ഇരകളെയോ തോട്ടം ഉടമകളെയോ? സർക്കാർ ആരെയാണ് പുനരധിവസിപ്പിക്കുന്നത്?
text_fieldsകേരളത്തെ നടുക്കിയ വയനാട് ഉരുൾ ദുരന്തം നടന്നിട്ട് ആറു മാസം പിന്നിട്ടിരിക്കുന്നു. ദുരന്തം തകർത്തുകളഞ്ഞ ജീവിതങ്ങളെ വീണ്ടെടുക്കേണ്ടത് വയനാടിന്റെ മാത്രമല്ല, ഓരോ മലയാളിയുടെയും ആവശ്യമാണ്. ജീവകാരുണ്യ സംഘടനകളും വ്യാപാരി കൂട്ടായ്മകളും നൽകിയ പിന്തുണയുടെ ബലത്തിൽ ദുരന്തബാധിതരിൽ പലരും ഉപജീവനമാർഗങ്ങൾ കണ്ടെത്തിത്തുടങ്ങിയിരിക്കുന്നു. പുനരധിവാസം സംബന്ധിച്ച് ഒട്ടനവധി പ്രഖ്യാപനങ്ങൾ നടത്തിയെന്നല്ലാതെ സർക്കാർ നടപടികൾ കാര്യമായി മുന്നോട്ടുനീങ്ങിയിട്ടില്ല. ടൗൺഷിപ്പുകളുടെ നിർമാണത്തിനായി എസ്റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കാനാണ് സർക്കാറിന് തിടുക്കം. ഇതിനു മുന്നോടിയായി വയനാട്ടിലെ എസ്റ്റേറ്റിൽ തൊഴിലാളികൾക്ക് മാനേജ്മെന്റുവക പിരിച്ചുവിടൽ നോട്ടീസുകളും ലഭിച്ചുതുടങ്ങിയിരിക്കുന്നു.
റവന്യൂ രേഖകൾ പ്രകാരം 290 ഏക്കർ മിച്ചഭൂമി വയനാട്ടിൽ സർക്കാറിന്റെ കൈവെള്ളയിലിരിക്കെ തോട്ടം ഭൂമിയല്ലാതെ ഏറ്റെടുക്കാൻ മറ്റു ഭൂമി ഇവിടെ ലഭ്യമല്ലെന്നാണ് റവന്യൂ മന്ത്രി പറഞ്ഞത്. എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ ഹാരിസൺ കമ്പനി ഹൈകോടതിയെ സമീപിച്ചു. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം നൽകി പൊതുതാൽപര്യപ്രകാരം സർക്കാറിന് ഭൂമി ഏറ്റെടുക്കാമെന്നായിരുന്നു കേസിൽ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ വിധി. ഈ വിധിയോടെ കാര്യങ്ങൾ എളുപ്പമായെന്നും മനുഷ്യന്റെ ഹൃദയം അറിഞ്ഞുകൊണ്ടുള്ള വിധിയാണിതെന്നുമാണ് റവന്യൂ മന്ത്രി പറഞ്ഞത്. പക്ഷേ, ദുരിതബാധിതരുടെ പുനരധിവാസം മറയാക്കി സർക്കാർ സഹായിക്കാൻ മുതിരുന്നത് അനധികൃത കൈയേറ്റക്കാരായ എസ്റ്റേറ്റ് ഉടമകളെയാണ്.
ഇപ്പോൾ ഹൈകോടതിയിൽ എത്തിയ കേസിൽ ഹാരിസൺസ് ആവശ്യപ്പെട്ടത് സർക്കാർ പുനരധിവാസത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരമായി പണം കിട്ടണമെന്നാണ്. നഷ്ടപരിഹാരം കൊടുക്കാൻ തയാറാണെന്ന് സർക്കാർ അറിയിക്കുകയും ചെയ്തു. അവിടെ രണ്ടുകൂട്ടരും ഒരു കാര്യം മറച്ചുപിടിച്ചു: ഭൂമിക്ക് മേൽ എസ്റ്റേറ്റ് കമ്പനികൾക്ക് ഉടമസ്ഥതയുണ്ടോ എന്ന കാര്യം. സർക്കാറിനുവേണ്ടി പറയേണ്ട കാര്യങ്ങൾ എ.ജി അടക്കമുള്ളവർ ഹൈകോടതിയിൽ ബോധിപ്പിക്കാതിരുന്നതിനാലാണ് ഇത്തരമൊരു വിധി വന്നതെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. സർക്കാർ അപ്പീൽ പോയി ഈ വിധിയിലെ തെറ്റായ പരാമർശങ്ങൾ തിരുത്തിയില്ലെങ്കിൽ എസ്റ്റേറ്റ് ഉടമകൾ അനധികൃതമായി കൈവശംവെച്ചിരിക്കുന്ന ഭൂമിക്ക് സംരക്ഷണം നൽകൽ ആയിരിക്കും ഫലം.
