ഹിന്ദി അടിച്ചേൽപിച്ചാൽ എന്താണ് സംഭവിക്കുക?
text_fieldsനമ്മുടേതുപോലെ മതാത്മകമായ രാജ്യത്ത് മതേതരത്വത്തിെൻറ ഒരു മാതൃകപുരുഷനായിരുന്നു മാസ്റ്റർ -അതീവ മതഭക്തനാണെന്നിരിക്കിലും വർഗീയതയിൽനിന്ന് തികച്ചും അന്യനായിരുന്നു അദ്ദേഹം. രണ്ടേരണ്ടു വിഷയങ്ങളിൽ മാത്രമേ അദ്ദേഹത്തിന് കടുംപിടിത്തമുണ്ടായിരുന്നുള്ളൂ. ഭരണനൈപുണ്യത്തിൽ ദൈവത്തിെൻറ വരദാനമായ സി. രാജഗോപാലാചാരി, സംഗീതത്തിൽ എം.എസ്. സുബ്ബലക്ഷ്മിയും. മറ്റേത് വിഷയത്തിലും തുറന്ന ചിന്തക്കും ചർച്ചക്കും ഒത്തുതീർപ്പുകൾക്കും അദ്ദേഹം ഒരുക്കമായിരുന്നു എന്നാണ് ഞാൻ കരുതുന്നത്
മറ്റൊന്നിനും ആവാത്തവിധം സംഗീതവും സാരിയും സംസ്കൃതവും ഈ രാജ്യത്തെ ഒരുമിപ്പിക്കുന്നുവെന്ന് ദീർഘകാലം ഞാൻ വിശ്വസിച്ചിരുന്നു. സംസ്കൃതത്തിൽ ഞാൻ കടുത്ത വെല്ലുവിളി നേരിട്ടു. സംസ്കൃതവത്കരിക്കപ്പെട്ട ഹിന്ദിയെക്കുറിച്ച് തമാശപറഞ്ഞതിന് വിഖ്യാത കാർട്ടൂണിസ്റ്റ് സുഹൃത്ത് അബു എബ്രഹാമിൽനിന്ന് നല്ല ചീത്ത കേട്ടിട്ടുമുണ്ട് ഞാൻ.
ഇന്ത്യൻ പീപ്ൾസ് തിയറ്റർ അസോസിയേഷൻ (ഇപ്റ്റ) വഴി ബോളിവുഡിലേക്കുവന്ന ബൽരാജ് സാഹ്നി ജവഹർലാൽ നെഹ്റു സർവകലാശാലയുടെ പ്രഥമ ബിരുദദാന ചടങ്ങിൽ നടത്തിയ പ്രഭാഷണത്തിൽ സുഹൃത്ത് ജോണി വാക്കറിന്റെ ഒരു തമാശ ഉദ്ധരിച്ചു- ഇക്കാലത്ത് വാർത്ത അവതാരകർ ഹിന്ദിയിലുള്ള വാർത്തകൾ കേൾക്കാം എന്നല്ല, വാർത്തകളിലെ ഹിന്ദി കേൾക്കാം എന്നാണ് പറയേണ്ടത് എന്ന്. അബുവിന് ദേഷ്യം വന്നു, അതുകണ്ടാൽ അദ്ദേഹത്തിന്റെ കാർട്ടൂണിനെ ആരോ അപഹസിച്ചുവെന്ന് തോന്നിപ്പോകും.
'നിങ്ങളെപ്പോലുള്ള വടക്കെ ഇന്ത്യൻ മേൽക്കോയ്മ വാദികൾക്ക് ഇത് ഒരിക്കലും മനസ്സിലാകില്ല'- ഹിന്ദി സംസ്‌കൃതവത്കരിക്കപ്പെടുന്തോറും എന്നെപ്പോലുള്ള മലയാളികൾക്ക് അത് കൂടുതൽ മനസ്സിലാകും- അബു രോഷാകുലനായി പറഞ്ഞു.
അബുവിന്റെ വാക്കുകളിൽ മുഴങ്ങിയ ആവേശം ഇന്ത്യൻ എക്സ്പ്രസിന്റെ തെന്നിന്ത്യൻ എഡിറ്ററായി മദിരാശിയിൽ നിയമിതനായ ഘട്ടത്തിൽ എന്റെ മനസ്സിൽ തങ്ങിനിന്നു. നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതിചെയ്യുന്ന ചെന്നൈ, ബംഗളൂരു, വിജയവാഡ, ഹൈദരാബാദ്, കൊച്ചി ബ്യൂറോകൾ പരിധിയിൽ വരുന്നതിനാൽ ധാരാളമായി യാത്ര ചെയ്യാൻ എനിക്കു സാധിച്ചു. ഈ യാത്രകൾക്കിടയിലെല്ലാം 'അബു മന്ത്രം' ഭാഷാപരമായ അന്വേഷണങ്ങളുടെ നിരന്തരമായ പുറപ്പാടായി മാറി.
