ജനം ഫാഷിസ്റ്റ് ആകുമ്പോൾ
text_fieldsഫാഷിസം ജനത്തിനുള്ളിൽകൂടി കടന്നുവരും. ജനംതന്നെ ഫാഷിസ്റ്റുകളായും അതിൻെറ ജിഹ്വകളുമായും മാറും. ഫാഷിസം ഒരു ജീവിതശൈലി ആയി മാറുന്ന ഘട്ടത്തിൽ ജനാധിപത്യത്തെ ഒരു ജീവിതശൈലി ആക്കിക്കൊണ്ടു മാത്രം ആണ് ഫാഷിസത്തെ ചെറുക്കാൻ ആകുക എന്ന് ലേഖകൻ....
1938ൽ നാസി സൈന്യം ഒാസ്ട്രിയ കീഴടക്കി. ആ വർഷം തന്നെ വടക്കൻ ഒാസ്ട്രിയയിലെ ലിൻസ് നഗരത്തിനടുത്ത് മതൊെസൻ (Mauthausen) എന്ന സ്ഥലത്ത് അവർ പുതിയ ഒരു കോൺസൻട്രേഷൻ ക്യാമ്പ് നിർമിച്ചു. നാസികൾ യൂറോപ്പിലെ വിവിധ ഭാഗങ്ങളിൽ നിർമിച്ച കോൺസൻട്രേഷൻ ക്യാമ്പുകളിൽ ഏറ്റവും ഭീതിദം ആയ ഒന്നായാണ് ഈ ക്യാമ്പ് അറിയപ്പെടുന്നത്. 1938നും 1945നും ഇടയിൽ രണ്ടു ലക്ഷത്തോളം പേരെ ഇവിടെ തടവുകാരായി പാർപ്പിച്ചു. ഇതിൽ ഏതാണ്ട് ഒരു ലക്ഷത്തോളം പേർ കൊല്ലപ്പെട്ടു. പട്ടിണി, അസുഖങ്ങൾ എന്നിവമൂലം കൊല്ലപ്പെട്ടവർക്ക് പുറമെ, നിരവധി പേരെ ഗ്യാസ് ചേംബറിൽ വിഷവാതകം ശ്വസിപ്പിച്ച് കൊലപ്പെടുത്തി. അസുഖം ഉള്ളവരെയും ഇല്ലാത്തവരെയും ഇവിടെെവച്ച് ക്രൂരമായ വൈദ്യപരീക്ഷണങ്ങൾക്ക് വിധേയമാക്കി. ശാസ്ത്ര ഗവേഷണം എങ്ങനെയാണ് ഫാഷിസത്തെ സഹായിച്ചത് എന്നും തിരിച്ച് ഫാഷിസം ആധുനികശാസ്ത്രത്തിെൻറ വികസനത്തിൽ എന്തു പങ്കാണ് വഹിച്ചത് എന്നും പഠിക്കുന്നവരുടെ ഒരു പ്രധാന സ്രോതസ്സാണ് ഈ ക്യാമ്പിലെ മെഡിക്കൽ രേഖകൾ. കഠിനമായ ചൂടിനോടും തണുപ്പിനോടും ഉള്ള ശരീരത്തിെൻറ പ്രതികരണങ്ങൾ പഠിക്കുന്ന നിരവധി പരീക്ഷണങ്ങൾ, തലച്ചോർ തുരന്നെടുത്തുള്ള ഗവേഷണങ്ങൾ എന്നിവ ഇവയിൽ ചിലതു മാത്രമാണ്.
ഇത്തരം ഒരു കോൺസൻട്രേഷൻ ക്യാമ്പ് തങ്ങളുടെ ഗ്രാമത്തിന് അടുത്ത് പ്രവർത്തിക്കുമ്പോൾ മതൊെസൻ നിവാസികളുടെ പ്രതികരണം എന്തായിരുന്നു എന്നു പല പത്രപ്രവർത്തകരും ചരിത്രകാരന്മാരും അന്വേഷിച്ചിട്ടുണ്ട്. ഇവിടെ നടക്കുന്ന ക്രൂരതകൾ തങ്ങൾക്ക് അറിയില്ലായിരുന്നു എന്നാണ് ക്യാമ്പിെൻറ മോചനത്തെ തുടർന്നുള്ള സമയങ്ങളിൽ മിക്കവാറും പേർ പ്രതികരിച്ചത്. എന്നാൽ കൂടുതൽ അന്വേഷണങ്ങളിൽ നാട്ടുകാരിൽ കുറെ പേർക്കെങ്കിലും ക്യാമ്പിൽ നടക്കുന്ന കാര്യങ്ങൾ അറിയാമായിരുന്നു എന്നു വ്യക്തമായി. ക്യാമ്പിലേക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ചുകൊടുത്തിരുന്നവർ, ക്യാമ്പിൽനിന്നുള്ള നിലവിളികൾ കേൾക്കാൻ മാത്രം അടുത്ത് താമസിച്ചിരുന്നവർ എന്നിവർക്കെല്ലാം ക്യാമ്പിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഏകദേശ ധാരണ ഉണ്ടായിരുന്നിരിക്കണം എന്ന് പല റിപ്പോർട്ടുകളും സൂചിപ്പിച്ചു. എന്നാൽ അത്രയുമല്ല നാട്ടുകാരിൽ പലരും ക്യാമ്പിെൻറ നടത്തിപ്പിൽ സജീവമായി സഹകരിച്ചിരുന്നു എന്നും പിന്നീട് പല ഗവേഷകരും കണ്ടെത്തി.
