Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightസഹനം കടന്ന് ക്രൈസ്തവ...

സഹനം കടന്ന് ക്രൈസ്തവ സഭകൾ സമരത്തിനിറങ്ങുമ്പോൾ

text_fields
bookmark_border
Christian churches
cancel
camera_alt

ജന്തർ മന്തറിൽ ക്രൈസ്തവ സഭകൾ നടത്തിയ സംയുക്ത പ്രതിഷേധ സംഗമത്തിൽ നിന്ന്

അതിപ്രസിദ്ധമായ ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട് ക്രൈസ്തവ സഭകളുടെ മേൽനോട്ടത്തിൽ രാജ്യത്തെ തലസ്ഥാന നഗരിയിൽ. വിവിധ സാമൂഹിക-സാംസ്കാരിക കൂട്ടായ്മകളിലും ഈ ന്യൂനപക്ഷ സമൂഹം സജീവമാണ്. എന്നാൽ, ഒരു കവിളത്തടിച്ചാൽ മറുകരണവും കാണിച്ചുകൊടുക്കാൻ പഠിപ്പിച്ച ​നല്ല ഇടയന്റെ അനുയായികൾ പ്രതിഷേധങ്ങളുമായി ഡൽഹിയിലെ തെരുവിലിറങ്ങുന്നത് അപൂർവമാണ്.വ്യത്യസ്ത വിശ്വാസ ധാരകളിലുള്ള ക്രൈസ്തവ സഭാ മേധാവികളൊന്നിച്ച് വിശ്വാസികളുമായി വന്ന് ഒരു പകൽ മുഴുവൻ രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുക എന്നത് സാധാരണ സംഭവമേയല്ല.

സ്വാതന്ത്ര്യ ലബ്ധിയുടെ ഏഴരപ്പതിറ്റാണ്ടിനിടയിൽ കേവലം അഞ്ചു പ്രാവശ്യമേ അവർ അപ്രകാരം പ്രതികരിച്ചിട്ടുള്ളൂ. 1980കളിൽ മതപരിവർത്തനം തടയാനുള്ള ഒ.പി. ത്യാഗി ബിൽ കൊണ്ടുവന്നപ്പോഴും 1990ൽ കന്യാസ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയായപ്പോഴും 1999ൽ ഗ്രഹാം സ്റ്റെയിൻസിനെയും മക്കളായ ഫിലിപ്പിനെയും തിമോത്തിയെയും ചുട്ടുകൊന്നപ്പോഴും 1998ൽ കണ്ഡമാൽ കൂട്ടക്കൊല നടന്നപ്പോഴും ഒടുവിൽ ദലിത് ക്രൈസ്തവരുടെ അവകാശങ്ങൾക്കുവേണ്ടിയും മാത്രമാണ് ക്രൈസ്തവ സഭകളും വിശ്വാസികളും തെരുവിലിറങ്ങി സമരം നടത്തിയത്.

പക്ഷേ, ഇപ്പോൾ വീണ്ടുമവർ അതിനു നിർബന്ധിതരായിരിക്കുന്നു. ഞായറാഴ്ച തലസ്ഥാനത്തെ സമരസംഗമ കേന്ദ്രമായ ജന്തർമന്തറിലെ ഒരേ വേദിയിൽ അണിനിരന്ന സഭാനേതാക്കൾ ഹല്ലേലുയാ വിളിച്ചുകൊടുത്തപ്പോൾ അരുണാചൽ പ്രദേശ് മുതൽ കേരളത്തിൽനിന്നു വരെ​യെത്തിയ വിശ്വാസികൾ ഒരേ സ്വരത്തിൽ അതേറ്റുചൊല്ലി. ദൈവസ്‍തുതിയും പ്രതിഷേധ മുദ്രാവാക്യങ്ങളും ഒരു പകൽ മുഴുവൻ ജന്തർമന്തറിൽ മാറ്റൊലികൊണ്ടു.

