ജാമിഅ മില്ലിയ, അലിഗഢ്, ജെഎൻയു... ഇത് ഇന്ത്യൻ വിദ്യാർഥി സമൂഹത്തോടുളള യുദ്ധപ്രഖ്യാപനം
text_fieldsഇന്ത്യയുടെ തലസ്ഥാന നഗരി വിദ്യാർഥി പ്രക്ഷോഭങ്ങളാൽ ജ്വലിച്ചുയരുകയാണ്. ഉറങ്ങാത്ത രാഷ്ട്രീയ ജാഗ്രതയോടെ കഴിഞ് ഞ രണ്ട് മാസത്തിലേറെയായി ഡൽഹിയിൽ വിദ്യാർഥികൾ തെരുവിലാണ്. ജെ.എൻ.യുവിലെ ഭീമമായ ഹോസ്റ്റൽ ഫീസ് വർധനവിനും ജനാധിപത്യവിരുദ്ധമായ ഹോസ്റ്റൽ മാനുവൽ പരിഷ്കരണത്തിനുമെതിരെ ആരംഭിച്ച സമരം അതിശക്തമായി തുടരുന്ന അവസരത്തിലാണ് പൗരത്വ ഭേദഗതി ബിൽ ലോക്സഭയിലും രാജ്യസഭയിലും അവതരിപ്പിക്കപ്പെടുന്നത്. ഈ ബില്ലിനെതിരെ രാജ്യവ്യാപകമായി രൂപപ്പെട്ട വമ്പിച്ച സമരങ്ങൾ പരിഗണിക്കാതെ, തങ്ങളുടെ മൃഗീയമായ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി പാസാക്കുവാൻ ബി.ജെ.പിക്ക് കഴിഞ്ഞെങ്കിലും പ്രതിഷേധം ആളിപ്പടർന്നുകൊണ്ടേയിരുന്നു.
ഡൽഹിയിൽ ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാലയും ഉത്തർപ്രദേശിലെ അലിഗഢ് മുസ്ലിം സർവകലാശാലയുമടക്കം നിരവധി സർവകലാശാലകളും അക്കാദമികളും സമരരംഗത്തേക്ക് വന്നു. സർവകലാശാലകൾ അടച്ചിട്ടു കൊണ്ടും പൊലീസിനെ ഇറക്കിക്കൊണ്ടും സമരങ്ങളില്ലാതാക്കാനുളള ശ്രമം വിജയിച്ചില്ല. തുടർന്നാണ് കഴിഞ്ഞ ദിവസം ജാമിഅയിൽ ഭീകരമായ നരനായാട്ട് അഴിച്ചുവിടുകയും അലിഗഢിൽ ഹോസ്റ്റലുകൾക്ക് തീവെയ്ക്കുകയും ചെയ്തത്. ജെ.എൻ.യു സമരത്തിൻെറ പശ്ചാത്തലത്തിൽ കൂടി ഉണർന്നിരുന്ന ഡൽഹി, ജാമിഅയിലെ പോലീസ് വാഴ്ച അവസാനിപ്പിക്കാനാവശ്യപ്പെട്ട് പൊലീസ് ഹെഡ്ക്വാട്ടേഴ്സിനു മുന്നിൽ തടിച്ചുകൂടി. അതേസമയം, ഈ സർവകലാശാലകളിൽ നടക്കുന്നത് തീവ്രവാദവും അനാശാസ്യ പ്രവർത്തനങ്ങളുമാണെന്നും ഇവർക്ക് ‘അടി കൊടുക്കുക’ തന്നെ ചെയ്യുമെന്നും ചാനൽ ചർച്ചകളിലും സോഷ്യൽ മീഡിയയിലും ബി.ജെ.പി വക്താക്കൾ വാദിച്ചുകൊണ്ടിരിക്കുന്നു. ഇത്തരത്തിൽ ഇന്ത്യയിലെ വിദ്യാർഥി സമൂഹത്തിനും സർവകലാശാലകൾക്കുമെതിരെ തുറന്ന യുദ്ധമാണ് ബി.ജെ.പി സർക്കാരും സംഘപരിവാറും പ്രഖ്യാപിച്ചിരിക്കുന്നത്. എന്താണ് ഈ പടയൊരുക്കത്തിൻെറ ലക്ഷ്യം?
