മന്ത്രി രാധാകൃഷ്ണനോട് ശ്രീനാരായണഗുരു എന്ത് പറയുമായിരുന്നു?
text_fieldsമന്ത്രി രാധാകൃഷ്ണന്റെ വിഷാദഗ്രസ്തവും വ്യാകുലചിത്തവുമായ വിലാപങ്ങൾ ഒരു നൂറ്റാണ്ടിനുമുമ്പ് ദീർഘദർശനവും ദീർഘ ശ്രവണവും ചെയ്ത ഒരുമനുഷ്യനുണ്ടായിരുന്നു കേരളത്തിൽ. അദ്ദേഹത്തിന്റെ പേരാണ് ശ്രീനാരായണഗുരു. രാധാകൃഷ്ണന്റെ പാർട്ടിയും അദ്ദേഹത്തെ ശുദ്ധിയുടെ പേരിൽ അപമാനിച്ചവരും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു നാമം! കാരണം,ഒരിക്കലുമണയാത്ത ഒരഗ്നിപർവത സ്ഫോടനശക്തിയെ അന്തർവഹിക്കുന്ന നാമമാകുന്നു, അത്.
പരേതാത്മാക്കളുമായി ബന്ധപ്പെടാനുള്ള മാന്ത്രിക സിദ്ധിയുണ്ടെന്ന് അവകാശപ്പെടുന്ന മന്ത്രവാദികളെ (Shamans) ലോകത്തവശേഷിക്കുന്ന ശിലായുഗ ഗോത്രങ്ങളിൽ ഇന്നും കാണാം. ബി.സി. 1500 വർഷങ്ങൾക്കു മുമ്പ് ഉത്തരേന്ത്യയിലെത്തിയ ആര്യഗോത്രങ്ങളുടെ മന്ത്രവാദികൾ ക്രമേണ ഇന്ത്യാ ഉപഭൂഖണ്ഡത്തിലാകെ വ്യാപിച്ചു.
ആഭിചാര- മാന്ത്രിക - വിദ്യകൾകൊണ്ട് തദ്ദേശീയ ജനതയെ ഭയ - വിഹ്വലതയിലാഴ്ത്തിയ അവർ വംശീയ മേൽക്കോയ്മ സ്ഥാപിക്കാൻ ആവിഷ്കരിച്ച പ്രത്യയ ശാസ്ത്രമാണ് ശുദ്ധി - അശുദ്ധി സങ്കൽപം. ‘ശുദ്ധംxഅശുദ്ധം’ എന്ന വ്യാജ പ്രത്യയ ശാസ്ത്രസമുച്ചയത്തിന്റെ പൊയ്ക്കാലിൽ നിൽക്കുന്ന സമ്പ്രദായമാണ് ജാതിവ്യവസ്ഥയെന്ന് ലൂയി ഡുമന്റ് സിദ്ധാന്തിക്കുന്നു. (Louis Dumont, The Homo Heirarchicus ).
ഇന്ന് വംശീയതയും വംശീയ വിവേചനവും ലോകത്തെമ്പാടും കടുത്ത ശിക്ഷയർഹിക്കുന്ന കൊടുംകുറ്റങ്ങളാണ്. എന്നാൽ, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, ‘ഹിന്ദു’ എന്ന പ്രച്ഛന്നവേഷം കെട്ടിയ ആര്യ-ബ്രാഹ്മണ- ഷമാനിസം നിയമത്തിൽനിന്നു രക്ഷപ്പെടുകയും ശിലായുഗ പ്രാകൃതത്വത്തെ ആചാരാനുഷ്ഠാനങ്ങളുടെ രൂപത്തിൽ പുനരധിവസിപ്പിക്കുകയും ചെയ്തു.
അടുത്തുനിന്ന മന്ത്രി രാധാകൃഷ്ണന് നിലവിളക്ക് കൈമാറുന്നതിനു പകരം അത് നിലത്തുവെച്ച ബ്രാഹ്മണ മേൽശാന്തി, പ്രാകൃത മനസ്സിന്റെയും വംശീയ വെറിയുടെയും മൃതരൂപം മാത്രമാണ്. ക്ഷേത്രങ്ങളിലെ ആചാരങ്ങളിലേക്ക് ‘തൊട്ടുകൂടായ്മ’’യെന്ന വംശീയ കുറ്റത്തെ ഒളിച്ചു കടത്തിയവർ, ഇപ്പോഴത് പരസ്യമായി പ്രകടിപ്പിക്കാനും ലജ്ജയില്ലാത്തവരായിരിക്കുന്നു.
