ആ വിദ്യാർഥികൾ ഏതു സംസ്കാരമാണ് പഠിക്കേണ്ടത്?
text_fieldsആസ്ട്രേലിയയിലും അമേരിക്കയിലും ഇന്ത്യൻ വിദ്യാർഥികളിൽ ചിലർ വംശീയ അതിക്രമങ്ങൾക്കിരയായത് നിഷേധിക്കാനാവില്ലെങ്കിലും പ്രാണഭയമില്ലാതെയാണ് നമ്മുടെ മക്കൾ ലോകമൊട്ടുക്കുമുള്ള സർവകലാശാലകളിലേക്ക് പഠിക്കാൻ പോകുന്നത്
മതന്യൂനപക്ഷങ്ങൾക്ക് നേരെ കടുത്ത അസഹിഷ്ണുത പുലർത്തുന്ന വർഗീയ വലതുപക്ഷ ശക്തികളും ഭരണകൂടവും നിരന്തരമായി നടത്തുന്ന അതിക്രമങ്ങൾ ലോകത്തിനു മുന്നിൽ നമ്മുടെ രാജ്യത്തെ അപഹാസ്യമാക്കിക്കൊണ്ടിരിക്കുകയാണ്.
പശുവിന്റെ പേരിൽ ആളുകളെ തല്ലിക്കൊല്ലുന്നതും പ്രണയവിവാഹത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നതും പ്രാർഥനയോഗങ്ങളെ മതംമാറ്റം ആരോപിച്ച് അലങ്കോലപ്പെടുത്തുന്നതുമെല്ലാം ഏതാനും വർഷം മുമ്പ് പൊതുമനസ്സാക്ഷിയെ ഞെട്ടിച്ചിരുന്നുവെങ്കിൽ ഇപ്പോഴത് സാമാന്യവത്കരിക്കപ്പെട്ടിരിക്കുന്നു.
മത ആഘോഷവേളകളും ഘോഷയാത്രകളും മുൻകാലങ്ങളിൽ നാട്ടിലാകെ സന്തോഷമാണ് വിതറിയിരുന്നതെങ്കിൽ എവിടെയാണ് കലാപം പൊട്ടിപ്പുറപ്പെടുക, ആരുടെ കടകളും വാഹനങ്ങളുമാണ് തീവെക്കപ്പെടുക തുടങ്ങിയ ആശങ്കക്ക് വഴിമാറിയിരിക്കുന്നു ഇപ്പോൾ. അക്രമങ്ങളെല്ലാം നിസ്സഹായരായി ഏറ്റുവാങ്ങുന്നതിനു പുറമെ വീടുകൾ ബുൾഡോസർവെച്ച് തകർക്കപ്പെടുന്നതും കണ്ണീരോടെ കണ്ടുനിൽക്കണം ന്യൂനപക്ഷ സമുദായങ്ങൾ.
ഒരു പതിറ്റാണ്ടിനിടയിൽ വിവിധ സംസ്ഥാനങ്ങളിൽ നൂറുകണക്കിന് മസ്ജിദുകൾക്കും ക്രൈസ്തവ ദേവാലയങ്ങൾക്കുമെതിരെയാണ് കടന്നാക്രമണങ്ങൾ നടന്നത്. ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ ക്ഷേത്രം നിർമിച്ചതിനു പുറമെ കാശി, മഥുര പള്ളികളിന്മേലുള്ള അവകാശവാദവും സംഘ്പരിവാർ ശക്തിപ്പെടുത്തിയിരിക്കുന്നു. ഇപ്പോൾ താജ്മഹലിനുമേൽപോലും അവകാശവാദം ഉന്നയിക്കാൻ അവർക്ക് മടിയില്ല.
ഭൂമി കൈയേറി നിർമിച്ചത് എന്നാരോപിച്ചാണ് ഡൽഹി മെഹ്റോളിയിലെ ആറ് നൂറ്റാണ്ട് പഴക്കമുള്ള പള്ളി ഡൽഹി വികസന അതോറിറ്റി തകർത്തുകളഞ്ഞത്.
ഇത്തരം അതിക്രമങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭയും ഈ രംഗത്തുള്ള സാർവദേശിക സംഘടനകളുമെല്ലാം ശക്തമായ ഉത്കണ്ഠ രേഖപ്പെടുത്തിയിട്ടും അന്യായങ്ങൾക്ക് അറുതിവരുത്താൻ ഒരു ശ്രമവും ഭരണകൂടം സ്വീകരിച്ചില്ല, അണികളെ നിലക്കുനിർത്തി ദേശത്തിന്റെ സൽപേര് സംരക്ഷിക്കാൻ ദേശീയതമന്ത്രം ഉരുവിടുന്ന വർഗീയ വലതുപക്ഷ സംഘടനകളും ശ്രമിക്കുന്നില്ല.
കഴിഞ്ഞ ഏതാനും വർഷങ്ങളായി റമദാൻ വ്രതവേളയിൽ മുസ്ലിം സമുദായത്തിനു നേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരന്തരം അക്രമങ്ങൾ അഴിച്ചുവിടുന്ന ഒരു രീതിയും സംഘ്പരിവാർ സ്വീകരിച്ചിട്ടുണ്ട് എന്നു കാണാം. ഇക്കുറി അത്തരം അക്രമത്തിന് തുടക്കമിട്ടത് ഗുജറാത്തിലാണ്.
