ഗസ്സയും നൈതികതയില്ലാത്ത പാശ്ചാത്യ മാധ്യമങ്ങളും
text_fieldsഒരു നിയമ പ്രഫസർ എന്നനിലയിൽ പഠിപ്പിക്കാൻ എനിക്കേറ്റവുമിഷ്ടം നിയമ വിശകലനമാണ്. എങ്ങനെ ചിന്തിക്കണം, എഴുതണം, വാദിക്കണം എന്ന് വിദ്യാർഥികൾക്ക് പറഞ്ഞുകൊടുക്കുന്ന ഈ കോഴ്സ് നിയമപഠനത്തിലും അഭിഭാഷക വൃത്തിയിലും വിജയിക്കുന്നതിന് ആവശ്യമായ ചില അടിസ്ഥാന അടിത്തറ സൃഷ്ടിച്ചുനൽകുന്നു. ആദ്യ സെമസ്റ്ററിൽ ഞങ്ങൾ വസ്തുനിഷ്ഠ വിശകലനത്തിലേക്കും എഴുത്തിലേക്കും ആഴ്ന്നിറങ്ങുന്നു. പ്രശ്നങ്ങളെ പക്ഷപാതരഹിതമായ രീതിയിൽ വിശകലനം ചെയ്തുകൊണ്ടായിരിക്കുമിത്.
മാധ്യമങ്ങൾ എപ്രകാരമായിരിക്കണമെന്നും ആ കാലഘട്ടത്തിൽ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നു. വിഷയങ്ങളെ വസ്തുനിഷ്ഠമായി സമീപിക്കുക, തീരുമാന രൂപവത്കരണത്തിനാകുംവിധം ജനങ്ങളെ ബോധവത്കരിക്കുക, സ്വാതന്ത്ര്യം, നീതി, മാനുഷിക അന്തസ്സ് എന്നിവയുടെ ജനാധിപത്യ തത്ത്വങ്ങൾ അധികാരിസമൂഹം എല്ലാവർക്കുമായി ഉയർത്തിപ്പിടിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതൊക്കെയാണ് മാധ്യമങ്ങളുടെ പ്രധാന കർത്തവ്യമെന്നാണ് നാം പ്രതീക്ഷിക്കുന്നത്.
ഗസ്സക്കുനേരെ ഇസ്രായേൽ നടത്തുന്ന യുദ്ധത്തെയും മറ്റു പല വിഷയങ്ങളെയും സംബന്ധിച്ച വസ്തുനിഷ്ഠ അപഗ്രഥനത്തിൽ പാശ്ചാത്യ മാധ്യമങ്ങൾക്ക് പലപ്പോഴും ശരാശരി മാർക്കാണ് ലഭിക്കാറ്, സത്യത്തിൽ പലരും തോൽക്കുകയും ചെയ്യും. അതേസമയം അനുനയസ്വരത്തിലുള്ള എഴുത്തിലും യു.എസ്-ഇസ്രായേലി നിലപാടുകൾക്കുവേണ്ടി നടത്തുന്ന വാദത്തിലും മിക്ക മുഖ്യധാര പാശ്ചാത്യ മാധ്യമ ഏജൻസികളും എ പ്ലസ് മാർക്ക് നേടുകയും ചെയ്യും. പലർക്കും ഇതൊരു പുതുമയുള്ള സംഗതിയായിത്തോന്നണമെന്നില്ല.
‘ഇസ്ലാമിക ഭീഷണി’
Manufacturing Consent: The Political Economy of the Mass Media and The Political Economy of Human Rights എന്ന മാസ്റ്റർപീസ് രചനയിൽ നോം ചോംസ്കിയും എഡ്വേഡ് എസ്. ഹെർമനും വ്യക്തമാക്കുന്നത്, അധികാരത്തിലുള്ളവരുടെ താൽപര്യങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള, അനുനയ രീതിയിലും സ്വയം സെൻസർഷിപ്പിലുമധിഷ്ഠിതമായി വർത്തിക്കുന്ന ഫലപ്രദമായ പ്രത്യയശാസ്ത്ര സ്ഥാപനങ്ങളാണ് അമേരിക്കൻ മാധ്യമങ്ങൾ എന്നാണ്. അമേരിക്കക്ക് സാമ്പത്തിക-രാഷ്ട്രീയ താൽപര്യങ്ങളുള്ള വിഷയങ്ങളിൽ ഇത് പ്രത്യേകം പ്രകടമാണെന്നും മാധ്യമങ്ങൾ പലപ്പോഴും ഭരണകൂടത്തിന് പ്രചാരവേല ചെയ്യുന്ന ഏജൻസികളായാണ് പ്രവർത്തിക്കുന്നതെന്നും അവർ തറപ്പിച്ചുപറയുന്നു.
