പഠിക്കണം, സമയത്തെ കരവലയത്തിലൊതുക്കാൻ
text_fieldsഉന്നത വിജയം നേടിയ ഒരുപാടു പേരെ നമുക്ക് ചുറ്റും കാണാൻ കഴിയും. അവരെ നിരീക്ഷിച്ചാൽ പൊതുവായി കാണുന്ന ഒരു കാര്യം, പ്രഭാതങ്ങളെ ആ ദിവസത്തേക്കുള്ള തയാറെടുപ്പിനായി അവർ ഫലപ്രദമായി വിനിയോഗിക്കുന്നു എന്നതാണ്. അന്നന്ന് ചെയ്തുതീർക്കേണ്ട കാര്യങ്ങളെ കുറിച്ചും അതിന്‍റെ സമയക്രമത്തെ കുറിച്ചും കൃത്യമായ കുറിപ്പുകൾ അവർ തയാറാക്കും
പരീക്ഷയുടെ പടിവാതിൽക്കൽ നിൽക്കുന്ന കൂട്ടുകാരെ കേന്ദ്രീകരിച്ചാണ് ഈ കുറിപ്പും. പഠിക്കാനുള്ള വഴികളും തന്ത്രങ്ങളും നാം മനസ്സിലാക്കിക്കഴിഞ്ഞു. ഇനി പഠനം സുസാധ്യമാക്കുന്ന ജീവിതക്രമം തീരുമാനിക്കാം. നമുക്കെല്ലാവർക്കുമുള്ളത് 24 മണിക്കൂറാണ്. നമ്മെപ്പോലെ ആൽബർട്ട് ഐൻസ്റ്റൈനും 24 മണിക്കൂർ മാത്രമേ ഒരു ദിവസത്തിൽ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം തനിക്ക് ലഭിച്ച സമയം കൃത്യമായി വിനിയോഗിച്ച് ആപേക്ഷിക സിദ്ധാന്തം കണ്ടെത്തി ലോകത്തെ വിസ്മയിപ്പിക്കുകയുണ്ടായി. നാമാകട്ടെ, ലോകം ശ്രദ്ധിക്കുന്ന ഏറ്റവും ചെറിയ ഒരു മൗലിക സംഭാവന പോലും നൽകാൻ അശക്തരായി നിൽക്കുന്നു.
പ്രതിഭയിലെ വിടവ് മാത്രമല്ല; ഒരാൾ തന്‍റെ സമയത്തെ എങ്ങനെ വിനിയോഗിച്ചു എന്നതിന്‍റെ കൂടി തെളിവാണത്. ക്ഷണികമായ ഈ ലോകത്ത് നാം നമ്മുടെ സമയം എങ്ങനെ ചെലവഴിച്ചു എന്ന് ആലോചിച്ചുനോക്കുന്നത് നന്നാകും. വർഷങ്ങളോളം കാര്യമായി ഒന്നും ചെയ്യാതെ ടി.വി കണ്ടും മൊബൈൽ നോക്കിയും ഉറങ്ങിയും സമയം കളയുന്ന ഒട്ടേറെ പേരുണ്ട്. അമേരിക്കൻ ചെറുകഥയിലെ റിപ് വാൻ വിംഗ്ൾ 20 വർഷമാണ് ഉറങ്ങിപ്പോയത്. അങ്ങനെ ജീവിതം ഉറങ്ങിത്തീർക്കാൻ ആരെക്കൊണ്ടും സാധിക്കും. സദാ വിനോദങ്ങളിൽ മുഴുകിയോ കിട്ടുന്ന സമയത്തെല്ലാം മറ്റുള്ളവരുമായി സല്ലപിച്ചോ സമയം കൊല്ലുന്നവരുമുണ്ട്.
ഇങ്ങനെയുള്ള സംസാരങ്ങൾ ഒട്ടും സൃഷ്ടിപരമാകണമെന്നില്ല. ഒരു ദിവസത്തിന്‍റെ ആയുസ്സ് പോലുമില്ലാത്ത കാര്യങ്ങളാകും അത് ബാക്കിവെക്കുക. ‘‘അന്ന് ഞാൻ വായിച്ചിരുന്നേൽ, അന്ന് ഞാൻ പഠിച്ചിരുന്നേൽ ഇന്ന് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല’’ എന്നു പറഞ്ഞ്, പാഴായ സമയത്തെ ഓർത്ത് വിലപിക്കുന്നവരെ ഏറെ കണ്ടിട്ടുണ്ട്.
