മഹാമാരിക്കിടയിലും വളർന്നുപടരുന്ന സമ്പന്നവർഗം
text_fieldsകോവിഡ്-19 മഹാമാരി ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തളർത്തിയെന്നു മാത്രമല്ല, ചെറുകിട സംരംഭകരെയും താഴ്ന്ന വരുമാനക്കാരെയും തകർത്തെറിഞ്ഞെന്നുതന്നെ പറയേണ്ടി വരും. എന്നാൽ, ഇന്ത്യ വളരുകയാണെന്നും സമ്പദ് വ്യവസ്ഥ കരുത്താർജിക്കുകയാണെന്നും അവകാശവാദം മുഴങ്ങുന്നുണ്ട് ചില കോണുകളിൽനിന്ന്. ഉത്തർപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, കർണാടക തുടങ്ങിയ സംസ്ഥാന നിയമസഭകളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ ഈ വാദം ഇനിയും ശക്തിപ്പെടും.
കേന്ദ്രസർക്കാറിന്‍റെ വാറോലകളും മെഗാഫോണുകളുമായി മാറിയ മടിത്തട്ട് മാധ്യമങ്ങൾ അതു കൂടുതൽ പൊലിമയോടെ പ്രചരിപ്പിക്കും. ഈ അവകാശവാദത്തിൽ ഒരു അർധസത്യം ഇല്ലാതില്ല. കോവിഡ് തകർത്തെറിഞ്ഞ ഒന്നര വർഷക്കാലത്തിനിടയിൽ ഇന്ത്യയിൽ ഒരു വിഭാഗം തഴച്ചുവളർന്നിട്ടുണ്ട്- ബില്യനയർമാരായ ബിസിനസ് പ്രമോട്ടർമാരും മൂലധന നിക്ഷേപകരും. ഒരു ബില്യൻ ഡോളർ-7,500 കോടി രൂപയോളം ആസ്തികളുണ്ടായിരുന്നവരുടെ എണ്ണം വർധിച്ചത് 85-ൽനിന്ന് 126 ലേക്കായിരുന്നു. ഇവരുടെ മൊത്തം ആസ്തി മൂല്യം 483 ബില്യൻ ഡോളറിൽനിന്ന് 728 ബില്യൺ ഡോളറിലെത്തി. രൂപ നിരക്കിൽ നോക്കിയാൽ 35.3 ട്രില്യൻ രൂപയിൽനിന്ന് 54.6 ട്രില്യൻ രൂപയിലേക്ക് വർധിച്ചു.
'ബിസിനസ് സ്റ്റാൻഡേർഡ്' ദിനപത്രം തയാറാക്കിയ ലിസ്റ്റനുസരിച്ച് 126 ബില്യനയർ പ്രമോട്ടർമാരുടെ മൊത്തം ആസ്തി 2022ൽ ഇന്ത്യ പ്രതീക്ഷിക്കുന്ന ജി.ഡി.പിയുടെ നാലിലൊന്ന് ഭാഗമായിരിക്കുമത്രെ. അതായത്, ഉദ്ദേശം 2,947 ബില്യൺ ഡോളർ. മുൻകാല ലിസ്റ്റിൽ ഉൾെപ്പട്ടിരുന്ന മുകേഷ് അംബാനി, ഗൗതം അദാനി, അസിം പ്രേംജി, രാധാ കിഷൻ ദമാനി, ശിവ്നാടാർ എന്നിവർക്കുപുറമെ, പുതുതായി ഫൽഗുനി നായർ, അഭിഷേക് ലോധ, സഞ്ജയ്കപൂർ, അശോക് ബൂബ്, രാജീവ് ദേവൻ എന്നിവരുമുണ്ട്. പുതുതായി കടന്നുവന്ന നവതലമുറ പ്രമോട്ടർമാർ സമ്പത്ത് സ്വരൂപിച്ചത് സ്റ്റോക്ക് മാർക്കറ്റ് ഇടപാടുകളിൽ കന്നിക്കാരെന്ന നിലയിലായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇക്കൂട്ടത്തിൽ നിരീക്ഷകർ പ്രത്യേകം എടുത്തുപറയുന്ന പേര് ഇ-കോമേഴ്സ് വെൻച്വേഴ്സ് എന്ന ഫ്ലാഗ്ഷിപ് കമ്പനി പ്രമോട്ടർ ഫൽഗുനി നായരുടേതാണ്. എഫ്.എസ്.എൻ ഇ- കോമേഴ്സ് (nykaa.com) എന്ന സ്ഥാപനത്തെ നയിക്കുന്ന അവർ ഏഴ് ബില്യൻ ഡോളർ വരുമാനത്തോ
