മുന്നണികളേയും ബി.ജെ.പിയേയും നേരിട്ട എസ്.ഡി.പി.െഎക്ക് വേങ്ങരയിൽ അപ്രതീക്ഷിത നേട്ടം. ബി.ജെ.പിയെ നാലാം സ്ഥാനത്തേക്ക് തള്ളി എസ്.ഡി.പി.െഎ സ്ഥാനാർഥി അഡ്വ. െക.സി. നസീർ 8648 വോട്ടുകളുമായി വൻ മുന്നേറ്റം നടത്തി. വോെട്ടണ്ണുന്നതിന് തൊട്ടുമുമ്പ് ഇൗ ലേഖകനുമായി സംസാരിച്ച പരമാവധി 5000 വോട്ടാണ് പ്രതീക്ഷിക്കുന്നതെന്നാണ് പറഞ്ഞത്.
എന്നാൽ, അദ്ദേഹത്തിെൻറ കണക്കു കൂട്ടൽ തെറ്റിച്ച് കഴിഞ്ഞ തവണത്തെക്കാൾ പാർട്ടിക്ക് 5599 വോട്ടുകൾ കൂടി. ഹാദിയ കേസിൽ അഭിഭാഷകൻ കൂടിയാണ് കെ.സി നസീർ. അതും തനിക്ക് തുണയായിട്ടുണ്ടെന്നാണ് അദ്ദേഹത്തിെൻറ വിലയിരുത്തൽ. 2011ൽ എസ്.ഡി.പി.െഎയുടെ അബ്ദുൽ മജീദ് ഫൈസി 4683ഉം 2016ൽ കല്ലൻ അബൂബക്കർ മാസ്റ്റർ 3049ഉം വോട്ടുകൾ നേടിയിരുന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.െഎ സംസ്ഥാന പ്രസിഡൻറ് നാസറുദ്ദീൻ എളമരത്തിന് വേങ്ങര മണ്ഡലത്തിൽനിന്നും 9058 വോട്ട് കിട്ടിയിരുന്നു. എന്നാൽ അന്നത്തെ സാഹചര്യം ഇതായിരുന്നില്ല. ഇടതു സ്ഥാനാർഥി പി.കെ സൈനബയായിരുന്നു ഇ. അഹമ്മദിനെ നേരിട്ടത്. 2011ലും എസ്.ഡി.പി.െഎ മണ്ഡലത്തിൽ മൂന്നാമെതത്തിയിരുന്നു. കഴിഞ്ഞ ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിച്ചിരുന്നില്ല. ഇത്തവണ ലീഗ് വോട്ടുകളിൽ ഒരു പങ്ക് എസ്.ഡി.പി.െഎയിലേക്കും പോയെന്നാണ് പഞ്ചായത്ത്തല വോട്ടിങ് നില നൽകുന്ന സൂചന.
ലീഗ് വിമതൻ നോട്ടക്കും പിന്നിൽ
മലപ്പുറം: അഡ്വ.കെ.എൻ.എ ഖാദറിെൻറ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച് മത്സരത്തിനിറങ്ങിയ ലീഗ് വിമതൻ അഡ്വ.ഹംസ കരുമണ്ണിൽ നോട്ടക്കും പിന്നിൽ. 442 വോട്ടുകളാണ് ഹംസക്ക് ലഭിച്ചത്. നോട്ടക്ക് 502 വോട്ട് ലഭിച്ചു. സ്വതന്ത്രനായ ശ്രീനിവാസിന് 159 വോട്ടുകളാണ് കിട്ടിയത്. അഡ്വ.കെ.എൻ.എ ഖാദർ സീറ്റ് നേടിയെടുത്ത നടപടിയോട് യോജിക്കാനാവില്ലെന്ന് അറിയിച്ചാണ് ഹംസ മത്സരിക്കാനെത്തിയത്. എന്നാൽ വിമതെൻറ സാന്നിധ്യം ഒരു തരത്തിലും ഏശിയില്ല. നേതാക്കൾ ഇടപെട്ടാൽ പിന്മാറുെമന്നായിരുന്നു അദ്ദേഹത്തിെൻറ നിലപാട്. അതുണ്ടാവാത്തതിനെ തുടർന്ന് മത്സര രംഗത്ത് തുടരേണ്ടി വന്നു. ലീഗിെൻറ തൊഴിലാളി സംഘടനയായ സ്വതന്ത്ര മോേട്ടാർ തൊഴിലാളി യൂണിയൻ (എസ്.ടി.യു) മുൻ ജില്ല പ്രസിഡൻറായിരുന്ന ഹംസ വോട്ടുകൾ ചോർത്തുമെന്ന് അവകാശപ്പെട്ടിരുന്നുവെങ്കിലും ഒന്നും സംഭവിച്ചില്ല. വിമത സാന്നിധ്യം ബാധിക്കില്ലെന്ന ലീഗ് നേതാക്കളുടെ കണക്കു കൂട്ടൽ ശരിവെക്കുന്നതാണ് തെരഞ്ഞെടുപ്പു ഫലം.
വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം 2017
കെ.എൻ.എ ഖാദർ(മുസ്ലിംലീഗ്)-65227
പി.പി. ബഷീർ(സി.പിഎം)-41917
കെ.സി. നസീർ(എസ്.ഡി.പി.െഎ)-8648
കെ. ജനചന്ദ്രൻ മാസ്റ്റർ(ബി.ജെ.പി)-5728
ശ്രീനിവാസ് (സ്വത.)-159
ഹംസ കരുമണ്ണിൽ (സ്വത.)-442
േനാട്ട-502
കെ.എൻ.എ. ഖാദർ ഭൂരിപക്ഷം -23310
2016 വോട്ടിങ് നില
യു.ഡി.എഫ് - 72181
എല്‍.ഡി.എഫ് -34124
ബി.ജെ.പി- 7055
എസ്.ഡി.പി.ഐ - 3049
വെൽഫെയര്‍ പാർട്ടി -1864
യു.ഡി.എഫ് ഭൂരിപക്ഷം ഇതുവരെ
2011 നിയമസഭ - 38237
2014 ലോക്സഭ - 42632
2016 നിയമസഭ - 38057
2017 ലോക്സഭ - 40,529
2017 നിയമസഭ - 233310
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.