ഡൽഹിയിലെ പേരുമാറ്റ മുറവിളിക്കു പിന്നിലെന്ത്?
text_fieldsഡൽഹിയിപ്പോൾ മുഗളന്മാരുടെ സരായി (സത്രം) അല്ല, രാജ്യത്തിെൻറ തലസ്ഥാനനഗരിയാണ് എന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് പേരുമാറ്റ ഉത്തരവിടാൻ ആവശ്യപ്പെട്ട ഡൽഹി ബി.ജെ.പി അധ്യക്ഷൻ ആദേശ് ഗുപ്ത പ്രസ്താവിച്ചത്. ഈ നാട്ടിലെ യുവത അടിമത്തത്തിെൻറ ചിഹ്നങ്ങൾ പേറാൻ ഇഷ്ടപ്പെടുന്നില്ലെന്നും അവരുടെ നാടുകൾ രാജ്യത്തിെൻറ മഹാസന്താനങ്ങളുടെയും വ്യക്തിത്വങ്ങളുടെയും പേരിൽ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും ഗുപ്ത പറയുന്നു
നഗരങ്ങളുടെ പേരുമാറ്റി ഹിന്ദുത്വഭാഗ്യവിധാതാക്കളുടെ പേരിടുന്ന ഉത്തർപ്രദേശ് സർക്കാറിന്റെ മാതൃകയിൽ 'മുഗൾ' ഡൽഹിയിലെ 40 ദേശങ്ങളുടെ പേരുമാറ്റാനാവശ്യപ്പെട്ടിരിക്കുന്നു ഭാരതീയ ജനത പാർട്ടി. പക്ഷേ, അവർ മുഗൾ വില്ലേജുകളായി എണ്ണുന്ന പലതും 1526ൽ മുഗളർ എത്തുന്നതിനും നൂറ്റാണ്ടുകൾ മുമ്പുള്ളതാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഡൽഹിയിൽ 17ാം നൂറ്റാണ്ടിൽ ഷാജഹാൻ ചക്രവർത്തി പണികഴിപ്പിച്ചതാണ് ഷാജഹാനാബാദ്. എന്നാൽ, സിരി, തുഗ്ലക്കാബാദ്, ജഹൻപാന, ഫിറോസാബാദ്, ദിൻപാന തുടങ്ങിയ ജനവാസമേഖലകൾ അതിനും എത്രയോ മുമ്പ് നിലവിൽ വന്നവയാണ്. അലാവുദ്ദീൻ ഖിൽജി, ഗിയാസുദ്ദീൻ തുഗ്ലക്, ഫിറോസ് ഷാ തുഗ്ലക് തുടങ്ങിയ സുൽത്താന്മാരാണ് ഒന്നുമില്ലാത്തിടത്ത് അവ പടുത്തുയർത്തിയത്. പേരുമാറ്റണമെന്ന് ആവശ്യമുയർത്തിയിരിക്കുന്ന ഏകദേശം എല്ലാ ദേശങ്ങളുടെയും ആവിർഭാവം അവ്വിധത്തിൽത്തന്നെയാണ്.
ഡൽഹിയിപ്പോൾ മുഗളന്മാരുടെ സരായി (സത്രം) അല്ല, രാജ്യത്തിന്റെ തലസ്ഥാനനഗരിയാണ് എന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് പേരുമാറ്റ ഉത്തരവിടാൻ ആവശ്യപ്പെട്ട ഡൽഹി ബി.ജെ.പി അധ്യക്ഷൻ ആദേശ് ഗുപ്ത പ്രസ്താവിച്ചത്. ഈ നാട്ടിലെ യുവത അടിമത്തത്തിന്റെ ചിഹ്നങ്ങൾ പേറാൻ ഇഷ്ടപ്പെടുന്നില്ലെന്നും അവരുടെ നാടുകൾ രാജ്യത്തിന്റെ മഹാസന്താനങ്ങളുടെയും വ്യക്തിത്വങ്ങളുടെയും പേരിൽ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും ഗുപ്ത പറയുന്നു.
