വയനാട് പുനരധിവാസം എന്ന വെല്ലുവിളി
text_fields
കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും സൃഷ്ടിക്കുന്ന പ്രതിസന്ധി കേരളത്തിൽ സർവവ്യാപിയായിട്ടില്ലെങ്കിലും കർഷകർ, മത്സ്യത്തൊഴിലാളികൾ, ദിവസക്കൂലിക്കാർ തുടങ്ങിയവരെ ഇത് രൂക്ഷമായി ബാധിച്ചുകഴിഞ്ഞുകേരള ചരിത്രത്തിലെ സമാനതകളില്ലാത്ത ദുരന്തമായി കണക്കാക്കപ്പെട്ടിരുന്ന 1924ലെ വെള്ളപ്പൊക്കദുരന്തത്തിന് കൃത്യം നൂറു വർഷം തികഞ്ഞയാണ്ടിലാണ് വയനാട് ദുരന്തം ഉണ്ടാകുന്നത്. 2018 മുതൽ കേരളം തുടർച്ചയായ പ്രകൃതി ദുരന്തങ്ങൾക്ക് വിധേയമാകുന്നുണ്ട്. ...
കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും സൃഷ്ടിക്കുന്ന പ്രതിസന്ധി കേരളത്തിൽ സർവവ്യാപിയായിട്ടില്ലെങ്കിലും കർഷകർ, മത്സ്യത്തൊഴിലാളികൾ, ദിവസക്കൂലിക്കാർ തുടങ്ങിയവരെ ഇത് രൂക്ഷമായി ബാധിച്ചുകഴിഞ്ഞു
കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത ദുരന്തമായി കണക്കാക്കപ്പെട്ടിരുന്ന 1924ലെ വെള്ളപ്പൊക്കദുരന്തത്തിന് കൃത്യം നൂറു വർഷം തികഞ്ഞയാണ്ടിലാണ് വയനാട് ദുരന്തം ഉണ്ടാകുന്നത്. 2018 മുതൽ കേരളം തുടർച്ചയായ പ്രകൃതി ദുരന്തങ്ങൾക്ക് വിധേയമാകുന്നുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം നിലവിൽ കിട്ടിയിരുന്ന മഴയുടെ സ്വഭാവം മാറുന്നതും വികസന രീതികളിലുണ്ടായ മാറ്റങ്ങളും ഇതിന് കാരണമാവുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം 2070ഓടെ ഏഷ്യ-പസഫിക് മേഖലയിലെ ആഭ്യന്തര ഉൽപാദനത്തിൽ 16.9 ശതമാനത്തിന്റെ നഷ്ടമുണ്ടാകുമെന്നും ഇന്ത്യക്ക് 24.7 ശതമാനം ജി.ഡി.പി നഷ്ടം ഉണ്ടാകുമെന്നുമാണ് പഠനങ്ങൾ പറയുന്നത്.
കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും സൃഷ്ടിക്കുന്ന പ്രതിസന്ധി കേരളത്തിൽ സർവവ്യാപിയായിട്ടില്ലെങ്കിലും കർഷകർ, മത്സ്യത്തൊഴിലാളികൾ, ദിവസക്കൂലിക്കാർ തുടങ്ങിയവരെ ഇത് രൂക്ഷമായി ബാധിച്ചുകഴിഞ്ഞു. കേരളം, കർണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിൽ മാത്രം മൊത്തം മത്സ്യ സമ്പത്തിന്റെ 30 ശതമാനം കാലാവസ്ഥ വ്യതിയാനം മാത്രം കൊണ്ട് നഷ്ടമാകുന്നു. ഇതുമൂലമുള്ള തൊഴിൽ ദിന നഷ്ടവും വരുമാന നഷ്ടവും ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. ഈ പശ്ചാത്തലത്തിൽ വേണം കേരളത്തിൽ 2018 മുതലുള്ള ദുരന്തങ്ങളും അവയുടെ ആഘാതം കുറക്കുന്നതിനും പുനരധിവാസത്തിനുമായി കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതികളും ആലോചനാവിധേയമാക്കേണ്ടത്.