മദിരാശിയിൽ നിയോഗിക്കപ്പെട്ടത് ഒരു വലിയ പദവിയായി ഞാൻ കണക്കാക്കി. റായ്ബറേലിക്കടുത്തുള്ള മുസ്തഫാബാദിൽ നിന്നുവന്ന ഒരു മുസ്ലിം ഇരിക്കുന്ന ഈ വലിയ തേക്ക് മേശ ഒരുകാലത്ത് ഇന്ത്യൻ എക്സ്പ്രസ് സ്ഥാപക പ്രസാധകൻ രാംനാഥ് ഗോയങ്കയുടേതായിരുന്നു. നെറ്റിയിൽ നെടുകയോ കുറുകയോ കുറികൾ ചാർത്തിയ ഒരുകൂട്ടം സ്ത്രീകളും പുരുഷന്മാരും പ്രവർത്തിച്ചിരുന്ന ഓഫിസിന് മേൽനോട്ടം വഹിക്കാൻ എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നു.
ലഖ്‌നോവിന്റെ സാർവലൗകികതയിൽ വളർന്ന ഞാൻ സാംസ്കാരിക വൈവിധ്യത്തിൽ ആകൃഷ്ടനായിരുന്നു. എന്റെ പുതിയ സാഹചര്യം അന്യവത്കരണത്തിന് കാരണമായില്ല, പകരം അത് സമ്പന്നമായ ഒരു സംസ്കാരത്തെക്കുറിച്ചുള്ള അന്വേഷണത്തിന് കാരണമായി. എക്സ്പ്രസ് സാമ്രാജ്യം പ്രഫഷനലും അതിപുരാതനവുമായിരുന്നു.
രാംനാഥ്ജിയുടെ ഏകമകൻ ഭഗവൻദാസിന്റെ അധ്യാപകനായിരുന്ന, മാസ്റ്റർ എന്നു വിളിക്കപ്പെട്ടിരുന്ന ഉയരമുള്ള മനുഷ്യനായിരുന്നു ന്യൂസ് എഡിറ്റർ. കൃത്യനിഷ്ഠയും കഠിനാധ്വാനവും കൈമുതലാക്കിയിരുന്ന മാസ്റ്റർ പിന്നീട് ആർ.എൻ.ജിയുടെ മോഡൽ ന്യൂസ് എഡിറ്ററായി മാറി. അദ്ദേഹം ഒരുപാട് തിളങ്ങിയില്ല; പക്ഷേ സ്ഥിരതയുള്ളയാളായിരുന്നു, ആശ്രയയോഗ്യനുമായിരുന്നു.
നമ്മുടേതുപോലെ മതാത്മകമായ രാജ്യത്ത് മതേതരത്വത്തിന്റെ ഒരു മാതൃകാപുരുഷനായിരുന്നു മാസ്റ്റർ-അതീവ മതഭക്തനാണെന്നിരിക്കിലും വർഗീയതയിൽനിന്ന് തികച്ചും അന്യനായിരുന്നു അദ്ദേഹം. രണ്ടേരണ്ടു വിഷയങ്ങളിൽ മാത്രമേ അദ്ദേഹത്തിന് കടുംപിടിത്തമുണ്ടായിരുന്നുള്ളൂ.
ഭരണനൈപുണ്യത്തിൽ ദൈവത്തിന്റെ വരദാനമായ സി. രാജഗോപാലാചാരി, സംഗീതത്തിൽ എം.എസ്. സുബ്ബലക്ഷ്മിയും. മറ്റേത് വിഷയത്തിലും തുറന്ന ചിന്തക്കും ചർച്ചക്കും ഒത്തുതീർപ്പുകൾക്കും അദ്ദേഹം ഒരുക്കമായിരുന്നു എന്നാണ് ഞാൻ കരുതുന്നത്.