'അടിമത്തത്തിന്റെ ചിഹ്ന'മായി ഗുപ്ത എണ്ണുന്നത് സൈദുൽ അജൈബ്, യൂസുഫ് സരായ്, ഹൗസ് ഖാസ്, ശൈഖ് സരായ്, മുഹമ്മദ്പുർ, മസ്ജിദ് മോത്ത്, ഹസൻപുർ, നാംഗ്ലോയി, നേബ് സരായ്, റസൂൽപുർ, നർസിപുർ തുടങ്ങിയ സ്ഥലങ്ങളെയാണ്. ഈ പേരുകൾ മാറ്റി കോൺസ്റ്റബ്ൾ രതൻലാൽ, ഐ.ബി ഓഫിസർ അങ്കിത് ശർമ, ഇൻസ്പെക്ടർ മോഹൻ ചന്ദ് ശർമ, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി, ക്യാപ്റ്റൻ വിക്രം ബത്ര, ഉസ്താദ് ബിസ്മില്ല ഖാൻ, ലത മങ്കേഷ്കർ, മിൽഖ സിങ് തുടങ്ങിയവരുടെ പേരു നൽകണമെന്നാണ് ആവശ്യം.
കാര്യമായ ഗവേഷണം നടത്തി തയാറാക്കിയ പട്ടികയാണ് ഇതെന്ന് ഒരുവേള തോന്നിപ്പോയേക്കാം. എന്നാൽ, ഈ നാടുകളുടെ ചരിത്രം ചെറുതായൊന്ന് തിരക്കിയാൽ സത്യാവസ്ഥ വ്യക്തമാവും. ഉദാഹരണത്തിന്, തെക്കൻ ഡൽഹിയിലെ സംറുദ്പുർ- ആ പേരു വന്നത് സിക്കന്ദർ ലോധിയുടെ കൊട്ടാരത്തിലുണ്ടായിരുന്ന അഫ്ഗാൻ പ്രഭു സംറുദ് ഖാനിൽനിന്നാണ്. സിക്കന്ദർ ലോധി എന്നാൽ 1526ൽ പാനിപ്പത്തിൽ മുഗള സാമ്രാജ്യ സ്ഥാപകൻ ബാബറിനോട് ഏറ്റുമുട്ടിയ ഇബ്രാഹിം ലോധിയുടെ പിതാവ്. സംറുദ് ഖാന്റെ കുടുംബാംഗങ്ങൾ അന്ത്യവിശ്രമംകൊള്ളുന്ന കുടീരങ്ങൾ സംറുദ്പുരിലുണ്ട്. ഇവിടെ ഒരു വിരോധാഭാസംകൂടി കാണാം. ഒരു ഭാഗത്ത് സമകാലിക മുസ്ലിംകളെ ബാബർ കി ഔലാദ് (ബാബറിന്റെ സന്താനങ്ങൾ) എന്നു വിളിക്കുന്നു, അതേസമയം ബാബറിന്റെ എതിരാളികളുടെ മുൻഗാമികളുടെ അവസാന അവശിഷ്ടങ്ങൾപോലും ഇല്ലാതാക്കാനും ശ്രമിക്കുന്നു.
അതേപോലെ ബേഗംപുർ മസ്ജിദിനാൽ പ്രശസ്തമായ ബീഗംപുർ നിർമിച്ചത് ഫിറോസ് ഷാ തുഗ്ലക്കിന്റെ കാലത്ത് പ്രധാനമന്ത്രിയായിരുന്ന ഖാൻ ഇ ജഹാൻ ജുനാൻ ഷായാണ്. വഴിയാത്രക്കാർക്കുവേണ്ടി പള്ളികളും വിശ്രമകേന്ദ്രങ്ങളും നിർമിക്കുന്നതിൽ ദത്തശ്രദ്ധനായിരുന്നു അദ്ദേഹം. അവിടത്തെ പള്ളി വർഷങ്ങളായി ജീർണാവസ്ഥയിലാണ്. ഒരു പൈതൃക സ്മാരകത്തോടുള്ള അവഗണന പരിഹരിക്കുന്നതിനു പകരം, ഗ്രാമത്തിന്റെ പേരുതന്നെ മാറ്റണമെന്നാണ് ബി.ജെ.പി ഉയർത്തുന്ന മുറവിളി.