2018ലെ വെള്ളപ്പൊക്കത്തെ തുടർന്ന് നടപ്പാക്കിയ നവകേരളം പദ്ധതിയുടെ നേട്ടങ്ങൾ മനസ്സിലാക്കണമെങ്കിൽ 2019ലെയും 2020ലെയും ദുരന്തങ്ങളെ കേരളം എങ്ങനെ നേരിട്ടു എന്നതും പഠിക്കണം. കാലാവസ്ഥ വ്യതിയാനവും അതുണ്ടാക്കുന്ന പ്രതിസന്ധിയുമായല്ല ഈ മൂന്ന് ദുരന്തങ്ങളെ കേരളം കണ്ടത്. കേരള വികസന മാതൃകയും സാമൂഹിക വികസന രംഗത്തുണ്ടാക്കിയ നേട്ടങ്ങളും ദുരന്തനിവാരണ രംഗത്തോ അതിന്റെ ആഘാതം കുറക്കുന്നതിലോ ആവർത്തിക്കാനുമായില്ല.
വയനാട് ദുരന്തം വലിയ ബാധ്യതയുണ്ടാക്കിയെന്നും നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ കേരള സർക്കാറിന് ഏറ്റെടുക്കാൻ കഴിയുന്നതിലുമപ്പുറമാണിതെന്നുമുള്ള ഒരു പൊതുബോധം രൂപപ്പെട്ടിട്ടുണ്ട്. അതിലുപരി യഥാസമയം പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ സർക്കാർ അപര്യാപ്തമാണെന്നും പുനരധിവാസം പൂർത്തിയാക്കാൻ മറ്റ് സംവിധാനങ്ങൾ കൂടി വേണം എന്ന ചിന്തയും ശക്തമാണ്. അതിന്റെ ഫലമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കു കിട്ടുന്ന
അതേ പ്രാധാന്യവും സ്വീകാര്യതയും രാഷ്ട്രീയ പാർട്ടികളുടെ വയനാട് ഫണ്ടിന് കിട്ടിയത്. വിവിധ മത-രാഷ്ട്രീയ ജീവകാരുണ്യ കൂട്ടായ്മകൾ ലഭ്യമായ ഫണ്ടിൽ നിന്ന് ഇതിനകം ദുരിതബാധിതരുടെ പുനരധിവാസത്തിനായി ചെലവിട്ടുതുടങ്ങിയിരിക്കുന്നു. എന്നാൽ, സർക്കാർ പദ്ധതികൾ പ്രഖ്യാപന-കൂടിയാലോചനാ ഘട്ടത്തിൽ തന്നെയാണ്.
ഒരു മാതൃകാ പുനരധിവാസമെന്ന നിലക്ക് ദുരന്തബാധിത കുടുംബങ്ങളെ കൂടി ഉൾപ്പെടുത്തി ടൗൺഷിപ് സ്ഥാപിക്കുമെന്ന് സർക്കാർ പ്രസ്താവിച്ചിരുന്നു. ഭൂമിയാണ് ഇതിനൊരു തടസ്സമായി കണ്ടത്. കേരളത്തിൽ രാജമാണിക്യം കമീഷൻ കണ്ടെത്തിയ വിദേശ തോട്ടഭൂമിയടക്കം ഏറ്റെടുക്കാൻ കഴിയും എന്നിരിക്കെ വിലകൊടുത്തു വാങ്ങേണ്ടേ അവസ്ഥയിലേക്ക് കേരള സർക്കാർ എത്തിച്ചേർന്നത് മറ്റൊരു പരാജയമാണ്.