2014ലെ വിധിയും സിവിൽകോടതിയും
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഹാരിസൺസ് കമ്പനി കൈവശം വെച്ചിരുന്നതും കൈമാറ്റം ചെയ്തതുമായ ഭൂമി ഏറ്റെടുത്ത് സ്പെഷൽ ഓഫിസർ എം.ജി രാജമാണിക്യം നോട്ടീസ് നൽകിയതിനെതിരെ കമ്പനി ഹൈകോടതിയെ സമീപിച്ചിരുന്നു. കേരള ഭൂപരിഷ്കരണ നിയമപ്രകാരം സ്പെഷൽ ഓഫിസർക്ക് ഭൂമി ഏറ്റെടുക്കാനുള്ള അവകാശം ഇല്ല എന്ന് വിധിച്ച ജസ്റ്റിസ് വിനോദ് ചന്ദ്രൻ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച കേസിൽ വിധി നിശ്ചയിക്കുന്നതിന് ഹൈകോടതിക്ക് അധികാരമില്ലെന്നും വ്യക്തമാക്കിയിരുന്നു. ഉടമസ്ഥത സംബന്ധിച്ച വിധിയിലേക്ക് ഹൈകോടതി കടക്കാത്തതിനാൽ സർക്കാറിന് ഇക്കാര്യത്തിൽ സിവിൽകോടതിയിൽ പോകാം. റവന്യൂ വകുപ്പ് 2019ൽ സിവിൽ കോടതിയിൽ കേസ് നൽകാൻ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഉത്തരവുമിറക്കിയതാണ്. സമാനമായി 2024ൽ ഹൈകോടതി മുമ്പാകെയെത്തിയ അട്ടപ്പാടിയിലെ ഭൂമി കൈയേറ്റ കേസിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ഉടമസ്ഥത സംബന്ധിച്ച തർക്കം സിവിൽ കോടതിയിലാണ് തീർക്കേണ്ടത് എന്ന നിലപാടാണെടുത്തത്.
ഹാരിസൺ കമ്പനി ചെറുവള്ളി എസ്റ്റേറ്റ് ബിഷപ് കെ.പി. യോഹന്നാന് വിൽപന നടത്തിയപ്പോഴാണ് പാട്ടഭൂമി വിൽക്കാൻ അവകാശമുണ്ടോയെന്ന് ചോദ്യം ഉയർന്നത്. തുടർന്ന് ഹാരിസൺസ് കൈവശം വെച്ചിരിക്കുന്ന ഭൂമി സംബന്ധിച്ച് അന്വേഷണം നടത്തിയത് മുൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി. ഹരനും മുൻ ലാൻഡ് റവന്യൂ അസി. കമീഷണർ ഡോ. ഡി. സജിത് ബാബുവുമാണ്. വയനാട്ടിലെ ഓരോ വില്ലേജിലെയും ഹാരിസൺസ് ഭൂമിയുടെ അടിസ്ഥാന രേഖകൾ സംബന്ധിച്ച് ഗൗരവമായി അന്വേഷണം നടത്തിയാണ് സജിത് ബാബുവിന്റെ 377 പേജ് വരുന്ന റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചത്. ഈ റിപ്പോർട്ട് തെറ്റാണെന്ന് സർക്കാറോ കോടതിയോ ഇതുവരെ പറഞ്ഞിട്ടില്ല. സിവിൽ കോടതിയിൽ ഏറ്റവും മികച്ച തെളിവായി സർക്കാർ ഹാജരാക്കുന്നത് ഈ റിപ്പോർട്ട് തന്നെയാവും. റിപ്പോർട്ട് പ്രകാരം പാട്ടാവകാശം അല്ലെങ്കിൽ പാട്ട ആധാരം മാത്രമേ ബ്രിട്ടീഷ് കമ്പനികൾക്ക് ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ കൈവശം വെച്ചിരിക്കുന്ന ആളുകൾക്കും പാട്ടാവകാശം അല്ലെങ്കിൽ പാട്ട ആധാരം മാത്രമേ ഉള്ളൂ. ഭൂപരിഷ്കരണ നിയമത്തിലെ വകുപ്പ് 72 പ്രകാരം പാട്ടവസ്തു സർക്കാറിൽ നിക്ഷിപ്തമാണ്. അത്തരമൊരു ഭൂമി വൻതുക നൽകി സർക്കാർതന്നെ ഏറ്റെടുക്കുക എന്നതിനെ കുറഞ്ഞ ഭാഷയിൽ അസംബന്ധം എന്നേ വിശേഷിപ്പിക്കാനാവൂ.
