Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightപെൺകുട്ടികളെ...

പെൺകുട്ടികളെ പ്രസവിക്കേണ്ട എന്ന് തീരുമാനിക്കേണ്ടിവരും

text_fields
bookmark_border
child-rape
cancel

പതിനൊന്നും ഒമ്പതും വയസ്സുള്ള കുട്ടികൾക്ക് ആത്മഹത്യ ചെയ്യാനാവുമോ? ഈയൊരൊറ്റ ചോദ്യം കൊണ്ടുതന്നെ വാളയാറിൽ പെ ൺകുട്ടികൾ കൊലചെയ്യപ്പെട്ടതാണെന്ന്​ ഏതു സാധാരണ മനുഷ്യനും ഊഹിക്കാവുന്നതേയുള്ളൂ. അതാരു ചെയ്തു, എന്തിനു ചെയ്തു എ ന്ന്​ അന്വേഷിച്ച്​ സത്യം പുറത്തുകൊണ്ടുവരുകയും കുറ്റക്കാരെ ശിക്ഷിക്കുകയും ചെയ്യുന്നതിനുപകരം, തെളിവില്ല എന്ന ുപറഞ്ഞ്​ കൈകഴുകിപ്പോകുന്ന ഉദ്യോഗസ്ഥർ മനുഷ്യരാണോ? കൊലപാതകം എന്ന വാക്ക്​ ഉപയോഗിക്കാതെ ആത്മഹത്യ എന്ന വാക്കിനാൽ ഈ പെൺകുട്ടികളുടെ മരണത്തെ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾ കണ്ണടച്ചിരുട്ടാക്കുകയാണോ? ഇത് സ്വാഭാവികമരണമാണോ, ആത്മ ഹത്യയാണോ, കൊലപാതകമാണോ എന്നൊക്കെയുള്ള ചർച്ച രണ്ടുവർഷം മുമ്പ്​ 2017ൽ ഇത് നടന്നപ്പോഴും ഉണ്ടായില്ല.

ജാതീയമായും സ ാമ്പത്തികമായും താഴേക്കിടയിലുള്ളവർക്കുപറ്റിയ അപകടം അന്വേഷിക്കുന്നതുതന്നെ നാണക്കേടാണ് എന്ന മട്ടായിരുന്നു പ ൊലീസിന്​. പ്രത്യേകിച്ചും ചെറിയ പെൺകുട്ടികളെ ലൈംഗിക ചൂഷണം ചെയ്ത കേസെന്ന നിലക്ക് അരുതാത്തതെന്തിലോ ഇടപെടുന്ന ഭ ാവം പൊലീസിൽ കണ്ടു. വാതിലുള്ള വീടുപോയിട്ടു ചായ്ച്ചുമറക്കാൻപോലും സൗകര്യമില്ലാത്ത കൂരയിൽ കഴിയുന്ന കുഞ്ഞു പെൺകുട്ടികളെ നിരന്തരം കയറിയിറങ്ങി പീഡിപ്പിച്ച്​ കൊന്നുകളഞ്ഞ പുരുഷന്മാരെ, കുട്ടികളുടെ അമ്മയും അച്ഛനും നിസ്സഹായതയോടെ കാണിച്ചുകൊടുത്തിട്ടും എന്ത് തെളിവാണ് പൊലീസുകാർ തപ്പിനടന്നത്​? ലൈംഗിക ദുരുപയോഗങ്ങൾ ആരെങ്കിലും മറ്റുള്ളവർ കാണവേ ചെയ്യുമോ? ഇല്ലെന്നെല്ലാവർക്കുമറിയാം. അത് കണ്ടിട്ടുണ്ടെന്ന് പറഞ്ഞ്​ അമ്മ കരഞ്ഞാലും ആരും വിശ്വസിക്കില്ല എന്നതാണ് നമ്മുടെ പുരുഷാധിപത്യ സമൂഹത്തി​​െൻറ അടിത്തറ എന്ന ഖേദകരമായ വസ്തുത വാളയാർ കേസി​​െൻറ വിധി അടിവരയിട്ടുറപ്പിക്കുന്നു.

