ജയപ്രകാശ് നാരായണിനെ സംഘ്പരിവാര്‍ വിഴുങ്ങുമ്പോള്‍
text_fieldsഎഴുപതുകളില്‍ ഇന്ദിര ഗാന്ധിക്കും കോൺഗ്രസിനുമെതിരെ ഉണ്ടായ ഹിംസാത്മകസമരത്തെക്കുറിച്ച് രജനി കോത്താരി, ഘൻശ്യാംഷാ, ബിപന്‍ചന്ദ്ര തുടങ്ങി പലരും എഴുതിയിട്ടുണ്ട്. ഗുജറാത്തിലെങ്കിലും വിദ്യാർഥിസമരം എന്നപേരില്‍ അരങ്ങേറിയത് ആർ.എസ്.എസിെൻറ നേതൃത്വത്തിലെ ഭീകരതയായിരുന്നുവെന്ന് ഇക്കണോമിക് ആൻഡ് പൊളിറ്റിക്കല്‍ വീക്ക്ലിയില്‍ അന്നുതന്നെ ഘൻശ്യാംഷാ എഴുതിയിരുന്നു
ജയപ്രകാശ് നാരായണിന്റെ 120ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ജന്മനാടായ ബിഹാർ സരൺ ജില്ലയിലെ സാരൻ സിതാബ് ദിയാരയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് പതിനഞ്ചടി ഉയരമുള്ള ജെ.പി പ്രതിമ അനാച്ഛാദനം ചെയ്യുകയുണ്ടായി.
ഹിന്ദുത്വശക്തികള്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള പ്രതിമാരാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര യുക്തികളെക്കുറിച്ചു ഞാന്‍ ഈയിടെ വിശദമായി എഴുതിയിരുന്നു. പ്രതിമാനിർമാണവും ദേശീയപ്രതീകങ്ങളുടെ പുനർനിർമിതിയും പുനർനിർവചനവും ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി ബി.ജെ.പി സർക്കാര്‍ നേരിട്ടുതന്നെ നടപ്പിലാക്കുന്നതാണ്.
2018 ഒക്ടോബറില്‍ ഗുജറാത്തില്‍ സ്ഥാപിച്ച സർദാര്‍ പട്ടേല്‍ പ്രതിമ, 2022 ജനുവരിയില്‍ മുംബൈ ഇന്ത്യാഗേറ്റില്‍ സ്ഥാപിച്ച നേതാജി സുഭാഷ് ചന്ദ്രബോസ് പ്രതിമ, 2022 മാർച്ചില്‍ പുണെ മുനിസിപ്പല്‍ കോർപറേഷന്‍ വളപ്പില്‍ സ്ഥാപിച്ച ശിവജിയുടെ ഓട്ടുപ്രതിമ, ആന്ധ്രയില്‍ സ്ഥാപിച്ച ഗോത്രവർഗ സ്വാതന്ത്ര്യസമരസേനാനി അല്ലൂരി സീതരാമയ്യയുടെ പ്രതിമ, 2022 ഏപ്രിലില്‍ ഗുജറാത്തിലെ മോർബിയില്‍ സ്ഥാപിച്ച കൂറ്റന്‍ ഹനുമാന്‍ പ്രതിമ, 2021 നവംബറില്‍ കേദാർനാഥില്‍ സ്ഥാപിച്ച ആദിശങ്കരാചാര്യ പ്രതിമ, 2022 ഫെബ്രുവരിയില്‍ ഹൈദരാബാദില്‍ സ്ഥാപിച്ച രാമാനുജാചാര്യ പ്രതിമ, പാർലമെന്റ് മന്ദിരത്തിനുമുന്നില്‍ സ്ഥാപിച്ച അശോകസ്തംഭത്തിന്റെ രൗദ്രരൂപം തുടങ്ങിയവയെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള കാർമികത്വത്തിലാണ് അനാച്ഛാദനം ചെയ്യപ്പെട്ടത്.
ഇതിന്റെ തുടർച്ചയാണ് ജെ.പിയുടെ രണ്ടു പ്രമുഖശിഷ്യന്മാര്‍ നികേഷും ലാലുവും ബി.ജെ.പി രാഷ്ട്രീയത്തിനെതിരെ ഒന്നിച്ചിട്ടുള്ള ബിഹാറില്‍ അദ്ദേഹത്തിന്റെ പ്രതിമ ഉയർത്തിയിരിക്കുന്നത്.
