കരുണാകരനെ മകൾ ഒറ്റുകൊടുക്കുമ്പോൾ
text_fieldsഅനിൽ ആൻറണിക്കു പിന്നാലെ പത്മജ വേണുഗോപാലും ബി.ജെ.പിയുടെ പിന്നാലെ പോകുമ്പോൾ, എത്ര നിഷേധിച്ചാലും കേരളത്തിലെ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അത് വലിയ തിരിച്ചടിതന്നെയാണ്. വിരലിലെണ്ണാവുന്നത്രപോലും അണികളോ അനുയായികളോ ഉള്ള നേതാവായിരുന്നില്ല പത്മജ. പാർട്ടിയിൽ തിരശ്ശീലക്കു പിന്നിൽനിന്ന് ചരടുവലികൾ നടത്തി കാര്യലാഭങ്ങളുണ്ടാക്കിയ ഒരാൾ മാത്രമായിരുന്നു. പക്ഷേ, ലീഡർ കെ. കരുണാകരന്റെ മകൾ എന്ന വിലാസമാണ് അവർ ബി.ജെ.പിയുടെ കമ്പോളത്തിൽ വിൽപനക്കു വെച്ചത്. അവരുടെ പോക്ക് കോൺഗ്രസിന്റെ വിശ്വാസ്യതക്ക് കളങ്കമേൽപിക്കാൻ ഇന്നത്തെ സാഹചര്യത്തിൽ പര്യാപ്തമാണ്. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ മുഴുവൻ ബി.ജെ.പി വിരുദ്ധരാണെന്ന സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദമാണ് ഇവിടെ ചോദ്യംചെയ്യപ്പെടുന്നത്.
കരുണാകരനും എ.കെ. ആൻറണിയും അര നൂറ്റാണ്ടോളം കേരളരാഷ്ട്രീയത്തെ നിയന്ത്രിച്ചവരാണ്. രണ്ടു ചേരിയിലായിരുന്നെങ്കിലും ഇവരുടെ കൈകളാലാണ് കോൺഗ്രസ് പാർട്ടി ചലിച്ചിരുന്നത്. ഈ സമുന്നത നേതാക്കളുടെ മക്കളെ വലയിലാക്കാൻ കഴിഞ്ഞു എന്നത് ദേശീയതലത്തിൽ ബി.ജെ.പിക്ക് വലിയ മൈലേജ് നൽകും. പത്മജയോ അനിൽ ആൻറണിയോ പാർട്ടി വിട്ടതുകൊണ്ട് ഒരാൾപോലും കൂടെ പോകില്ലെന്ന കോൺഗ്രസ് നേതാക്കളുടെ വിശ്വാസം മുഖവിലക്കെടുക്കാവുന്നതാണെങ്കിലും അത് തെരഞ്ഞെടുപ്പിൽ ഉണ്ടാക്കുന്ന പ്രചാരണപരമായ തിരിച്ചടി വളരെ വലുതാണ്. മൂന്നു വർഷമായി തനിക്ക് ബി.ജെ.പിയിൽനിന്ന് ഓഫറുണ്ടെന്ന് അടുത്ത വൃത്തങ്ങളോട് പത്മജ പറഞ്ഞതായാണ് അറിവ്.
അനിൽ ആൻറണിക്കായി വലവിരിച്ച കാലത്തുതന്നെ പത്മജയെയും സ്വാധീനിക്കാനുള്ള ചരടുവലികൾ നടന്നിട്ടുണ്ടെന്ന സൂചനയാണ് ഇവിടെ ലഭിക്കുന്നത്. ചാലക്കുടി സീറ്റ് കിട്ടുമെന്നും, അതല്ല, രാജ്യസഭാംഗത്വവും കരുണാകരന് മരണാനന്തര ‘ഭാരത രത്ന’വുമാണ് വാഗ്ദാനം എന്നുമൊക്കെ പറയുമ്പോഴും കരുണാകരൻ എന്ന രാഷ്ട്രീയ ഇതിഹാസത്തിന്റെ അസ്തിത്വത്തെ മുപ്പതു വെള്ളിക്കാശിന് ഒറ്റുകൊടുക്കുന്ന നടപടിയായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്. എന്തൊക്കെ സന്ദിഗ്ധാവസ്ഥകൾ ഉണ്ടായിട്ടും മതേതരപക്ഷത്തുനിന്ന് വ്യതിചലിക്കാത്ത വ്യക്തിത്വമായിരുന്നു കെ. കരുണാകരൻ. ബി.ജെ.പിയുടെ കുതിരക്കച്ചവടങ്ങളിൽനിന്ന് കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തെ പലകുറി രക്ഷിച്ചെടുത്ത പാരമ്പര്യം അദ്ദേഹത്തിനുണ്ട്.
