Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകൊല്ലം...

കൊല്ലം ‘കഴിഞ്ഞെത്തുന്ന’ സി.പി.എമ്മിനെ കാത്തിരിക്കുന്നത്...

text_fields
bookmark_border
CPM kerala
cancel

‘പിണറായി ഷോ’ ആയി മാറിയ സി.പി.എം കൊല്ലം സംസ്ഥാന സമ്മേളനം സംസ്ഥാന രാഷ്ട്രീയത്തിൽ എന്ത് പ്രതിഫലനമാകും ഉണ്ടാക്കാൻ പോകുന്നത്? ഈ വർഷം അവസാനം നടക്കാനിരിക്കുന്ന തദ്ദേശവോട്ടിനും 2026 മേയ് മാസത്തെ നിയമസഭ തെരഞ്ഞെടുപ്പിലേക്കുമുള്ള സി.പി.എമ്മിന്റെ അജണ്ട കൊല്ലത്ത് ‘സെറ്റ്’ ചെയ്തു കഴിഞ്ഞു. മൂന്നാം പിണറായി സർക്കാർ എന്ന വലിയ സ്വപ്നം കേരള ജനതയുടെ മനസ്സിൽ തറക്കുംവിധം സമർഥമായി അവതരിപ്പിക്കാൻ സി.പി.എമ്മിന് സാധിച്ചുവെന്നതിൽ സംശയമില്ല.

വെറുമൊരു പ്രതീക്ഷ എന്നല്ല, മറിച്ച് ഉറപ്പായും നടക്കാൻ പോകുന്ന ഒരു കാര്യം എന്ന നിലയിലാണ് മൂന്നാം തുടർഭരണത്തെക്കുറിച്ച് സി.പി.എം നേതാക്കൾ കൊല്ലം സമ്മേളനത്തിൽ സംസാരിച്ചത്. അത് യാഥാർഥ്യവുമായി എത്രത്തോളം ചേർന്നുപോകുന്നു എന്നത് പരിശോധിക്കപ്പെടേണ്ട കാര്യമാണ്. ഭരണത്തുടർച്ച എന്ന അവകാശവാദം സി.പി.എമ്മിനും ഇടതുമുന്നണക്കും നൽകുന്ന ഊർജം ചെറുതല്ല. സി.പി.എം മുന്നോട്ടുവെക്കുന്ന 'നവ കേരള നിർമിതിക്കുള്ള പുതുവഴികൾ’ ഇതിനകം വലിയ വാർത്താപ്രാധാന്യം നേടിക്കഴിഞ്ഞു. പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം, സർക്കാർ സേവനങ്ങൾക്ക് ആളുകളുടെ വരുമാനത്തിന് അനുസരിച്ച് വ്യത്യസ്ത നിരക്കിൽ ഫീസ് / സെസ് ഈടാക്കുക, വിദേശ നിക്ഷേപം ഉൾപ്പെടെ മൂലധനശക്തികൾക്ക് വാതിൽ തുറന്നിടുന്ന സമീപനം എന്നിങ്ങനെ പുതുവഴി രേഖ മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ ഇടതുനയമാണോ എന്ന ചോദ്യങ്ങൾക്ക് സി.പി.എം നേർക്കുനേർ മറുപടി നൽകുന്നില്ല. പുതുവഴി നിർദേശങ്ങൾ ജനങ്ങൾക്ക് ഭാരമാകാതെ നടപ്പാക്കും എന്നാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറി വിശദീകരിച്ചത്.

അതായത്, ഇടതുനയ വ്യതിയാനമെന്ന ആരോപണം പാർട്ടി പരിഗണിക്കുന്നില്ല. മാത്രമല്ല, നവ ഉദാരവത്കരണ നയങ്ങളിലേക്കുള്ള പാർട്ടിയുടെ ചുവടുമാറ്റം നിഷേധിക്കുന്നുമില്ല. അടിസ്ഥാന തൊഴിലാളി വിഭാഗത്തെ കൂടെ നിർത്തുമ്പോൾതന്നെ മധ്യവർഗവിഭാഗങ്ങളെകൂടി ചേർത്തുനിർത്താൻ പാർട്ടി ആഗ്രഹിക്കുന്നുവെന്ന് ചുരുക്കം. ഒരൊറ്റ ‘സിറ്റി’ എന്ന് വിളിക്കാവുന്ന വിധം നഗരവത്കരണം നടന്നുകഴിഞ്ഞ കേരളത്തിൽ മലയാളികൾ ഒരു മധ്യവർഗ സമൂഹമായി മാറുകയാണ് എന്നാണ് സി.പി.എം വിലയിരുത്തുന്നത്. ആ മധ്യവർഗ സമൂഹത്തിന്റെ ആശയും അഭിലാഷങ്ങളുമാണ് പിണറായി വിജയന്റെ പുതുവഴി രേഖ കൈകാര്യം ചെയ്യുന്നത്.