1944ൽ യുദ്ധതടവുകാരായ ആയിരത്തോളം സോവിയറ്റ് പട്ടാളക്കാരെ ഇവിടേക്ക് കൊണ്ടുവന്നു. ക്യാമ്പിനകത്ത് തന്നെ അതീവ സുരക്ഷാ സംവിധാനമുള്ള പ്രത്യേക തടവറയിൽ ആണ് ഇവരെ പാർപ്പിച്ചിരുന്നത്. 1945 ഫെബ്രുവരി രണ്ടിന് ഈ തടവറയിൽ അപ്പോൾ അവശേഷിച്ചിരുന്ന അഞ്ഞൂറോളം തടവുകാർ തടവ് ചാടി ക്യാമ്പിന് പിറകിൽ ഉള്ള വനത്തിലേക്ക് രക്ഷപ്പെട്ടു. അസുഖം കാരണം തടവറക്കകത്ത് കുടുങ്ങിയ അമ്പതോളം പേരെ അന്നു രാത്രി തന്നെ എസ്.എസ് സൈനികർ കൊലപ്പെടുത്തി. തടവ് ചാടുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലിൽ അമ്പതോളം പേർ കൊല്ലപ്പെട്ടു. ഏതാണ്ട് നാനൂറോളം പേരാണ് കാടിനകത്തേക്ക് രക്ഷപ്പെട്ടത്. അന്നു രാത്രി തന്നെ തടവ് ചാടിയവരെ പിടിക്കുന്നതിനായി, വിവിധ സൈനിക വിഭാഗങ്ങളെ നിയോഗിച്ചു. 'മുയൽ വേട്ട' എന്ന് ഈ തിരച്ചിലിന് അവർ പേര് നൽകിയിരുന്നു. കണ്ടെത്തിയവരെ അവിടെ വെച്ചുതന്നെ കൊല്ലാൻ ക്യാമ്പിെൻറ കമാൻഡർ ആയിരുന്ന ഫ്രാൻസ് സീരീസ് സൈനികർക്ക് ഉത്തരവ് നൽകിയിരുന്നു. ആദ്യ രണ്ടു ദിവസങ്ങളിൽ തിരച്ചിലിന് ഉദ്ദേശിച്ച ഫലം ഉണ്ടാകാത്തതിനെ തുടർന്ന് നാട്ടുകാരുടെ സഹായം തേടാൻ സീരീസ് തീരുമാനിച്ചു. ഇക്കാര്യത്തിൽ തനിക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ലെങ്കിലും നാട്ടുകാരുടെ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തി എന്ന് സീരീസ് തെൻറ മരണമൊഴികൂടിയായ കുറ്റസമ്മതത്തിൽ രേഖപ്പെടുത്തി.
ഹിറ്റ്ലർ യൂത്ത് തുടങ്ങിയ സംഘടനയിൽ ഉള്ളവർ മാത്രമല്ല സാധാരണക്കാരായ പല നാട്ടുകാരും 'മുയൽ വേട്ടയിൽ' പങ്കെടുത്തു. തടവ് ചാടിയവരിൽ 11 പേരെ ഒഴിച്ച് എല്ലാവരെയും കണ്ടുപിടിച്ചു കൊലപ്പെടുത്തി. ഏതാനും വർഷങ്ങൾക്കു ശേഷം ആ കാലത്തേക്ക് തിരിഞ്ഞു നോക്കിയ പലരുടെയും പ്രതികരണങ്ങൾ അവിടെ സ്ഥാപിച്ച മ്യൂസിയത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവയുടെ സംഗ്രഹം ഏതാണ്ട് ഇങ്ങനെ ആണ്: ''തടവുകാരെ ആരെയും തങ്ങൾക്ക് അറിയുമായിരുന്നില്ല. അവർ ശത്രുക്കൾ ആണെന്ന് പലർക്കും ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെ അവിടെ എന്തു നടക്കുന്നു എന്ന് ഞങ്ങൾ ആരും ഉത്കണ്ഠപ്പെട്ടില്ല. തടവുകാരുടെ ആരുടെയും മുഖം ആരും ഓർക്കുന്നില്ല. പിന്നെ മുയൽവേട്ട എന്ന പേരായിരിക്കാം ചിലരിൽ ഉത്സാഹം ഉണ്ടാക്കിയത്. നേരിട്ടു പരിചയം ഉള്ള ആരെങ്കിലും തടവുകാരായി ഉണ്ടായിരുന്നു എങ്കിൽ കാര്യങ്ങൾ വ്യത്യസ്തം ആവുമായിരുന്നു.''
ഇന്ത്യയിലെ ഫാഷിസ്റ്റ് സംവിധാനത്തെ സാധ്യമാക്കുന്നതും നിലനിർത്തുന്നതും എന്തെല്ലാം സാമൂഹിക പ്രക്രിയകൾ ആണെന്ന പലതരം അന്വേഷണങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്. ഈ പ്രക്രിയയിൽ ഭരണകൂടത്തിനു പൊതുവായും സർക്കാർ, കോടതികൾ, എക്സിക്യൂട്ടിവ്, തെരഞ്ഞെടുപ്പ് പ്രക്രിയകൾ എന്നിവക്ക് പ്രത്യേകമായും ഉള്ള പങ്കിനെ കുറിച്ച് വിശദീകരിക്കുന്നതാണ് ഈ അന്വേഷണങ്ങളിൽ ഭൂരിഭാഗവും. ഇവയുടെ അത്രതന്നെ പ്രാധാന്യം ഉള്ള ഒന്നാണ് സാധാരണ ജനം എന്നു വിളിക്കപ്പെടുന്നവർ ഫാഷിസ്റ്റ് സംവിധാനത്തെ നിലനിർത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും വഹിക്കുന്ന പങ്ക്. ഹന്ന ആരൻറിനെപോലെ ജർമനിയിലെ നാസി ഏകാധിപത്യത്തിെൻറ ചരിത്രം വിശകലനം ചെയ്ത പലരും വളരെ വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. ജനത്തെ ഭരണകൂടം തെറ്റിദ്ധരിപ്പിക്കുന്നു എന്ന രീതിയിൽ മാത്രം ഫാഷിസത്തിനുള്ള സ്വാധീനത്തെക്കുറിച്ച് മനസ്സിലാക്കുന്നതിലെ പരിമിതി ഇവർ അടിവരയിട്ട് പറയുന്നു. അതുകൊണ്ടുതന്നെ ജനങ്ങൾ എന്ന വേർതിരിവില്ലാത്തതും അമൂർത്തവുമായ ഒരു പരികൽപനയെ പ്രശ്നവത്കരിച്ചുകൊണ്ട് ഫാഷിസം, ജനം, ജനാധിപത്യം എന്നിവകൾ തമ്മിലുള്ള ബന്ധത്തെകുറിച്ചുള്ള വളരെ ആത്മനിഷ്ഠവും പരിമിതവും ആയ ചില ആലോചനകൾ ആണ്, കൂടുതൽ പഠനങ്ങൾക്ക് വേണ്ടിയുള്ള ഒരു ആമുഖം എന്ന നിലയിൽ ഈ കുറിപ്പിൽ ഉള്ളത്.