ഗുജറാത്ത് സർവകലാശാലയിലെ വിദേശ വിദ്യാർഥികൾക്ക് നേരെ ഉണ്ടായ കടന്നാക്രമണം തുല്യതയില്ലാത്ത വിധത്തിലായി. സർവകലാശാല ഹോസ്റ്റലിൽ അധികൃതർ അനുമതി നൽകിയ സ്ഥലത്ത് രാത്രി നമസ്കാരം നടത്തിയ വിദ്യാർഥികളെ പുറമെ നിന്ന് ഇരച്ചുകയറി വന്ന ഇരുനൂറോളം അക്രമികൾ ക്രിക്കറ്റ് ബാറ്റും കല്ലും മറ്റും ഉപയോഗിച്ച് മർദിച്ച് അവശരാക്കുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും വിലപ്പോയില്ല, അക്രമികൾ യൂനിവേഴ്സിറ്റി ജീവനക്കാരെയും മർദിച്ചു.
പൊലീസിൽ വിവരമറിയിച്ചിട്ടും ഫലമുണ്ടായില്ല. ശാരീരിക അക്രമങ്ങൾക്ക് ശേഷം ലാപ്ടോപ്പുകളും ഫോണുകളും ബൈക്കുകളും തകർത്ത് അഴിഞ്ഞാടിയ അക്രമികൾ സ്ഥലംവിട്ട് ഒരുമണിക്കൂർ കഴിഞ്ഞതിനുശേഷമാണ് പൊലീസ് അവിടെയെത്തിയത്.
ഏഷ്യ, ആഫ്രിക്ക, യൂറോപ് വൻകരകളിൽനിന്നായി ഏകദേശം മുന്നൂറോളം വിദേശ വിദ്യാർഥികളാണ് ഗുജറാത്ത് സർവകലാശാലയിൽ പഠിക്കുന്നത്. വിദ്യാർഥികളുടെ ആശങ്കയകറ്റാൻ നടപടി സ്വീകരിക്കുന്നതിനു പകരം വിദേശ വിദ്യാർഥികൾക്ക് നമ്മുടെ രാജ്യത്തിന്റെ സംസ്കാരം മനസ്സിലാക്കാൻ കഴിയാത്തതുകൊണ്ടാണ് ഇത്തരം അക്രമങ്ങൾ നടക്കുന്നത് എന്നൊരു പ്രസ്താവനയിറക്കുകയാണ് വൈസ് ചാൻസലർ ഡോ. നീരജ ഗുപ്ത നടത്തിയത്.
സംസ്കാരം എന്നതുകൊണ്ട് അവർ എന്താണുദ്ദേശിച്ചത്? ഭീകരവാദികളുടെ അതിക്രമത്തിൽ തലപൊട്ടി ചോരയൊഴുകിയ ആ വിദ്യാർഥികൾ എന്ത് സംസ്കാരമാണ് പഠിക്കേണ്ടത്? എന്തുതന്നെയായാലും അക്രമത്തിന്റെയും അപരമത വിദ്വേഷത്തിന്റെയും സംസ്കാരം ഇന്ത്യയുടേതല്ലെന്നും അതു വെച്ചുപൊറുപ്പിക്കാനാവില്ലെന്നും വൈസ് ചാൻസലറെ ഓർമപ്പെടുത്തട്ടെ.
നമ്മുടെ രാജ്യത്തെ പതിനായിരക്കണക്കിന് വിദ്യാർഥികളാണ് യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ആസ്േട്രലിയയിലും അറബ് രാജ്യങ്ങളിലുമുള്ള സർവകലാശാലകളിൽ ഉന്നതപഠനം നടത്തിക്കൊണ്ടിരിക്കുന്നത്. ആസ്ട്രേലിയയിലും അമേരിക്കയിലും ഇന്ത്യൻ വിദ്യാർഥികളിൽ ചിലർ വംശീയ അതിക്രമങ്ങൾക്കിരയായ സംഭവങ്ങൾ നിഷേധിക്കാനാവില്ലെങ്കിലും പ്രാണഭയമില്ലാതെയാണ് നമ്മുടെ മക്കൾ ലോകമൊട്ടുക്കുമുള്ള സർവകലാശാലകളിലേക്ക് പഠിക്കാൻ പോകുന്നത്.
സ്വന്തം നാട്ടിലേതിനേക്കാൾ സന്തോഷത്തോടെ, സ്വാതന്ത്ര്യത്തോടെയാണ് കേരള, കാലിക്കറ്റ് സർവകലാശാലകളിലടക്കം നാളിതുവരെയും വിദേശ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പഠിച്ചുപോന്നത്.
ജനാധിപത്യ-മതനിരപേക്ഷ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനവളപ്പുകൾക്കുള്ളിൽപോലും വിദ്യാർഥികൾ സുരക്ഷിതരല്ല എന്ന സന്ദേശമാണ് ഗുജറാത്ത് സർവകലാശാലയിൽ നടന്നതുപോലുള്ള ന്യൂനപക്ഷവിരുദ്ധ അക്രമവും മത അസഹിഷ്ണുതയും ലോകത്തിന് കൈമാറുക. ഇന്ത്യൻ ജനതക്ക് അത് എത്രമാത്രം അപമാനകരമാണെന്ന് മനസ്സിലാക്കാനും തിരുത്താനും നമ്മുടെ ഭരണാധികാരികൾ തയാറായേ തീരൂ.
(കേരള സർവകലാശാല വിദ്യാർഥി യൂനിയൻ മുൻ ചെയർമാനും കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗവുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.