അനേകമനേകം സത്രങ്ങളുണ്ടെങ്കിലും ഡൽഹിയെ മുഗളരുടെ സത്രം എന്നു വിളിക്കുന്നതിൽ അനൗചിത്യമുണ്ട്. സത്രങ്ങളിൽ അധികവും നിർമിച്ചത് 1526 മുതൽ 1857 വരെ ഭരണം നടത്തിയ മുഗളരല്ല, മറിച്ച് 14ാം നൂറ്റാണ്ടിൽ ഫിറോസ് ഷാ തുഗ്ലക്കിന്റെ കാലത്താണ്. ഇന്ത്യയിലെ എല്ലാ മുസ്ലിം ചിഹ്നങ്ങളും മുഗളമല്ല! പ്രഗല്ഭ ചരിത്രകാരൻ കെ.എ. നിസാമി രേഖപ്പെടുത്തിയത് നോക്കുക: ഡൽഹിയിലും ഫിറോസാബാദിലുമായി ഫിറോസ് ഷാ പണിതത് 120 ആത്മീയകേന്ദ്രങ്ങളാണ്. അവ നിർമിച്ചത് വഴിയാത്രക്കാർക്ക് താമസിക്കുന്നതിനായിരുന്നു. ഏറ്റവും കുറഞ്ഞ വരുമാനക്കാർക്കും പ്രാപ്യമായ വിധത്തിൽ സകല സൗകര്യങ്ങളും അവിടെ ലഭ്യമാക്കി.
അതുപോലെ, ഫിറോസ് ഷാ തുഗ്ലക്കിന്റെ ഭരണകാലത്ത് ജീവിച്ച സൂഫിവര്യൻ സയ്യിദുൽ ഹുജ്ജാബ് മറൂഫിന്റെ പേരിലാണ് സൈദുൽ അജൈബ് അറിയപ്പെടുന്നത്. മറൂഫും അദ്ദേഹത്തിന്റെ പിതാവ് ഖ്വാജ വാഹിദ് ഖുറൈശിയും വിഖ്യാത സൂഫിവര്യൻ നിസാമുദ്ദീൻ ഔലിയയുടെ ശിഷ്യന്മാരായിരുന്നു. സൈദുൽ അജൈബിലാണ് സാംസ്കാരിക സായാഹ്നങ്ങൾക്ക് വേദിയൊരുങ്ങുന്ന പഞ്ചേന്ദ്രിയ ഉദ്യാനം (Garden of Five Senses). നഗരത്തിന്റെ സാമൂഹിക-സാംസ്കാരിക ഭൂപടത്തിൽനിന്ന് ബി.ജെ.പി മായ്ച്ചുകളയാൻ കൊതിക്കുന്ന സമ്പന്നമായ ചരിത്രത്തിന്റെ ചെറിയ ഭാഗമാണിത്.
മധ്യകാല ഇന്ത്യയിലേക്കുള്ള മംഗോളിയൻ കടന്നുകയറ്റം പരാജയപ്പെടുത്തിയ, ഭരണ-സാമ്പത്തിക മേഖലകളിൽ ഒട്ടേറെ പരിഷ്കരണങ്ങൾ കാഴ്ചവെച്ച അലാവുദ്ദീൻ ഖിൽജിയുടെ കാലത്ത് സ്ഥാപിക്കപ്പെട്ടവയാണ് യൂസുഫ് സരായിയും ഹൗസ് ഖാസും. ഈ നഗരങ്ങളുടെയും ഖിൽജിയുടെ തലസ്ഥാനമായ സിരിയുടെയും നിലനിൽപ് 'അടിമത്തത്തിന്റെ' അടയാളമല്ല, മറിച്ച് മംഗോളിയൻ ആക്രമണത്തെ വിജയകരമായി പ്രതിരോധിച്ചതിന്റെ പ്രതീകമാണ്.
ഈ ഗ്രാമങ്ങളുടെ പുനർനാമകരണ ആവശ്യം ഉടലെടുക്കുന്നത് ഏതെങ്കിലും വേദനജനകമായ വികാരത്തിൽനിന്നല്ല, മറിച്ച് രാജ്യത്തിന്റെ മധ്യകാല ഭൂതകാലത്തെ നിരാകരിച്ച് സാമൂഹിക വിഭജനത്തിന്റെ പുതിയ വിത്തുകൾ പാകാനുള്ള നിരന്തരമായ ശ്രമത്തിന്റെ ഭാഗമായാണ്. ജഹാംഗീർപുരിയിൽ ബുൾഡോസറുകൾ എന്തു ചെയ്തുവോ, അതേ പ്രക്രിയ ഡൽഹിയുടെ ചരിത്രത്തിനുമേലും നടപ്പാക്കണമെന്നാണ് ഈ ആവശ്യംകൊണ്ടുദ്ദേശിക്കുന്നത്. എല്ലാ മുസ്ലിംകളെയും മുഗളരുമായി തുലനംചെയ്യുന്നു, മുഗളന്മാരെ പ്രാകൃത കൊള്ളക്കാരായും ചിത്രീകരിക്കുന്നു- ഇതെല്ലാം എന്തിനാണ്? ചരിത്രത്തിലെ അതിക്രമങ്ങൾക്ക് മുസ്ലിംകളെ ഉത്തരവാദികളാക്കുകയെന്നതാണ് ലക്ഷ്യം. ആകസ്മികമായി, ഹുമയൂൺ മുതലുള്ള മുഗളരെല്ലാം ജനിച്ചത് ആർ.എസ്.എസ് അഖണ്ഡ ഭാരതം എന്നു വിളിക്കുന്ന സ്ഥലത്താണ്.