rape-women

നിസ്സഹായരായി പുരുഷാധിപത്യ മൂല്യങ്ങളെ കാത്തുസൂക്ഷിക്കുന്ന എത്രയോ അമ്മമാരും സഹോദരിമാരുമായ സ്ത്രീകൾ പെൺകുട്ടികളെ വീട്ടിൽതന്നെയോ പുറത്തോ ഉള്ള പുരുഷന്മാർ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതറിഞ്ഞാൽതന്നെയും അറിയാത്തപോലെ നടക്കുന്ന നമ്മുടെ സമൂഹത്തിൽ അഗമ്യഗമനം (incest) അംഗീകരിക്കപ്പെട്ട രഹസ്യമായി നിലനിൽക്കുകയാണ്. ആ നിലക്ക് ഒരു മകൾ മരിച്ച സാഹചര്യത്തിലെങ്കിലും ഈ പ്രശ്​നം വിളിച്ചുപറയാൻ മുന്നോട്ടുവന്ന ആ അമ്മക്ക്​ അതിനുള്ള ധൈര്യം കിട്ടിയതുതന്നെ കാര്യമാത്ര പ്രസക്തമാണ്​. പക്ഷേ, അവർക്ക്​ ആ ധൈര്യത്തിന് കിട്ടിയ ശിക്ഷ രണ്ടുമാസത്തിനുള്ളിൽ രണ്ടാമത്തെ മകളുടെയും മരണമാണ്. ഇത്ര നീചമായ കൃത്യം ചെയ്യാൻ കൂട്ടുനിന്ന എല്ലാവരെയും സമൂഹത്തിനു മുന്നിൽ കൊണ്ടുവന്ന്​ ശിക്ഷിക്കണമെന്ന് നീതിപാലകർക്ക്​ തോന്നാത്തതി​​െൻറ കാര്യം അവർ ഈ പെൺകുട്ടികളുടെ ജീവനും മാനത്തിനുമൊന്നും വിലകൽപിക്കുന്നില്ല എന്ന്​ തെളിയിക്കുന്നു. ഈ തെളിവുവെച്ച് ഇത്തരം പൊലീസ്​ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടേണ്ടതാണ്.

‘പോക്‌സോ’ നിയമപ്രകാരം റിപ്പോർട്ട്​ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം പെരുകിവരുന്നുണ്ട്​. 2012ൽ നിയമം പ്രചാരത്തിൽ വന്നശേഷം ഇന്ത്യയിലുടനീളം ഇതേക്കുറിച്ചു സ്ത്രീപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ ബോധവത്​കരണം നടന്നു. കേരളത്തിലും ഇൗ ബോധവത്​കരണ പരിപാടി നടന്നിട്ടുണ്ട്. എങ്കിലും പലപ്പോഴായി പൊലിപ്പിച്ചുകാണിച്ചിരുന്ന വാർത്തകൾ, പോക്സോ നിയമത്തെ ദുരുപയോഗം ചെയ്ത്​ കേസുകൊടുക്കുന്നു എന്നതാണ്. സ്ത്രീധന നിരോധന നിയമം വന്നപ്പോഴും ഇങ്ങനെതന്നെയായിരുന്നു. സ്ത്രീകളെ രക്ഷിക്കുന്ന ഏതു നിയമത്തിലും തിരിച്ചുള്ള വാദങ്ങൾ ഉന്നയിക്കുന്ന പ്രവണത കാണാം. അതിനാൽതന്നെ ഇത്തരം കേസുകൾ പ്രശ്നമാകുന്നത്​ പലപ്പോഴും സഹിക്കാൻ കഴിയാത്ത പീഡനമാകുമ്പോൾ മാത്രമാണ്​; പിന്നെ ഇതുപോലെ പെൺകുട്ടികൾ മരിക്കു​േമ്പാഴും. പീഡനരൂപത്തിലല്ലാതെ സ്നേഹപൂർവം ചെറിയ പെൺകുട്ടികളെ ശാരീരികമായി സുഖിപ്പിച്ച്​ സ്വന്തം സുഖം നേടിയെടുക്കാൻ മിടുക്കുള്ളവരുടെ ഭാഗത്തുനിന്നുള്ള ‘ഇൻസെസ്​റ്റ്​’ പലപ്പോഴും തിരിച്ചറിയപ്പെടുന്നതു പോലുമില്ല. ഇത് ലൈംഗികതയാണ്, ചൂഷണമാണ് എന്നൊക്കെ അറിയാൻ പ്രായമായിട്ടില്ലാത്ത കുട്ടികളെ സുഖിപ്പിക്കുകയും അവരിലൂടെ സുഖം കണ്ടെത്തുകയും ചെയ്യുന്നവർ നൈതികതയുടെയും പരസ്പര വിശ്വാസത്തി​​െൻറയും മാന്യതയുടെയും ജീർണിച്ച മുഖമാണ് കാണിക്കുന്നത്. ഈ വിഷയം ഇന്ത്യൻ സമൂഹത്തിൽ തുറന്ന ചർച്ചക്ക് വരുംവിധം അവതരിപ്പിച്ച ‘മൺസൂൺ വെഡ്ഡിങ്’ എന്ന സിനിമ (2001) ഒരു സാമൂഹിക ധർമം വഹിച്ചു.