സഭാതർക്കങ്ങൾ മറന്ന സമരസംഗമം

സ്വന്തം അതിജീവനം തന്നെ ചോദ്യംചെയ്യ​പ്പെടുന്നതരത്തിൽ അരക്ഷിതാവസ്ഥ വളരവെ സഭാ സ്വത്തുക്കളിന്മേലുള്ള അവകാശത്തർക്കങ്ങൾക്കല്ല സ്വന്തം ജീവനും സ്വത്തിനും സംരക്ഷണം തേടാനാണ് സഭാമക്കളോട് പുരോഹിതന്മാരും നേതാക്കളും ആഹ്വാനം ചെയ്തത്. ക്രിസ്തു മാർഗത്തിൽ വിശ്വസിച്ചു എന്ന കാരണംകൊണ്ടു മാത്രം സ്​ത്രീകളും വയോധികരും വരെ ആക്രമിക്കപ്പെടുമ്പോൾ തങ്ങൾക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾക്കൊന്നും ഒരു പ്രസക്തിയുമില്ലെന്ന് പള്ളികളിൽനിന്ന് കൂട്ടത്തോടെ എത്തിയ വിശ്വാസികൾ രാജ്യത്തോട് വിളിച്ചുപറഞ്ഞു.

രാഷ്ട്രീയ കക്ഷികളെയോ അവയുടെ നേതാക്കളെയോ കൂട്ടാ​തെ സഭകൾ നേരിട്ട് നേതൃത്വം നൽകി നടത്തിയ സമരത്തിൽ സമുദായത്തിനുവേണ്ടി പ്രവർത്തിക്കുന്ന സാമൂഹിക സംഘടനകളെകൂടി ചേർത്തതോടെ പങ്കാളികളായ സംഘങ്ങളുടെ എണ്ണം എൺപതിനടുത്തെത്തി.

ഇതിനകം നടന്ന അക്രമസംഭവങ്ങളിൽ നടപടിയും വരാനിരിക്കുന്ന നാളുകളിൽ തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണവും ആവശ്യ​െപ്പട്ട് സഭാ മേധാവികൾ ഒപ്പിട്ട സംയുക്ത നിവേദനം രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ, രാജ്യസഭാ ചെയർമാൻ, ലോക്സഭയിലെ വിവിധ കക്ഷി നേതാക്കൾ എന്നിവർക്ക് സമർപ്പിച്ചാണ് അവർ ഇടവകകളിലേക്ക് മടങ്ങിയത്.

തെരുവിലിറങ്ങും മുമ്പ് ചെയ്ത ഗൃഹപാഠങ്ങൾ

ലത്തീൻ സഭ ഡൽഹി കത്തോലിക്കാ ആർച്ച് ബിഷപ് അനിൽ ജെ.ടി. കൂട്ടോ, ഡൽഹി - ഫരീദാബാദ് ആർച്ച് ബിഷപ് കുര്യക്കോസ് ഭരണികുളങ്ങര, ഗുരുഗ്രാം -ഡൽഹി സീറോ മലങ്കര സഭ ആർച്ച് ബിഷപ്, തോമസ് മാർ അന്തോണിയോസ്, ഡൽഹി മെതേഡിസ്റ്റ് ചർച്ചിന്റെ സുബോധ് മൊണ്ഡൽ, വടക്കേ ഇന്ത്യൻ ബിഷപ് ഓഫ് ചർച്ചിന്റെ പോൾ സ്വരൂപ്, മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് ഡൽഹി ആർച്ച് ബിഷപ് യോഹന്നാൻ മാർ ദിമിത്രിയോസ്, വടക്കുകിഴക്കൻ ഇന്ത്യ ചർച്ചി​ന്റെ ഡോ. റിക്കി, ഇവാഞ്ചലിക്കൽ ചർച്ചസ് കൗൺസിൽ സെക്രട്ടറി ജനറൽ റിച്ചാർ ഹോവൽ, ഇവാഞ്ചലിക്കൽ ഫെലോഷിപ് ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ വിജയേഷ് ലാൽ, ​ബൈബിൾ ഭവൻ ക്രിസ്ത്യൻ ഫെ​ലോഷിപ് പ്രസിഡന്റ് ഐസക് ഷാ, യുനൈറ്റഡ് ഫോറം ക്രിസ്ത്യൻ പ്രസിഡന്റ് മിഖായേൽ വില്യംസ് എന്നിവർ ഒരു വേദിയിലിരുന്ന് ഒപ്പിട്ട നിവേദനത്തിൽ തങ്ങൾക്കുനേരെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ മാത്രമല്ല, തുടർ നടപടികളുടെ കാര്യത്തിൽ വിവിധ വകുപ്പുകൾ വരുത്തിയ വീഴ്ചകളുടെ വിവരങ്ങളുമുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നടന്ന അക്രമങ്ങളെ കുറിച്ച് വിവിധ ഗ്രൂപ്പുകൾ നടത്തിയ വസ്തുതാന്വേഷണങ്ങളുടെ റിപ്പോർട്ടുകളും അനുബന്ധമായി ചേർത്തിരുന്നു. തങ്ങളുടെ ആവലാതികൾ സമഗ്രമായി ഉ​ൾക്കൊള്ളുന്ന ഈ നിവേദനത്തിന്റെ പകർപ്പ് മനുഷ്യാവകാശ കമീഷൻ, മനുഷ്യാവകാശ സംഘടനകൾ, ദലിത്, വനിത, ബാലാവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നവർ തുടങ്ങിയവർക്കെല്ലാം അയച്ചുകൊടുത്തിട്ടുണ്ട്.

