യുക്രെയ്ൻ നല്കുന്ന മുന്നറിയിപ്പ്
text_fieldsലോകം അമേരിക്കയുടെയും റഷ്യയുടെയും ചേരിതിരിഞ്ഞ പോരാട്ടങ്ങൾക്ക് അടിമപ്പെട്ട് അന്യോന്യം ആയുധങ്ങൾ സംഭരിച്ചിരുന്ന കാലം മറക്കാറായിട്ടില്ല! മനുഷ്യകുലത്തെ ഒന്നടങ്കം നശിപ്പിക്കാനുള്ള ആയുധങ്ങൾ സംഭരിക്കാനുള്ള നെട്ടോട്ടമായിരുന്നു എങ്ങും! ഭ്രാന്തമായ, ആ ശാക്തിക മത്സരത്തെ 'മാഡ്'- MAD (Mutually assured destruction) എന്നായിരുന്നു അവർ നാമകരണം ചെയ്തത്. എന്നാൽ, സോവിയറ്റ് യൂനിയൻ ശിഥിലമായതോടെ ഈ ആണവായുധ മത്സരം അപ്രസക്തമാണെന്ന് നിരീക്ഷകർ വിധിയെഴുതി. പക്ഷേ, ഇങ്ങനെ കരുതിയവർക്ക് തെറ്റുപറ്റിയതായി പുതിയ പോർവിളികൾ വ്യക്തമാക്കുന്നു! റഷ്യയുടെയും അമേരിക്കയുടെയും കൂടെ, ഈയൊരു മത്സരത്തിൽ ചൈന കൂടി പങ്കാളിയാകുന്നതോടെ അത് ലോകരാഷ്ട്രങ്ങളെ ഒന്നടങ്കം വിഴുങ്ങുന്ന തീനാളമായി മാറുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു!
കിഴക്കൻ യൂറോപ്പിലെ യുക്രെയ്ൻ ആരുടെ കീഴിൽ നിലയുറപ്പിക്കും? അമേരിക്കയുടെയോ അതോ റഷ്യയുടേതോ! സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങൾ എവിടെയുമെത്താതെ ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന ഭീതിയിലാണ് ലോകം. മുപ്പതു വർഷങ്ങൾക്ക് മുമ്പ് സോവിയറ്റ് യൂനിയൻ ഛിന്നഭിന്നമായതോടെ സ്വതന്ത്രമായ യുക്രെയ്ൻ ഇന്നും ആഭ്യന്തര സംഘർഷങ്ങളാൽ അസ്വസ്ഥമാണ്. യുക്രെയ്നിന്റെ പടിഞ്ഞാറുഭാഗത്തുള്ളവർ യൂറോപ്യൻ യൂനിയനുമായി ചേര്ന്നുനില്ക്കാനാണത്രെ ആഗ്രഹിക്കുന്നത്. എന്നാൽ, കിഴക്കുഭാഗം റഷ്യയെ അനുകൂലിക്കുന്നു.
2014 വരെ യുക്രെയ്നിൽ ഭരണം നടത്തിയ പ്രസിഡന്റ് വിക്ടർ യാനുകോവ് (Viktor Yanukovych) റഷ്യൻ അനുകൂലിയായിരുന്നു. എന്നാൽ, 2014ൽ നടന്ന 'കുലീന വിപ്ലവം'( Revolution of Dignity ) അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി. ഏതാണ്ട് ഇതേ സമയത്ത് റഷ്യ ക്രിമിയ പിടിച്ചടക്കിയത് പുതിയ രാഷ്ട്രീയ ചലനങ്ങൾക്ക് നാന്ദി കുറിച്ചു. യുക്രെയ്ൻ അസ്വസ്ഥമായി. സ്വന്തമായി പ്രതിരോധിക്കാനുള്ള സൈനിക ശക്തിയോ ഉറച്ച ഭരണകൂടമോ ഇല്ലാതെ അവർ പടിഞ്ഞാറോട്ട് നോക്കിയിരിപ്പായി. തക്കം നോക്കിയിരുന്ന അമേരിക്ക സാമ്പത്തിക സഹായവുമായി ഓടിവന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി വാഷിങ്ടൺ മൂന്നു ബില്യൻ അമേരിക്കൻ ഡോളർ യുക്രെയ്നിന് സഹായമായി നല്കിയിട്ടുണ്ടത്രേ. ഇതു നല്കിയത് അവിടെ അമേരിക്കയുടെ മേൽക്കോയ്മ സ്ഥാപിക്കണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണെന്നത് വ്യക്തമാണ്. മാനുഷിക പരിഗണനവെച്ചുള്ള സഹായം എന്നതിലുപരി അത് യുക്രെയ്നിനെ അമേരിക്കൻ അനുകൂല ജനാധിപത്യ രാഷ്ട്രമായി മാറ്റുവാനും തങ്ങളാഗ്രഹിക്കുന്ന വിപണന സാധ്യതയുള്ള ഒരു കമ്പോളമാക്കി പരിവര്ത്തിപ്പിക്കുവാനുമാണ് അവർ ആഗ്രഹിച്ചത്.
