ആ നിർണായക സമയങ്ങളിൽ കോടതി എന്താണ് ചെയ്തത്?
text_fieldsരാജ്യത്ത് അന്വേഷണാത്മക പത്രപ്രവർത്തനം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നുവെന്ന മുൻ മാധ്യമ പ്രവർത്തകൻകൂടിയായ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ നിരീക്ഷണത്തോട് മുതിർന്ന അന്വേഷണാത്മക-ജനകീയ മാധ്യമപ്രവർത്തകൻ പി. സായിനാഥ് തുറന്ന കത്തിലൂടെ പ്രതികരിക്കുന്നു
താങ്കൾ ഗൃഹാതുരതയോടെ സ്മരിച്ച രീതിയിലെ അന്വേഷണാത്മക പത്രപ്രവർത്തനം നടത്താൻ ഉത്സുകരായ നിരവധി പേരുണ്ട്. ഉന്നത സ്ഥാനങ്ങളിൽ, പ്രത്യേകിച്ച് സർക്കാറിൽ നടക്കുന്ന അഴിമതികൾ അന്വേഷിക്കാൻ ശ്രമിക്കുന്ന മിക്ക പത്രപ്രവർത്തകരും നേരിടേണ്ടി വരുന്ന ആദ്യ തടസ്സം സർക്കാർ കരാറുകളുമായും ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരുമായും അടുത്ത ബന്ധം പുലർത്തുന്ന അവരുടെ കോർപറേറ്റ് മാധ്യമ മുതലാളിമാരുടെ താൽപര്യങ്ങളാണ്.
പണം വാങ്ങി വാർത്ത നൽകി സമ്പാദിക്കുന്ന, പൊതു ഉടമസ്ഥതയിലുള്ള വിഭവങ്ങൾ ചൂഷണം ചെയ്യുന്നതിന് അനുമതി സ്വന്തമാക്കുന്ന വൻകിട മാധ്യമ മുതലാളിമാർ അധികാരത്തിലെ തങ്ങളുടെ പങ്കാളികളെ അസ്വസ്ഥരാക്കാൻ പത്രപ്രവർത്തകരെ അനുവദിക്കാൻ സാധ്യതയില്ല. ഫോർത്ത് എസ്റ്റേറ്റും റിയൽ എസ്റ്റേറ്റും തമ്മിലെ വേർതിരിവ് പലപ്പോഴും ഇല്ലാതാക്കുക വഴി ഒരു കാലത്ത് ഇന്ത്യയിൽ അഭിമാനമായിരുന്ന ഈ തൊഴിലിനെ വെറുമൊരു വരുമാനമാർഗം മാത്രമായി ചുരുക്കി. അധികാരവർഗത്തെക്കുറിച്ച് സത്യം വിളിച്ചു പറയുന്ന തരം പത്രപ്രവർത്തനത്തോട് അവർക്കിപ്പോൾ ഒട്ടും ആർത്തിയില്ല. ഈ രാജ്യത്തെ പൊതുജനങ്ങൾക്ക് ഈ മഹാമാരി കാലഘട്ടത്തിൽ അവർ നടത്തിയതിനേക്കാൾ വലിയ പത്രപ്രവർത്തനവും പത്രപ്രവർത്തകരും ആവശ്യമില്ലെന്ന് പറഞ്ഞാൽ താങ്കൾ എന്നോട് യോജിക്കുമെന്ന് കരുതുന്നു, സ്വന്തം വായനക്കാരും പ്രേക്ഷകരും ഉൾപ്പെടെയുള്ള പൊതുസമൂഹത്തിെൻറ തീവ്രമായ ആവശ്യങ്ങളോട് ശക്തരായ മാധ്യമസ്ഥാപന ഉടമകൾ എങ്ങനെയാണ് പ്രതികരിച്ചത്? 2,500 മാധ്യമപ്രവർത്തകരെയും അതിെൻറ പലമടങ്ങ് പത്രപ്രവർത്തകേതര ജീവനക്കാരെയും പിരിച്ചുവിട്ടുകൊണ്ട്.