ആധുനിക ഭരണകൂടങ്ങൾ (തെരഞ്ഞെടുക്കപ്പെട്ടതോ അല്ലാത്തതോ എന്ന വ്യത്യാസം ഇല്ലാതെ) പൊതുവായി രണ്ട് കാര്യങ്ങളെ കേന്ദ്രീകരിച്ചാണ് തങ്ങളുടെ അധികാരത്തെ ന്യായീകരിക്കുന്നത്. അതിൽ ഒന്ന് രാജ്യത്തിെൻറ നന്മ എന്നതാണെങ്കിൽ രണ്ടാമത്തേത് ജനങ്ങളുടെ നന്മ എന്നതാണ്. തത്ത്വത്തിൽ, ജനാധിപത്യ സങ്കൽപത്തിൽ ജനങ്ങളുടെ നന്മയാണ് രാജ്യത്തിെൻറ നന്മയായി കണക്കാക്കുന്നതെങ്കിൽ ആധുനികകാലത്തെ ഫാഷിസ്റ്റ് ഭരണകൂടങ്ങൾ രാജ്യത്തിെൻറ നന്മയിൽ ഊന്നിയാണ് സ്വയം ന്യായീകരിക്കുന്നത്. (ഇവിടെ ന്യായീകരിക്കുന്നത് എന്നത് അടിവരയിട്ട് പറയേണ്ടതുണ്ട്. ന്യായീകരണം എന്നത് മറ്റുള്ളവർക്ക് മുന്നിൽ സ്വയം എങ്ങനെ അവതരിപ്പിക്കുന്നു എന്നതാണല്ലോ. അതുകൊണ്ടു തന്നെ മറ്റുള്ളവർ എന്താണ് വിശ്വസിക്കുന്നത് എന്ന സ്വന്തം ധാരണ ഈ ന്യായീകരണത്തെ നിർണയിക്കും. സ്വയം അതിൽ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം.) മനുഷ്യ വികസന സൂചിക, ആളോഹരി വരുമാനം തുടങ്ങിയുള്ള നിരവധി മാനകങ്ങൾ ഉപയോഗിച്ച് ഒരു രാജ്യത്തിെൻറ അവസ്ഥയെ വിലയിരുത്തുന്നത് ആദ്യത്തേതിന് ഉദാഹരണം ആണ്. ക്രമസമാധാനം, അതിർത്തി സംരക്ഷിക്കൽ അല്ലെങ്കിൽ ശത്രുരാജ്യത്തെ കീഴടക്കൽ, ഒരു രാജ്യത്തിേൻറത് എന്നവകാശപ്പെടുന്ന സംസ്കാരം സംരക്ഷിക്കൽ തുടങ്ങിയവയിലൂടെ അധികാരത്തെ ന്യായീകരിക്കുന്നത് രണ്ടാമത്തേതിന് ഉദാഹരണമാണ്. അങ്ങനെ നോക്കുമ്പോൾ ഫാഷിസ്റ്റ് ഭരണകൂടങ്ങൾക്ക് ജനങ്ങൾ ഒരു അവശ്യഘടകം അല്ല എന്നു തോന്നാം. എന്നാൽ തങ്ങൾ നിലനിർത്തുന്ന അധികാരത്തെ ദൈവദത്തമായി കരുതുന്ന രാജവാഴ്ചയിൽനിന്ന് വ്യത്യസ്തമായി ആധുനിക ലോകത്ത് എല്ലാതരം ഭരണകൂടങ്ങളുടെയും ഭരണം ഉന്നംവെക്കുന്നത് ജനങ്ങളെ (population) ആണ് എന്ന മിഷേൽ ഫൂക്കോയുടെ നിരീക്ഷണം ഈ സന്ദർഭത്തിൽ ഓർക്കാവുന്നതാണ്. ദൈവികമായ നീതിയെ നിലനിർത്തൽ ആണ് തങ്ങളുടെ ഉത്തരവാദിത്തം എന്നു വിശ്വസിക്കുന്ന ആധുനിക മതകീയ ഭരണകൂടങ്ങളും ഒരു പ്രത്യേക വർഗത്തിെൻറ സർവാധിപത്യമായി ഭരണകൂടത്തെ കാണുന്ന കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിലുള്ള ഏകാധിപത്യ സർക്കാറുകളും ജനങ്ങളുടെ നന്മ (welfare) എന്ന വിഷയത്തെ ഭരണത്തിെൻറ പ്രധാന ലക്ഷ്യമായി അവകാശപ്പെടുന്നതായി കാണാം. അതേസമയം ഇത്തരം രാജ്യങ്ങളിൽ ഭരണത്തിന് വിധേയമാകുന്നവർ എന്നതിൽ കവിഞ്ഞ ഒരു പങ്കും ജനങ്ങൾക്കുള്ളതായി സാധാരണ കണക്കാക്കപ്പെടുന്നില്ല. ഇവിടങ്ങളിലെ ഭരണകൂടങ്ങൾക്ക് എതിരെ പ്രതികരിക്കുമ്പോൾ മാത്രം ആണ് സാധാരണയായി ജനങ്ങളുടെ കർത്തൃത്വ ശേഷിയെ തിരിച്ചറിയുന്നത്. ജനങ്ങളും ഫാഷിസവും തമ്മിൽ പൊതുവായി ഒന്നുമില്ല എന്ന നിഗമനത്തിൽനിന്നാണ് ഈ അനുമാനത്തിൽ നാമെത്തുന്നത്. എന്നാൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരുന്ന ഫാഷിസ്റ്റ് സർക്കാറുകളുടെ കാര്യത്തിൽ മേൽപ്പറഞ്ഞ നിഗമനം പൂർണമായും ശരിയല്ല എന്നു കാണാം. അങ്ങനെ ഉള്ള ഒരു സാഹചര്യം നിലനിൽക്കുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ജനങ്ങളും ഫാഷിസവും തമ്മിൽ എന്ത് എന്നത് പ്രത്യേകമായി അന്വേഷിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ഒരു നിർണായക വിഭാഗം ജനങ്ങൾ സമൂഹത്തിലെ ന്യൂനപക്ഷത്തെ ഉന്മൂലനംചെയ്യുന്നതിൽ വിശ്വസിക്കുകയും അതിന് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പാർട്ടിയെ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജനത്തെ അധികാരത്തിന് വിധേയമാകുന്ന ആൾക്കൂട്ടം എന്ന നിലയിൽ കാണാൻ ആകില്ല.
