ഓടമരണങ്ങൾ കൊലപാതകങ്ങളാണ്
text_fieldsതിരുവനന്തപുരം നഗരമധ്യത്തിലൂടെ ഒഴുകുന്ന ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ നീക്കത്തിന് കരാറെടുത്തവരുടെ തൊഴിലാളിയായ ജോയ് എന്ന ദരിദ്ര മനുഷ്യന്റെ ജീവൻ ഇക്കഴിഞ്ഞ ദിവസം മാലിന്യ ശുചീകരണത്തിനിടയില്‍ നഷ്ടപ്പെട്ടിരുന്നു. ആമയിഴഞ്ചാന്‍ മാതൃകയിലുള്ള തോടുകള്‍ കേരളത്തിലെ ഏതൊരു നഗരത്തിലുമുണ്ടാവാം എന്നതു കൊണ്ടുതന്നെ അവിടെല്ലാം ജോയിമാര്‍ മരണപ്പെടാനുള്ള കെണികള്‍ ഒളിഞ്ഞിരിപ്പുണ്ടാകും.ഒരുവിധ സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ...
തിരുവനന്തപുരം നഗരമധ്യത്തിലൂടെ ഒഴുകുന്ന ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ നീക്കത്തിന് കരാറെടുത്തവരുടെ തൊഴിലാളിയായ ജോയ് എന്ന ദരിദ്ര മനുഷ്യന്റെ ജീവൻ ഇക്കഴിഞ്ഞ ദിവസം മാലിന്യ ശുചീകരണത്തിനിടയില്‍ നഷ്ടപ്പെട്ടിരുന്നു. ആമയിഴഞ്ചാന്‍ മാതൃകയിലുള്ള തോടുകള്‍ കേരളത്തിലെ ഏതൊരു നഗരത്തിലുമുണ്ടാവാം എന്നതു കൊണ്ടുതന്നെ അവിടെല്ലാം ജോയിമാര്‍ മരണപ്പെടാനുള്ള കെണികള്‍ ഒളിഞ്ഞിരിപ്പുണ്ടാകും.
ഒരുവിധ സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ മാലിന്യക്കൂമ്പാരം അടിഞ്ഞുകിടക്കുന്ന ഒരിടത്തിലേക്ക് ഒരാളെ തള്ളിവിട്ട് അയാളുടെ ജീവൻ നഷ്ടപ്പെടുത്താൻ കാരണമാകുന്ന ഭരണസംവിധാനങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമൂഹത്തിന്റെ നിർമിതിയാണ് ജോയിയുടെ മരണം. അതുകൊണ്ടുതന്നെ ഇത്തരം മരണങ്ങളെ സ്ഥാപനവത്കൃത കൊലപാതകങ്ങൾ(Institutional Murder)എന്നേ വിശേഷിപ്പിക്കാനാവൂ. ഞങ്ങളാണോ നിങ്ങളാണോ മാലിന്യം നീക്കേണ്ടത് എന്ന മട്ടില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരസ്പരം തര്‍ക്കിക്കുന്നത് അവരവരുടെ വീഴ്ച മറച്ചുപിടിക്കാനുള്ള തന്ത്രമാണ്. ജോയിയെ പോലുള്ള ആളുകളുടെ മരണം ഇന്ത്യാ ചരിത്രത്തിലെ ഇനിയും നമുക്ക് അവസാനിപ്പിക്കാന്‍ കഴിയാത്ത ജാതിവിവേചനങ്ങളുടെ ഒരു തുടര്‍ച്ച കൂടിയാണ്.