ജെ.പി എന്ന 'വിഗ്രഹം'
ഇന്ത്യയിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ ഏറ്റവും തിളക്കമേറിയ മുഖമായിരുന്നു ജയപ്രകാശ് നാരായണ്‍ (ജെ.പി). 1902ല്‍ ജനിച്ച അദ്ദേഹം വിദ്യാർഥി ആയിരിക്കുമ്പോള്‍ 1921ല്‍ നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുത്തു വിദ്യാഭ്യാസം ഉപേക്ഷിക്കുകയും പിന്നീട് അമേരിക്കയിൽനിന്ന് പിഎച്ച്.ഡി നേടി 1929ല്‍ ഇന്ത്യയില്‍ തിരിച്ചെത്തുകയുമായിരുന്നു.
തികഞ്ഞ മാർക്സിസ്റ്റായി അക്കാലത്ത് അറിയപ്പെട്ടിരുന്ന അദ്ദേഹമാണ് 1934ല്‍ സമാന ചിന്താഗതിക്കാരുമായിചേർന്ന് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി (സി.എസ്.പി) രൂപവത്കരിക്കുന്നത്. കോൺഗ്രസുമായി അടുക്കാന്‍ തുടങ്ങിയ അദ്ദേഹത്തെ നെഹ്‌റുതന്നെയാണ് 1936ല്‍ പാർട്ടി പ്രവർത്തക സമിതിയിൽ അംഗമാക്കുന്നത്.
മാർക്സിസവും കമ്യൂണിസവും ഏതാണ്ട് പാടേ ഉപേക്ഷിച്ച ജയപ്രകാശ് മുഴുവൻ സമയ കോൺഗ്രസ് പ്രവർത്തകനാവുകയും 1942ലെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് തടവിലാവുകയും തടവുചാടുകയും ചെയ്തു.
എന്നാല്‍, സ്വാതന്ത്ര്യാനന്തരം സി.എസ്.പി കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ഒരു സ്വതന്ത്ര രാഷ്ട്രീയപാർട്ടിയായി മാറുകയാണുണ്ടായത്. ജയപ്രകാശിന്റെ രാഷ്ട്രീയജീവിതത്തിലെ തെറ്റായൊരു കാൽവെപ്പായിരുന്നു ഇതെന്ന് ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ കൂടുതല്‍ ഉറപ്പോടെ വിമർശിക്കാന്‍ കഴിയും.
നെഹ്‌റു വാഗ്ദാനംചെയ്ത മന്ത്രിസ്ഥാനം അദ്ദേഹം സ്വീകരിച്ചില്ല എന്നതൊരു ലിബറല്‍ ആദർശ നിലപാടായി മാത്രമേ ഇപ്പോള്‍ കാണാന്‍ കഴിയുന്നുള്ളൂ. അതിന്റെ സാമൂഹികമൂല്യം ഞാന്‍ പക്ഷേ, കുറച്ചുകാണുന്നില്ല.
സ്വാതന്ത്ര്യാനന്തര രാഷ്ട്രീയം
1948മുതല്‍ അദ്ദേഹം ഒരു മാർക്സിസ്റ്റ് കോൺഗ്രസ് വിരുദ്ധന്‍ കൂടിയായിമാറി.1952ലെ തെരഞ്ഞെടുപ്പു പരാജയത്തോടെ സി.എസ്.പിയെ പരിത്യജിച്ച് ജെ.പി വിനോബഭാവെയുടെ ഭൂദാന്‍ പ്രസ്ഥാനത്തിലേക്ക് ചുവടുമാറുകയും പിന്നീട് 1957ല്‍ രാഷ്ട്രീയംതന്നെ പൂർണമായും ഉപേക്ഷിക്കുകയും ചെയ്തു.
ബിഹാറിലെ സർവോദയ പ്രസ്ഥാനത്തിന്റെ അമരക്കാരനായി മാറിയ അദ്ദേഹം അക്കാലത്ത് പാർലമെന്ററി ജനാധിപത്യത്തെത്തന്നെ നിഷേധാത്മകമായി കാണാന്‍ തുടങ്ങി. രാഷ്ട്രീയപാർട്ടികള്‍ ഇല്ലാത്ത 'കക്ഷിരഹിത ജനാധിപത്യം' എന്ന സങ്കല്പം അദ്ദേഹം ബദലായി അവതരിപ്പിച്ചുകൊണ്ടിരുന്നു.