child-rape-010819.jpg

പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതരം മാനസികാവസ്ഥയുള്ള പുരുഷന്മാരുടെ എണ്ണം പെരുകിവരുന്നതി​​െൻറ കാരണങ്ങൾ ചിന്തിച്ച്​ പരിഹരിക്കേണ്ടതുണ്ട്. ഇത് പലപ്പോഴും ആരോഗ്യകരമായ പ്രണയബന്ധങ്ങളും ഭാര്യ-ഭർതൃബന്ധവും സാധ്യമല്ലാത്ത സാമൂഹികാവസ്ഥയുടെ ഉപോൽപന്നമാണ് എന്നു കാണാം. ഇന്ത്യയിൽ വിവാഹങ്ങളും കുടുംബങ്ങളും പ്രണയപരമായ സ്ത്രീപുരുഷ ബന്ധത്തി​​െൻറ അടിസ്ഥാനത്തിലല്ല നടക്കുന്നതെന്നതും ലൈംഗികതക്ക്​ കുറഞ്ഞ പ്രാധാന്യം മാത്രമേ കൊടുക്കുന്നുള്ളൂ എന്നതും ലൈംഗിക വൈകൃതങ്ങൾക്ക്​ വഴിയൊരുക്കുന്നതായി വിശകലനം ചെയ്യാം. വൈകൃതങ്ങൾ വൈകൃതങ്ങളായി തിരിച്ചറിഞ്ഞ്​ പരിഹരിക്കാതെ മൂടിവെച്ച്​ മൗനം പാലിക്കുന്നതിലൂടെ രോഗാവസ്ഥയിലുള്ള സമൂഹമാണ് നമുക്കുള്ളത്. മലയാളിയുടെ ഹിപ്പോക്രസി പ്രശസ്തമാകുന്നത് ഇപ്പോൾ ‘ഇൻസെസ്​റ്റി’ലൂടെയാണ്​ എന്ന അവസ്ഥ ഉണ്ടാകാതിരിക്കണമെങ്കിൽ ഇത്തരം കേസുകളിൽ നടപടികളെടുത്ത്​ കുറ്റം ചെയ്യുന്നവരെ ശിക്ഷിക്കുകതന്നെ വേണം.

തങ്ങൾ ചെയ്യുന്ന ജോലിയോട് തെല്ലും നീതി പുലർത്താത്ത ഏത്​ ഉദ്യോഗസ്ഥനെയും ശിക്ഷിക്കുന്ന നിയമം കേരളത്തിൽ ബലപ്പെടുത്തേണ്ടതുണ്ട്. ഏതു മേഖലയിൽ പ്രവർത്തിക്കുന്നവരെയും പ്രത്യേകിച്ച്, നീതിന്യായ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ളവരെ ലിംഗപദവിപ്രശ്നങ്ങളെയും പുരുഷാധിപത്യ ചിന്തയോടെയുള്ള സ്ത്രീപക്ഷസമീപനത്തെയുമൊക്കെക്കുറിച്ചുള്ള പരിശീലനത്തിന്​ സർക്കാർ​ വിധേയമാക്കണം. കൂടാതെ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം പാഠഭാഗമായി നടത്തണം. അതി​​െൻറ അഭാവംമൂലം പെൺകുട്ടികൾക്ക്​ മോശം സ്പർശനങ്ങളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ വരുന്നുണ്ട്. പാശ്ചാത്യരാജ്യങ്ങളിൽ ഏഴു വയസ്സ് മുതൽതന്നെ നിർബന്ധമായും ലൈംഗിക വിദ്യാഭ്യാസം സ്‌കൂളുകളിൽ പാഠഭാഗമാക്കുന്നുണ്ട്.

rape

ഇന്ത്യയിൽ ‘ഇൻസെസ്​റ്റ്​’ അതിജീവിച്ചു വന്ന സ്ത്രീകൾക്കായി 1996ൽ ഡൽഹി ആസ്ഥാനമായി നിലവിൽവന്ന സംഘടനയായ റാഹി (RAHI) ഫൗണ്ടേഷൻ വിശദ പഠനങ്ങളും പരിഹാര പ്രവർത്തനങ്ങളും നടത്തുന്നുണ്ട്​. സർക്കാറി​​െൻറ ഭാഗത്തുനിന്ന് കാര്യമായ ശ്രമമുണ്ടായാൽ മാത്രമേ സമൂഹത്തിലെ ഇങ്ങനെയുള്ള അധമപ്രവൃത്തികൾക്ക്​ കാരണമായ ചിന്താഗതികൾക്ക്​ മാറ്റമുണ്ടാകൂ. പണവും സ്ഥാനമാനങ്ങളുമുള്ളവരെ വണങ്ങിനിൽക്കാനും അവർ ചെയ്യുന്ന തെറ്റുകൾക്കും കുറ്റങ്ങൾക്കും കൂട്ടുനിൽക്കാനും പാടില്ലെന്നും പാവങ്ങളുടെയും സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരുടെയും അവകാശങ്ങൾ സംരക്ഷിക്കുകയാണ് വേണ്ടത് എന്നുമൊക്കെയുള്ള ബോധമാണ്​ ഇത്തരം പരിശീലനങ്ങളിലൂടെ ലഭ്യമാക്കേണ്ടത്. അല്ലെങ്കിൽ, ചെറിയ പെൺകുട്ടികളെപ്പോലും നിഷ്​കരുണം ലൈംഗികവൃത്തിക്ക് ഉപയോഗിക്കുന്ന രീതികൾ നിലനിൽക്കുന്ന, അത്തരം ക്രൂര മനഃസ്ഥിതിക്കാരെ വെറുതെവിടുന്ന സമൂഹത്തിൽ പെൺകുട്ടികളെ പ്രസവിക്കേണ്ട എന്ന് സ്ത്രീകൾ തീരുമാനിക്കേണ്ടിവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionwalayar rapemalayalam newschild rape
News Summary - Walayar rape issue-Opinion
Next Story