ആധുനിക ലോകത്ത് ജനങ്ങളെ കുറിച്ചുള്ള വിചാരങ്ങൾ തുടങ്ങുന്നത് പലപ്പോഴും ദേശരാഷ്ട്രത്തിലെ പൗരന്മാർ എന്ന നിലയിൽ ആണ്. അവകാശങ്ങളുള്ള വ്യക്തികൾ എന്ന നിലയിൽ വേർപിരിഞ്ഞുനിൽക്കുകയും അതേസമയം ദേശരാഷ്ട്രം എന്ന ആശയത്തിന് കീഴിൽ ജനം എന്ന രീതിയിൽ ഒന്നിക്കുകയും ചെയ്യുന്ന ആധുനിക ജനാധിപത്യ സങ്കൽപം രണ്ടു തരത്തിലുള്ള പ്രക്രിയകളിലൂടെ ആണ് നിലനിൽക്കുന്നത്. ഒന്നാമത്തേത് മുകളിൽനിന്നും താഴോട്ടുള്ള അധികാര വിന്യാസത്തിലൂടെ ജനങ്ങളെ നിർമിച്ചെടുക്കുന്ന ഒരു പ്രക്രിയ ആണ്. കോടതി, പൊലീസ്, ആശുപത്രി, സ്കൂൾ തുടങ്ങിയ ഭരണകൂട സ്ഥാപനങ്ങൾ, മാധ്യമങ്ങൾ എന്നിവയിലൂടെ ജനങ്ങളെ പ്രത്യേക രീതികളിൽ വാർത്തെടുക്കുന്ന ഒരു സംവിധാനം ആണത്. ഈ പ്രക്രിയ എങ്ങനെ ഫാഷിസത്തിന് കാരണമാകുന്നു എന്നു വിശദമായി തന്നെ നമുക്കറിയാം. ദേശരാഷ്ട്ര നിർമിതിയെ കുറിച്ച് പഠിച്ചുകൊണ്ട് ബെനഡിക്ട് ആൻഡേഴ്സൺ പറയുന്ന ഒരു പ്രധാന കാര്യം, രാജ്യത്തെ സങ്കൽപ്പിച്ചെടുക്കുമ്പോൾ ജനങ്ങൾ അമൂർത്തമായ ഒരു കൂട്ടായ്മ ആയാണ് സ്വയം കരുതുന്നത് എന്നാണ്. ഒരിക്കലും പരസ്പരം, അറിയുന്നത് പോകട്ടെ, കാണാൻ തന്നെ സാധ്യത ഇല്ലാത്ത പല സ്ഥലങ്ങളിലുള്ള വ്യക്തികൾ സമാനരാണെന്നും, തങ്ങൾ - എന്താണെന്നു വ്യക്തമായി അറിയില്ലെങ്കിലും - എന്തൊക്കെയോ പങ്കുെവക്കുന്നുണ്ട് എന്നും സങ്കൽപ്പിക്കുന്ന ഒരു പ്രതിഭാസം ആണത്. തങ്ങൾക്ക് അറിയാത്തതും ഒരിക്കലും കണ്ടിട്ടില്ലാത്തതുമായ മറ്റൊരു വിഭാഗം ജനങ്ങളെ തങ്ങളുടെ ശത്രുക്കൾ ആയി സങ്കൽപ്പിച്ചുകൊണ്ടുകൂടിയാണ് ഈ വിഭാവനം സാധ്യമാവുന്നത്. വസ്തുനിഷ്ഠമായി പരിശോധിച്ചാൽ സമാനതകൾ ഒന്നുമില്ലാത്ത ഒരു പഞ്ചാബിയെ തങ്ങളിൽ ഒരുവനായി ഒരു മലയാളി സങ്കൽപ്പിക്കുന്നു എങ്കിൽ അത് സാധ്യമാകുന്നത് ഇന്ത്യക്കാരൻ എന്ന അമൂർത്തതയിലേക്ക് തന്നെത്തന്നെയും മറ്റുള്ളവരെയും വിവർത്തനം ചെയ്തുകൊണ്ടാണ്. വാരകൾക്കപ്പുറം താമസിക്കുന്ന പാകിസ്താനിലെ പഞ്ചാബിയെ ശത്രുവായി കരുതുന്നതും ഇങ്ങനെ തന്നെ ആണ്. ദേശരാഷ്ട്രത്തിെൻറ അമൂർത്തമായ ഭൂപടവും അതിലെ അതിർത്തി രേഖയും ആണ് ഇവിടെ സ്വന്തക്കാരനെയും ശത്രുവിനെയും ഓർത്തെടുക്കാൻ സഹായിക്കുന്നത്. ഇത് സാധ്യമാകുന്നതിന് നേരത്തേ പറഞ്ഞ മുകളിൽനിന്നു താഴോട്ടുള്ള അധികാര പ്രയോഗം അനിവാര്യം ആണ്.
ദേശരാഷ്ട്രത്തിെൻറ അമൂർത്തതയിലേക്ക് ജാതിസംവിധാനത്തെ വിവർത്തനം ചെയ്തുകൊണ്ടാണ് ഹിന്ദുമതം കൊളോണിയൽ കാലത്ത് രൂപപ്പെട്ടത് എന്നതും ഇന്ന് നമുക്കറിയാം. ഹിന്ദു എന്ന മതസ്വത്വം ആചാരങ്ങളുടെയോ, ദൈവവിശ്വാസത്തിെൻറയോ അടിസ്ഥാനത്തിൽ അല്ല ഒരു രാജ്യത്തെ മതം എന്ന രീതിയിൽ ആണ് നിലനിൽക്കുന്നത് എന്നതുകൊണ്ട് അതിെൻറ പുനർനിർമിതിക്ക് മേൽപ്പറഞ്ഞ അമൂർത്തവത്കരണം അത്യാവശ്യം ആണ്. സെൻസസ് പ്രക്രിയയിൽ തുടങ്ങി, ചരിത്രരചനയിലും നിയമനങ്ങളിലും എത്തിനിൽക്കുന്ന ഭരണകൂട പ്രവർത്തനങ്ങൾ ഇതിൽ എങ്ങനെ നിർണായക പങ്കുവഹിക്കുന്നു എന്ന് പലരും വിശദീകരിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ ഇന്ന് ഫാഷിസ്റ്റ് സംവിധാനത്തെ നേരിട്ട് സഹായിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു.