മക്കൾരാഷ്ട്രീയം നേതാക്കന്മാർക്കും അവരുടെ നിലപാടുകൾക്കും മാത്രമല്ല, മാതൃസംഘടനക്കുപോലും ഭീഷണിയാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പത്മജയുടെ കാലുമാറ്റം. കാലുമാറ്റം എന്ന് ഇതിനെ വിശേഷിപ്പിക്കാമോ എന്ന് അറിയില്ല. കാരണം, അവർ കെ.പി.സി.സി ജനറൽ സെക്രട്ടറി, രാഷ്ട്രീയകാര്യ സമിതി അംഗം എന്നീ പദവികളിലൊക്കെ ഉണ്ടായിരുന്നെങ്കിലും ഒരിക്കലും പാർട്ടിയുടെ മുഖ്യധാരയിൽ പ്രവർത്തിച്ചുകണ്ടിട്ടില്ല. ചരടുവലികളിലൂടെ എല്ലായ്പോഴും കോൺഗ്രസിന്റെ ഉറച്ച മണ്ഡലങ്ങളിൽ സ്ഥാനാർഥിത്വം സംഘടിപ്പിച്ചിരുന്നുവെങ്കിലും അവർ മത്സരിച്ചതോടെ ആ സീറ്റുകൾ കൈവിട്ടുപോയതാണ് ചരിത്രം.
കരുണാകരന്റെ മകൻ കെ. മുരളീധരൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചപ്പോഴും കോൺഗ്രസിൽ അപശബ്ദങ്ങൾ ഉയർന്നിരുന്നു. എങ്കിലും പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിച്ചാണ് മുരളീധരൻ നേതൃത്വത്തിലേക്ക് ഉയർന്നുവന്നത്. പിൽക്കാലത്ത് മുരളിയുടെ വരവിന് എ.കെ. ആൻറണിയുടെ പിന്തുണയും ലഭിച്ചു. മുരളീധരൻ കെ.പി.സി.സി പ്രസിഡൻറും ആൻറണി പാർലമെൻററി പാർട്ടി ലീഡറുമായിരുന്ന കാലഘട്ടം, ഗ്രൂപ്പിസത്തിന് ശമനമുണ്ടാക്കിയ കാലമായിരുന്നു എന്നാണ് കരുതപ്പെടുന്നത്. എന്നാൽ, മുരളിയുടെയും ആൻറണിയുടെയും ഈ ഒരുമ ഇരുഗ്രൂപ്പുകളിലും അസ്വസ്ഥതകൾ സൃഷ്ടിച്ചിരുന്നു. ഈ അസ്വസ്ഥതയെ കരുണാകരനിലേക്കു പടർത്തിയത്, പത്മജയാണെന്ന് അന്നത്തെ എ ഗ്രൂപ്പുകാർ കരുതിയിരുന്നു. മുരളീധരൻ, കരുണാകരനുമായി ഇടഞ്ഞത് അക്കാലത്താണ്. എന്നാൽ, ഗ്രൂപ്പിന്റെ പേരിൽ വീണ്ടും മെരുക്കിയെടുക്കുന്നതിനായി മുരളിയെ മന്ത്രിപദത്തിലേക്ക് ആകർഷിക്കുന്നതിനു പിന്നിലും പത്മജയുടെ കരങ്ങളുണ്ടായിരുന്നെന്ന് കരുതുന്നവർ അക്കാലത്ത് ഐ ഗ്രൂപ്പിലും ഉണ്ടായിരുന്നു. എന്തായാലും മുരളിയുടെ താൽക്കാലിക വീഴ്ചകൾക്ക് കാരണമായത്, ഈ മന്ത്രിപദമായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് വിജയിക്കാനായില്ല. അതോടെ മന്ത്രിപദം പോയി. കെ.പി.സി.സി പ്രസിഡൻറ് പദവിയിൽ മുരളി തുടർന്നിരുന്നുവെങ്കിൽ ആൻറണി രാജിവെച്ചപ്പോൾ മുരളിക്ക് അതിന്റെ പിന്തുടർച്ച കിട്ടുമായിരുന്നു എന്ന് കരുതുന്നവർ കോൺഗ്രസിൽ എ ഗ്രൂപ്പിൽപോലും ഏറെയുണ്ട്.