മാലിന്യം നീക്കുന്ന ജോലി ആരാണ് ചെയ്യേണ്ടത് എന്നത് ഇന്ത്യന്‍ ജാതിഘടനക്കുള്ളില്‍ കൃത്യമായി നിര്‍ണയിച്ച് വെക്കുകയും സാമൂഹിക നിയന്ത്രണത്തിലൂടെ അത് നടപ്പാക്കിയെടുക്കുകയും ചെയ്ത ഒരു ചരിത്ര കാലഘട്ടത്തെ ഭരണഘടനയിലൂടെ നാം മറികടന്നുവെങ്കിലും ആ ജോലി ചെയ്തിരുന്നവർക്ക് ‘മാന്യമായ’ മറ്റൊരു തൊഴിലിലേക്ക് മാറാന്‍ പറ്റാത്ത സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ ഏറിയും കുറഞ്ഞും ഇന്ത്യയില്‍ എല്ലായിടത്തും ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇത്തരം മരണങ്ങളുടെ പശ്ചാത്തലത്തിൽ ‘‘തീട്ടവും ചണ്ടിപണ്ടാരങ്ങളും കോരാന്‍ പോകുന്നതിനുപകരം ഇവര്‍ക്ക് വല്ല സർക്കാർ ജോലിക്കും ശ്രമിച്ചുകൂടേ’’ എന്നൊക്കെയുള്ള ചോദ്യങ്ങളും ഉയർത്തിവിടാറുണ്ട് ചിലർ. തീട്ടം കോരാന്‍ ഒരാളെ നിര്‍ബന്ധിതമാക്കുന്ന മൂര്‍ത്തമായ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്; കേരളത്തിലും അതുണ്ട്.
ഏതൊരു പൗരർക്കും അന്തസ്സും സ്വാഭിമാനവും പുലര്‍ത്തിക്കൊണ്ട് തൊഴിലെടുത്ത് ജീവിക്കാനുള്ള തുല്യാവകാശം ഉറപ്പുകൊടുക്കുന്ന ഒരു ഭരണഘടനയുടെ മൂക്കിനുതാഴെ ഇരുന്നുകൊണ്ടാണ് നമ്മള് ജോയിമാരുടെ ദുരന്തത്തെ വിലയിരുത്തുന്നത്. പൗരജനങ്ങളുടെ അന്തസ്സും സ്വാഭിമാനവും നിലനിര്‍ത്താന്‍ ആവശ്യമായ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ ഒരുക്കുക എന്നത് ഭരണകൂടങ്ങളുടെ നിയമപരവും ധാർമികവുമായ ഉത്തരവാദിത്തം ആണ്. ലോകത്തെ സാമൂഹികബോധമുള്ള ആളുകള്‍ താമസിക്കുന്ന എല്ലായിടത്തും മാലിന്യനീക്കം എന്നത് വികസന സൂചികകളില്‍ ഒന്നായാണ് പരിഗണിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച്, മനുഷ്യാധ്വാനം ഏറ്റവും കുറച്ച് ആവശ്യമാവുന്ന രീതിയിലെ മാലിന്യ നീക്കവും സംസ്കരണവും ഭരണകൂട ഉത്തരവാദിത്തമായി മിക്ക വികസിത രാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ഇപ്പോഴും തോട്ടിപ്പണി (Manual Scavenging) അടക്കമുള്ള പ്രാകൃത ജാതിരൂപങ്ങളില് മാലിന്യനീക്കം ഉറപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്. കുറഞ്ഞ കൂലിക്ക് ഇത്തരം ജോലികള്‍ ചെയ്യാന്‍ യഥേഷ്ടം ആളുകളെ കിട്ടാന്‍ ഉള്ളപ്പോള്‍ എന്തിന് സാങ്കേതിക വിദ്യക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പണം ചെലവഴിക്കണം എന്ന ഫ്യൂഡല്‍ ചിന്തയാണ് ഇന്ത്യന്‍ ഭരണകൂടങ്ങൾക്കുള്ളത്. അത് ഇത്തരം ജോലിചെയ്യുന്ന, സാമൂഹികമായി പിന്നാക്കം നില്ക്കുന്ന ആളുകളോടുള്ള ഭരണകൂട വിവേചനം തന്നെയാണ്.