ടെ അതിസമ്പന്ന പട്ടികയിൽ 23-ാം സ്ഥാനത്തെത്തി. ഫൽഗുനി നായരെ പോലെതന്നെ പുതുതലമുറ പ്രമോട്ടർമാരിൽ മാക്രോടെക് ഡെവലപേഴ്സിന്റെ അഭിഷേക് ലോധക്കുള്ളത് 6.73 ബില്യൻ ഡോളർ ആസ്തി മൂല്യമാണെങ്കിൽ, സോനാ ബി.എൻ.ഡബ്ല്യു പെർസിഷൻ എന്ന സംരംഭത്തിന്‍റെ മേധാവി സഞ്ജയ് കപൂറിന് 3.66 ബില്യൻ ഡോളറും ക്ലീൻ സയൻസ് ആൻഡ് ടെക്നോളജി പ്രമോട്ടർ അശോക് ബൂബിന് 3.66 ബില്യൺ ഡോളറും ട്രിഡന്‍റ് ഉടമ രാജീവ് ദിവാന് 2.64 ബില്യൻ ഡോളറുമാണ്. ഇവർക്ക് തൊട്ടുപിന്നിലായി ജി.ആർ ഇൻഫ്രാ പ്രോജക്ടിന്റെ ജി.ആർ. അഗർവാൾ (ആസ്തിമൂല്യം 1.92 ബില്യൻ ഡോളർ) നുവകൊ വിസ്റ്റാസിന്‍റെ ഹിരൻ പട്ടേൽ (1.3 ബില്യൻ ഡോളർ), രാകേഷ് ജുൻജുൻവാല (1.67 ബില്യൻ ഡോളർ) തുടങ്ങിയവരുമുണ്ട്.
പരമ്പരാഗതമായ ബില്യനയർമാരുടെ ലിസ്റ്റിൽ ഇടം കണ്ടെത്തിയവരുടെ വിഭാഗത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ മുകേഷ് അംബാനിതന്നെയാണ് ഒന്നാമൻ. അദ്ദേഹത്തിന്‍റെ ആസ്തിമൂല്യം സർവകാല റെക്കോഡായ 104 ബില്യൻ ഡോളറിൽ എത്തിയിരിക്കുന്നു.
ഈ വേളയിൽ മോദിയുടെ പ്രിയതോഴനായ ഗൗതം അദാനിയുടേതും ഒട്ടും മോശമായ തോതിലുള്ള വളർച്ചയൊന്നുമായിരുന്നില്ല. അദാനികുടുംബമായിരുന്നു, ഡോളർ നിരക്കിൽ പരിശോധിച്ചാൽ, ഏറ്റവുമധികം സാമ്പത്തിക നേട്ടം ഇക്കാലളവിൽ കൊയ്തെടുത്തത്. ഡിസംബർ 2020നും ഡിസംബർ 2021നും ഇടക്ക് ഈ നേട്ടം ഇരട്ടിയോളമാണ് ഉയർന്നത്. അതായത്, വർധന 82.43 ബില്യൻ ഡോളർ, ഈ വിധത്തിൽതുടർച്ചയായി നേട്ടം കൈവരിച്ചത്, അദാനി ഗ്രൂപ് കമ്പനികളായ അദാനി ടോട്ടൽ ഗ്യാസ്- പ്രതിവർഷം 266 ശതമാനം, അദാനി ട്രാസ്മിഷൻ -315 ശതമാനം, അദാനി എന്‍റർപ്രൈസസ് -250 ശതമാനം, അദാനി പവർ -99.6 ശമാനം എന്നീ തോതിലായിരുന്നു. ഡിസംബർ 2020 നും ഡിസംബർ 2021 നും ഇടക്ക് അദാനി ഗ്രൂപ്പിന്‍റെ മൊത്തിലുള്ള വിപണി മൂലധനവത്കരണതോത് 133 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. അതായത്, 4.24 ട്രില്യൻ രൂപയിൽനിന്ന് 9.87 ട്രില്യൻ രൂപയിലേക്ക്. ഇവയിലെല്ലാമായി അദാനി കുടുംബത്തിന്‍റെ മാത്രം ഓഹരി ഉടമസ്ഥത ശരാശരി പ്രതിവർഷം 52.6 ശതമാനമാണെന്ന് കാണുന്നു. ഇതിന്‍റെ അർഥമെന്തെന്നോ? ഇന്ത്യയിൽ കുടുംബാധിപത്യവും ഉടമാവകാശവുമുള്ള ബിസിനസ് ഗ്രൂപ്പുകളെടുത്താൽ അദാനി കുടുംബമാണ് ഒന്നാം സ്ഥാനത്തുള്ളതെന്നാണ്.
