എന്താണ് ഇവർ ചെയ്ത ദ്രോഹം?
text_fields‘ഇന്ത്യൻ ദേശീയത ഒരു തത്ത്വം വികസിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ താൽപര്യത്തിനനുസരിച്ച് ന്യൂനപക്ഷങ്ങളെ അടക്കിഭരിക്കാനുള്ള ഭൂരിപക്ഷത്തിന്റെ ദൈവിക അവകാശമെന്ന് അതിനെ വിളിക്കാം. ഇതുപ്രകാരം ന്യൂനപക്ഷങ്ങൾക്കുകൂടി അധികാരം പങ്കിടേണ്ടതുണ്ട് എന്ന വാദം വർഗീയതയായും ഭൂരിപക്ഷത്തിന്റെ കുത്തകാധികാരം ദേശീയതയായും കണക്കാക്കപ്പെടുന്നു!’
ഡോ. ബി.ആർ. അംബേദ്കർ എഴുതിയ ഒരു വാചകമാണിത്. കേരളത്തെ സംബന്ധിച്ചിടത്തോളം അന്യായമായി ഏറ്റവുമധികം കുറ്റപ്പെടുത്തപ്പെടുന്ന ഒരു മുസ്ലിം ന്യൂനപക്ഷ സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. ആ പ്രസ്ഥാനത്തിനെതിരെ ഇല്ലാക്കഥകൾ ചമച്ച് എങ്ങനെയെങ്കിലും ഹിന്ദുത്വ ഭരണകൂടത്തിന്റെ നിരോധനം ക്ഷണിച്ചുവരുത്തണമെന്ന് ആഗ്രഹിച്ചു പ്രചാരണം നടത്തുന്നത് സംഘ്പരിവാർ ശക്തികൾ മാത്രമല്ല, വിവിധ തരത്തിലുള്ള സെക്കുലറിസ്റ്റുകളും കമ്യൂണിസ്റ്റുകളും ഇവരിൽ ഉൾപ്പെടും.
ജമാഅത്തെ ഇസ്ലാമി ഇന്ത്യൻ ജനതക്കോ മുസ്ലിം സമുദായത്തിനോ നാളിതുവരെയായി എന്തെങ്കിലും ദ്രോഹം ചെയ്തതായി ഇവർ പറയുന്നില്ല. മറിച്ച് അറിഞ്ഞോ അറിയാതെയോ ഭൂരിപക്ഷത്തിന്റെ ദൈവിക അധികാരത്തെ അടിവരയിട്ട് ഉറപ്പിക്കുക മാത്രമാണ് അവർ ചെയ്യുന്നതെന്ന് പകൽപോലെ വ്യക്തമാണ്.
ഇന്ത്യയിലെ പ്രധാന ന്യൂനപക്ഷ മതമായ മുസ്ലിംകൾക്ക് മതപരവും വിശ്വാസപരവുമായ സ്വതന്ത്രാസ്തിത്വം പുലർത്താനുള്ള അവകാശമുണ്ട്. ഇത് ഭരണഘടന ഉറപ്പുനൽകുന്നതാണ്. ഇതിനൊപ്പം സ്വന്തം സ്ഥാപനങ്ങൾ നടത്താനും സംഘടനകൾ കെട്ടിപ്പടുക്കാനും തങ്ങളുടെ വിശ്വാസത്തിനനുസരിച്ചുള്ള വസ്ത്രങ്ങൾ ധരിക്കാനും ആഹാരരീതികൾ പിന്തുടരാനുമുള്ള അവകാശമുണ്ട്.
സ്വതന്ത്രമായി മതപ്രചാരണം നടത്താനുള്ള അവകാശവും ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. മതേതരമായ ഒരു ബഹുതല സമൂഹത്തിന്റെ നിലനിൽപിന് ന്യൂനപക്ഷങ്ങളുടെ സവിശേഷമായ അസ്തിത്വം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നാണ് ഈ വസ്തുതകൾ തെളിയിക്കുന്നത്.
മേൽപറഞ്ഞ തരത്തിലുള്ള ന്യൂനപക്ഷ അവകാശത്തിന്റെ ഭാഗമായി നിലനിൽക്കുന്ന ജമാഅത്തെ ഇസ്ലാമി സംഘടന നാളിതുവരെയായി ഇന്ത്യയിൽ ഏതെങ്കിലും കാലത്തോ സ്ഥലത്തോ മതപരമായ ധ്രുവീകരണം നടത്തുകയോ സാമുദായിക ലഹളകൾക്ക് വളംവെച്ചുകൊടുക്കുകയോ ജനങ്ങൾക്കിടയിൽ വിദ്വേഷ പ്രചാരണം നടത്തുകയോ ചെയ്തതായിട്ട് ഹിന്ദുത്വ ഭരണാധികാരികൾ പോലും ആരോപിച്ചിട്ടില്ല.
മറിച്ച്, സ്വതന്ത്രമായി നിരീക്ഷിക്കുന്ന ആർക്കും മനസ്സിലാവുന്ന കാര്യം, ഈ സംഘടന മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും മുസ്ലിംകളുടെ സാമുദായിക വിഷയങ്ങളിലും ഉത്തമമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നതാണ്. ഇതേസമയം, ഭരണകൂടത്തിന്റെ തെറ്റായ നടപടികളെ വിമർശിക്കാനും അതിനെതിരെയുള്ള സമരങ്ങൾ നടത്താനും ഒട്ടും അമാന്തിക്കാറുമില്ല.