എന്നാൽ വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തത് രണ്ടാമത്തെ പ്രക്രിയക്കാണ്. അത് ഭരണകൂടത്തിന് പുറത്ത് ജനങ്ങളിലെ വിവിധ വിഭാഗങ്ങൾ പരസ്പരം നിർമിക്കുന്ന പ്രവർത്തനങ്ങൾ ആണ്. ഈ പ്രക്രിയ ആദ്യത്തേതിൽനിന്ന് സ്വതന്ത്രമായി നിലനിൽക്കുന്ന ഒന്നല്ല. എന്നാൽ രണ്ടു പ്രക്രിയകൾക്കും വ്യത്യസ്തമായ വഴികളും രീതികളും ഉണ്ട്. നിയമത്തിെൻറയും പൊലീസിെൻറയും പിൻബലം ഉണ്ടാകാം. എങ്കിലും അതിൽ പ്രതീക്ഷ വെക്കാതെതന്നെ തെൻറ മകളെ പ്രേമിക്കുന്ന താഴ്ന്ന ജാതിക്കാരനെയോ മുസ്ലിമിനെയോ, അവരെ പ്രേമിക്കുന്നു എന്നതുകൊണ്ട് സ്വന്തം മകളെതന്നെയോ കൊലപ്പെടുത്താൻ ഒരാളെ പ്രേരിപ്പിക്കുന്ന മൂർത്തമായ ചില സാമൂഹികഅവസ്ഥകൾ ഉണ്ട്. ഈ പ്രവർത്തനങ്ങൾ പലപ്പോഴും ക്രമസമാധാന പ്രശ്നം, വിദ്യാഭ്യാസം ഇല്ലായ്മയുടെയും വേണ്ടത്ര ആധുനികവത്കരിക്കപ്പെടാത്തതിെൻറയും പ്രശ്നം തുടങ്ങിയ രീതികളിൽ ആണ് മനസ്സിലാക്കപ്പെടാറുള്ളത്. അതുകൊണ്ടുതന്നെ വ്യക്തികളുടെ ഈ അസഹിഷ്ണുതകളെ ഫാഷിസമായി കാണുന്നത് അതിവായന ആണെന്ന് തോന്നാം. എന്നാൽ മിലിട്ടറി സ്വേച്ഛാധിപത്യത്തിെൻറ രൂപത്തിൽ മാത്രം അല്ല ഫാഷിസം നിലനിൽക്കുന്നത് എന്നു മനസ്സിലാക്കുമ്പോൾ അഥവാ ഫാഷിസം ഒരു ഭരണകൂട പ്രക്രിയ എന്നതിനപ്പുറം ഒരു ജീവിത ശൈലി ആയി മാറുമ്പോൾ മൂർത്തമായ അസഹിഷ്ണുതയുടെയും വെറുപ്പിെൻറയും പിൻബലം അതിന് എത്ര അത്യാവശ്യം ആണെന്ന് നമുക്ക് ബോധ്യപ്പെടും.
ജനം എന്ന പരികൽപന മൂർത്തമാകുന്ന സാഹചര്യങ്ങളിൽ ഫാഷിസ്റ്റ് ജീവിതശൈലിയുടെ സാധ്യത ഇല്ലാതാകും എന്നു ഇതിന് അർഥം ഉണ്ടോ? മുഖാമുഖമുള്ള ബന്ധങ്ങൾ നിലനിൽക്കുന്ന സമൂഹത്തിൽ തന്നെയാണ് ജാതിവ്യവസ്ഥയുടെ ക്രൂരതകൾ അരങ്ങേറിയത് എന്നതോർക്കുമ്പോൾ അത്തരം ഒരു നിഗമനത്തിൽ എത്താൻ ആകില്ല. ജാതി എന്ന സ്വത്വം നിലനിർത്തുന്നത് മൂർത്തമായ ദൈനംദിന പ്രക്രിയകളിലും അതിൽ പ്രയോഗിക്കപ്പെടുന്ന അധികാരത്തിലൂടെയും ആണ്. ദലിത് എന്ന അമൂർത്തമായ സംവർഗത്തിന് പൊതുസമ്മതി ലഭിക്കുന്നതിനുള്ള തടസ്സം എന്താണെന്ന് ആലോചിക്കുമ്പോൾ ഇത് കൂടുതൽ വ്യക്തം ആകും. മൂർത്തമായ രീതിയിൽ ഒരുപക്ഷേ ജനങ്ങൾ സ്വയവും പരസ്പരവും മനസ്സിലാക്കുന്നത് ഉപജാതി സ്വത്വങ്ങളുടെ അടിസ്ഥാനത്തിൽ ആണ്. ഇത്തരം സ്വയം മനസ്സിലാക്കലുകൾ മൂർത്തമാണ് എന്നതുകൊണ്ടു മാത്രം അവ ഫാഷിസത്തെ ചെറുക്കുന്നു എന്ന് അർഥമില്ല. മേൽജാതിക്കാരുടെ ഇടക്കുള്ളത് മാത്രം അല്ല, ദലിത്, ഒ.ബി.സി വിഭാഗങ്ങളിലെയും ഉപജാതികളുടെ അധികാര വ്യത്യാസങ്ങളെ ബി.ജെ.പി എങ്ങനെ തെരഞ്ഞെടുപ്പുകളിൽ ഉപയോഗപ്പെടുത്തുന്നു എന്ന് ഇന്ന് വളരെ വ്യക്തമാണ്. ഇത് സാധ്യം ആക്കുന്നത് വെറുപ്പിനെ ഒരു അടിസ്ഥാന ജീവിതസ്വഭാവം ആയി മാറ്റിക്കൊണ്ടാണ്.