സമരത്തിനാധാരമായ ആക്രമണ കണക്ക്

കഴിഞ്ഞ ഏതാനും മാസങ്ങളായി വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരെ അര​ങ്ങേറുന്ന ആക്രമണങ്ങളിൽ ക്രമാതീതമായ വർധനവുണ്ടായ സാഹചര്യത്തിലാണ് ഈ സമരമെന്നാണ് സമര സമിതി പറഞ്ഞത്. ക്രൈസ്തവ സമുദായത്തിന്റെ മനുഷ്യാവകാശ പ്രശ്നങ്ങളിൽ ഇടപെട്ട് ന്യൂഡൽഹി കേ​​ന്ദ്രമായി പ്രവർത്തിക്കുന്ന യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം സമാഹരിച്ച കണക്കു പ്രകാരം കഴിഞ്ഞ വർഷം മാത്രം 21 സംസ്ഥാനങ്ങളിലായി 598 ആക്രമണങ്ങൾ ക്രൈസ്തവർക്കെതിരെ അരങ്ങേറി.

2014ൽ 127ഉം 2015ൽ 142ഉം ആക്രമണങ്ങൾ നടന്ന സ്ഥാനത്താണിത്. 226 (2016), 248 (2017), 292 (2018), 328 (2019), 279 (2020) എന്നിങ്ങനെയുണ്ടായിരുന്ന ആക്രമണ സംഭവങ്ങൾ 2021ൽ പൊടുന്നനെ 505ലെത്തിയെന്നും 2022ൽ അത് 600നടുത്തെത്തിയെന്നും കണക്ക് വ്യക്തമാക്കുന്നു. ഇതു കൂടാതെ പ്രവാസി ക്രൈസ്തവ സംഘടന സമാഹരിച്ച കണക്കുമുണ്ട്. അതിൽ സമുദായത്തിനും ആരാധനാലയങ്ങൾക്കുമെതിരെ നടന്ന 1198 ആക്രമണങ്ങളുടെ വിവരങ്ങളാണുള്ളത്.