ബസ് പുറപ്പെട്ടപ്പോൾ അതിൽ കയറിയില്ലെന്ന് മാത്രമല്ല, പിന്നെയും പിന്നെയും വന്ന ബസുകളിലും കയറാൻ കൂട്ടാക്കാതെ, വഴിവക്കിലിരുന്ന്, കാഴ്ചകൾ കണ്ടും രസിച്ചും ചെറിയ കുന്നായ്മകളും പരദൂഷണങ്ങളും പറഞ്ഞും സമയം കളയുകയായിരുന്നു അവർ. ഈ പരീക്ഷക്കാലത്ത് ഇത്തരത്തിലെ വെറും വർത്തമാനങ്ങൾക്ക് സമയം കളയരുത് ഒരാളും.
ഒരു വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം അതിരാവിലെ എഴുന്നേൽക്കുക എന്നത് ഏറെ പ്രധാനമാണ്. പഠനാവധി കാലത്ത് വിശേഷിച്ചും. അതിരാവിലെ എഴുന്നേറ്റ് പ്രാർഥനയും പ്രഭാതകൃത്യങ്ങളും വ്യായാമവുമെല്ലാം നിർവഹിച്ച് തെളിഞ്ഞ മനസ്സോടെ വായനയിലേക്ക് കടക്കുക. ഒരുപാട് സമയം രാവിലെ ലഭിക്കും. ശാന്തസുന്ദരമായ പ്രഭാതത്തിൽ ചെയ്യുന്ന കാര്യങ്ങളുടെ തെളിമ മറ്റൊരു സമയത്തിനും ലഭിക്കില്ല എന്നത് പല വിജയികളുടെയും അനുഭവസാക്ഷ്യമാണ്.
തുടർച്ചയായി രണ്ടോ മൂന്നോ മണിക്കൂറിലധികം ഒരു കാര്യത്തിൽ താൽപര്യവും ജിജ്ഞാസയും നിലനിർത്താൻ ഒരു മനുഷ്യന് സാധിക്കില്ല എന്നാണ് പഠനങ്ങൾ പറയുന്നത്. അത് വിദ്യാർഥികൾക്കും ബാധകമാണല്ലോ. അതിനാൽ പഠനത്തിനിടയിലുള്ള ഇടവേളകളിൽ എന്തെങ്കിലും വിനോദങ്ങളിൽ ഏർപ്പെടുക, ഒരൽപം നടക്കുക, അല്ലെങ്കിൽ വീട്ടുകാരോട് സംസാരിക്കുക, പാട്ട് കേൾക്കുക... അങ്ങനെ തുടങ്ങി നമുക്ക് ഇഷ്ടമുള്ള കാര്യങ്ങളിൽ ഒരൽപനേരം വ്യാപൃതരാകാവുന്നതാണ്. വീണ്ടും വായനയിലേക്ക് കടന്ന് ഏതാനും മണിക്കൂറുകൾ കഴിഞ്ഞാൽ ഊണിന് സമയമായി. ശേഷം ഒരൽപം മയക്കം വേണമെന്ന് ചിന്തിക്കുന്നവരുണ്ട്. ഉറങ്ങിയാലും ഇല്ലെങ്കിലും ഒരൽപ നേരം വിശ്രമം ആകാവുന്നതാണ്. പിന്നീടുള്ള സമയം ആ ദിവസം വായിച്ച ഭാഗങ്ങളിലൂടെ ഒന്നുകൂടി കണ്ണോടിക്കാൻ ഉപയോഗപ്പെടുത്തുക.
സായാഹ്നവേളയിൽ പഠനം വേണ്ട എന്ന് വെക്കുക. കായിക വിനോദങ്ങൾക്കും വ്യായാമങ്ങൾക്കും സമയം കണ്ടെത്തണം. ശരീരം സുസ്ഥിതി പ്രാപിച്ചാലേ മനസ്സും പൂർണതയുള്ളതാകൂ. ഓഫിസുകളിൽ ഇത്തരം കായിക വിനോദങ്ങൾക്ക് അവസരം ഇല്ലാത്തതിന്‍റെ പ്രശ്നങ്ങൾ ഞങ്ങൾ ഉദ്യോഗസ്ഥന്മാരിൽ ഉണ്ടാവാറുണ്ട്. അതുകൊണ്ടാണ് ചില ഓഫിസുകളിൽ ജിമ്മുകളും മറ്റും സജ്ജമാക്കിയത്. ദൗർഭാഗ്യവശാൽ എനിക്ക് അത് ഉപയോഗപ്പെടുത്താനും സാധിക്കുന്നില്ല.