പൊതുജന സേവനം എന്ന ആദർശം ഇല്ലാതായി. 2020ലെ സാമ്പത്തിക തകർച്ച മാധ്യമങ്ങളെ സർക്കാർ പരസ്യങ്ങളെ മുമ്പത്തേക്കാൾ കൂടുതൽ ആശ്രയിക്കുന്നവരാക്കി. നമ്മുടെ വലിയ വിഭാഗം മാധ്യമങ്ങളും സർക്കാറിെൻറ കോവിഡ് 19 കെടുകാര്യസ്ഥതയെക്കുറിച്ചുള്ള സ്വന്തം റിപ്പോർട്ടുകളെപ്പോലും മറന്ന് മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ കോവിഡ് പോരാട്ടത്തിലും ഇന്ത്യ ലോകത്തെ മഹോന്നതമായി നയിക്കുന്നുവെന്ന സർക്കാറിെൻറ കെട്ടുകഥകളെ കൊണ്ടാടുന്നു. (ചുരുക്കം ചിലർ അങ്ങനെയല്ലെന്ന് സമ്മതിക്കുന്നു) .
ഇക്കാലയളവിലാണ് ഒട്ടും സുതാര്യമല്ലാത്ത 'പിഎം കെയേഴ്സ് ഫണ്ട്' രൂപവത്കരിക്കപ്പെട്ടത്. അതിെൻറ തലക്കെട്ടിൽ 'പ്രധാനമന്ത്രി' എന്ന പദമുണ്ട്, വെബ്സൈറ്റിൽ അദ്ദേഹത്തിെൻറ മുഖമുണ്ട്. എന്നാൽ ഇത് ഒരു 'പബ്ലിക് അതോറിറ്റി' അല്ലെന്നും വിവരാവകാശ നിയമത്തിെൻറ പരിധിയിൽ വരില്ലെന്നും വാദിക്കുന്നു. അതിനാൽ തന്നെ ഇന്ത്യൻ സർക്കാറിെൻറ ഫണ്ടല്ലെന്നും ഭരണകൂടത്തിെൻറ ഏതെങ്കിലും വിധത്തിലുള്ള ഓഡിറ്റിങ്ങിന് വിധേയമാവാൻ ബാധ്യതയില്ലെന്നും.
സർ, ഈ രാജ്യത്തിെൻറ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ ഏറ്റവും പിന്തിരിപ്പൻ തൊഴിൽ നിയമനിർമാണങ്ങളിൽ ചിലത് ആദ്യം സംസ്ഥാന സർക്കാറുകൾ ഓർഡിനൻസുകളായും പിന്നീട് കേന്ദ്രം 'കോഡുകളായും' അടിച്ചേൽപിച്ച കാലം കൂടിയായിരുന്നു അത്. ഇപ്പറഞ്ഞ ഓർഡിനൻസുകളിൽ ചിലത് എട്ടുമണിക്കൂർ ജോലിയുൾപ്പെടെയുള്ള തൊഴിൽ അവകാശങ്ങൾ റദ്ദാക്കിക്കൊണ്ട് ഇന്ത്യയിലെ തൊഴിലാളികളെ ഒരു നൂറ്റാണ്ട് പിന്നോട്ടടിപ്പിച്ചു, തീർച്ചയായും, അനേകം തൊഴിലാളികൾ ജോലി ചെയ്യുന്ന കോർപറേറ്റ് ഉടമസ്ഥതയിലുള്ള ഒരു മാധ്യമത്തിനും ഇവയൊന്നും അന്വേഷിക്കാൻ ഇടമില്ല. ഇത്തരം അന്വേഷണങ്ങൾ ഏറ്റെടുക്കുമായിരുന്ന മാധ്യമപ്രവർത്തകരിൽ പലരുമിപ്പോൾ തൊഴിൽ രഹിതരാണ്, അവരെ മാധ്യമ ഉടമകൾ പുറത്താക്കിയിരിക്കുന്നു.