ഇരകളെ വേട്ടക്കാരാക്കുമ്പോൾ

സഭാ നേതാക്കൾക്കും വിശ്വാസികൾക്കുമെതിരായ അ​ക്രമങ്ങൾ, ആരാധനാലയങ്ങൾക്കും ആരാധനക്കായി ഒത്തുകൂടിയവർക്കുമെതിരെയുമുള്ള ആക്രമണങ്ങൾ എന്നിവക്ക് പുറമെ നിർബന്ധിത മതപരിവർത്തനം ആരോപിച്ചുള്ള വ്യാജകേസുകൾ, ബലം പ്രയോഗിച്ച് ഹിന്ദുമതത്തിലേക്ക് ‘ഘർവാപസി’ നടത്തൽ എന്നിവയും വർധിച്ചുവരുന്നതായി യു.സി.എഫ് പറയുന്നു. ക്രിസ്തുമതം ഉപേക്ഷിക്കാത്തതിന്റെ പേരിൽ ഛത്തിസ്ഗഢിലെ നാരായൺപുരിൽ ആയിരത്തിലേറെ ആദിവാസികൾക്ക് പലായനം ചെയ്യേണ്ടിവന്നതും ആദിവാസി വനിതയെ നൂറുകണക്കിന് ജനങ്ങളുടെ മുന്നിലിട്ട് വസ്ത്രാക്ഷേപം ചെയ്തതും ഇവയിലുണ്ട്.

ആക്രമണകാരികളെ പിടികൂടാൻ തയാറാകാത്ത പൊലീസ് ഇരകളായ സഭാ നേതൃത്വത്തെയും വിശ്വാസികളെയും പ്രതിചേർത്ത് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 111 ആണ്. അതിൽ 74 കേസുകളും 11 സംസ്ഥാനങ്ങൾ പാസാക്കിയ മതപരിവർത്തന നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ്.

ചർച്ചകൾക്കിടയിൽ തുറന്ന സമരമുഖം

രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷം അനുഭവിക്കുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കാനും മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം യാഥാർഥ്യമാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ന്യൂനപക്ഷ മന്ത്രി സ്മൃതി ഇറാനി, കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു എന്നിവരുമായെല്ലാം ഈ വർഷം പോലും സഭാ നേതാക്കൾ ചർച്ച നടത്തിയതാണ്. ആക്രമണങ്ങൾക്കെതിരെ പരാതി നൽകിയിട്ടും കൃത്യമായ നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് സഭകൾക്ക് സമരമുഖത്തേക്ക് ഇറങ്ങേണ്ടി വന്നതെന്ന് സീറോ മലബാർ സഭയുടെ ഡൽഹി - ഫരീദാബാദ് ആർച്ച് ബിഷപ് കുര്യക്കോസ് ഭരണികുളങ്ങര വ്യക്തമാക്കുന്നു.

രാജ്യത്ത് അസഹിഷ്ണുത വർധിക്കുന്നതുമൂലം ക്രൈസ്തവർക്കെതിരെ പലയിടത്തും അക്രമങ്ങൾ നടക്കുന്നു. ഭരണഘടന നൽകുന്ന മത സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും ഹനിക്കപ്പെടുന്നു. ക്രൈസ്തവർക്കു പുറമെ മറ്റു മത വിഭാഗങ്ങൾക്ക് എതിരെയും ആക്രമണങ്ങൾ അരങ്ങേറുന്നു. കഴിക്കുന്ന ഭക്ഷണത്തിന്‍റെയോ വസ്ത്രത്തിന്‍റെയോ പേരിൽ ഒരാള്‍ പീഡിപ്പിക്കപ്പെടാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്​ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും മാത്രമല്ല, സുപ്രീംകോടതിയുടെ കൂടി ശ്രദ്ധ ക്ഷണിക്കാനാണ് രാജ്യതലസ്ഥാനത്ത് ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിക്കേണ്ടി വന്നതെന്നാണ് സമര സമിതി നേതാവും മനുഷ്യാവകാശ-മാധ്യമ പ്രവർത്തകനുമായ ജോൺ ദയാൽ പറഞ്ഞത്.

ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾക്കെതിരെ ഹരജിയുമായി ചെല്ലുമ്പോൾ അത് കേൾക്കാൻപോലും മനസ്സ് കാണിക്കാതെ അഭിഭാഷകരോട് മിണ്ടാതിരിക്കാൻ പറയുന്ന ദുരനുഭവങ്ങളാണ് കോടതിമുറിയിൽനിന്ന് ഉണ്ടാകുന്നതെന്ന് സമരവേദിയിൽ അ​ദ്ദേഹം പരസ്യമായി പറയുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Christian churchesProtestChristians protest
News Summary - When the Christian churches go into struggle after suffering
Next Story