ജനങ്ങളുടെ ചിന്താരൂപവത്കരണത്തിന് കെൽപുള്ളതാകയാൽ പാശ്ചാത്യ മാധ്യമങ്ങളെ നിയന്ത്രിക്കുന്നവർ എത്രമാത്രം ശക്തരും അപകടകാരികളുമാണെന്ന് കവറിങ് ഇസ്ലാം എന്ന രചനയിൽ ഫലസ്തീനിയൻ പണ്ഡിതൻ എഡ്വേഡ് സൈദ് ചൂണ്ടിക്കാട്ടുന്നുണ്ട്.
‘ശല്യക്കാരായ പച്ചകളും’, ‘ഇസ്ലാമിക ഭീഷണിയും’ശീതയുദ്ധാനന്തര കാലഘട്ടത്തിന്റെ, കൂടുതൽ കൃത്യമായി പറഞ്ഞാൽ, വരാനിരിക്കുന്ന ദശാബ്ദങ്ങളുടെ മുഖ്യവിഷയങ്ങളായി. സെയ്ദിന്റെ ഓറിയന്റലിസവും 1980കളുടെ അവസാനത്തിൽ ഒരു വിദ്യാർഥി പ്രവർത്തകനെന്ന നിലയിൽ കവറിങ് ഇസ്ലാമും വായിച്ചത് എനിക്ക് ഉൾക്കാഴ്ച പകരുകയും മാധ്യമങ്ങളെക്കുറിച്ച് പഠിക്കുന്നതിലേക്കും ഇടപഴകുന്നതിലേക്കും വഴികാണിക്കുകയും ചെയ്തു.
9/11ന്റെ പശ്ചാത്തലത്തിൽ ഒരു അഭിഭാഷകൻ എന്നനിലയിൽ ഈ പുസ്തകത്തിന്റെ പ്രമേയം എനിക്കുള്ളിൽ വീണ്ടും ജീവൻവെച്ചു. പക്ഷേ ഇക്കുറി വിദേശ മുസ്ലിംകൾക്കപ്പുറത്തേക്ക് പോകാനും എന്നെപ്പോലുള്ള ആളുകളെയും പാശ്ചാത്യ മുസ്ലിംകളെയും ഉൾപ്പെടുത്താനും കഴിയുന്ന രീതിയിൽ യുഗചേതന വിപുലമായി. പാശ്ചാത്യ ദൃഷ്ടി പ്രകാരം, ‘നമ്മുടെ’ഇടയിൽ ജീവിക്കുന്നവരും ‘അവരും’‘ശത്രുവും’ആയിത്തീർന്നു.
ഒക്ടോബർ ഏഴിനുശേഷം ഈ അപമാനവവത്കരണം സകല അതിരും കടന്നിരിക്കുന്നു. ഇസ്രായേലുകാർ ‘കൊല്ലപ്പെടു’മ്പോൾ ഫലസ്തീനികൾ ‘മരിക്കുക’യാണ്. ഇസ്രായേലി ചെറുപ്പക്കാരെ കുട്ടികൾ അല്ലെങ്കിൽ ബന്ദികൾ എന്ന് വിശേഷിപ്പിക്കുന്നവർ ഫലസ്തീനി കുഞ്ഞുങ്ങളെ ‘പ്രായപൂർത്തിയാകാത്തവരോ’‘തടവുകാരോ’ആക്കുന്നു. ബോംബുകൾ ആകാശത്തുനിന്ന് വീഴുകയും നാശനഷ്ടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു, പക്ഷേ ആരാണ് ബോംബിടുന്നതെന്ന് നമുക്കറിയില്ല, കൊല്ലപ്പെടുന്ന ആയിരക്കണക്കിന് കുട്ടികളോട് സഹാനുഭൂതി കാണിക്കുന്നില്ല, കാരണം-തീർച്ചയായും-നമുക്ക് നമ്പറുകളെ വിശ്വസിക്കാൻ കഴിയില്ല, അവർ ‘നമ്മളെ’പ്പോലെയല്ലല്ലോ.
ഫലത്തിൽ എല്ലാ പ്രധാന പാശ്ചാത്യ മാധ്യമങ്ങളും മനഃപൂർവമോ അശ്രദ്ധമായോ വിദ്വേഷം പരത്തുകയും വംശഹത്യക്ക് പ്രേരണനൽകുകയും മനുഷ്യത്വരഹിതമായ വിവരണങ്ങൾ നൽകുകയും യുദ്ധക്കുറ്റങ്ങൾക്ക് ന്യായീകരണം ചമക്കുകയും ചെയ്യുന്നു. ഇസ്രായേലി ആഖ്യാനവും വ്യാജവിവരങ്ങളും പ്രചരിപ്പിക്കുകയും ചെയ്യുന്നു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.