സംഗതി പന്തിയല്ലെന്ന് തിരിച്ചറിഞ്ഞ വ്ലാദിമിർ പുടിൻ മടിച്ചുനിൽക്കാതെ കിഴക്കൻ യുക്രെയ്നിലെ ഡാൻബാസ് ആക്രമിച്ചു. റഷ്യൻ അനുകൂലികളായ വിഘടനവാദികളും ഭരണപക്ഷവും തമ്മിലുണ്ടായ ഈ യുദ്ധത്തിൽ പതിനാലായിരം പേര് മൃതിയടഞ്ഞെന്നാണ് ഔദ്യോഗിക കണക്ക്.
യുദ്ധത്തിനു പിന്നിൽ റഷ്യയായിരുന്നെങ്കിലും അത് പുടിൻ അംഗീകരിക്കുന്നില്ല. തുടർന്ന് 2019ൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് വ്ലാദിമിർ െസലൻസ്കി (Volodymyr Zelensky) പാശ്ചാത്യ അനുകൂലിയാണെന്നത് അമേരിക്കക്ക് കാര്യങ്ങൾ എളുപ്പമാക്കിയെന്നു പറയാം. െസലൻസ്കിയുടെ നേതൃത്വത്തിൽ യുക്രെയ്ൻ 2024ൽ യൂറോപ്യൻ യൂനിയനിൽ അംഗമാവണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നു.
മാത്രമല്ല, തുടർന്ന് 'നാറ്റോ'(NATO) സൈനിക സഖ്യത്തിലും അംഗമാവാൻ അവർ ആഗ്രഹിക്കുന്നതായി മനസ്സിലാകുന്നു. ഇതാണ് പുടിനെ അലോസരപ്പെടുത്തുന്നത്. റഷ്യയുടെ തെക്ക്-കിഴക്ക് സ്ഥിതിചെയ്യുന്ന ഒരു രാഷ്ട്രം 'നാറ്റോ' അംഗമാകുന്നതിലൂടെ അമേരിക്കയുടെ ഇംഗിതാനുസാരിയായി പ്രവര്ത്തിക്കുന്നത് രാജ്യസുരക്ഷക്ക് ഭീഷണിയാകുമെന്നവർ കണക്കാക്കുന്നു. ഇതാണിപ്പോൾ റഷ്യയെയും യുക്രെയ്നിനെയും യുദ്ധ മുഖത്തേക്ക് നയിച്ചിരിക്കുന്നത്.
ഇതു കുറിക്കുമ്പോൾ യുക്രെയ്ൻ അതിർത്തിയിൽ ഒരു ലക്ഷം റഷ്യൻ സൈനികർ ഉള്ളതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. മാത്രമല്ല, അയൽരാഷ്ട്രമായ ബലാറസിൽ ഫെബ്രുവരി പത്തു മുതൽ 'അലയ്ഡ് റിസോൾവ്'എന്നു പേരിട്ടിരിക്കുന്ന സൈനികാഭ്യാസത്തിന് റഷ്യ നേതൃത്വം നല്കുകയാണ്. ശീതസമര (Coldwar) കാലത്തെ അനുസ്മരിപ്പിക്കുന്ന സൈനിക വിന്യാസമെന്നാണ് ഇതിനെ 'നാറ്റോ'സെക്രട്ടറി ജനറൽ സ്റ്റോൾട്ടൻ ബർഗ് (Jens Stoltenberg) വിശേഷിപ്പിക്കുന്നത്.