കടുത്ത വിലപേശലുകൾക്കു പിന്നാലെ കരുണാകരൻ കോൺഗ്രസിൽനിന്ന് പുറത്തുപോയതും ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് എന്ന പാർട്ടി ഉണ്ടാക്കിയതും മകളുടെ പ്രേരണയാലായിരുന്നുവെന്ന് അന്ന് എ ഗ്രൂപ്പിലെ പല നേതാക്കളും വിശ്വസിച്ചിരുന്നു. ഡി.ഐ.സിയുടെ രൂപവത്കരണം കരുണാകരപക്ഷത്തെ കുറച്ചൊന്നുമല്ല ശോഷിപ്പിച്ചത്. അതിലേക്ക് മുരളീധരനെയും വലിച്ചിടുകയായിരുന്നു. അങ്ങനെയൊരു പാർട്ടിക്ക് സ്വന്തമായൊരു സ്വത്വം ഉണ്ടാക്കിയെടുക്കാൻ കഴിയാതെ വന്നപ്പോഴാണ്, എൻ.സി.പിയിൽ ലയിക്കാൻ തീരുമാനമുണ്ടായത്. പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തിയെങ്കിലും കരുണാകരന് പഴയ പ്രതാപം അതേ നിലയിൽ വീണ്ടെടുക്കാനായില്ല. മുരളീധരനാകട്ടെ, പാർട്ടിയിൽനിന്ന് ഒരിക്കൽ പുറത്തുപോയി എന്നതിനാൽ വലിയ നഷ്ടങ്ങളും ഉണ്ടായി. അക്ഷീണ പരിശ്രമംകൊണ്ട് മുരളീധരൻ പാർട്ടിയിൽ സ്വന്തമായി ഒരു സ്ഥാനം ഉറപ്പിച്ചെടുത്തെങ്കിലും പിൽക്കാലത്ത് ഉന്നത സ്ഥാനങ്ങൾ അകന്നുപോകാൻ അന്നത്തെ മാറ്റങ്ങൾ കാരണമായി.
ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും നിർണായകമായ ഒരു ഘട്ടത്തിൽ രാജ്യം തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്ന അവസരത്തിൽ ബി.ജെ.പിയെ ദേശീയതലത്തിൽതന്നെ ചെറുത്തുതോൽപിക്കുന്നതിൽ മുന്നിൽനിന്നു പടനയിച്ച കെ. കരുണാകരന്റെ മകൾ ബി.ജെ.പി പാളയത്തിലേക്കു ചേക്കേറുന്നു എന്നത് കരുണാകരനും കോൺഗ്രസിനും ഒരുപോലെ മാനക്കേടായി മാറുന്നു. പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുപക്ഷം എല്ലാ സന്നാഹങ്ങളോടുംകൂടി ഒരുങ്ങിനിൽക്കെ, കോൺഗ്രസിനെതിരെ ഏറ്റവും വലിയ ആയുധമായി പത്മജയുടെ ബി.ജെ.പി പ്രവേശം മാറും- അതുകൊണ്ട് ബി.ജെ.പിക്ക് ഒരു നേട്ടവും ഉണ്ടാകാനിടയില്ലെങ്കിലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.