2011ലെ സെന്‍സസ് അനുസരിച്ച് ഏതാണ്ട് രണ്ടുലക്ഷം ആളുകള്‍ Manual Scavengers ആയി ഇന്ത്യയില്‍ ജോലി ചെയ്യുന്നുണ്ട്. അവരില്‍ ഏതാണ്ട് തൊണ്ണൂറു ശതമാനവും മാതാപിതാക്കള്ക്കുശേഷം അവരുടെ സ്ഥാനത്തേക്ക് വന്നവര്‍ ആണ്. അതായത് തൊഴിലിനകത്തെ ജാതി പാരമ്പര്യം അതേപടി ഇന്ത്യയില്‍ മിക്കയിടങ്ങളിലും തുടരുന്നുണ്ട്. ഇത്തരം തൊഴിലില്‍ ഏര്‍പ്പെടുന്ന ആളുകളുടെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം സൂചിപ്പിക്കുന്നത് ഈ തൊഴിലിടങ്ങളില്‍ ജാതി അദൃശ്യമായി പരോക്ഷമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നു തന്നെയാണ്. മനുഷ്യമാലിന്യം നീക്കിയാല്‍ മാത്രമേ അത് Manual Scavenging എന്ന നിര്‍വചനത്തില്‍ വരൂ എന്നതാണ് നമ്മുടെ രാജ്യത്തെ നിലപാട്.
എന്നാല്‍, അന്താരാഷ്ട്ര തൊഴിൽ സംഘടന (International Labour Organization-ILO) ഓടകള്‍ വൃത്തിയാക്കുന്നവരെയും അതിലുൾപ്പെടുത്തിയിട്ടുണ്ട്. നിര്‍വചനത്തിലെ സങ്കുചിതത്വം മൂലം വര്‍ഷം തോറും ഓടകള്‍ വൃത്തിയാക്കാന്‍ ഇറങ്ങി മരണപ്പെടുന്ന ആയിരക്കണക്കിന് മനുഷ്യര്‍ക്ക് ഒരുവിധ സര്‍ക്കാര്‍ സഹായങ്ങളും കിട്ടാതെ പോകുന്നു. ഓടയില്‍ പോയി മരിക്കുമ്പോള്‍ മാത്രമാണ് പൊതുസമൂഹം ഇത്തരമൊരു ജനവിഭാഗം ഈ രാജ്യത്തുണ്ട് എന്നോര്‍ക്കുക. അണുബാധയും മാരക രോഗങ്ങളും മൂലം മാലിന്യ നിര്‍മാർജന തൊഴിലാളികള്‍ മിക്കവരും അകാലത്തില്‍ തന്നെ മരണപ്പെടുന്ന അവസ്ഥ നിലനില്ക്കുന്നു. പൊതുസമൂഹവുമായി ജീവിത ദൈര്‍ഘ്യത്തില്‍ ഏതാണ്ട് പത്തുവര്‍ഷത്തെ കുറവ് ഇക്കൂട്ടര്‍ക്ക് ഉണ്ട് എന്നത് അത്ര നിസ്സാരമായി തള്ളിക്കളയാന്‍ കഴിയുന്ന കാര്യമല്ല.
മാലിന്യ നിര്‍മാര്‍ജന കരാര്‍ എടുത്ത സവര്‍ണര്‍ സമ്പന്നരായി മാറുമ്പോൾ അവര്‍ക്കായി അധ്വാനിക്കുന്ന ആളുകള്‍ ഓടകളില്‍ ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കുന്നു. ഇത്തരം തൊഴില്‍ ചെയ്യുന്ന ആളുകള്‍ക്ക് കൃത്യമായ പരിശീലനവും സുരക്ഷാ സംവിധാനങ്ങളും ഉറപ്പുവരുത്തുകയും, തൊഴിലിനിടയില്‍ മരണപ്പെട്ടാല്‍ അവരുടെ തലമുറക്ക് സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്ന ഫ്രീ ഇന്‍ഷുറന്‍സ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും സര്‍ക്കാര്‍ ആരംഭിക്കേണ്ട കാലം എന്നോ കഴിഞ്ഞിരിക്കുന്നു. മാലിന്യം നീക്കേണ്ടത് സര്‍ക്കാര്‍ ആണോ റെയില്‍വേ ആണോ എന്ന് തര്ക്കിക്കുന്നതിലുപരി, ഇനിയൊരു ജോയിക്ക് ജീവന് നഷ്ടപ്പെടാത്ത തരത്തില്‍ മാലിന്യം നീക്കല്‍ ശാസ്ത്രീയവും സുരക്ഷിതവുമായ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി നടപ്പാക്കുകയാണ് അധികാരികള്‍ ചെയ്യേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.