ഒരു പ്രത്യേക രീതിയിലും ഉദ്ദേശ്യത്തിലും നിർമിക്കപ്പെടുന്ന നഗരം അഥവാ നഗര-ജീവിത സംവിധാനമാണ് ടൗൺഷിപ്. ഇതൊരു സാമ്പത്തിക നിക്ഷേപം കൂടിയാണ്. ഇത് വിജയിക്കണമെങ്കിൽ ചെറുകിട കച്ചവടം മുതൽ തൊഴിൽ സുരക്ഷിതത്വം വരെ ഉൾക്കൊള്ളുന്ന മറ്റ് നിക്ഷേപങ്ങൾ അവിടെ ആവശ്യമാണ്. അതുകൊണ്ടുതന്നെ ഭൂമി മാത്രം ഏറ്റെടുത്തുകൊണ്ട് ചെയ്യാവുന്ന ഒന്നല്ല ടൗൺഷിപ് കേന്ദ്രീകരിച്ചുള്ള പുനരധിവാസം. ദുരന്തത്തിനിരയായ സാധാരണ മനുഷ്യർക്ക് ഈ ടൗൺഷിപ്പിലുള്ള പങ്കാളിത്തം എന്താണ് എന്നതാശ്രയിച്ചിരിക്കും ഈ പദ്ധതിയുടെ വിജയം. അല്ലാത്ത പക്ഷം മറ്റൊരു കുടിയേറ്റത്തിനായിരിക്കും വയനാട് സാക്ഷിയാവുക.
ദുരന്ത നിവാരണവും കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധവും
വയനാട് ദുരന്തനിവാരണത്തിന് കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം നൽകിയില്ല എന്നത് കേരളത്തിൽ വലിയ രാഷ്ട്രീയ ചർച്ചക്ക് വിധേയമായി. ഒരു ക്ഷേമരാഷ്ട്ര സംവിധാനത്തിൽ മാത്രം ചെയ്യാവുന്ന കാര്യങ്ങൾ മാത്രമായതുകൊണ്ട് ഇന്ത്യയിലെ ദുരന്തനിവാരണവും പുനരധിവാസവും പൂർണമായും സർക്കാർ നിയന്ത്രിതമാണ്.
ഒമ്പതാം ധനകാര്യ കമീഷൻ വരെ രാജ്യത്ത് നിലവിലുണ്ടായിരുന്നത് മാർജിൻ മണി സ്കീം ആയിരുന്നു. ഒമ്പതാം ധനകാര്യ കമീഷൻ (1989 -1995) കലാമിറ്റി റിലീഫ് ഫണ്ട് അവതരിപ്പിച്ചു, പന്ത്രണ്ടാം ധനകാര്യ കമീഷൻ നാഷനൽ കലാമിറ്റി കണ്ടിൻജൻസി ഫണ്ട് (NCCF)കൊണ്ടുവന്നു. എന്നാൽ, പതിനഞ്ചാം ധനകാര്യ കമീഷൻ ദുരന്ത നിവാരണ മേഖലയിലെ സാമ്പത്തിക ഇടപെടലുകളെ സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ട് (SDRF), നാഷനൽ ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ട് (NDRF) എന്നീ രണ്ടു പദ്ധതികളിലേക്ക് ചുരുക്കി. ഇതു സംബന്ധിച്ച സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് നാഷനൽ ഡിസാസ്റ്റർ മിറ്റിഗേഷൻ ഫണ്ട് (NDMF), നാഷനൽ ഡിസാസ്റ്റർ റിസ്ക് മാനേജ്മെന്റ് ഫണ്ട്, സ്റ്റേറ്റ് ഡിസാസ്റ്റർ റിസ്ക് മാനേജ്മെന്റ് ഫണ്ട് (SDRF) എന്നീ പദ്ധതികൾ കൂടി അവതരിപ്പിച്ചു. കൂടാതെ നാളിതുവരെ ഉണ്ടായിരുന്നതിൽനിന്ന് മാറി ദുരന്തങ്ങളുടെ ആഘാതവും, സംസ്ഥാനങ്ങളിലെ ദാരിദ്ര്യത്തിന്റെ തോതും കണക്കിലെടുത്തുകൊണ്ട് പട്ടിക തയാറാക്കി അതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ധനസഹായം നിർണയിക്കുന്ന രീതിയും നിലവിൽവന്നു. ഇതിൽ ദാരിദ്ര്യത്തിന്റെ അളവുകോൽ വെച്ചളക്കുമ്പോൾ കേരളത്തിന് കിട്ടുന്ന സൂചിക 55 ആണ്. ഈ പുതിയ രീതി കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് ഗുണകരമല്ല, മാത്രമല്ല കാലാവസ്ഥ വ്യതിയാനവും കൂടി കണക്കിലെടുക്കുമ്പോൾ കേരളത്തിന് നിലവിലെ കേന്ദ്രസഹായം അപര്യാപ്തമാണ്.