ഇത്തരം ആദർശാത്മക ബദൽ സങ്കൽപങ്ങളും അധികാരസ്ഥാനങ്ങളോടുള്ള വിപ്രതിപത്തിയും അദ്ദേഹത്തിന് ഒരു ആചാര്യപരിവേഷവും ആരാധ്യതയും നേടിക്കൊടുത്തു. എന്നാല്‍, രാഷ്ട്രീയത്തിൽനിന്ന് പൂർണമായും അദ്ദേഹം പിന്മാറിയിരുന്നില്ല എന്ന് വ്യക്തമായത് അറുപതുകളുടെ ഒടുവില്‍ ഇന്ദിര ഗാന്ധി പ്രഖ്യാപിച്ച ബാങ്ക് ദേശസാൽക്കരണത്തെ അദ്ദേഹം പരസ്യമായി തള്ളിപ്പറഞ്ഞപ്പോഴാണ്.
അക്കാലത്തു ജനസംഘത്തിനുണ്ടായ ചില അപ്രതീക്ഷിത വിജയങ്ങൾ, കോൺഗ്രസിലെ യാഥാസ്ഥിതിക വലതുപക്ഷ പിന്തിരിപ്പന്‍ വിഭാഗം ഇന്ദിര ഗാന്ധിയോടും ബാങ്ക് ദേശസാൽകരണം, കുത്തകനിയന്ത്രണം തുടങ്ങിയ പുരോഗമന സാമ്പത്തികപരിപാടികളോട് പുലർത്തിയ എതിർപ്പ്, സി.പി.ഐ- സോവിയറ്റ് യൂനിയൻ ബന്ധത്തോടുള്ള എതിർപ്പ് എന്നിവയെല്ലാം ജെ.പിയെ രാഷ്ട്രീയത്തിലേക്ക് പുനരാകർഷിക്കുകയാണുണ്ടായത്.
ബാലാസാഹബ് ദേവറസ് ആർ.എസ്.എസ് സർസംഘചാലക് സ്ഥാനം ഏറ്റെടുത്തപ്പോള്‍, ഈ പുതിയ സാഹചര്യം ഹിന്ദുത്വശക്തികൾക്ക് ഇന്ത്യയില്‍ അധികാരത്തില്‍ എത്താനുള്ള വഴിതുറക്കുന്നുണ്ട് എന്നു മനസ്സിലാക്കി ജനസംഘത്തെ പ്രതിപക്ഷമുന്നണിയെന്ന പരീക്ഷണ രാഷ്ട്രീയത്തിലേക്ക് ഇറക്കുന്നതും ഈ കാലത്തുതന്നെയായിരുന്നു.
എഴുപതുകളില്‍ ഇന്ദിര ഗാന്ധിക്കും കോൺഗ്രസിനുമെതിരെ ഉണ്ടായ ഹിംസാത്മകസമരത്തെക്കുറിച്ച് രജനി കോത്താരി, ഘൻശ്യാംഷാ, ബിപന്‍ചന്ദ്ര തുടങ്ങി പലരും എഴുതിയിട്ടുണ്ട്. ഗുജറാത്തിലെങ്കിലും വിദ്യാർഥിസമരം എന്നപേരില്‍ അരങ്ങേറിയത് ആർ.എസ്.എസിന്റെ നേതൃത്വത്തിലെ ഭീകരതയായിരുന്നുവെന്ന് ഇക്കണോമിക് ആൻഡ് പൊളിറ്റിക്കല്‍ വീക്ക്ലിയില്‍ അന്നുതന്നെ ഘൻശ്യാംഷാ എഴുതിയിരുന്നു.
ഗുജറാത്തിലെ സമരത്തെക്കുറിച്ച് അദ്ദേഹം കുറിച്ചത് ഇങ്ങനെ: "അവര്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും കലാപങ്ങള്‍ സൃഷ്ടിച്ചു. ബാങ്കുകളും സഹകരണസ്ഥാപനങ്ങളും കൊള്ളയടിച്ചു. സ്വകാര്യവ്യക്തികളുടെ വസ്തുക്കളും പൊതുമുതലുകളും നിരന്തരം കല്ലെറിഞ്ഞും തീെവച്ചും നശിപ്പിച്ചുകൊണ്ടിരുന്നു.
സംസ്ഥാനത്തിന്റെ അതിർത്തികള്‍ അടച്ചു വ്യാപാരം സ്തംഭിപ്പിച്ചു. ഹിംസ വ്യാപകമായി. ഈ ഭീകരതയെ ആർക്കും എതിർക്കാൻ പോലും കഴിയുമായിരുന്നില്ല". രജനി കോത്താരി എഴുതിയത് 'ആദരണീയരായ ഗാന്ധിയന്‍മാര്‍വരെ ഈ ഫാഷിസ്റ്റ് രാഷ്ട്രീയത്തിനോട് എതിർപ്പ് പറയാതെ നിശ്ശബ്ദത പാലിച്ചു' എന്നാണ്.