ബി.ജെ.പി സർക്കാർ 2014ൽ അധികാരത്തിൽ വന്നപ്പോൾ മുതൽ സർവകലാശാലകൾക്കുമേലുളള സംഘപരിവാർ ആക്രമണം സംഘടിത രൂപമാർജിച്ചിരുന്നു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും ഹൈദരബാദ് സെൻട്രൽ യൂനിവേഴ്സിറ്റിയുമെല്ലാമായിരുന്നു ആദ്യത്തെ ഇരകൾ. ഹൈദരബാദ് സർവകലാശാലയിലെ ഗവേഷകൻ രോഹിത് വെമുലയുടെ മരണത്തിന് ഉത്തരവാദികളായവരുടെ പട്ടികയിൽ അന്നത്തെ മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി ഉൾപ്പടെ രണ്ട് കേന്ദ്ര മന്ത്രിമാരുടെ പേരുകൾ ഉയർന്നുവന്നിരുന്നു. അന്ന് വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചമർത്താൻ സമാന നരനായാട്ടാണ് പോലീസ് നടത്തിയത്. തുടർന്ന് ജെ.എൻ.യു അതിൻെറ പരമ്പരാഗതമായ സമരവീര്യവുമായി ഉയർന്നുവന്നപ്പോൾ രാജ്യദ്രോഹികളുടെ കേന്ദ്രമെന്ന് ആരോപിച്ചു ആക്രമണം അഴിച്ചുവിട്ട്, വിദ്യാർഥി യൂനിയൻ ചെയർമാൻ കനയ്യകുമാറിനെ അറസ്റ്റ് ചെയ്തു. രാജ്യവ്യാപകമായി ഉയർന്നുവന്ന പ്രതിഷേധങ്ങളുടെ ശക്തിയിൽ ജെ.എൻ.യുവിന് മേൽ നടന്നുവന്ന നേരിട്ടുള്ള ആക്രമണത്തിൽ നിന്നു സംഘപരിവാർ ശക്തികൾക്ക് പിൻവാങ്ങേണ്ടി വന്നെങ്കിലും അണിയറയിൽ നീക്കങ്ങൾ സജീവമായിരുെന്നന്നാണ് തുടർന്നുണ്ടായ സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്.
ജെ.എൻ.യു കാമ്പസിൽ നിന്നും കാണാതായ നജീം അഹമ്മദ് എന്ന വിദ്യാർഥിയുൾപ്പടെ ഈ ആക്രമണങ്ങളുടെ ഇരയാണ്. എന്നാൽ, വിദ്യാഭ്യാസത്തിനും വിജ്ഞാനത്തിനും മേൽ സംഘപരിവാർ തൊടുത്തുവിട്ട അസ്ത്രങ്ങളൊക്കെയും കൃത്യമായ ജാഗ്രതയോടെയാണ് ജെ.എൻ.യുവും ഡൽഹിയിലെ ഇതര സർവകലാശാലകളും പ്രതിരോധിച്ചത്. ആർ.എസ്.എസിൻെറ ഡെറാഡൂൺ ചിന്താശിബിരത്തിൽ ഗവേഷകർക്കുളള ഫെലോഷിപ്പ് നിർത്തണമെന്ന് ആലോചിച്ചതിനു തൊട്ടുപിന്നാലെ നെറ്റ് ഇതര (Non-NET) ഫെലോഷിപ്പുകൾ ഇല്ലാതാക്കാവാൻ യു.ജി.സി തീരുമാനിച്ചപ്പോഴുണ്ടായ പ്രതിരോധം ഉദാഹരണം. ‘ഒകുപൈ യുജിസി’ എന്ന സമരമുറയുമായി ഏകദേശം ഒരു മാസത്തോളം ഡൽഹിയിൽ ഗവേഷകരും വിദ്യാർഥികളും രാവും പകലും തെരുവിൽ അണിനിരന്നതിൻെറ ഫലമായി ഈ തീരുമാനത്തിൽ നിന്നും പിന്നോട്ടു പോകാൻ മന്ത്രാലയം നിർബന്ധിതമായി. പിന്നീടാണ് ജെ.എൻ.യു ഉൾപ്പടെയുള്ള സർവകലാശാലകളുടെ സർക്കാർ ഫണ്ട് വെട്ടിക്കുറക്കുന്നതുൾപ്പടെയുളള തീരുമാനങ്ങൾ ഉണ്ടായത്. 2019ൽ വീണ്ടും അധികാരത്തിൽ വന്ന ശേഷം കൂടുതൽ ശക്തമായ ആക്രമണമാണ് ബി.ജെ.പി സർക്കാർ ഈ സർവകലാശാലകൾക്ക് മേൽ തുടർന്നത്.