യുവർ ഓണർ, എന്നെ അത്ര തന്നെ വിഷമിപ്പിക്കുന്ന കാര്യമെന്താണെന്നു വെച്ചാൽ സർക്കാർ അഴിമതിയോ, മാധ്യമപ്രവർത്തകരുടെ കൂട്ട പിരിച്ചുവിടലോ, തൊഴിൽ അവകാശങ്ങൾ നശിപ്പിച്ചതോ, സുതാര്യമായ ഒരു ഓഡിറ്റുമില്ലാതെ പണം പിരിക്കാൻ പ്രധാനമന്ത്രി പദവി ദുരുപയോഗം ചെയ്തതോ പോലുള്ള ദുഷ്പ്രവണതകൾ തടയാൻ ജുഡീഷ്യറി ഇടപെടുന്നത് ഞാൻ കണ്ടില്ല എന്നതാണ്. മാധ്യമങ്ങളുടെ ആന്തരികവും ഘടനാപരവുമായ പിഴവുകൾ പൂർണമായും സമ്മതിക്കുന്നു, അത് കീഴ്പെടുന്നതും പണം നൽകുന്നവരോട് സൗഹൃദം പുലർത്തുന്നതുമായ ഒരു പ്രതിഭാസത്തിലേക്ക് ചുരുക്കിയിരിക്കുന്നു. എന്നാൽ,ഇത്തരം ചില കാര്യങ്ങളിൽ ജുഡീഷ്യറിയുടെ ഇടപെടലുണ്ടായെങ്കിൽ മാധ്യമപ്രവർത്തകർക്ക് അൽപമെങ്കിലും ആശ്വസിക്കാൻ സഹായകമാകുമായിരുന്നില്ലേ?
സ്വതന്ത്ര മാധ്യമങ്ങളുടെ ഓഫിസുകളിൽ റെയ്ഡ്, അവയുടെ ഉടമസ്ഥരെയും മാധ്യമപ്രവർത്തകരെയും 'കള്ളപ്പണം വെളുപ്പിക്കലുകാർ' എന്ന് അവഹേളിച്ച് ഭീഷണിപ്പെടുത്തൽ തുടങ്ങിയ നിരന്തര പീഡനങ്ങൾ അതിരൂക്ഷമായ വേഗത്തിലാണ് മുന്നോട്ടുപോകുന്നത്. ഈ കേസുകളിൽ ഭൂരിഭാഗവും കോടതിയിൽ പൊളിഞ്ഞുപോകുമെന്ന് സർക്കാർ ഉത്തരവുകൾ അപ്പടി നടപ്പാക്കുന്ന ഏജൻസികൾക്ക് നന്നായറിയാം. എങ്കിലും നടപടിക്രമങ്ങൾ തന്നെ ഒരുതരം ശിക്ഷയാണ് എന്ന തത്ത്വത്തിലാണ് അവരുടെ പ്രവർത്തനം. ഒരുപാട് വർഷങ്ങൾ, ലക്ഷക്കണക്കിന് രൂപ വക്കീൽ ഫീസായി ചെലവിടേണ്ടി വരുന്നതോടെ മാധ്യമങ്ങളിലെ അപൂർവം ചില സ്വതന്ത്ര ശബ്ദങ്ങൾ പാപ്പരായിപ്പോകും. വമ്പൻ മാധ്യമങ്ങളിലെ ആ അപൂർവ സ്വതന്ത്ര ശബ്ദത്തെ- ദൈനിക് ഭാസ്കർ പത്രത്തിെൻറ ഓഫിസ് ഏതോ അധോലോക സംഘത്തിെൻറ താവളമെന്ന കണക്കേയല്ലേ റെയ്ഡ് ചെയ്തത്. പേടിച്ചുവിറച്ചുനിന്ന മറ്റു വലിയ മാധ്യമങ്ങളിൽ അതേക്കുറിച്ച് ചർച്ച പോലുമുണ്ടായില്ല.