ബാബരി മസ്ജിദ് തകർക്കുകയും മണ്ഡലീകരണത്തിന് എതിരെയുള്ള സവർണ പ്രതിവിപ്ലവം നടക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഹിന്ദുത്വത്തിന് പുതിയ തരത്തിൽ രാഷ്ട്രീയ ശക്തിയാകാൻ കഴിഞ്ഞു. ഇവരുടെ ഉയർച്ച കീഴാള ജനവിഭാഗങ്ങൾക്കൊപ്പം മുസ്ലിം സമുദായത്തിനും കടുത്ത അരക്ഷിതാവസ്ഥയാണ് ഉളവാക്കിയിട്ടുള്ളത്.
നിരന്തരമായ ദലിത്-മുസ്ലിം കൂട്ടക്കൊലകൾ മുതൽ സവർണ സംവരണം നടപ്പാക്കലും മുസ്ലിം നാമമുള്ള ചരിത്ര സ്മാരകങ്ങളുടെ തുടച്ചുമാറ്റലും ഭരണകൂട മേലാളന്മാർ നേരിട്ട് നടത്തുന്ന വെറുപ്പ് പ്രചാരണവും അന്യായമായ അറസ്റ്റുകളും പത്രമാധ്യമങ്ങളുടെ മേലുള്ള നിയന്ത്രണവും നിരന്തര സംഭവങ്ങളായി ആവർത്തിക്കുകയാണ്.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബുൾഡോസർരാജും സ്വത്ത് കണ്ടുകെട്ടലും മുസ്ലിംകളെ ലക്ഷ്യമാക്കി നടപ്പാക്കുകയാണ്. മുസ്ലിം ന്യൂനപക്ഷങ്ങളെ ഒറ്റതിരിക്കാനും പുറന്തള്ളാനും ഉദ്ദേശിച്ചുകൊണ്ടുള്ള പൗരത്വ ഭേദഗതി നിയമം മുതൽ മുസ്ലിം വ്യക്തിനിയമം എടുത്തുകളയാനുള്ള നീക്കം വരെയും അണിയറയിൽ നടക്കുന്നു.
മേൽപറഞ്ഞ അവസ്ഥ തിരിച്ചറിഞ്ഞ് ഉത്തരവാദിത്തത്തോടെ സമരരംഗത്ത് അണിനിരക്കാനും വിവിധ ജനവിഭാഗങ്ങൾക്കിടയിൽ ആശയ പ്രചാരണം നടത്താനും ജമാഅത്തെ ഇസ്ലാമി മുൻനിരയിൽ ഉണ്ടായിരുന്നുവെന്നത് തർക്കമറ്റ വസ്തുതയാണ്. ഒരുപക്ഷേ, ന്യൂനപക്ഷങ്ങളുടെ മാത്രമല്ല ബഹുജനങ്ങളുടെ മുഴുവൻ അവകാശ പോരാട്ടങ്ങൾക്കൊപ്പം നിൽക്കുന്നതുകൊണ്ടാവും ഈ സംഘടനക്കെതിരെ ഇത്രമാത്രം ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നതെന്ന് തോന്നുന്നു.
കേരളത്തിൽ ജമാഅത്തെ ഇസ്ലാമി മുൻകൈയെടുത്ത് സാധ്യമാക്കിയ ‘മാധ്യമം’ പത്രവും ആഴ്ചപ്പതിപ്പും മീഡിയവൺ ചാനലും മുസ്ലിം സമുദായത്തെ പൊതുവായി ഉൾക്കൊള്ളുന്നതിനൊപ്പം പൗരസമൂഹത്തിന്റെ വിശ്വാസം ആർജിക്കുന്നതിലും വിജയിച്ച സ്ഥാപനങ്ങളാണ്.
ആദിവാസികളുടെ പ്രശ്നങ്ങൾ മുതൽ സംവരണം വരെയുള്ള കാര്യങ്ങളിലും ഭരണകൂടത്തിന്റെ കുത്തക താൽപര്യങ്ങളെ തുറന്നുകാട്ടുന്നതിലും പുരോഗമന-മതേതര സമൂഹത്തിന് മാർഗദർശകമായ നിലപാടുകളാണ് ഈ മാധ്യമങ്ങൾ ഉയർത്തിപ്പിടിച്ചിട്ടുള്ളത്. ആധുനിക കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തെത്തന്നെ ഈ സ്ഥാപനങ്ങൾ മാറ്റിയെന്നു പറയാൻ കഴിയും.
ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുള്ള യുവജന സംഘടനകളും സ്ത്രീസംഘടനകളും മികച്ച പ്രവർത്തനമാണ് നടത്തുന്നത്. ഇപ്പോൾ ശക്തമായൊരു സാംസ്കാരിക വിഭാഗവും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും സിനിമ പ്രവർത്തകരും സ്ത്രീവാദികളും ഈ സംഘടനകളുടെ പ്രവർത്തനഫലമായി ഉണ്ടായിവന്നിട്ടുണ്ട്. എഴുപതു വർഷം പിന്നിടുന്ന ഈ സഹോദര പ്രസ്ഥാനത്തിന് അഭിവാദ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.