പരിചയമുള്ള ആരെങ്കിലും തടവുകാരായി ഉണ്ടായിരുന്നെങ്കിൽ സ്ഥിതി വ്യത്യാസം ആകുമായിരുന്നു എന്ന് മതൊെസന്നിലെ നാട്ടുകാരായ ചിലരുടെ അഭിപ്രായവുമായി ഇതിനെ താരതമ്യം ചെയ്യാവുന്നതാണ്. 'മുയൽ വേട്ട' എന്ന പ്രയോഗംപോലെ തന്നെ 'അർബൻ നക്സൽ', 'ടുക്ടേ ടുക്ടേ സംഘം' തുടങ്ങിയ പ്രയോഗങ്ങൾ ഇവിടെയും ജനങ്ങൾക്കിടയിൽ പെട്ടെന്ന് ഭരണകൂട ഭീകരതക്ക് സമ്മതിയും അതിനെതിരെ പ്രതികരിക്കുന്നവർക്ക് എതിരെ ഉള്ള വിരോധവും ഉണ്ടാക്കുന്നതിന് ഫാഷിസ്റ്റ് ശക്തികൾ ഉപയോഗിക്കുന്നുണ്ട്. പരിചയമുള്ള ഒരു മുഖത്തിെൻറ അഭാവം, അല്ലെങ്കിൽ മൂർത്തമായ ഒരു ബന്ധത്തിെൻറ അഭാവം ആണ് അവരെ വെറുപ്പിലേക്ക് നയിച്ചത് എന്നാണ് കുറച്ചെങ്കിലും മതൊെസൻകാർ വിചാരിക്കുന്നത്. എന്നാൽ ഇവിടെ, ജാതിയുടെ മൂർത്തമായ നിലനിൽപ്പ് തന്നെ കീഴ്ജാതിക്കാരോടുള്ള അവഹേളനത്തിെൻറയും അവമതിയുടെയും വെറുപ്പിെൻറയും അടിസ്ഥാനത്തിൽ ആയിരിക്കെ, സമാനമായ ഒരു സന്ദർഭത്തിൽ പരിചയമുള്ള ഒരു മുഖം സ്വന്തം ജാതിക്കാരേൻറത് അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള അനുതാപം ഉണ്ടാകുമോ എന്നത് സംശയാസ്പദം ആണ്. അതുകൊണ്ടു തന്നെ മൂർത്തമായ ബന്ധങ്ങൾ നിർബന്ധമായും സഹിഷ്ണുതയിലേക്ക് നയിക്കും എന്നു വിചാരിക്കാൻ ആകില്ല. അതേസമയം വർഗം എന്നോ മനുഷ്യൻ എന്നോ മറ്റേതെങ്കിലും അമൂർത്തമായ സംവർഗങ്ങൾക്ക് സമ്മതി ഉണ്ടാക്കിയതുകൊണ്ട് ഈ പ്രശ്നത്തെ നേരിടാൻ പറ്റുമോ എന്നതും സംശയാസ്പദം ആണ്. അപരനും മനുഷ്യനാണ്, തൊഴിലാളിയാണ് എന്നൊക്കെ ഉള്ള ധാരണയെ മാറ്റിവെച്ചുകൊണ്ടല്ല, ആ ധാരണക്ക് അകത്തുതന്നെ ആണ് ജാതിവ്യത്യാസത്തിെൻറ വെറുപ്പ് നിലനിൽക്കുന്നത്.
ഇന്ന് ഫാഷിസത്തിനെതിരായ പ്രവർത്തനങ്ങൾ പലപ്പോഴും കേന്ദ്രീകരിക്കുന്നത് ഫാഷിസം സൃഷ്ടിക്കുന്ന അമൂർത്ത സംവർഗങ്ങളെ മാറ്റിമറിക്കാനോ അവക്ക് വ്യത്യസ്ത പാഠങ്ങൾ നിർമിക്കാനോ ശ്രമിച്ചുകൊണ്ടാണ്. ഇവ ആവശ്യമായിരിക്കെ മതിയായ ഒരു പ്രതിരോധം അല്ല. രാമായണത്തിെൻറ വ്യത്യസ്ത വായനകളും ദേശീയതയുടെ, ഹിന്ദുമതത്തിെൻറ വ്യത്യസ്ത വ്യാഖ്യാനങ്ങളും അമൂർത്തമായിതന്നെ നിലനിൽക്കുന്നതുകൊണ്ട് അവ ദൈനംദിന ജീവിതത്തിലെ ഫാഷിസ്റ്റ് ജീവിതശൈലിയുടെ നിർമാണത്തെയും പുനർനിർമാണത്തെയും സാരമായി ബാധിക്കുന്നില്ല. ഒരു പാർട്ടിക്ക് എതിരായ പ്രചാരണത്തിലൂടെ മാത്രമോ ആ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിലൂടെ മാത്രമോ ഫാഷിസത്തെ തടഞ്ഞുനിർത്താൻ ആവില്ല. ഇതിന് ഉദാഹരണമാണ് കേരളത്തിൽ ഈ ആർ.എസ്.എസ് നടത്തുന്ന പ്രവർത്തനങ്ങൾ. സൂക്ഷ്മവും മൂർത്തവുമായ തലങ്ങളിൽ നിരന്തരമായ അസഹിഷ്ണുത വളരെ പ്രാദേശികമായി സംഘടിപ്പിക്കുന്ന ആർ.എസ്.എസിെൻറ പ്രയത്നങ്ങളിലൂടെയാണ് കേരളത്തിൽ ഹിന്ദുത്വ ഫാഷിസം ശക്തിനേടുന്നത്. തെരഞ്ഞെടുപ്പിലെ പരാജയങ്ങളോ ജനസംഖ്യയിൽ ഇടതുപക്ഷ ചിന്താഗതിക്കുള്ള സ്വാധീനമോ ഇതിന് തടസ്സം ആകുന്നില്ല. ഉദാഹരണത്തിന് ബീഫിനെതിരായി ശക്തമായ ഒരു പ്രചാരണം ആർ.എസ്.എസ് എവിടെയും ഏറ്റെടുക്കുന്നില്ല. എന്നാൽ എല്ലാ വിശേഷാവസരങ്ങളിലും മാംസാഹാരം വർജിക്കണം എന്ന പ്രചാരണം വളരെ ഫലപ്രദമായി അവർ നടപ്പിലാക്കുന്നുണ്ട്. വിവാഹം മുതൽ ഓണം വരെ ഉള്ള വിവിധ തരം സന്ദർഭങ്ങളിൽ മുൻപ് മാംസാഹാരം നിർബന്ധമായിരുന്ന മിക്ക ജാതി സമുദായങ്ങളും ഈ അവസരങ്ങളിൽ സസ്യാഹാരികൾ ആയി മാറിക്കൊണ്ടിരിക്കുന്നു. മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും വിശേഷാവസരങ്ങളിൽ മാംസാഹാരം നിർബന്ധം ആണ് എന്നതിനെതിരെ ഹിന്ദുക്കളെ സ്വയം പ്രതിഷ്ഠിക്കുകകൂടിയാണ് ആർ.എസ്.എസ് ഇതിലൂടെ ചെയ്യുന്നത്. വ്യത്യാസങ്ങളെ വെറുപ്പാക്കി മാറ്റുന്ന സൂക്ഷ്മമായ ഈ പ്രവർത്തനങ്ങൾ സാവധാനത്തിൽ ആണെങ്കിലും ഫലം കാണുന്നു എന്നുതന്നെയാണ് വ്യക്തമാകുന്നത്. ഇതോടൊപ്പം പൊതുവായ അസഹിഷ്ണുതയുടെ അന്തരീക്ഷം വെറുപ്പ് നിർമിക്കുന്നതിന് വളരെ സഹായകരം ആണ്. ഇതിന് ഉദാഹരണമാണ് കേരളത്തിൽ ബി.ജെ.പിയുടെ ശക്തമായ സാന്നിധ്യത്തിെൻറ അഭാവത്തിലും കണ്ണൂർപോലുള്ള സ്ഥലങ്ങളിൽ ആർ.എസ്.എസ് ശക്തിപ്പെടുന്നത്.