ഒരുദിവസം വലിയ ആവേശത്തിൽ ഞാൻ നിർത്താതെ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്റെ മനസ്സിൽ തോന്നിയത് അതേപടി പങ്കുവെക്കുന്നതിനായി ഞാൻ കൂടുതലായി ഹിന്ദിയാണുപയോഗിച്ചത്. മാസ്റ്റർ എന്നെ തുറിച്ചു നോക്കിക്കൊണ്ട് പുറംതിരിഞ്ഞ് സ്വന്തം സീറ്റിലേക്ക് മടങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു. അവിടെയിരുന്ന് കോപ്പികൾ എഡിറ്റ് ചെയ്തുകൊണ്ടിരുന്നവരിൽ ഒരാൾ വന്ന് പറഞ്ഞു-
''മാസ്റ്റർ ദേഷ്യപ്പെടുന്നതിനെ ദയവായി കാര്യമായി എടുക്കരുത്. ആരെങ്കിലും തന്നോട് ഹിന്ദിയിൽ സംസാരിക്കുന്നത് ഒരു രക്ഷാധികാരിത്വമായാണ് അദ്ദേഹം കണക്കാക്കുന്നത്''. ഹിന്ദുവിലെ എൻ.റാമിൽ നിന്നുള്ള അനുഭവം അതിലേറെ പരിതാപകരമായിരുന്നു. എന്റെ സംസാരം
അശ്രദ്ധമായി ഹിന്ദിയിലേക്ക് വഴുതിയപ്പോൾ നിർത്താൻ ആംഗ്യം കാണിച്ച റാം 'പരിഷ്കൃത'മായ ഭാഷയിൽ സംസാരിക്കൂ എന്ന് നിർദേശിച്ചു. മാസ്റ്ററും റാമും-അവർ രണ്ടുപേരും അയ്യങ്കാർ ബ്രാഹ്മണന്മാരാണ്. ഞാനിത് പറയുന്നത്, ദ്രാവിഡ പാരമ്പര്യത്തിൽ നിന്ന് വരുന്നവർ മാത്രമാണ് ഹിന്ദിയെ എതിർക്കുന്നതെന്ന ഒരു തെറ്റിദ്ധാരണ വടക്കെ ഇന്ത്യയിൽ ഉള്ളതിനാലാണ്. പതിവുശീലം വെച്ച് ഹിന്ദിയിലേക്ക് നീങ്ങുമ്പോൾ അവർ മാത്രമല്ല എന്നെ ഇതുപോലെ തടഞ്ഞുനിർത്തിയിട്ടുള്ളത്.
ഹിന്ദിയോടുള്ള മാസ്റ്റർ-റാം ചിന്താഗതിയും അബുവിന്റെ ചിന്തയും വെച്ചു നോക്കുക. ആദ്യത്തെ രണ്ടുപേരും ഹിന്ദിയെ വടക്കെ ഇന്ത്യൻ അടിച്ചേൽപിക്കലായാണ് കാണുന്നത്. അബുവാകട്ടെ വിശാലമായ പ്രേക്ഷകർക്ക് വൈവിധ്യമാർന്ന ആശയങ്ങൾ സ്വീകാര്യമാവാനുള്ള മാർഗത്തെക്കുറിച്ച് പറയുന്നു.
അബു പറഞ്ഞതും ദക്ഷിണേന്ത്യൻ ജീവിതത്തിലെ അഞ്ചു വർഷങ്ങൾക്കിടയിൽ ഞാൻ മനസ്സിലാക്കിയതും തമിഴ് ഒഴികെ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും സംസ്‌കൃതത്തിന്റെ വലിയൊരു ഘടകമുണ്ട് എന്നാണ്. ബംഗാളി, അസമീസ്, ഒറിയ പോലുള്ള പല പ്രധാന പ്രാദേശിക ഭാഷകളും സംസ്കൃതം നിറഞ്ഞതാണ്.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഹിന്ദിയിൽ സംസ്‌കൃത അനുപാതം വർധിപ്പിച്ചാൽ, അത് കൂടുതൽ പ്രദേശങ്ങളിലെ ജനങ്ങൾക്ക് മനസ്സിലാക്കാവുന്ന ഭാഷയാവും. ഈ സത്യം സ്വാതന്ത്ര്യത്തിനുശേഷം നമ്മൾ ജീവിക്കാൻ പഠിച്ച മറ്റൊരു യാഥാർഥ്യത്തിന് വിരുദ്ധമായി കാണപ്പെടും. ഹിന്ദിക്ക് വ്യാപക സ്വീകാര്യത ലഭിച്ചതിന്റെ ക്രെഡിറ്റ്, കുറഞ്ഞ പക്ഷം വടക്കെ ഇന്ത്യയിലെങ്കിലും ബോളിവുഡിന് നൽകണം.
