പുരോല ലവ് ജിഹാദ് കേസിന്റെ പിന്നിലെന്ത് ?
text_fieldsഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുള്ള പുരോല പട്ടണത്തിൽനിന്ന് മുസ് ലിം സമുദായക്കാർ ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘങ്ങൾ കാമ്പയിൻ ആരംഭിച്ചത് ഒരു ലവ്ജിഹാദ് ആരോപണം മുന്നോട്ടുവെച്ചുകൊണ്ടാണ്.
ഇക്കഴിഞ്ഞ മേയ് മാസം 26ന് പുരോലയിൽനിന്ന് 14 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കേസിൽ ഉബൈദ് ഖാൻ, ജിതേന്ദർ സൈനി എന്നീ ചെറുപ്പക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആരോപണവിധേയരിൽ ഒരാൾ ഹിന്ദു വിഭാഗത്തിൽപ്പെട്ട യുവാവാണെങ്കിലും ഹിന്ദുത്വ സംഘക്കാർ ഇതൊരു ലവ്ജിഹാദ് സംഭവമാണെന്നു വാദിച്ചു.
തുടർ ദിവസങ്ങളിൽ മുസ് ലിം കച്ചവടക്കാർ പട്ടണം വിടണമെന്നാവശ്യപ്പെട്ട് മുസ് ലിം വിരുദ്ധ പ്രകടനങ്ങളാരംഭിച്ചു, ലവ് ജിഹാദികൾ പട്ടണം വിട്ടുപോകൂ, അല്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടൂ എന്ന മുന്നറിയിപ്പ് നോട്ടീസ് ദേവഭൂമി രക്ഷാ അഭിയാൻ എന്ന സംഘടനയുടെ പേരിൽ കടകൾക്ക് മുന്നിൽ പതിച്ചു.
ആരോപിതരുടെ കുടുംബങ്ങൾ പറയുന്നത്
ഉബൈദ് ഖാനും ജിതേന്ദർ സൈനിയും ഇപ്പോൾ തെഹ്രിഗഢ് വാളിലെ ജയിലിലാണ്. ഇരുവരും നിരപരാധികളാണെന്നും ആ 14 കാരിയെ അറിയുകപോലുമില്ലെന്നുമാണ് ബന്ധുക്കൾ അവകാശപ്പെടുന്നത്.
പുരോലയിലെ ഒരു വർക് ഷോപ്പിൽ മെക്കാനിക്കാണ് സൈനി. അതിന് സമീപത്തായി കുടുംബം നടത്തുന്ന ഫർണിച്ചർ ഷോപ്പിലാണ് ഉബൈദ് ഖാൻ ജോലി ചെയ്തിരുന്നത്. ഇരുവരുടെയും കുടുംബങ്ങൾ പടിഞ്ഞാറൻ യു.പിയിലെ ബിജ്നോറിൽനിന്ന് കുടിയേറിയവരാണ്.
ജയിലിൽ ചെന്ന് കണ്ടപ്പോൾ മകൻ പറഞ്ഞ കാര്യങ്ങൾ ജിതേന്ദറിെൻറ പിതാവ് അത്തർ സൈനി വിവരിച്ചത് ഇങ്ങനെ:
‘അന്ന് ആ പെൺകുട്ടി ജിതേന്ദർ നിൽക്കുന്ന കടയിൽ വന്ന് ഒരു സ്ഥലത്തേക്കുള്ള വഴി ചോദിച്ചു. ജിതേന്ദറും ഉബൈദും കൂടി ബസ് സ്റ്റാൻറ് വരെ പെൺകുട്ടിയെ കൊണ്ടുവിട്ട് കടകളിലേക്ക് തിരിച്ചു വരുകയായിരുന്നു. തട്ടിക്കൊണ്ടുപോകലൊന്നും ഉണ്ടായിട്ടേയില്ല. ഹിന്ദു-മുസ് ലിം കലഹത്തിെൻറ ഇടയിൽ കുരുങ്ങിപ്പോവുകയായിരുന്നു സൈനി’.
