വിമർശകരായ ജഡ്ജിമാർ വിരമിക്കുന്നതും കാത്ത്
text_fieldsപ്രധാനമന്ത്രിയെ പ്രശംസിച്ചവരാരും സുപ്രീംകോടതിയിൽനിന്നിറങ്ങിയതിൽപിന്നെ പെരുവഴിയിലായിട്ടില്ലെന്നതിന് വിരമിച്ചശേഷം മനുഷ്യാവകാശ കമീഷൻ അധ്യക്ഷ സ്ഥാനത്തിരിക്കുന്ന ജസ്റ്റിസ് അരുൺ മിശ്ര തന്നെ തെളിവ്. സുപ്രീംകോടതി ജഡ്ജിമാരുടെ ‘പോസ്റ്റ് റിട്ടയർമെൻറ് പോസ്റ്റ്’ നിർത്തലാക്കണമെന്ന് അധികാരത്തിലെത്തുന്നതുവരെ നിരന്തരം ആവശ്യപ്പെട്ടിരുന്ന ബി.ജെ.പിയാണ് വിരമിച്ചശേഷവും അല്ലലില്ലാതെ കഴിഞ്ഞുകൂടാവുന്ന പുനരധിവാസ പാക്കേജുകൾ കാണിച്ച് പ്രധാനമന്ത്രിയെ പ്രശംസിച്ചും സർക്കാറിനെ പിന്തുണച്ചും രംഗത്തുവരാൻ കൂടുതൽ ജഡ്ജിമാരെ ഇപ്പോൾ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്
ഒന്നും രണ്ടുമല്ല, സെപ്റ്റംബർ മാസംതൊട്ട് സുപ്രീംകോടതിയിലും വിവിധ ഹൈകോടതികളിലും ജഡ്ജിമാരാക്കാൻ കൊളീജിയം ശിപാർശ ചെയ്ത 150ഓളം പേരുകളാണ് കേന്ദ്ര സർക്കാർ തീരുമാനമാക്കാതെ നീട്ടിക്കൊണ്ടുപോകുന്നത്. അതിരൂക്ഷ വിമർശനവും അതിശക്തമായ മുന്നറിയിപ്പും സുപ്രീംകോടതി ആവർത്തിച്ചിട്ടും ജഡ്ജി നിയമനത്തിനായി കൊളീജിയം നൽകിക്കൊണ്ടിരിക്കുന്ന ശിപാർശകൾക്കുമേൽ നരേന്ദ്ര മോദി സർക്കാർ കഴിഞ്ഞ നാലു മാസമായി അടയിരിക്കുന്നത് എന്തുകൊണ്ടായിരിക്കും?
ഈ ചോദ്യത്തിന് സുപ്രീംകോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ നൽകിയ ഉത്തരവും സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിങ് അതിനടിവരയിട്ട് നടത്തിയ അഭിപ്രായ പ്രകടനവും അറ്റോണി ജനറൽ ആർ. വെങ്കിട്ട രമണിയെ ക്ഷുഭിതനാക്കി.
പ്രശാന്ത് ഭൂഷൺ പറഞ്ഞത് ഇതാണ്: ‘‘നിലവിൽ കൊളീജിയത്തിലുള്ള ജഡ്ജിമാർ മാറുന്നതുവരെ കാത്തിരിക്കുകയാണ് കേന്ദ്രം. അതുകൊണ്ടാണ് സുപ്രീംകോടതിയുടെ ചരിത്രത്തിലുണ്ടാകാത്ത തരത്തിൽ ആവർത്തിച്ചയച്ചിട്ടും ജഡ്ജി നിയമന ശിപാർശകൾ ഇങ്ങനെ വെച്ചുതാമസിപ്പിച്ച് ഒടുവിൽ മടക്കിയയക്കുന്നത്.