ആ രേഖ മുന്നിൽവെച്ചുള്ളതാവും സി.പി.എമ്മിന്റെ ഇനിയുള്ള കാമ്പയിൻ. നയവ്യതിയാനത്തിന്റെ പേരിൽ പഴികേട്ടാലും പാർട്ടിക്ക് കാര്യമായ സ്വാധീനമില്ലാത്ത മധ്യവർഗത്തിന്റെ വോട്ട് തങ്ങളുടെ പെട്ടിയിലെത്തിക്കുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്. സർക്കാറും പാർട്ടിയും പിണറായി വിജയന്റെ കൈപ്പിടിയിലെന്ന് ആവർത്തിച്ചുറപ്പിച്ചും സി.പി.എമ്മിനെ തുടർന്നും നയിക്കുക പിണറായി വിജയൻതന്നെയെന്ന് വിളംബരം ചെയ്തുമാണ് കൊല്ലം സമ്മേളനം സമാപിച്ചത്. ഇത് പാർട്ടിക്ക് പുറത്തുനിന്ന് നോക്കുന്നവർക്ക് ഏകാധിപത്യത്തിന്റെ ഗുരുതര പ്രശ്നമായി വിലയിരുത്താം. സി.പി.എമ്മിനെ സംബന്ധിച്ച് അങ്ങനെയല്ല. പാർട്ടിയുടെ ‘പ്ലസ് പോയൻറ്’ ആയാണ് നേതൃത്വം അത് കണക്കാക്കുന്നത്.

സംസ്ഥാന രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ ബ്രാൻഡ് മൂല്യമുള്ള നേതാവ് ആരെന്ന ചോദ്യത്തിന് ഉത്തരം പിണറായി വിജയൻ എന്നതാണ്. ക്യാപ്റ്റൻ, കപ്പിത്താൻ വാഴ്ത്തുപാട്ടുകളിലൂടെ അത് മലയാളി മനസ്സിൽ ഉറപ്പിച്ചെടുക്കാൻ സി.പി.എമ്മിന് കഴിഞ്ഞിട്ടുണ്ട്. അടിമുടി ‘പിണറായി ഷോ’ എന്ന് വിമർശിക്കപ്പെടുമ്പോഴും കൊല്ലം സമ്മേളനം നൽകുന്ന ഒരു സന്ദേശമുണ്ട്. പിണറായി എന്ന കരുത്തനായ നേതാവിന് കീഴിൽ പാർട്ടി ഒറ്റക്കെട്ടാണ്. കരുത്തനായ നേതാവിനെ കാണിച്ച് പുതുവഴി രേഖയിലെ നവകേരള സ്വപ്നങ്ങൾ മുന്നിൽവെച്ച് പാർട്ടി ഒറ്റക്കെട്ടായി വോട്ട് തേടിയാൽ അത് ‘ക്ലിക്ക്’ ആകാനുള്ള സാധ്യത കൂടുതലുണ്ട്.

ചുരുക്കത്തിൽ, ഇടതുനയ വ്യതിയാനം, പിണറായി ഷോ ആക്ഷേപങ്ങളെ സി.പി.എം ഭയക്കുന്നില്ല. കാരണം, അവ കൂടുതൽ ചർച്ച ചെയ്യപ്പെട്ടാൽ സി.പി.എമ്മിന് നഷ്ടമല്ല, മറിച്ച് തെരഞ്ഞെടുപ്പിൽ വോട്ടുനേട്ടമായി മാറാനുള്ള സാധ്യതയാണുള്ളതെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPM State ConferenceCPM
News Summary - What awaits the CPM after State Conference...
Next Story