റോമിലാ ഥാപ്പറെ പോലെ വിദ്യാഭ്യാസത്തെയും ചരിത്രത്തെയും കുറിച്ച് കൃത്യമായ ബോധ്യമുളള പണ്ഡിതരെ ജെ.എൻ.യുവിൽ നിന്നും പുറത്താക്കാനുള്ള തന്ത്രങ്ങൾ ഉൾപ്പടെ ഉണ്ടായി. അതിനു ശേഷമാണ് ഹോസ്റ്റൽ ഫീസിനത്തിൽ വൻവർധന പ്രഖ്യാപിച്ചത്. ജെ.എൻ.യുവിൻെറ സ്വാഭാവിക ജനാധിപത്യ അന്തരീക്ഷം ഇല്ലാതാക്കുന്ന വിധത്തിൽ ഹോസ്റ്റൽ മാനുവൽ പരിഷ്കരിക്കുകയും ലംഘിക്കുന്നവർക്ക് പതിനായിരം രൂപയുടെ പിഴ വിധിക്കുകയും ചെയ്തു. രാജ്യത്ത് സാമൂഹികമായി ഏറ്റവും പിന്നാക്കാവസ്ഥയിൽ കഴിയുന്നവനും ഏറ്റവും ഉയർന്ന വിദ്യാഭ്യാസം ലഭ്യമാക്കാൻ പ്രാപ്തമായ വിദ്യാഭ്യാസ കേന്ദ്രമായാണ് 1966ലെ ജെ.എൻ.യു ആക്ട് ഈ സർവകലാശാലയെ വിവക്ഷിക്കുന്നത്. അതുകൊണ്ടാണ് അവിടുത്തെ 43 ശതമാനത്തോളം വിദ്യാർഥികൾ പ്രതിമാസം ശരാശരി 12,000 രൂപ വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുമുളളവരായത്. ജെ.എൻ.യുവിൻെറ സ്ഥാപിതലക്ഷ്യത്തെ തന്നെ വെല്ലുവിളിച്ച് രാജ്യത്തെ ഏറ്റവും ഉയർന്ന ഫീസ് ഘടന അടിച്ചേൽപ്പിച്ചപ്പോൾ ജനാധിപത്യപരമായി പ്രതിഷേധിച്ച വിദ്യാർഥികളെയാണ് പൊലീസും സി.ആർ.പിഎഫും ചേർന്ന് കഴിഞ്ഞ ഒരു മാസത്തിനിടയിൽ പലതവണ ആക്രമിച്ചത്, തെരുവ് വിളക്കുകൾ അണച്ചു തല്ലിച്ചതച്ചത്. ഈ ആക്രമണങ്ങളുടെ തുടർച്ചയാണ് ജാമിഅ മില്ലിയയിലും അലിഗഢിലും നടക്കുന്നത്.
എന്താണ് ഈ രണ്ടു സർവകലാശാലകൾക്ക് ഇന്ത്യൻ വിദ്യാഭ്യാസത്തിലെ സ്ഥാനം?