വിരമിക്കുന്ന ജഡ്ജിമാർക്കു പകരം ജഡ്ജിമാർ വന്ന് കൊളീജിയത്തിലെ സമവാക്യം മാറുന്നതോടെ പഴയ തീരുമാനം പുനഃപരിശോധിക്കുമെന്ന കണക്കുകൂട്ടലിലാണിത്.’’ ഇതൊരു രീതിയായി തുടരാൻ അനുവദിച്ചുകൂടാ എന്ന് പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടപ്പോൾ ജഡ്ജിമാരാക്കാൻ ആവർത്തിച്ചയച്ച പേരുകളിൽ മാറ്റം വരുത്താതെ അവതന്നെ കേന്ദ്രത്തിന് തിരിച്ചയക്കണമെന്ന് വികാസ് സിങ്ങും ആവശ്യപ്പെട്ടു.
ക്ഷുഭിതനായ എ.ജി വെങ്കിട്ട രമണി ഈ ആരോപണങ്ങൾ ഗൗരവമേറിയതാണെന്നും ഇത്തരം വശങ്ങളിലാണിവർ ഊന്നുന്നതെന്നും ബെഞ്ചിനെ നയിക്കുന്ന ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിനോട് പരാതിപ്പെട്ടു. എന്നാൽ, പ്രശാന്ത് ഭൂഷൺ പറഞ്ഞത് സാക്ഷാൽ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും ശരിവെച്ചതോടെ എ.ജിക്ക് വാക്കുകളില്ലാതായി.
കൊളീജിയം മാറുമ്പോൾ മാറിമറിയുന്ന ജഡ്ജിമാർ
സമവാക്യം മാറുന്നതുവരെ കേന്ദ്ര സർക്കാർ കാത്തിരിക്കുകയാണെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞതും അക്കാര്യം ജസ്റ്റിസ് കൗൾ ശരിവെച്ചതും മുൻഅനുഭവങ്ങളുടെ വെളിച്ചത്തിലാണ്. സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സി.ബി.ഐ കസ്റ്റഡിയിലേക്കയച്ച ഗുജറാത്ത് ഹൈകോടതിയിലെ ജസ്റ്റിസ് ആകിൽ ഖുറൈശിയെ മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള ശിപാർശ മാറ്റിയ, അദ്ദേഹത്തെ സുപ്രീംകോടതി ജഡ്ജിയാക്കാതിരുന്ന വ്യക്തമായ അനുഭവം അവർക്കു മുന്നിലുണ്ട്.
2019 മേയ് മാസം കൊളീജിയം നൽകിയ ശിപാർശയിൽ തീരുമാനമെടുക്കാതെ കാത്തുവെച്ച കേന്ദ്രം ആഗസ്റ്റിൽ ആ ശിപാർശ പുനഃപരിശോധിക്കാൻ രണ്ടു കത്തുകളാണ് കൊളീജിയത്തിനയച്ചത്. അതിന്റെ ഫലമെന്നോണം വലിയ ഹൈകോടതിയായ മധ്യപ്രദേശിനു പകരം ത്രിപുര എന്ന ചെറിയ ഹൈകോടതി നൽകി അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാറിനെ തൃപ്തിപ്പെടുത്തി.
പിന്നീട് 2021 സെപ്റ്റംബറിൽ സുപ്രീംകോടതി ജഡ്ജിമാരായി ഉയർത്താനുള്ള ഒമ്പതു പേരുടെ പട്ടികയുണ്ടാക്കിയപ്പോൾ മുൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ നേതൃത്വത്തിലുള്ള കൊളീജിയം ഏറ്റവും മുതിർന്ന ന്യായാധിപനായ ജസ്റ്റിസ് ആകിൽ ഖുറൈശിയെ ഉൾപ്പെടുത്തിയതുമില്ല.
ജഡ്ജി നിയമനത്തിൽ സർക്കാറിനേക്കാൾ സ്വതന്ത്രമാണ് കൊളീജിയം എന്ന വാദം പൊളിച്ച കൊളീജിയത്തിന്റെതന്നെ നിലപാടുമാറ്റങ്ങളായിരുന്നു അവ. ശിപാർശകൾ മാസങ്ങളോളം പിടിച്ചുവെച്ച് കൊളീജിയം മാറിയശേഷം തിരിച്ചയക്കുന്നതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത് എന്താണെന്നു വ്യക്തം.
ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ നടത്തിയ വെളിപ്പെടുത്തലുകൾ
സുപ്രീംകോടതിയിലും ഹൈകോടതിയിലും വരാനിരിക്കുന്ന ജഡ്ജിമാരിൽ കേന്ദ്ര സർക്കാറിന് അനഭിമതരായവരെ ഒഴിവാക്കാനും പ്രത്യേക താൽപര്യമുള്ളവരെ ഉൾപ്പെടുത്താനുമുള്ള വിലപേശലുകളാണ് ഈ നടന്നുകൊണ്ടിരിക്കുന്നതെന്ന് വെളിപ്പെടുത്തുകയാണ് സുപ്രീംകോടതിയിലെ സംഭവവികാസങ്ങൾ.
ജഡ്ജി നിയമനത്തിൽ നിയമവാഴ്ച പിന്തുടരണമെന്ന് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുന്ന ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ കേന്ദ്ര സർക്കാർ നടത്തുന്ന ഇടപെടലിനെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തൽ അതിന്റെ തുടർച്ചയാണ്. ജഡ്ജിമാരാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ ചില പേരുകൾ സമർപ്പിച്ചുവെന്നാണ് ഈ കൊളീജിയം അംഗത്തിന്റെ തുറന്നുപറച്ചിൽ.
പരമോന്നത കോടതിയെയും ഹൈകോടതികളെയും തങ്ങൾ ആഗ്രഹിക്കുന്ന ദിശയിലേക്ക് കൊണ്ടുപോകാനുള്ള വിലപേശലാണ് കേന്ദ്ര സർക്കാർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന സത്യമാണ് അതുവഴി വെളിപ്പെടുന്നത്. ജഡ്ജി നിയമനത്തിൽ കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ചതടക്കം മൂന്നു തരത്തിലുള്ള ശിപാർശകൾ ഇപ്പോൾ കെട്ടിക്കിടക്കുകയാണെന്ന് ജസ്റ്റിസ് കൗൾ പറഞ്ഞതും മുനവെച്ചുള്ള പരിഹാസമായിരുന്നു.
രാജ്യത്തെ കോടതികളിൽ കേന്ദ്രം ആഗ്രഹിക്കുന്നത്
2022 നവംബർ 25 വരെ രാജ്യത്തെ 24 ഹൈകോടതികളിൽ 331 ജഡ്ജിമാരുടെ കസേരകൾ ഒഴിഞ്ഞുകിടക്കുകയാണ്. അതിനായി 148 ജഡ്ജിമാരുടെ പേരുകൾ കൊളീജിയം ശിപാർശ ചെയ്തിട്ടും കേന്ദ്രം നീട്ടിക്കൊണ്ടുപോക്ക് തുടരുകയാണ്.
കേസുകൾ കെട്ടിക്കിടക്കുന്നതിനുള്ള പ്രധാന കാരണമായി ജഡ്ജിമാരെ സമയത്തിന് നിയമിക്കാത്തതാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിക്കുമ്പോൾ അത് തള്ളിക്കളയുന്ന കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു സുപ്രീംകോടതി ജാമ്യഹരജികൾ കേൾക്കുന്നത് നിർത്തിയാൽ അത്രയും സമയം ലഭിക്കാമെന്നാണ് മറുപടി നൽകുന്നത്. ജയിലിലടച്ചവരുടെ ജാമ്യഹരജി കേൾക്കാത്ത ജഡ്ജിമാരെയാണ് കേന്ദ്രം ആഗ്രഹിക്കുന്നത് എന്ന സന്ദേശമല്ലേ ഇതിലൂടെ നിയമമന്ത്രി നൽകുന്നത്.
ഏതു തരത്തിലുള്ളവരെയാണ് ഉന്നത കോടതികളിൽ കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നതെന്ന് കോടതികളിലിരുന്ന് സ്വയം വെളിപ്പെടുത്തുന്ന ജഡ്ജിമാരുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉണ്ടായതുകൊണ്ട് എല്ലാവർക്കും ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായെന്നും രാജ്യം ഡിജിറ്റലായെന്നും സുപ്രീംകോടതി ബെഞ്ചിലിരുന്ന് ഒരു ജഡ്ജി തന്റെ ഉള്ളുതുറന്ന് രണ്ടു നാൾ കഴിഞ്ഞാണ് ഈ വെളിപ്പെടുത്തൽ എന്നതും ശ്രദ്ധേയമാണ്.