അല്ലെങ്കിൽ, നവോത്ഥാനത്തിന്റെയും പ്രബുദ്ധതയുടെയും പേരിൽ അഭിമാനിക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളത്തിൽ, ദേവസ്വം മന്ത്രി കൂടിയായ രാധാകൃഷ്ണനെ പരസ്യമായി ജാതിയധിക്ഷേപം നടത്താൻ അവർക്ക് എങ്ങനെ ധൈര്യം വന്നു? ജാതിയധിക്ഷേപത്തെ ന്യായീകരിക്കാൻ ആചാരശുദ്ധിവാദം ഉന്നയിക്കാനും അവർ തയാറായിരിക്കുന്നു.
ദലിത് വോട്ടിന് ‘സംഖ്യാബലം’ മാത്രം!
കേരളത്തിലെ നമ്പൂതിരി- നായർമാരേക്കാൾ ജനസംഖ്യയിൽ കൂടുതലുള്ളത് ദലിത്- ആദിവാസി സമുദായങ്ങളാണ്. എന്നിട്ടും അവർ രാഷ്ട്രീയ - സാമൂഹിക- നിയമ- ഭരണരംഗങ്ങളിൽനിന്നെല്ലാം ക്രൂരമായി അകറ്റി നിർത്തപ്പെടുന്നു. കേരളത്തിലെ ഇടതു-വലതു മുന്നണികൾ പൊതു നിയമസഭ മണ്ഡലങ്ങളിൽ ഒരു ദലിതനെയോ ആദിവാസിയെയോ സ്ഥാനാർഥിയാക്കില്ല.
അവരുടെ സ്ഥാനം സംവരണമണ്ഡലങ്ങൾ മാത്രം. ഇടതുപാർട്ടിക്കാരും അവർക്കിടയിലെ മികച്ച ദലിത് നേതാക്കളെ സംവരണ സീറ്റുകളിൽ മാത്രമെ മത്സരിപ്പിക്കുകയുള്ളൂ. സനാതന- ഹിന്ദൂയിസം സൃഷ്ടിച്ച ചരിത്രപരമായ അവികസിതത്വം പരിഹരിക്കുന്നതിനുവേണ്ടി ഭരണഘടന ആവിഷ്കരിച്ച സംവരണതത്ത്വത്തെ, പാർട്ടികൾ ഒരു ഉപാധിയായി കാണുന്നതിനുപകരം ഒരു മനുഷ്യ വർഗീകരണ സംവർഗമായി കാണാൻ തുടങ്ങിയിരിക്കുന്നു.
‘സംവരണ മനുഷ്യൻ’ എന്ന ഒരു സ്പീഷീസിനു ജന്മം നൽകിയിരിക്കുന്നു! ഇത് മാനവരാശിക്കെതിരെ കേരളത്തിലെ ഭരണ - പ്രതിപക്ഷപാർട്ടികൾ നടത്തുന്ന സംഘടിത കുറ്റകൃത്യമാണ്. രാധാകൃഷ്ണൻ ഭരണഘടനപരമായി എത്ര ഉന്നതമായ പദവി വഹിച്ചാലും, ആചാര- ശുദ്ധിവെച്ചുനോക്കുമ്പോൾ അദ്ദേഹം വെറുമൊരു ‘സംവരണമനുഷ്യൻ’ മാത്രം!
മേൽശാന്തിയിൽനിന്ന് നിലവിളക്ക് നേരിട്ടു കൈയിൽ വാങ്ങാൻ അർഹതയില്ലാത്ത അശുദ്ധനായ ‘സംവരണമനുഷ്യൻ’! ഈ സംവരണമനുഷ്യർ ജനസംഖ്യാപരമായി, കൂടുതലായാലും അവരുടെ വോട്ടിനു വെറും സംഖ്യാബലം മാത്രമെയുള്ളൂ. നമ്പൂതിരി - നായർ വോട്ടിനു ‘അനുഷ്ഠാനമൂല്യം’ കൂടിയുണ്ട്!