ജെ.എൻ.യുവിൽ രാജ്യദ്രോഹികളും അനാശാസ്യ പ്രവർത്തകരുമാണെന്നായിരുന്നു ആരോപണമെങ്കിൽ ജാമിഅ മില്ലയ ഇസ്ലാമിയ, അലിഗഢ് മുസ്ലിം യൂനിവേഴ്സിറ്റി എന്നീ പേരുകൾ ഉയർത്തിക്കാട്ടി തീവ്രവാദികളെ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ എന്നാണ് ഇപ്പോൾ ആരോപണം. രാജ്യത്തെ 25 സെൻട്രൽ യൂനിവേഴ്സിറ്റികളിൽ മൂന്നാം സ്ഥാനത്താണ് ജാമിഅ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റാങ്കിങ് ഫ്രയിം വർക്കിൻെറ റാങ്കിങിൽ രാജ്യത്തെ സർവകാലശാലകളിൽ ജാമിഅ പന്ത്രണ്ടാം സ്ഥാനത്തും അലിഗഢ് പതിനെട്ടാം സ്ഥാനത്തുമാണ്. ജാമിഅ മില്ലിയ 1920ൽ ഉത്തർപ്രദേശിലാണ് പ്രവർത്തനം ആരംഭിച്ചതെങ്കിലും പിന്നീട് ഡൽഹിയിലേക്കു മാറ്റിസ്ഥാപിക്കപ്പെട്ടു.
1988ൽ ഇന്ത്യൻ പാർലമെൻറ് പാസാക്കിയ ജാമിഅ മില്ലിയ ആക്ട് അനുസരിച്ച് നാടിൻെറ പൊതുസ്വത്തായി അംഗീകരിക്കപ്പെട്ട ഈ ദേശീയ സർവകലാശാലയുടെ പ്രധാന കേന്ദ്രത്തിലും അഫിലിയേറ്റഡ് സ്ഥാപനങ്ങളിലുമായി ഏകദേശം ഇരുപത്തിമൂവായിരം വിദ്യാർഥികൾ നിലവിൽ വിദ്യാഭ്യാസം തേടുന്നുണ്ട്. ഗാന്ധിജിയും നെഹ്റുവും ഉൾപ്പടെയുളളവരുടെ പ്രോത്സാഹനത്തോടെയാണ് ജാമിഅ മില്ലിയ ഇൗ വിധത്തിൽ വളർന്നുവന്നത്. 1970ൽ ഇന്ത്യൻ തപാൽ വകുപ്പ് ജാമിഅയുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാനസപര്യയുടെ ഒരു നൂറ്റാണ്ടിലേക്ക് എത്തിനിൽക്കുന്ന ഈ സ്ഥാപനത്തിലാണ് ഭരണകൂടം ആക്രമണം അഴിച്ചുവിട്ടിരിക്കുന്നതെന്നതാണ് ഭൗർഭാഗ്യകരം. വളരെ അപൂർവമായ പുസ്തകശേഖരവും മൈക്രോഫിലിമുകളും ആനുകാലികങ്ങളുമുൾപ്പടെ ഏകദേശം നാലു ലക്ഷത്തോളം പഠനസാമഗ്രികളുളള ജാമിഅയുടെ ലൈബ്രറിയാണ് കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ നശിപ്പിച്ചിരിക്കുന്നത്. ഇത് നികത്താനാകാത്ത ദേശീയ നഷ്ടമല്ലേ? ഭരണകൂട ഒത്താശയോടെ നടന്ന പൊതുമുതൽ നശീകരണമല്ലേ?