ദുരന്തനിവാരണത്തിൽ സംസ്ഥാന സർക്കാറുകൾക്കാണ് പ്രധാന ഉത്തരവാദിത്തം എന്ന് എടുത്തു പറഞ്ഞ പതിനഞ്ചാം ധനകാര്യ കമീഷൻ പുനരധിവാസവും പുനർനിർമാണവും പല വർഷങ്ങൾ ആയി നടക്കുന്ന ഒന്നാണെന്നും ഇതിനു വേണ്ടിയുള്ള ധനവിതരണം ഘട്ടം ഘട്ടമായാണ് നൽകേണ്ടതെന്നും എടുത്തു പറയുന്നു. എന്നാൽ, ഇതുവരെ പ്രകൃതി ദുരന്തങ്ങൾ മൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം പൂർണമായും പരിഹരിക്കാനുള്ള സാമ്പത്തിക പിന്തുണ സർക്കാർ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പുനർനിർമാണ പ്രവർത്തനങ്ങൾക്കായി നാഷനൽ ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ടിൽ നിന്ന് തുക അനുവദിക്കുന്നതിലും കടുത്ത നിയന്ത്രണമുണ്ട്. പൂർണമായും തകർന്ന വീടുകൾക്കുള്ള പരമാവധി സഹായം ഒരുലക്ഷത്തി മുപ്പതിനായിരം രൂപ മാത്രമാണ്. 1924ലെ വെള്ളപ്പൊക്കത്തിൽ വീട് തകർന്നവർക്ക് കൊളോണിയൽ സർക്കാർ നൽകിയ പരമാവധി ധനസഹായം അഞ്ചു രൂപയായിരുന്നു. സർക്കാർ സൗജന്യമായി നൽകുന്ന മുളയും ഓലയും കൊണ്ട് വീടു നിർമിക്കാൻ കഴിയാത്തവർക്ക് അതിനു മുകളിൽ ആവശ്യമായ തുക വായ്പയായാണ് നൽകിയത്. ഇന്നും നമ്മുടെ ദുരന്തനിവാരണ രംഗത്തെ സാമ്പത്തിക നയങ്ങൾ നിർണയിക്കുന്നതിൽ ഈ കൊളോണിയൽ രീതി കാണാം. സാങ്കേതികത്വം പറഞ്ഞ് കേരളത്തിന് ധനസഹായം നിഷേധിക്കുമ്പോൾ രാഷ്ട്രീയ താൽപര്യങ്ങളും ആശ്രിതവാത്സല്യ പരിഗണനയും വെച്ച് പല സംസ്ഥാനങ്ങൾക്ക് വാരിക്കോരി നൽകുന്നതും പണ്ടത്തെ കൊളോണിയൽ-നാട്ടുഭരണ ജീർണതയുടെ തുടർച്ചയാണ്. ഇതിനെ അതിജീവിച്ച് ഫലപ്രദമായ പുനരധിവാസം സാധ്യമാക്കുക എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ദുരന്തത്തേക്കാൾ വലിയ വെല്ലുവിളിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.