പ്രധാനമന്ത്രിയെ പ്രശംസിച്ചവരാരും സുപ്രീംകോടതിയിൽനിന്നിറങ്ങിയതിൽപിന്നെ പെരുവഴിയിലായിട്ടില്ലെന്നതിന് വിരമിച്ചശേഷം മനുഷ്യാവകാശ കമീഷൻ അധ്യക്ഷ സ്ഥാനത്തിരിക്കുന്ന ജസ്റ്റിസ് അരുൺ മിശ്ര തന്നെ തെളിവ്. സുപ്രീംകോടതി ജഡ്ജിമാരുടെ ‘പോസ്റ്റ് റിട്ടയർമെന്റ് പോസ്റ്റ്’ നിർത്തലാക്കണമെന്ന് അധികാരത്തിലെത്തുന്നതുവരെ നിരന്തരം ആവശ്യപ്പെട്ടിരുന്ന ബി.ജെ.പിയാണ് വിരമിച്ചശേഷവും അല്ലലില്ലാതെ കഴിഞ്ഞുകൂടാവുന്ന പുനരധിവാസ പാക്കേജുകൾ കാണിച്ച് പ്രധാനമന്ത്രിയെ പ്രശംസിച്ചും സർക്കാറിനെ പിന്തുണച്ചും രംഗത്തുവരാൻ കൂടുതൽ ജഡ്ജിമാരെ ഇപ്പോൾ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
അവസാന ചിരി ആരുടേതാകും?
ജഡ്ജി നിയമന വിഷയത്തിൽ കൊളീജിയം സമർപ്പിച്ച ശിപാർശകളോട് തങ്ങൾക്കുള്ള ഭിന്നത തീർന്നിട്ടില്ലെന്ന കേന്ദ്ര സർക്കാറിന്റെ തുറന്നുപറച്ചിലിനും സുപ്രീംകോടതി സാക്ഷ്യം വഹിച്ചു. കേന്ദ്രത്തിനുവേണ്ടി അറ്റോണി ജനറൽ ആർ. വെങ്കിട്ട രമണിയാണ് ഇതും ബോധിപ്പിച്ചത്.
സുപ്രീംകോടതി ജഡ്ജിമാരാക്കാൻ കൊളീജിയം നൽകിയ അഞ്ചു പേരുടെ ശിപാർശ എന്തായി എന്ന് ജസ്റ്റിസ് കൗൾ ചോദിച്ചപ്പോൾ ഇക്കാര്യത്തിൽ അഭിപ്രായഭിന്നതയുണ്ട് എന്നു പറഞ്ഞ എ.ജി സുപ്രീംകോടതി ജഡ്ജിമാരുടെ ശിപാർശ കുറച്ച് സമയത്തേക്ക് മാറ്റിവെക്കാമോ എന്ന് ബെഞ്ചിനോട് ചോദിക്കുകയും ചെയ്തു.
നല്ലൊരു തീരുമാനവുമായി എ.ജി എന്നു വരുമെന്ന് ജസ്റ്റിസ് കൗൾ ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ടാണല്ലോ എ.ജിയുടെ വരവ് എന്ന് ബെഞ്ചിൽ കൂടെയുണ്ടായിരുന്ന ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക തമാശ പറഞ്ഞിരുന്നു. ഇതു കേട്ട ജസ്റ്റിസ് കൗൾ വെറും ചിരിയുമായല്ല, വല്ല ഉറപ്പുകളുമായി വരൂ എന്ന് തിരുത്തിപ്പറഞ്ഞു. അടുത്ത മാസം മൂന്നിന് ജഡ്ജി നിയമന കേസ് വീണ്ടും വരുമ്പോഴറിയാം അവസാന ചിരി ആരുടേതാണെന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.