ഹിന്ദുത്വ സൈദ്ധാന്തികരായ വി.ഡി. സവർക്കർ, എം.എസ്. ഗോൾവാൾക്കർ എന്നിവരുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശ്രമമാണ് ഇതെല്ലാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പിതൃഭൂമിയുടെയും പുണ്യഭൂമിയുടെയും ഭൂമിശാസ്ത്രപരമായ പരിധിക്കുള്ളിലുള്ളവരുടേതാണ് ഇന്ത്യ. മറ്റുള്ളവരെല്ലാം ഭൂരിപക്ഷ സമുദായത്തിന്റെ ഔദാര്യത്തിൽ അവകാശങ്ങളും അധികാരങ്ങളുമില്ലാതെ കഴിഞ്ഞുപൊയ്ക്കൊള്ളുക എന്ന വാദം.
പൊതുജീവിതത്തിന്റെ സമസ്ത മേഖലകളിൽനിന്നും അഹിന്ദുക്കളെ ഒഴിവാക്കുന്നതിനുവേണ്ടിയാണ് ഗോൾവാൾക്കർ എന്നും നിലകൊണ്ടത്. എം.എസ്. ഗോൾവാൾക്കർ: ആർ.എസ്.എസും ഇന്ത്യയും എന്ന പുസ്തകത്തിൽ 1954ലെ നാഗ്പുർ സിന്ധി ചിന്തൻ ബൈഠക്കിൽ നടന്ന ഒരു സംഭവം എഴുത്തുകാരി ജ്യോതിർമയ ശർമ വിവരിക്കുന്നു. ബ്രാഹ്മണരും ബ്രാഹ്മണേതരരും തമ്മിലെ ബന്ധത്തെക്കുറിച്ച ചർച്ചയിൽ ഒരു മുസ്ലിം യോഗത്തെ അഭിസംബോധന ചെയ്യുന്നത് കണ്ട് ഗോൾവാൾക്കർ ആശ്ചര്യപ്പെട്ടു. മുസ്ലിംകളും ബ്രാഹ്മണേതരരല്ലേയെന്ന് സംഘാടകർ അദ്ദേഹത്തോട് പറഞ്ഞു. ബ്രാഹ്മണരും ബ്രാഹ്മണേതരരും തമ്മിലെ വ്യത്യസ്തത ഹിന്ദുസമൂഹത്തെ ആശങ്കപ്പെടുത്തുന്ന വിഷയമാണ്, എന്നാൽ മുസ്ലിംകളെ അകറ്റിനിർത്തുക എന്നായിരുന്നു ഗോൾവാൾക്കർ പ്രതികരിച്ചത്.
മുഗൾസരായ് ജങ്ഷൻ റെയിൽവേ സ്റ്റേഷന്റെ പേര് പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജങ്ഷനെന്നും അലഹബാദിന്റെ പേര് പ്രയാഗ് രാജ് എന്നും മാറ്റിയതിനേക്കാൾ കുടിലമാണ് അടിത്തട്ടിൽതന്നെ ചരിത്രം മാറ്റിയെഴുതാനുള്ള ഗുപ്തയുടെ നീക്കം. ഹിന്ദു അല്ലാത്തതെന്തും വിദേശിയായ, നിലനിൽക്കാൻ അർഹതയില്ലാതായിത്തീരുന്ന ആർ.എസ്.എസ് വിഭാവനയിൽ ഉയരുന്ന ഹിന്ദുരാഷ്ട്രത്തിന്റെ ഭാഗമാണ് ഈ പേരുമാറ്റ മുറവിളി.
ziya.salam@thehindu.co.in (ഡൽഹിയുടെ സാംസ്കാരിക ചരിത്രകാരനും ദ ഹിന്ദു അസോസിയേറ്റ് എഡിറ്ററുമായ ലേഖകൻ ദ ഹിന്ദുവിൽ എഴുതിയത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.