പെൺകുട്ടിയെ അറിയില്ലെന്നും അവർ തമ്മിൽ ബന്ധമില്ലായിരുന്നെന്നുമാണ് ഉബൈദ് ഖാെൻറ മൂത്ത സഹോദരൻ അമീർ ഖാൻ പറയുന്നത്.
പെൺകുട്ടിയെ ബസ് സ്റ്റാൻഡിൽ കൊണ്ടുവിട്ട് ഉബൈദ് കടയിൽ തിരിച്ചെത്തി ഏതാനും സമയം കഴിഞ്ഞതും അമ്പതു പേരടങ്ങുന്ന സംഘം ഒരു ഹിന്ദുത്വ നേതാവിെൻറ നേതൃത്വത്തിൽ കയറിവന്ന് ചോദ്യം ചെയ്യലാരംഭിച്ചു. അവർ ഉബൈദിനെ പിടിച്ചുവലിച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതിനു മുന്നിൽ അതിലും വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയിട്ടുണ്ടായിരുന്നു.
അൽപം കഴിഞ്ഞ് ജിതേന്ദർ സൈനിയെയും ചില ആളുകൾ ചേർന്ന് കൊണ്ടുവന്നു. ഉബൈദിെൻറ പേരിൽ കേസെടുക്കണമെന്നും അവനെ അറസ്റ്റ് ചെയ്യണമെന്നും ജനം പൊലീസിനുമേൽ സമ്മർദം ചെലുത്തുകയായിരുന്നു- അമീർ ഖാൻ പറയുന്നു.
ലക്ഷ്യം വർഗീയ മുതലെടുപ്പുമാത്രം
പെൺകുട്ടിയുടെ അമ്മാവനടക്കം പറയുന്നത് ലവ്ജിഹാദ് ആരോപണം പൊളളയാണെന്നാണ്. തുടക്കം മുതലേ ഇതിനെയൊരു വർഗീയ വിഷയമാക്കി മാറ്റാൻ ശ്രമങ്ങൾ നടന്നതായി ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പെൺകുട്ടിയുടെ അമ്മാവൻ വ്യക്തമാക്കുന്നു.
ഇതൊരു ലവ്ജിഹാദ് സംഭവമേയല്ല, പതിവ് കുറ്റകൃത്യമാണ്. അതിലുൾപ്പെട്ടവർ ഇപ്പോൾ ജയിലിലുമായി. ഇനി നീതിപീഠമാണ് കാര്യങ്ങൾ തീരുമാനിക്കേണ്ടത്. വലതുപക്ഷ സംഘടനാ പ്രവർത്തകർ ഒരു പരാതി തയാറാക്കി സമർപ്പിച്ചെങ്കിലും പൊലീസത് സ്വീകരിക്കാൻ കൂട്ടാക്കിയില്ലെന്ന് സ്കൂൾ അധ്യാപകനായ ഇദ്ദേഹം പറയുന്നു.
ജിതന്ദേർ സൈനിയും അങ്കിത് എന്ന് പരിചയപ്പെടുത്തിയ ഉബൈദ് ഖാനും ചേർന്ന് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ഒരു പെട്രോൾ പമ്പിൽ കൊണ്ടുപോയെന്നും ശേഷം ഒരു ടെേമ്പായിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ പ്രദേശവാസികളിൽ ചിലർ കണ്ട് ബഹളം വെക്കുകയായിരുന്നുവെന്നുമാണ് അമ്മാവൻ പൊലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നത്.
തുടർന്ന് ആരോപിതർ രണ്ടുപേരും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന കുറ്റത്തിന് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കുമേൽ ചുമത്തിയിരിക്കുന്നത്.
പല ഹിന്ദുത്വ സംഘടനകളും അവർ നടത്തുന്ന പ്രക്ഷോഭത്തിൽ പങ്കാളിയാവാൻ ക്ഷണിച്ചെങ്കിലും താൻ വിസമ്മതിക്കുകയായിരുന്നുവെന്നും അവരുടെ ആവശ്യം വർഗീയ അസ്വാസ്ഥ്യം സൃഷ്ടിക്കുക മാത്രമാണെന്നും അമ്മാവൻ ഹിന്ദുസ്ഥാൻ ടൈംസിനോട് വ്യക്തമാക്കി.