ബലാറസിൽ മുപ്പതിനായിരം യുദ്ധസജ്ജരായ പോരാളികളും അവർക്ക് വേണ്ട എസ്.യു 35 ഉൾപ്പെടെയുള്ള ഫൈറ്റർ ജെറ്റുകളും വ്യോമ പ്രതിരോധ ആയുധങ്ങളും ഉൾപ്പെടെ സംവിധാനിച്ചതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇതൊക്കെയും ചൂണ്ടിക്കാട്ടിയാണ് റഷ്യ ഏതു നിമിഷവും യുക്രെയ്ൻ കൈയേറുമെന്ന് ബൈഡൻ ആണയിടുന്നത്. സത്യത്തിൽ ഇതൊന്നും തന്നെ വൻകിട രാഷ്ട്രങ്ങളുടെ തലപ്പത്തിരിക്കുന്നവർ ചെയ്യുന്നത് യുക്രെയ്നിനോടുള്ള ഇഷ്ടംകൊണ്ടോ ജനക്ഷേമ താൽപര്യംകൊണ്ടോ അല്ലെന്നതാണ് വാസ്തവം. ഓരോ യുദ്ധം കഴിയുമ്പോഴും ലക്ഷക്കണക്കിനാളുകൾ മരിച്ചുവീഴുന്നു. സ്ത്രീകളും കുട്ടികളും വഴിയാധാരമാകുന്നു. നേതാക്കൾ പരസ്പരം പഴിചാരുന്നു. അക്രമികൾ ശിക്ഷിക്കപ്പെടുന്ന നിയമവ്യവസ്ഥ ഇല്ലാത്തിടത്തോളം കാലം ഇതു തുടർന്നുകൊണ്ടേയിരിക്കും! അപകടകരമായ ഈ ആണവായുധ പന്തയത്തിൽ ചൈന കൂടി ഭാഗഭാക്കാകുമോ എന്ന സംശയം നിരീക്ഷകരുടെ ആശങ്ക വർധിപ്പിക്കുന്നു.
ചൈനയും റഷ്യയും സഹകരണത്തിന്റെ രാജപാതയിലാണിപ്പോൾ. മാവോ സേ തൂങ്ങിനും സ്റ്റാലിനുംശേഷം ഏറ്റവും സൗഹൃദത്തിലിരിക്കുന്ന കാലം എന്നൊെക്കയാണ് ചിലർ വിശേഷിപ്പിക്കുന്നത്. 2014ൽ ക്രിമിയൻ യുദ്ധത്താൽ റഷ്യ അന്താരാഷ്ട്ര വേദിയിൽ ഒറ്റപ്പെട്ടപ്പോൾ അവർക്ക് സാമ്പത്തിക സഹായം നൽകിയതും നയതന്ത്ര രംഗത്ത് സഹകരണം ഉറപ്പുവരുത്തിയതും ചൈനയായിരുന്നു. ശേഷം, ബന്ധങ്ങൾ കൂടുതൽ പൂത്തുലഞ്ഞു. ചൈനയുടെ ശൈത്യകാല ഒളിമ്പിക്സിൽ പുടിന്റെ സാന്നിധ്യമായിരുന്നു ഏറെ ശ്രദ്ധേയം.
കഴിഞ്ഞ കുറച്ചുകാലമായി റഷ്യയുടെ ഏറ്റവും മികച്ച വ്യാപാരബന്ധു ചൈനയാണ്. കഴിഞ്ഞ വർഷം അവർക്കിടയിൽ 147 ബില്യൻ അമേരിക്കൻ ഡോളർ കച്ചവടം നടന്നത്രെ. രണ്ടു രാഷ്ട്രങ്ങൾക്കുമിടയിൽ സൈനിക ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഒരു റോഡ് മാപ്പ് ഒപ്പുവെക്കപ്പെട്ടതായി റിപ്പോർട്ട് വന്നിരുന്നു. ചൈനയും റഷ്യയും പാശ്ചാത്യ രാഷ്ട്രങ്ങളുടെ മേൽക്കോയ്മക്കെതിരെ ഒരേ നിലപാടുള്ളവരാണ്. അന്താരാഷ്ട്ര രംഗത്ത് അറിയപ്പെടുന്ന ചരിത്രകാരനായ പ്രഫ. ക്രിസ് മില്ലർ (Chris Miller) അഭിപ്രായപ്പെടുന്നത് റഷ്യ അമേരിക്കയുടെയും യൂറോപ്യൻ യൂനിയന്റെയും ഉപരോധം നേരിടേണ്ടിവന്നാൽ ചൈന സാമ്പത്തിക സഹായവുമായി മുന്നോട്ടുവരുമെന്നാണ്.