ആധുനിക വിദ്യാഭ്യാസത്തിൻെറയും മുസ്ലിം സമുദായ പരിഷ്കരണത്തിൻെറയും വനിതാ വിദ്യാഭ്യാസ പ്രചരണത്തിെൻറയുമെല്ലാം ഭാഗമായ അലിഗഢ് മുന്നേറ്റത്തിൻെറ പാരമ്പര്യമാണ് അലിഗഢ് മുസ്ലിം യൂനിവേഴ്സിറ്റിക്കുളളത്. 1875ൽ സർ സയ്യിദ് അഹമ്മദ് ഖാൻ ഓക്സ്ഫോർഡ്-കേംബ്രിഡ്ജ് സർവകലാശാലകളുടെ മാതൃകയിൽ സ്ഥാപിച്ച മുഹമ്മദൻ ആംഗ്ലോ ഓറിയൻറൽ കോളജാണ് 1920ലെ അലിഗഢ് മുസ്ലിം യൂനിവേഴ്സിറ്റി ആക്ടിലൂടെ സർവകലാശാലയായി മാറിയത്. ജനങ്ങളിൽ നിന്ന് ഫണ്ട് പിരിച്ചാണ് ഈ സ്ഥാപനം അന്ന് സ്ഥാപിക്കപ്പെട്ടത്. അന്നത്തെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ മുതൽ ബനാറസിലെ രാജാ ശാംഭൂ നാരായൺ വരെ ഈ സ്ഥാപനം യാഥാർഥ്യമാകാൻ സംഭാവനകൾ നൽകിയിട്ടുണ്ട്. അക്കാദമിക പ്രവർത്തനങ്ങൾക്ക് ഒപ്പം തന്നെ ഡിബേറ്റ് ക്ലബുകളും സ്പോർട്സ് ആൻഡ് കൾച്ചറൽ ഫോറങ്ങളും ആദ്യകാലം മുതൽ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ദലൈലാമ, ഗാന്ധിജി, ജവഹർലാൽ നെഹ്റു, മൗലാന ആസാദ് എന്നിങ്ങനെയുള്ളവർ പോലും അലിഗഢിലെ ഡിബേറ്റ് ക്ലബിൽ അതിഥികളായി ക്ഷണിക്കപ്പെട്ടിട്ടുണ്ടെന്നത് ചരിത്രം.
ഇന്ത്യൻ പ്രസിഡൻറായിരുന്ന സക്കീർ ഹുസൈൻ ഉൾപ്പടെയുളള ഇന്ത്യയിലെയും പാകിസ്താനിലെയും ബംഗ്ലാദേശിലെയുമെല്ലാം പല രാഷ്ട്രത്തലവൻമാരും നിരവധി സുപ്രീം കോടതി ജഡ്ജിമാരും ധ്യാൻ ചന്ദിനെ പോലെയുള്ള പ്രമുഖരും വരെ അലിഗഢിലെ പൂർവവിദ്യാർഥികളായിരുന്നു. ഇവ്വിധത്തിൽ ഇന്ത്യയിലെ ജനാധിപത്യ വിദ്യാഭ്യാസത്തിൻെറ ചരിത്രവും മാതൃകകളുമായ സർവകലാശാലകൾക്കെതിരെയാണ് കേന്ദ്ര സർക്കാർ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. നിരവധി പ്രവേശനപരീക്ഷകളിലൂടെ മികവ് തെളിയിച്ച് രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ പ്രതിഭകളെയാണ് ശത്രുസൈന്യത്തെയെന്ന പോലെ ആയുധധാരികളായ പൊലീസിനെയും അർധസൈനിക വിഭാഗങ്ങളെയും ഉപയോഗിച്ച് നേരിടുന്നത്. ഭീകരരും തെമ്മാടികളുമായി ചിത്രീകരിക്കുന്നത്.