പ്രാദേശികമായ തലങ്ങളിൽ ജാതിക്കെതിരായ പ്രവർത്തനങ്ങൾ ഒരു മുഖ്യധാരാ രാഷ്ട്രീയ പാർട്ടിയുടെയും അജണ്ടയിൽ ഇന്നില്ല. ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരായുള്ള സമരത്തിൽ പതിനായിരക്കണക്കിന് സ്ത്രീകൾ പങ്കെടുത്തതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. പ്രാദേശികമായി അമ്പലങ്ങൾ കേന്ദ്രീകരിച്ച് ഹിന്ദു ആചാരത്തെ കുറിച്ച് കാലങ്ങളായി ആർ.എസ്.എസ് നടത്തിവരുന്ന പ്രചാരണ പ്രവർത്തനങ്ങൾ ആണ് അതിന് പിന്നിൽ എന്നത് വ്യക്തമാണ്. അമ്പല കമ്മിറ്റികൾ പിടിച്ചടക്കുക എന്നതാണ് കേരളത്തിൽ സി.പി.എം ഇതിനെതിരെ ഉള്ള ഒരു പ്രതിവിധി ആയി കാണുന്നത്. ആർ.എസ്.എസ് അമ്പലവുമായി ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങൾ ജനങ്ങളുടെ ഭക്തിയുമായി ബന്ധപ്പെട്ടതല്ല, മറ്റ് എന്തിനെങ്കിലും വേണ്ടി (ഉദാഹരണത്തിന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്) ഉപയോഗിക്കാൻ ആണ് എന്ന് ഒരു ധാരണ ഇതിന് പിന്നിൽ ഉണ്ട്. അമ്പലകമ്മിറ്റിയിലൂടെ ഉള്ള പ്രവർത്തനം വഴി പ്രാദേശികമായി ജനങ്ങളുമായി കൂടുതൽ അടുത്ത ബന്ധം ഉണ്ടാക്കാം എന്നും അത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി ഉപയോഗപ്പെടുത്താം എന്നുമാണ് കണക്ക് കൂട്ടൽ. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി യുക്തികൾക്ക് അകത്തുനിന്ന് ആലോചിച്ചാൽപോലും തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നല്ലാതെ കമ്യൂണിസ്റ്റ് ആശയങ്ങൾക്ക് സ്വാധീനം ഉണ്ടാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കില്ല എന്നതുറപ്പാണ്. മാത്രമല്ല, ഇതിലൂടെ ഹിന്ദു സ്വത്വബോധത്തിന് കൂടുതൽ സമ്മതിയും ദൃശ്യതയും കൈവരുകയുംചെയ്യുന്നു. ആർ.എസ്.എസിനെ സംബന്ധിച്ചിടത്തോളം ഈ സ്വത്വബോധ നിർമിതിയാണ് പ്രധാനം. അവർണ ജാതികളുടെ സവർണവത്കരണവും മുസ്ലിം വിരോധത്തിെൻറ നിർമിതിയുമൊക്കെ ആണ് ഈ ഹിന്ദു സ്വത്വബോധ നിർമാണത്തിലൂടെ അവർ ലക്ഷ്യമാക്കുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഹിന്ദുമതം കൊളോണിയൽ കാലഘട്ടത്തിൽ രൂപവത്കരിക്കപ്പെടുന്നതുതന്നെ രാഷ്ട്രീയമായി ആണെന്ന് ഇരിക്കെ ഹിന്ദുമതത്തെ പ്രത്യേകമായി രാഷ്ട്രീയത്തിന് വേണ്ടി 'ദുരുപയോഗം' ചെയ്യേണ്ടതില്ല. അംബേദ്കറുടെ അവസാനത്തെ രാഷ്ട്രീയ പ്രവർത്തനം ബുദ്ധമതത്തിൽ ചേരൽ ആയതും ഈ ബോധ്യത്തിൽ ആണ്.
ഇതുവരെ ഉള്ള വിവരണത്തെ ഇങ്ങനെ ഉപസംഹരിക്കാം. ദേശീയമായതും ഹിന്ദു എന്നനിലക്കും ഉള്ള അമൂർത്തമായ സ്വത്വ ബോധങ്ങളുടെ നിർമിതിയിലും അതിലൂടെ ഒരു ഫാഷിസ്റ്റ് സംവിധാനം നിലനിർത്തുന്നതിലും ഹിന്ദുത്വ ശക്തികൾക്ക് ഭരണകൂടാധികാരം അനിവാര്യം ആണ്. എന്നാൽ മൂർത്തവും സൂക്ഷ്മവും ആയ തലങ്ങളിൽ വെറുപ്പും അസഹിഷ്ണുതയും സൃഷ്ടിച്ചുകൊണ്ടാണ് ഹിന്ദുത്വ ഫാഷിസം അതിെൻറ ജനസമ്മതി ഉറപ്പിക്കുന്നത്. അത്തരം അസഹിഷ്ണുതകളുടെ അഭാവത്തിൽ ഫാഷിസത്തിന് ജനങ്ങൾക്കിടയിൽ ദീർഘകാല സ്വാധീനം നിലനിർത്താൻ ആവില്ല. മറ്റൊരുതരത്തിൽ പറഞ്ഞാൽ അയൽപക്കത്തെ മുസ്ലിമിനെ, പ്രത്യേകമായി മറ്റു കാരണങ്ങൾ ഒന്നുമില്ലാതെ (അഥവാ അമൂർത്തമായ കാരണങ്ങളാൽ) വെറുക്കുന്നയാളുടെ മാനസികാവസ്ഥയെ ഫാഷിസ്റ്റ് എന്നു നിർബന്ധമായും കരുതാൻ ആകില്ല. (എതിർ പാർട്ടിയുടെ പോസ്റ്റർ കീറുന്നതിനെ ഒക്കെ ഫാഷിസം എന്നു വിളിക്കുന്നത് 'യഥാർഥ' ഫാഷിസത്തെ രക്ഷിക്കാൻ ആണെന്ന് നാം ഇപ്പോൾ ധാരാളം ആയി കേൾക്കുന്നുണ്ട്. അതിൽ ചെറിയ ഒരു സത്യം ഇല്ലാതെയും ഇല്ല.) എന്നാൽ അത്തരം മാനസികാവസ്ഥകളുടെ അഭാവത്തിൽ ഫാഷിസം നിലനിർത്താൻ അവശ്യം ആവശ്യമായ വെറുപ്പും അസഹിഷ്ണുതയും ഉൽപാദിപ്പിക്കാൻ ആവില്ല. ഫാഷിസത്തിനെതിരായുള്ള സമരത്തിൽ ജനാധിപത്യത്തിനുള്ള പ്രാധാന്യം പ്രത്യേകമായി പറയേണ്ടതില്ല. ഒരു തരത്തിൽ ഫാഷിസത്തിെൻറ നിർവചനംതന്നെ ജനാധിപത്യ വിരുദ്ധമായ സംവിധാനം എന്നാണ്. എന്നാൽ ജനാധിപത്യത്തെ അതിെൻറ രൂപപരമായ നിർവചനങ്ങളിൽ ഒതുക്കുമ്പോൾ, അതിനെ ഒരു ഭരണപ്രക്രിയ ആയി മാത്രം കാണുമ്പോൾ ഫാഷിസത്തെ ചെറുക്കാൻ ഉള്ള അതിെൻറ ശേഷി വളരെ ദുർബലം ആകും. ഫാഷിസം ഒരു ജീവിതശൈലി ആയി മാറുന്ന ഘട്ടത്തിൽ ജനാധിപത്യത്തെ ഒരു ജീവിതശൈലി ആക്കിക്കൊണ്ടു മാത്രം ആണ് ഫാഷിസത്തെ ചെറുക്കാൻ ആകുക. വ്യത്യസ്തതകളോട് ഉള്ള ബഹുമാനം എന്നതാണ് അതിെൻറ അടിസ്ഥാനം.
ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസത്തിെൻറ സവിശേഷ സാഹചര്യത്തിൽ വെറുപ്പിെൻറ ജനകീയവത്കരണത്തെകുറിച്ച് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് സാധ്യമാക്കുന്ന ഒന്ന് ജനത്തിെൻറ അമൂർത്തവത്കരണം ആണ്. അയൽവാസിയായ മുസ്ലിം സുഹൃത്തായിരിക്കുമ്പോഴും മുസ്ലിംകൾ പൊതുവിൽ അപകടകാരികൾ ആണെന്ന് ഒരാൾ ചിന്തിക്കുന്നത് ഈ അമൂർത്തവത്കരണത്തിലൂടെ ആണ്. സാമൂഹിക അധികാരം ഇല്ലാത്ത ഒരുപാട് ദലിതരെ നേരിട്ടു പരിചയം ഉള്ളപ്പോഴും സംവരണത്തിലൂടെ ദലിത് സമുദായങ്ങൾ അനർഹമായ എന്തൊക്കെയോ നേടിയെടുത്തു എന്നു കരുതുന്നതും ഇതേ വിധമാണ്. ഇവിടെ ദലിതരും മുസ്ലിംകളും മുഖമില്ലാത്ത ഒരാൾക്കൂട്ടം മാത്രമായി അല്ലെങ്കിൽ പൂർണമായി അപരനും ഒരു വസ്തുവും ഒക്കെ ആയി മാറുകയും ചെയ്യുന്നു. ഈ അപരവത്കരണത്തിലും വസ്തുവത്കരണത്തിലും ഭരണപ്രക്രിയകൾക്ക് നിർണായക പങ്കുണ്ടെങ്കിലും, ജാതിചിന്തയുടെയും മുസ്ലിം വിരോധത്തിെൻറയും ദൈനംദിന ജീവിത പ്രവൃത്തികളിലൂടെ ഉള്ള നിർമിതിയും ഇതിൽ പ്രധാനം ആണ്. അവയെ എതിർക്കാൻ ഭരണകൂടത്തിനെതിരെയോ ഏതെങ്കിലും പാർട്ടികൾക്ക് എതിരെയോ മാത്രം വിരൽ ചൂണ്ടിയാൽ മതിയാകില്ല. ജനങ്ങളുടെ ഫാഷിസ്റ്റ് ശീലങ്ങളെ തന്നെ ചോദ്യംചെയ്യുമ്പോഴാണ് ഫാഷിസത്തിെൻറ ജനകീയ പിന്തുണയെ പ്രതിരോധിക്കാൻ കഴിയുക. ഒറ്റക്ക് എടുത്ത് പരിശോധിക്കുമ്പോൾ നിസ്സാരം എന്നു തോന്നാവുന്ന സൂക്ഷ്മാധികാരങ്ങൾ വേരുപടലങ്ങളിലൂടെ ജലമെന്നപോലെ പടർന്ന് തായ്തടിയെ പോഷിപ്പിക്കുന്നു. അതിനാൽ ചില ചില്ലകൾ വെട്ടി കളഞ്ഞതുകൊണ്ടു മാത്രം പ്രയോജനം ഉണ്ടാകില്ല, കടയ്ക്കൽതന്നെ കത്തിവെക്കേണ്ടി വരും.
മാധ്യമം ആഴ്ചപ്പതിപ്പിൻെറ ആൻറി-ഫാഷിസ്റ്റ് റിപബ്ലിക് പ്രത്യേക പതിപ്പിലെ മറ്റു ലേഖനങ്ങൾ:
'കർഷകരുടെ പോരാട്ടം രാഷ്ട്രീയപ്രവർത്തനമാണ്' (യോഗീന്ദർ സിങ് ഉഗ്രഹാൻ / ഹസനുൽ ബന്ന)
'ഈ സമരം നമ്മൾ ജയിക്കുകതന്നെ ചെയ്യും' (കവിത കുരുഗന്ധി / തൻവീർ അഹ്മദ്)
ആർ.എസ്.എസിന് എന്തുകൊണ്ട് ഒരു 'സംഘി ഗാന്ധി' വേണം? (തുഷാർ എ. ഗാന്ധി)
ഫാഷിസത്തിൻെറ പാർലമെൻററി പാത (എൻ.കെ ഭൂപേഷ്)
ദ്വാരപാലകർ ഉറങ്ങരുത് (സെബാസ്റ്റ്യൻ പോൾ)
മോദികാലത്തെ മാധ്യമസ്വാതന്ത്ര്യം (കെ.എ. ഷാജി)
'അഖണ്ഡ ഭാരത'ത്തിൻെറ വിധികൾ, അപരർ (അഡ്വ. വി.എൻ. ഹരിദാസ്)
ഫാഷിസത്തിന് കേരളം അരങ്ങൊരുക്കുംവിധം (ഡോ. ബദീഉസ്സമാൻ)
മാധ്യമം ആഴ്ചപ്പതിപ്പിൻെറ ഡിജിറ്റൽ കോപ്പികൾക്ക്:
https://bit.ly/3egrahW
https://bit.ly/36gR9SO
കോപ്പികൾക്ക് WhatsApp @ http://wa.me/919645006843
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.