നായർ-നമ്പൂതിരിമാർക്ക് ഭരണഘടന രണ്ട് വോട്ട് അനുവദിച്ചിട്ടൊന്നുമില്ല. പക്ഷേ, ദലിത്-ഒ.ബി.സി വോട്ടിനില്ലാത്ത ഒരു ‘അധികമൂല്യം’, അവരുടെ വോട്ടിനുണ്ട്. അതാണ് ‘അനുഷ്ഠാനമൂല്യം’ . വെറും സംഖ്യാബലമുള്ള വോട്ടുകൾ കൊണ്ട് ജയിക്കാനും ഭൂരിപക്ഷം നേടാനും കഴിഞ്ഞേക്കും.
പക്ഷേ, ശുദ്ധാശുദ്ധിവംശീയ മനസ്സ് പേറുന്ന രാഷ്ട്രീയപാർട്ടികൾക്ക് ജയ-ഭൂരിപക്ഷത്തെ ‘പുണ്യ’വത്കരിക്കുന്ന വോട്ടുകൂടി വേണം. ബ്രാഹ്മണ മന്ത്രവാദിയാൽ പവിത്രീകരിക്കപ്പെട്ടാൽ മാത്രമെ, ഏത് അധികാരവും ആത്യന്തികമായി സാധൂകരിക്കപ്പെടുകയുള്ളൂ എന്ന സവർണ-വംശീയ മിത്തിന്റെ ഇന്ദ്രജാലം അത്രമേൽ അദൃശ്യമാണ്, ഇന്ത്യയിൽ.
രാധാകൃഷ്ണൻ മന്ത്രിയായ ദേവസ്വം ബോർഡിനു കീഴിൽ വെറുമൊരു ശാന്തിക്കാരൻ മാത്രമായ ഒരാൾ, പരസ്യമായി തന്നെ അപമാനിച്ചിട്ടും മാസങ്ങളോളം അത് പുറത്തുപറയാൻ പോലും അദ്ദേഹത്തിനു കഴിഞ്ഞില്ല.
ദലിതരുടെ ജന്മസിദ്ധബാധ്യത
ദലിതരെ അപമാനിക്കാൻ ബ്രാഹ്മണന്, ‘ജന്മസിദ്ധാവകാശം’ഉള്ളതുപോലെ, അപമാനത്തെക്കുറിച്ച് പറയാതിരിക്കാനുള്ള ‘ജന്മസിദ്ധബാധ്യത’ ദലിതർക്കുമുണ്ടെന്നാണോ നാം കരുതേണ്ടത്? മാസങ്ങളോളം അപമാനഭാരം സഹിച്ച ബഹുമാന്യമന്ത്രി രാധാകൃഷ്ണൻ അനുഭവിച്ച ‘ട്രോമ’ എത്രമേൽ അഗാധമായിരിക്കും. എന്നിട്ടും, ഒരു ദയനീയ വിലാപമായാണ് നാം അത് കേട്ടത്.
മന്ത്രി രാധാകൃഷ്ണന്റെ വിഷാദഗ്രസ്തവും വ്യാകുലചിത്തവുമായ വിലാപങ്ങൾ ഒരു നൂറ്റാണ്ടിനുമുമ്പ് ദീർഘ ദർശനവും ദീർഘ ശ്രവണവും ചെയ്ത ഒരു മനുഷ്യനുണ്ടായിരുന്നു, കേരളത്തിൽ. അദ്ദേഹത്തിന്റെ പേരാണ് ശ്രീനാരായണഗുരു. രാധാകൃഷ്ണന്റെ പാർട്ടിയും അദ്ദേഹത്തെ ശുദ്ധിയുടെ പേരിൽ അപമാനിച്ചവരും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു നാമം! കാരണം, ഒരിക്കലുമണയാത്ത ഒരഗ്നിപർവതസ്ഫോടനശക്തിയെ അന്തർവഹിക്കുന്ന നാമമാകുന്നു, അത്.
ഇങ്ങനെ അപമാനിതരാകുന്ന എല്ലാ മനുഷ്യരോടുമായി അദ്ദേഹം പറഞ്ഞത് ഓർമിപ്പിക്കട്ടെ, ‘‘.. മനുഷ്യനെ തൊട്ടാൽ അശുദ്ധിയാകുമെന്ന് വിചാരിക്കുന്നവർക്ക്, യാതൊന്നും, സ്വസ്ഥമായിരുന്നു പ്രവർത്തിക്കാൻ ഇടകൊടുക്കരുത്’’. (എം.കെ. സാനു, നാരായണഗുരുസ്വാമി, പേജ്: 432)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.