ലവ് ജിഹാദല്ലെന്ന് പൊലീസും
ആളുകൾ വായിൽ തോന്നിയത് എന്തും പറയും, പക്ഷേ ഞങ്ങളുടെ അന്വേഷണത്തിൽ ഈ കേസ് ‘ലവ് ജിഹാദ്’ആണെന്ന് കണ്ടെത്താനായിട്ടില്ല എന്നു പേര് വെളിപ്പെടുത്തരുത് എന്ന നിബന്ധനയോടെ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരിലൊരാൾ scroll.in നോട് വ്യക്തമാക്കുന്നു.
പിടിയിലായ രണ്ടു പേർക്കും ഈ പെൺകുട്ടിയെ പരിചയമില്ല. മാർക്കറ്റിലെ ഒരു വിലാസമാണ് ആ കുട്ടി ഇവരോട് അന്വേഷിച്ചത്. അവർ അവളെ ബസ് സ്റ്റാൻഡിലേക്ക് കൊണ്ടുപോയി ഒരു ടെേമ്പായിൽ കയറ്റിയിരുത്താൻ ശ്രമിച്ചു, മുതലെടുപ്പ് നടത്തുകയായിരുന്നു അവരുടെ ലക്ഷ്യം- ഉദ്യോഗസ്ഥൻ പറയുന്നു. എന്നാൽ, ആരോപണം രണ്ടു പ്രതികളും നിഷേധിച്ചു.
മാധ്യമപ്രവർത്തകന്റെ പങ്ക്
ഈ സംഭവം ഒരു ലവ് ജിഹാദ് കേസാണെന്ന ആദ്യ പരാമർശം വന്നത് ഒരു പ്രാദേശിക വെബ്സൈറ്റ് നൽകിയ വാർത്തയിലാണെന്ന് ദ മോണിങ് കോൺടെക്സ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ലവ് ജിഹാദ് ആരോപണവുമായി വെബ്സൈറ്റിൽ വന്ന വാർത്ത പ്രാദേശിക വാട്ട്സ്ആപ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചതോടെ ഹിന്ദു കച്ചവടക്കാർ രോഷാകുലരായി രംഗത്തിറങ്ങുകയായിരുന്നു.
ഹിന്ദി ദിനപത്രമായ അമർ ഉജാലയുടെ ലേഖകൻ അനിൽ അസ്വാളാണ് ആ വെബ്സൈറ്റിന് പിന്നിൽ. ഈ സംഭവം ‘ലവ് ജിഹാദ്’ തന്നെയെന്ന് അസ്വാൾ ദി മോർണിങ് കോൺടെക്‌സ്റ്റിനോട് പറഞ്ഞു, ഒരു വർഷമായി കുട്ടിയുമായി ‘അങ്കിത്’ എന്ന പേരിൽ പയ്യൻ ചാറ്റ് ചെയ്യുന്നുണ്ട്.
സൈനി ഹിന്ദുവാണോ എന്ന കാര്യത്തിൽ തനിക്ക് സംശയമുണ്ടെന്നും തിരിച്ചറിയപ്പെടാതിരിക്കാൻ വ്യാജ പേര് ഉപയോഗിക്കുകയാണെന്നും അയാൾ പറഞ്ഞു. എന്നാൽ, ഈ അവകാശവാദങ്ങൾക്ക് അസ്വാൾ തെളിവുകളൊന്നും നൽകിയില്ല.