ബോധപൂർവമായ ഈ നിയമ ദുരുപയോഗം തടയാൻ ഒരുപക്ഷേ, ജുഡീഷ്യറിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയില്ലേ സർ? ഇപ്പോൾ റദ്ദാക്കിയ കാർഷിക നിയമങ്ങളുടെ കാര്യത്തിലും ജുഡീഷ്യറിയുടെ ഇടപെടൽ ഒട്ടും ഭേദമായിരുന്നില്ല. ഞാൻ നിയമം പഠിച്ചിട്ടില്ല, എന്നാൽ ഇത്തരം വിവാദ നിയമനിർമാണത്തിെൻറ ഭരണഘടനാസാധുത പരിശോധിക്കുക എന്നത് പരമോന്നത ഭരണഘടന കോടതിയുടെ സുപ്രധാന കടമയാണെന്നറിയാം. ആ കടമ ചെയ്യുന്നതിന് പകരം കോടതി ഒരു കമ്മിറ്റി രൂപവത്കരിക്കുകയാണ് ചെയ്തത്. എന്നിട്ട്, കാർഷിക നിയമ പ്രതിസന്ധിക്ക് പരിഹാരമാവുന്ന ഒരു റിപ്പോർട്ട് തയാറാക്കാൻ അവരോട് ഉത്തരവിട്ടു - ശേഷം റിപ്പോർട്ടിനെയും കമ്മിറ്റിയെയും മറവിയിലേക്ക് തള്ളിവിട്ടു.
കാർഷിക നിയമങ്ങളിൽ 'മുഖ്യധാര' മാധ്യമങ്ങളുടെ താൽപര്യങ്ങൾ വളരെ വലുതായിരുന്നു. ആ നിയമങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കാമെന്ന് നിനച്ച കോർപറേറ്റ് പ്രമുഖൻ, രാജ്യത്തെ ഏറ്റവും വലിയ മാധ്യമ ഉടമ കൂടിയാണ്. സ്വന്തമല്ലാത്ത മാധ്യമങ്ങൾക്കാവട്ടെ പലപ്പോഴും അദ്ദേഹം ഏറ്റവും വലിയ പരസ്യദാതാവാണ്. ആകയാൽ 'മുഖ്യധാരാ' മാധ്യമങ്ങൾ എഡിറ്റോറിയലുകളിലൂടെ നിയമങ്ങൾക്കുവേണ്ടി ദല്ലാൾ പണിയെടുക്കുന്നത് കണ്ട് അതിശയം തോന്നിയില്ല.
കർഷകർ തങ്ങളുടെ മുദ്രാവാക്യങ്ങളിൽ പേരെടുത്ത് പറഞ്ഞിരുന്ന ആ രണ്ട് കോർപറേറ്റ് ഭീമന്മാർ ആരാണെന്നും അവരിരുവരുടെയും ആസ്തി മൂല്യം പഞ്ചാബിെൻറയോ ഹരിയാനയുടെയോ ആഭ്യന്തര ഉൽപാദനത്തേക്കാൾ അധികമാണെന്നും മാധ്യമങ്ങൾ അവരുടെ വായനക്കാരോടും പ്രേക്ഷകരോടും പറയാൻ തയാറാകുമോ? ഫോബ്സ് മാഗസിെൻറ കണക്കു പ്രകാരം അവരിലൊരാൾ പഞ്ചാബിെൻറ മൊത്തം ആഭ്യന്തര ഉൽപാദനത്തെ മറികടക്കുന്നത്ര സ്വത്ത് വ്യക്തിപരമായി ആർജിച്ചുവെന്ന കാര്യവും? അത്തരം വിവരങ്ങൾ നൽകുന്നത് അവരുടെ പ്രേക്ഷകർക്ക് വ്യക്തമായ അഭിപ്രായത്തിൽ എത്തിച്ചേരാൻ അവസരം നൽകുമായിരുന്നില്ലേ?