ബോണ്ടിന് ആര് സെക്യൂരിറ്റി നൽകും?
വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരകളായവരുടെ പുനരധിവാസത്തിന് തോട്ടം ഭൂമി ഏറ്റെടുക്കാം എന്ന ഉത്തരവിൽ സർക്കാർ നൽകുന്ന തുകക്ക് ബോണ്ട് നൽകണമെന്നാണ് ഹൈകോടതി ആവശ്യപ്പെട്ടത്. ഭൂമിയുടെ ടൈറ്റിൽ സംബന്ധിച്ച് സർക്കാർ സിവിൽ കോടതിയിൽ കേസ് നൽകിയിട്ടുള്ളതിനാലാണ് ഹൈകോടതി ഇത്തരമൊരു നിർദേശം നൽകിയത്.
എന്നാൽ, ഹൈകോടതി പറഞ്ഞ ഈ ബോണ്ടിന് ആര് സെക്യൂരിറ്റി നൽകുമെന്നാണ് നിയമ വിദഗ്ധർ ചോദിക്കുന്നത്. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഭൂമിക്ക് കമ്പോള വിലയുടെ മൂന്നിരട്ടി പൊന്നുംവില നൽകേണ്ടിവരും. ഈ തുക നിലവിൽ ഭൂമി കൈവശം വെച്ചിരിക്കുന്നവർക്ക് കൈമാറണം. വർഷങ്ങൾക്കു ശേഷം സിവിൽ കോടതിയിലെ കേസിൽ സർക്കാറിന് അനുകൂല ഉത്തരവ് ഉണ്ടായാൽ നിലവിൽ തുക കൈപ്പറ്റുന്നവർ പാപ്പരായാൽ ആര് തുക മടക്കിനൽകുമെന്നാണ് നിയമ വിദഗ്ധർ ചോദിക്കുന്നത്. ഇക്കാര്യം സംബന്ധിച്ച് കോടതി ഉത്തരവിൽ വ്യക്തതയില്ല. പുനരധിവാസം കീറാമുട്ടിയായപ്പോൾ സർക്കാറിനെ മുൾമുനയിൽ നിർത്തിയാണ് തോട്ടം ഉടമകൾ അനുകൂല ഉത്തരവ് നേടിയെടുത്തത്.
കേരളത്തിന്റെ പൊതുസ്വത്തെന്ന് വിവിധ അന്വേഷണ റിപ്പോർട്ടുകളിൽ ചൂണ്ടിക്കാണിച്ച അഞ്ച് ലക്ഷത്തിലധികം ഏക്കർ തോട്ടഭൂമി കേരളത്തിന് നഷ്ടമാകുന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്. കേരള നിയമസഭ പാസാക്കുകയും നടപ്പാക്കുകയും ചെയ്ത ഭൂപരിഷ്കരണ നിയമം അട്ടിമറിക്കുന്നതിനാണ് ചില മന്ത്രിമാരും എ.ജിയുടെ ഓഫിസും ഈ അട്ടിമറിക്ക് കൂട്ടുനിൽക്കുന്നത്. അതിന് മറയാക്കുന്നതാവട്ടെ, സമകാലിക കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിലെ ഇരകളെയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.