അനന്തരവൾ ലവ് ജിഹാദിന് ഇരയായെന്ന് പെൺകുട്ടിയുടെ അമ്മാവനെക്കൊണ്ട് വ്യാജ ലവ്ജിഹാദ് പരാതി നൽകിക്കാൻ അസ്വാൾ ശ്രമിച്ചതായി newslaundry.com പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. സ്റ്റേഷനിൽ വെച്ച് അസ്വാൾ സമ്മർദം ചെലുത്തുന്നത് കണ്ട പുരോലയിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ ഖാജൻ സിങ് ചൗഹാനെ ഉദ്ധരിച്ചുകൊണ്ടാണ് ആ റിപ്പോർട്ട്.
ഈ കേസ് ഗൂഢാലോചനയുടെ ഫലം
ഹിന്ദുത്വ സംഘടനകളിലെ ചില ആളുകൾ നടത്തിയ ഒരു ഗൂഢാലോചനയുടെ ഫലമാണ് അനിയനെതിരായ കേസ് എന്ന് അമീർ ഖാൻ പറയുന്നു. ഞങ്ങൾ കഠിനാധ്വാനം ചെയ്ത് ജീവിക്കുന്നവരാണ്, അതിനുള്ള പുരോഗതിയും ഞങ്ങൾക്കുണ്ട്, പക്ഷേ, ചിലയാളുകൾക്ക് അത് സഹിക്കുന്നില്ല. ഇപ്പോൾ ഞങ്ങളെ ഉന്നമിടാൻ അവർക്ക് നല്ലൊരു അവസരവും കൈവന്നു.
പരവതാനിക്കട, ഫർണിച്ചർ ഷോപ്പ്, ഐസ്ക്രീം ഫാക്ടറി- എന്നിങ്ങനെ മൂന്നു ബിസിനസുകളുണ്ട് ഖാൻ കുടുംബത്തിന് പുരോലയിൽ. ഉബൈദ് അറസ്റ്റിലായതിെൻറ പിറ്റേനാൾ അവർ പട്ടണം വിട്ട് പലായനം ചെയ്യേണ്ടി വന്നു. വ്യാപാരി സംഘടനയായ പുരോല ബ്യാപാർ മണ്ഡൽ 24 മണിക്കൂർ സമയമാണ് നാടുവിടാൻ അനുവദിച്ചതെന്നും രണ്ടു മണിക്കൂർ കൊണ്ട് എല്ലാം കെട്ടിപ്പെറുക്കി ബിജ്നോറിലെ നജീബ് ബാദിലേക്ക് പോവുകയായിരുന്നുവെന്നും അമീർ ഖാൻ പറയുന്നു.
എന്നാൽ, നാടുവിട്ടുപോകാൻ ആവശ്യപ്പെട്ടുവെന്ന ആരോപണം വ്യാപാരി സംഘടനാംഗമായ അങ്കിത് പവാർ നിഷേധിക്കുന്നു. ആൾക്കൂട്ടം ആക്രമിച്ചേക്കുമെന്ന ഭീതിയിൽ കടകൾ അടച്ചിടാൻ മാത്രമാണ് പറഞ്ഞത്. അത് അവരുടെ സുരക്ഷയെക്കരുതിയാണ്. മാർക്കറ്റ് വീണ്ടും പ്രവർത്തന സജ്ജമായെന്നും മുസ് ലിം വ്യാപാരികളും കച്ചവടങ്ങൾ പുനരാരംഭിച്ചുവെന്നും അങ്കിത് ഈ ലേഖകനോട് പറഞ്ഞു.
വിഷയത്തിൽ വർഗീയത കലർത്തുകയും പ്രദേശത്തെ സംഘർഷാവസ്ഥയിലെത്തിക്കുകയും ചെയ്തതിൽ നാട്ടുകാരും അസന്തുഷ്ടരാണ്. മാധ്യമങ്ങളും ചില ആളുകളും ചേർന്ന് ഈ സംഭവത്തെ ഒരു ഹിന്ദു-മുസ് ലിം പ്രശ്നമാക്കി മാറ്റിയതായി ഖാൻ കുടുംബത്തിെൻറ വീട്ടുടമ വിനയ് ഹിമാനി ചൂണ്ടിക്കാട്ടുന്നു.
(scroll.in ൽ മാധ്യമപ്രവർത്തകനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.