തീരെ ചുരുക്കം മാധ്യമപ്രവർത്തകർക്ക്, അതിനേക്കാൾ കുറവ് മാധ്യമങ്ങൾക്ക് മാത്രമേ താങ്കൾ പ്രസംഗത്തിൽ ഗൃഹാതുരത്വത്തോടെ ആഗ്രഹം പ്രകടിപ്പിച്ച തരത്തിലെ അന്വേഷണാത്മക പത്രപ്രവർത്തനം നടത്താനുള്ള ശേഷി ഇപ്പോഴുള്ളൂ.
മനുഷ്യർ എങ്ങനെ ജീവിക്കുന്നു എന്നന്വേഷിക്കുന്ന, സാധാരണക്കാരായ ദശലക്ഷക്കണക്കിന് മനുഷ്യരുടെ സാമൂഹിക സാമ്പത്തിക അവസ്ഥകളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ട് ഇപ്പോഴും ചിലർ. ഏതാണ്ട് 41 വർഷമായി ആ പറഞ്ഞ വഴിയിലൂടെ സഞ്ചരിക്കുന്ന ഒരാളെന്ന നിലയിലാണ് ഞാനിതെഴുതുന്നത്.
മാധ്യമ പ്രവർത്തകരല്ലെങ്കിലും മനുഷ്യാവസ്ഥയെക്കുറിച്ച് അന്വേഷിക്കുന്ന, അത് മെച്ചപ്പെടുത്താൻ പരമാവധി ശ്രമിക്കുന്ന മറ്റൊരു കൂട്ടരുണ്ട്- എഫ്.സി.ആർ.എ റദ്ദാക്കിയും റെയ്ഡ് നടത്തിയും, അക്കൗണ്ടുകൾ മരവിപ്പിച്ചും, കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയും ഇന്ത്യൻ ഭരണകൂടം തുറന്ന യുദ്ധം നടത്തുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പൗരസമൂഹ സംഘടനകൾ. പ്രത്യേകിച്ച് കാലാവസ്ഥ വ്യതിയാനം, ബാലവേല, കൃഷി, മനുഷ്യാവകാശം എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘങ്ങൾ.
ആകയാൽ ഞങ്ങളിവിടെയുണ്ട് സർ, മാധ്യമങ്ങൾ പരിതാപകരമായ അവസ്ഥയിലാണ്. എന്നാൽ, അവരെ സംരക്ഷിക്കേണ്ട സ്ഥാപനങ്ങളും ദൗത്യത്തിൽ പരാജയപ്പെടുന്നു. താങ്കളുടെ പ്രസംഗത്തിലെ ഹ്രസ്വവും എന്നാൽ ഉൾക്കാഴ്ചയുള്ളതുമായ ആ പരാമർശങ്ങളാണ് ഈ കത്തെഴുതാൻ പ്രേരിപ്പിച്ചത്. മാധ്യമങ്ങൾ കൂടുതൽ മെച്ചപ്പെടേണ്ടതുണ്ടെന്ന കാര്യത്തിൽ തർക്കമേതുമില്ല. നന്നാക്കിയെടുക്കുന്നതിൽ ജുഡീഷ്യറിക്ക് സഹായിക്കാനാകുമെന്ന കാര്യം ഞാൻ ചൂണ്ടിക്കാട്ടട്ടെ,ഒപ്പം അത് സ്വയം നന്നായി പ്രവർത്തിക്കേണ്ടതുമില്ലേ? ഒരു സിദ്ദീഖ് കാപ്പൻ ജയിലിൽ ചെലവിടേണ്ടി വരുന്ന ഓരോ ദിവസവും നാമോരോരുത്തരും നമ്മുടെ സ്ഥാപനങ്ങളും കഠിനമായി വിലയിരുത്തപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഹൃദയപൂർവം
പി. സായ്നാഥ്
(അവസാനിച്ചു)
ഭാഗം ഒന്ന്: അന്വേഷണാത്മക പത്രപ്രവർത്തനത്തിന് സംഭവിച്ചതെന്താണ്?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.