ഇരു രാഷ്ട്രങ്ങളും അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാഷ്ട്രങ്ങളുടെ മേൽക്കോയ്മ ഇല്ലായ്മ ചെയ്ത്, അന്താരാഷ്ട്ര രംഗത്ത് തങ്ങളാഗ്രഹിക്കുന്ന ചലനങ്ങൾക്ക് ആക്കം കൂട്ടാൻ ശ്രമിക്കുന്നു. അതിനുള്ള സുവര്ണ സന്ദർഭമാണിത്. അമേരിക്കയുടെ വ്യാപാര- വ്യവസായ മേഖലകളിലെ നിയന്ത്രണങ്ങൾ ഒറ്റയടിക്ക് തട്ടിമാറ്റുവാനും വാണിജ്യ രംഗത്തെ ഡോളറിന്റെ കുത്തക അവസാനിപ്പിക്കുവാനും ഇതു സന്ദർഭമാകും. റഷ്യയുടെ എണ്ണ ചൈന വാങ്ങുന്നതും അവരുടെ ബാങ്കുകളും വ്യവസായങ്ങളും നിലനിർത്താനാവശ്യമായ സാമ്പത്തിക സഹായം ചൈന നൽകുമെന്നുമാണറിയുന്നത്.
റഷ്യയെ അതിരുവിട്ടു സഹായിച്ചാൽ അത് യൂറോപ്യൻ യൂനിയനെ അസ്വസ്ഥമാക്കുമെന്ന ഭയം ഇല്ലാതെയല്ല. കാരണം, ചൈനയുമായുള്ള വ്യാപാര രംഗത്ത് രണ്ടാം സ്ഥാനത്ത് യൂറോപ്യൻ യൂനിയനാണ്. ചൈനക്ക് പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുവാൻ ഇത് കാരണമായേക്കാമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. പക്ഷേ, തായ്വാന്റെ പ്രശ്നം കൂടി ഇതോട് ചേര്ത്തുവായിക്കുമ്പോൾ സംഗതി വ്യക്തമാകുന്നതാണ്. യുക്രെയ്നിനെ അമേരിക്ക എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കാണാനിരിക്കുകയാണ്. അമേരിക്കയെ സഖ്യ രാഷ്ട്രങ്ങൾക്കൊന്നും വിശ്വാസത്തിലെടുക്കാൻ സാധ്യമല്ലെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
അതേസമയം, യുക്രെയ്ൻ ഒരു ടെസ്റ്റ് ഡോസാണ്. അവിടെ പരാജയപ്പെട്ടാൽ, അന്താരാഷ്ട്ര രംഗത്ത് അമേരിക്ക മാറ്റിനിർത്തപ്പെടുന്നതിന് അത് കാരണമാകും. എന്നാൽ, റഷ്യയുടെ വിജയം പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്ക് തുടക്കമിടും. പേശീബലംകൊണ്ടു നേടിയെടുക്കുന്ന വിജയം തുടർന്നും ആയുധസംഭരണത്തിന് രാഷ്ട്രങ്ങൾക്ക് പ്രചോദനമാകും! മാത്രമല്ല, അത് തായ് വാന്റെ പേരിലുള്ള ചൈനയുടെ അവകാശവാദത്തിന് ശക്തിപകരും. ഇപ്പോൾ തന്നെ ചൈനീസ് യുദ്ധവിമാനങ്ങൾ ഇടക്കിടെ തായ്വാനിൽ പറന്നിറങ്ങുന്നതായി പരാതിയുണ്ട്.
മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിൽ സംസാരിക്കവെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസും റഷ്യക്കെതിരെ യൂറോപ്യൻ യൂനിയൻ രാഷ്ട്രങ്ങൾ ഒന്നിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയുണ്ടായി. യുക്രെയ്ന്റെ പതനം തായ്വാനെയും ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു.
ഇപ്പോൾ ലഭിക്കുന്ന വാര്ത്തകളനുസരിച്ച് അനുരഞ്ജന ശ്രമങ്ങൾ തുടരുമെന്നാണ് മനസ്സിലാകുന്നത്. യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ െസലൻസ്കി പുടിനെ നേരിട്ട് കണ്ട് സംസാരിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ, 'നാറ്റോ' സൈനിക സംഘടനയുടെ വ്യാപനം തടയുകയെന്ന പുടിന്റെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടാതെ ഒരു അനുരഞ്ജന ചര്ച്ചയും വിജയിക്കുമെന്ന് തോന്നുന്നില്ല!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.