നസീർ അക്ബറാബാദിയുടെ ഉർദുവിൽനിന്ന് വേർതിരിച്ചറിയാൻ കഴിയാത്ത ലളിതമായ ഹിന്ദുസ്ഥാനിയാണിത്. ഹിന്ദി സംസ്‌കൃതവത്കരിച്ചാൽ സംസ്‌കൃതത്തിന് ഇതിനകം പ്രാദേശിക ഭാഷയിൽ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ അത് കൂടുതൽ പ്രാപ്യമാകും. എന്നാൽ, ഒരു സാധാരണ സിനിമ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ഇത് കൂടുതൽ ബുദ്ധിമുട്ടുള്ളതായി മാറും.
എന്റെ വ്യക്തിപരമായ പ്രശ്നത്തെക്കുറിച്ച് ഒരു ഉദാഹരണം പറയാം, എൻ.ഡി.ടി.വിയിലെ സൂപ്പർ ഹിറ്റ് പരിപാടിയായ പ്രൈംടൈം വിത്ത് രവീഷ് കുമാർ എന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയെക്കുറിച്ചാണ് ഈ പരാതി.
ഭരണകൂട വ്യവസ്ഥയോടുള്ള രവീഷിന്റെ ചങ്കൂറ്റം നിറഞ്ഞ ആക്രമണോത്സുക നിലപാട് അതിശയിപ്പിക്കുന്നതാണ്. പക്ഷേ, അബുവിന് കൂടുതൽ മനസ്സിലാവുന്ന വിധത്തിലാണ് അതിന്റെ സ്ക്രിപ്റ്റ് എന്നതിനാലാവണം പരിപാടിയിൽ പറയുന്നതിൽ പാതിയും എനിക്ക് മനസ്സിലാക്കാനാവാതെ പോകുന്നത്.
ഇത്രയധികം പ്രാദേശിക ഭാഷകൾ സംസ്‌കൃതത്തെ കാര്യമായി വഹിക്കുന്നുവെങ്കിൽ ദേശീയ ഭാഷ എന്ന നിലയിൽ സംസ്‌കൃതം ഒരു മികച്ച തിരഞ്ഞെടുപ്പാകുമായിരുന്നോ? ജാതിയാണ് അതിനൊരു തടസ്സമായി പറയപ്പെടുന്നത്. പുരോഹിതന്മാരുടെയും ഉന്നത ജാതി ഋഷിമാരുടെയും ഭാഷയായിരുന്നു അത്.
മനുവിന്റെ നിയമങ്ങൾ പ്രകാരം അത് താഴ്ജാതിക്കാരിലെത്തുന്നത് നിഷിദ്ധമാണ്. ലാറ്റിനും ഗ്രീക്കും പുനരുജ്ജീവിപ്പിക്കുന്നത് പോലെയായിരിക്കും അത് എന്നാണ് മറ്റൊരു വാദം. 160 രാജ്യങ്ങളിൽനിന്ന് എത്തിയ ആളുകൾക്ക് ഇസ്രായേലിലെ നൂതന സാങ്കേതിക വിദ്യയുടെ ഭാഷയായി ഹീബ്രു മാറിയ അനുഭവം അറിയാത്ത ആളുകളാണ് ഈ വാദം മുന്നോട്ടുവെക്കുന്നത്.
പ്രാദേശിക ഭാഷകൾക്ക് അനുസൃതമായി സംസ്‌കൃത ഉള്ളടക്കം 'ഖടി ബോലി'യിൽ ഉയർത്താനുള്ള അബുവിന്റെ സൂത്രവാക്യം പരിഗണിക്കുക എന്നത് ഡൽഹിയിലെ രാഷ്ട്രീയക്കാരെ പ്രലോഭിപ്പിച്ചേക്കാം. എന്നാൽ, അത് ദേശീയ ഭാഷയായി അംഗീകരിക്കപ്പെടണമെന്നില്ല.
ആ ലക്ഷ്യത്തിലേക്കുള്ള ഏതൊരു നീക്കവും 'ഉത്തരേന്ത്യൻ മേൽക്കോയ്മ' എന്ന എതിർപ്പിന് വഴിവെക്കും. അത്രമാത്രം സംഘർഷാത്മകമാണ് വിഷയം. ബോളിവുഡിലേതുപോലുള്ള മന്ദഗതിയിലുള്ള പരിണാമ സമീപനം മാത്രമാണ് ഹിന്ദിയുടെ വളർച്ചക്കുള്ള ഏറ്റവും സുരക്ഷിതമായ മാർഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.