ആസന്നമായ മറ്റൊരു വിപത്തിൻെറ സൂചന
ഡൽഹിയിൽ ആദ്യമായല്ല വിദ്യാർഥികൾ ഇപ്രകാരം സമരരംഗത്ത് വരുന്നത്. 2012ൽ ഇതേ സമയത്താണ് രാഷ്്ട്രപതി ഭവൻെറ പടിവാതിലോളം ചെന്ന നിർഭയ സമരമുണ്ടാകുന്നത്. ഒരാഴ്ചയോളം തെരുവിൽ ലാത്തിയെയും ടിയർഗ്യാസിനെയും ഗ്രനേഡിനെയും അതിജീവിച്ച് വിദ്യാർഥികൾ പൊരുതിയത്. അന്നൊന്നും കാമ്പസുകളിൽ കയറി ആസൂത്രിതവും പൈശാചികവുമായ അക്രമം അഴിച്ചുവിടുകയുണ്ടായിട്ടില്ല. എന്നിലിവിടെ താരതമ്യേന ശാന്തമായ ഒരു ഞായറാഴ്ച കാമ്പസിനുള്ളിൽ കടന്നു കയറി വിദ്യാർഥികളെ മൃതപ്രായരാക്കുന്ന വിധത്തിൽ തല്ലിച്ചതയ്ക്കുന്നു. ചരിത്രത്തിൽ മുമ്പ് കേട്ടിട്ടില്ലാത്ത വിധത്തിൽ ലൈബ്രറിയും ഹോസ്റ്റലുകളും ആക്രമിക്കപ്പെടുന്നു. മനഃപൂർവം ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നു.
പൗരത്വ ബില്ലിനെതിരെ ഉയർന്നുവരുന്ന ജനാധിപത്യ പ്രക്ഷോഭങ്ങളെ ഇല്ലാതാക്കുകയെന്ന ഉദ്ദേശം മാത്രമാണ് ഈ അടിച്ചമർത്തലുകൾക്ക് ആധാരമെന്ന് കരുതാനാകില്ല. ആസന്നമായ മറ്റൊരു വിപത്തിൻെറ സൂചന കൂടിയാണിതെന്ന് കരുതണം.
വിദ്യാഭ്യാസത്തിൻെറ സമ്പൂർണ്ണമായ വാണിജ്യവത്കരണവും വർഗീയവത്കരണവും ലക്ഷ്യം വെയ്ക്കുന്ന കരട് ദേശീയ വിദ്യാഭ്യാസ നയം അണിയറയിലൊരുങ്ങി കഴിഞ്ഞിട്ടുണ്ട്. ജനാധിപത്യ വിദ്യാഭ്യാസത്തിൻെറ മാതൃകകളെ തകർത്തുകൊണ്ട് മാത്രമേ പുതിയ വിദ്യാഭ്യാസനയത്തിന് വേരുറപ്പിക്കാനാകൂ. ഇന്നാട്ടിൽ ഒന്നാം നിരയിൽ നിൽക്കുന്ന, ജനാധിപത്യ വിദ്യാഭ്യാസത്തിൻെറ പാരമ്പര്യമുള്ള,
പൊതുമേഖലാ വിദ്യാഭ്യാസ കേന്ദ്രങ്ങൾ ഭീകരവാദകേന്ദ്രങ്ങളാണെന്ന് പ്രചരിപ്പിക്കേണ്ടത് സംഘപരിവാറിൻെറ അജണ്ടയായി മാറുന്നത് അതിനാലാണ്. വിദ്യാഭ്യാസ രംഗത്തെ കൈപ്പിടിയിലൊതുക്കിക്കൊണ്ട് കപടദേശീയതയിലും വർഗീയതയിലുമൂന്നിയ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കാനുളള പുതിയ വിദ്യാഭ്യാസ നയത്തിലേക്കുളള ചുവടുവെയ്പ്പുകൾ കൂടിയാണ് ഈ വിദ്വേഷ പ്രചാരണങ്ങളും അക്രമങ്ങളും. ഒപ്പം സ്വകാര്യ സർവകലാശാലകൾക്കുളള കളമൊരുക്കലും. അതുകൊണ്ട് തന്നെ ജാമിഅ മില്ലിയയ്ക്കും അലിഗഢിനും ജെ.എൻ.യുവിനും വേണ്ടിയുയരുന്ന വിദ്യാർഥി പ്രക്ഷോഭങ്ങൾ പ്രതിരോധിക്കാൻ ശ്രമിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തെയും വിദ്യാഭ്യാസത്തെയുമാണ്. ഈ പ്രക്ഷോഭങ്ങൾക്കൊപ്പം നിന്നുകൊണ്ടേ ഈ രാജ്യത്തെ സ്നേഹിക്കാനാവൂ.
(കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ റിസർച്ച് സ്കോളർ ആണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.