അംബാനി-അദാനിമാർക്കുശേഷം കോവിഡ്-19ന്‍റെ കടന്നാക്രമണത്തിന്റേതടക്കമുള്ള കാലയളവിൽ വമ്പിച്ച നേട്ടം കൈവരിച്ചവരിൽ ടെക്നോളജി മേഖല സംരംഭക സ്ഥാപകരായ വിപ്രൊ ഗ്രൂപ്പിന്‍റെ അസിം പ്രേംജി, എച്ച്.സി.എൽ ടെക് ഉടമയായ ശിവ നാടാർ, ഇൻഫോസിസ് ഉടമകൾ എന്നിവർ ഉൾപ്പെടുന്നു. ഐ.ടി ഓഹരികളുടെ വിപണി മൂല്യത്തിൽ ഈ കാലയളവിൽ ഒരുകുതിച്ചുകയറ്റം തന്നെയാണുണ്ടായത്. ഇവർക്കെല്ലാം പുറമെ, ആവശ്യം സൂപ്പർമാർക്കറ്റ് ഉടമ ആർ.കെ. ദവാനി പ്രമോട്ടർമാരിൽ നാലാമത്തെ ഏറ്റവും വമ്പൻ ധനാഢ്യനായി, 30.1 ബില്യൻ ഡോളറോടെ നിലകൊള്ളുന്നുണ്ട്. ഒരു വർഷം മുമ്പാണെങ്കിൽ ഇതു വെറും 18.4 ബില്യൻ ഡോളറായിരുന്നു. തൊട്ടുപിന്നിൽ 51 ശതമാനം കുടുംബസ്വത്ത് വരുമാന വർധനയിലൂടെ ബജാജ് ഗ്രൂപ്പിലെ രാഹുൽ ബജാജ് ഉണ്ട്. ഈ ഗ്രൂപ്പിൽ ഒരു വർഷക്കാലത്തിനിടയിലെ ആസ്തി വർധനയാണെങ്കിൽ, 9.5 ബില്യൻ ഡോളറിൽനിന്ന് 14.4 ബില്യൻ ഡോളറിലേക്കായിരുന്നു.
ഇതിനെല്ലാം ഉപരിയായി ഇന്ത്യയുടെ ലോഹ-ഖനന മേഖല കുത്തകകളുടെ വളർച്ചയും നിസ്സാരമായി കാണരുത്. ഈ കൂട്ടത്തിൽ ഒന്നാം സ്ഥാനക്കാരൻ ജെ.എസ് ഡബ്ല്യു ഗ്രൂപ്പിന്‍റെ സജ്ജൻ ജിൻഡാലും -104 ശതമാനം പ്രതിവർഷ ആസ്തി വർധന, വേദാന്തയുടെ അനിൽ അഗർവാളും-135 ശതമാനം ആസ്തി വർധന, ജിൻസാൽ സ്റ്റീൽ ആൻഡ് പവറിന്‍റെ നവീൻ ജിൻഡലും -41 ശതമാനം ആസ്തി വർധനയിലൂടെ നിലവിൽ സമ്പന്നരുടെയും അതിസമ്പന്നരുടെയും കൂട്ടത്തിൽ തുടരുകയാണ്.
കോവിഡിന്‍റെ രണ്ടു തരംഗങ്ങൾക്കിടയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളും ഇന്ത്യൻ ജനത ആകെതന്നെയും വിശേഷിച്ച് ദരിദ്ര ജനവിഭാഗങ്ങളും കടുത്ത ദാരിദ്ര്യത്തിലും പരാധീനതകളിലും കഴിഞ്ഞുകൂടുമ്പോഴും അതിസമ്പന്നരുടെ എണ്ണം ഉയരുകയാണുണ്ടായത്. ഭരണകൂടത്തിന്‍റെ സർവവിധ ആശീർവാദങ്ങളും സൗജന്യങ്ങളുമെല്ലാം കൂട്ടിനുള്ളതിനാൽ ഈ വിഭാഗത്തെ ഒമിക്രോെണന്നല്ല, ഒരു വകഭേദത്തിന്‍റെ വരവും ഒരു തരത്തിലും പ്രതികൂലമായി ബാധിക്കുകയില്ലെന്നുവേണം അനുമാനിക്കാൻ.
സാമ്പത്തിക ശാസ്ത്രജ്ഞനും ആക്ടിവിസ്റ്റുമാണ്
എറണാകുളം മഹാരാജാസ് കോളജ് മുൻ
പ്രിൻസിപ്പൽ ആയ ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.