കോൺഗ്രസിന്റെ ദേശീയനേതാക്കളെപ്പോലും പൊതുയോഗങ്ങള്‍ നടത്താന്‍ അനുവദിക്കാതിരിക്കുകയും പ്രാദേശിക നേതാക്കളെയും ജനപ്രതിനിധികളെയും കായികമായി ആക്രമിക്കുകയും ചെയ്തു. ഒരു കോൺഗ്രസ് നേതാവിനെ നഗ്നനാക്കി നടത്തിയ സംഭവം ബിപന്‍ചന്ദ്ര വിവരിക്കുന്നുണ്ട്.
'കക്ഷിരഹിത ജനാധിപത്യം' എന്ന ആദർശമുദ്രാവാക്യം ഉപേക്ഷിച്ച് തന്റെ 'സമ്പൂർണവിപ്ലവം' എന്ന പുതിയ മുദ്രാവാക്യം ഏതാണ്ട് വലിയൊരളവില്‍ ആർ.എസ്.എസ് നേതൃത്വം പിടിച്ചെടുത്ത ഈ സമരത്തിനു പിന്തുണക്കായി നൽകുമ്പോള്‍ ഒരു ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ഭാവിക്കുള്ള നിക്ഷേപമായി അത് മാറുന്നുവെന്നു കാണാന്‍ ജെ.പിക്ക് അന്ന് കഴിഞ്ഞില്ല.
'സമ്പൂർണവിപ്ലവം' പൂർണ ഫലപ്രാപ്തിയില്‍ ബി.ജെ.പി സർക്കാര്‍ നടപ്പിലാക്കിയിരിക്കുന്നുവെന്നു അമിത്ഷാ ജെ.പിയുടെ ജന്മനാട്ടില്‍ വച്ച് ഉദ്ഘോഷിക്കുമ്പോള്‍ ചരിത്രത്തിലെ വലിയൊരു ദുരന്തത്തിന് താന്‍ നിമിത്തമായി എന്നകാര്യം തീർച്ചയായും ജെ.പിയെ ദുഃഖിപ്പിക്കുന്നതായിരിക്കും എന്നാണെന്റെ വിശ്വാസം.
വിദ്യാർഥിസമരത്തിന് ജെ.പി പിന്തുണനൽകിയത് ഒരു മാറ്റംവരണം എന്ന ആത്മാർഥമായ ആഗ്രഹത്തോടെ ആയിരുന്നു. എന്നാല്‍ അതിന്റെ പിന്നിലെ ആർ.എസ്.എസ് അജണ്ട കാണാന്‍ കഴിയാഞ്ഞതാണ് അദ്ദേഹത്തിന്റെ പരാജയം.
കണ്ടിട്ടും അദ്ദേഹം അത് അവഗണിച്ചു എന്നതും ശരിയാണ്. ഇടതുപക്ഷവും വലതുപക്ഷവും ഒരുപോലെ തന്റെ ഇന്ദിരാവിരുദ്ധ കോൺഗ്രസ് വിരുദ്ധ മുന്നണിയിലെ അംഗങ്ങളായി സ്വയം ജനാധിപത്യവത്കരിക്കപ്പെടുമെന്നു തന്റെ വിമർശകരെ നിരന്തരം ഓർമിപ്പിച്ചിരുന്നതും ജെ.പി തന്നെ ആയിരുന്നല്ലോ.
എന്തായാലും, തികഞ്ഞ ജനാധിപത്യവാദിയായ ജയപ്രകാശ് നാരായണനെ പൂർണമായും വിഴുങ്ങാനുള്ള സംഘ്പരിവാര്‍ ശ്രമത്തെ പ്രതിരോധിക്കേണ്ട ബാധ്യത അദ്ദേഹത്തിന്റെ പഴയ ആദർശരാഷ്ട്രീയത്തിൽ നിന്ന് പ്രചോദനം നേടിയ സോഷ്യലിസ്റ്റ് ചിന്താഗതിക്കാർക്കുണ്ട് എന്നാണെന്റെ അഭിപ്രായം. അവരതിന് തയാറാവുകയും വിശാലമായ ഹിന്ദുത്വ ഫാഷിസ്റ്റ് വിരുദ്ധമുന്നണിയില്‍ അണിചേരുകയും ചെയ്യേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.