കായിക വിനോദങ്ങൾക്കുശേഷം കുളിയും കഴിഞ്ഞ് പ്രാർഥനക്കുശേഷം രാത്രിഭക്ഷണം വരെയുള്ള സമയം, ഏറെ ഗുണകരമായ വേളയാണ്. ഒരു നിമിഷവും പാഴാക്കാതെ ഈ സമയം ഉപയോഗപ്പെടുത്തുക. ഭക്ഷണശേഷമുള്ള സമയം, ആ ദിവസത്തെ പഠനത്തെ കൂട്ടിയോജിപ്പിക്കാനുള്ള അവസരമാണ്. ആ ദിവസം പഠിച്ചവയെല്ലാം ഒന്ന് ഓർത്തെടുക്കാൻ ശ്രമിക്കുക. മനസ്സിൽ വരാത്തവ ഏതൊക്കെയെന്ന് കണ്ടെത്തി പരിഹരിച്ചുവേണം ആ പ്രക്രിയ അവസാനിപ്പിക്കാൻ. അധികം വൈകാതെ ഉറങ്ങാൻ ശ്രമിക്കുക. ശാന്തമായ മനസ്സോടെ ശയനവിരിപ്പിലേക്ക് പ്രവേശിക്കുക.
ഇതൊരു നിയതമായ തത്ത്വമൊന്നുമല്ല. പരീക്ഷിക്കാൻ എളുപ്പമായ ഒരു വഴിയെന്നു മാത്രം. പകൽ മുഴുവൻ ഉറങ്ങി, രാത്രി മാത്രം പഠിച്ച് പരീക്ഷയെഴുതി ഉന്നത വിജയം നേടിയവരുമുണ്ട് എന്‍റെ പരിചയത്തിൽ. അങ്ങനെ സിവിൽ സർവിസും സ്വന്തമാക്കി കേരളത്തിന്‍റെ ചീഫ് സെക്രട്ടറിയായ ശേഷം സാംസ്കാരിക രംഗത്ത് തിളക്കത്തോടെ തുടരുകയും ചെയ്യുന്ന വ്യക്തിത്വങ്ങളെ ഓർത്താണ് ഞാനിത് പയുന്നത്.
പുതുമയാർന്ന മനസ്സോടെ ഉണരാൻ ശ്രമിക്കുക. കഴിവതും ക്ഷുദ്രചിന്തകളിൽനിന്നും നെഗറ്റിവ് വർത്തമാനങ്ങളിൽനിന്നും മാറിനിൽക്കാൻ ശ്രമിക്കുക, പരീക്ഷക്കാലത്ത് വിശേഷിച്ചും. മാർച്ച് മാസത്തെ പരീക്ഷയിൽ അവസാനിക്കേണ്ടതല്ല ഈ ചിട്ടകൾ. വർഷങ്ങൾ കഴിഞ്ഞ് നമ്മെ ഏറ്റവും മികച്ച അവസ്ഥയിൽ എത്തിക്കാൻ സമയം ശാസ്ത്രീയമായി ക്രമീകരിക്കുന്ന ഈ രീതി ഉപകരിക്കും. ഉന്നത വിജയം നേടിയ ഒരുപാടു പേരെ നമുക്ക് ചുറ്റും കാണാൻ കഴിയും.
അവരെ നിരീക്ഷിച്ചാൽ പൊതുവായി കാണുന്ന ഒരു കാര്യം, പ്രഭാതങ്ങളെ ആ ദിവസത്തേക്കുള്ള തയാറെടുപ്പിനായി അവർ ഫലപ്രദമായി വിനിയോഗിക്കുന്നു എന്നതാണ്. അന്നന്ന് ചെയ്തുതീർക്കേണ്ട കാര്യങ്ങളെ കുറിച്ചും അതിന്‍റെ സമയക്രമത്തെ കുറിച്ചും കൃത്യമായ കുറിപ്പുകൾ അവർ തയാറാക്കും. സന്തുലിതമായ, ആസൂത്രണത്തോടെയുള്ള ഒരു ജീവിതക്രമം രൂപപ്പെടുത്തിയെടുക്കുക എന്നത് വിജയത്തിന്‍റെ മുന്നുപാധിയാണ് എന്നാണ് പറഞ്ഞുവന്നതിന്‍റെ ചുരുക്കം.
ലോകപ്രശസ്ത യൂറോപ്യൻ സംഗീതജ്ഞൻ മൊസാർട്ടിന്‍റെ വാക്കുകൾ ഇങ്ങനെ: നിരവധി കാര്യങ്ങൾ എളുപ്പം ചെയ്തുതീർക്കാനുള്ള വഴി എന്തെന്നാൽ ഒരു സമയം ഒരു കാര്യം മാത്രം ചെയ്യുക എന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.