Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightജനാധിപത്യത്തിന്‍റെ...

ജനാധിപത്യത്തിന്‍റെ അടിവേരറുക്കുേമ്പാൾ...

text_fields
bookmark_border
ജനാധിപത്യത്തിന്‍റെ അടിവേരറുക്കുേമ്പാൾ...
cancel

വികസനം അതിന്റെ വിശാല അർഥത്തിൽ ജനാധിപത്യത്തിന്റെ മനോഹരമായ പൂവിടലാണെന്നാണ് എന്റെ പക്ഷം. എന്നാൽ, ജനാധിപത്യം വികസനത്തിന് തടസ്സംനിൽക്കുന്ന ഭരണസമ്പ്രദായമാണെന്ന് വാദിക്കുന്നവരും കുറവല്ല. സിംഗപ്പൂർ, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ സാമ്പത്തിക മുന്നേറ്റ കഥ നിരത്തിയാണ് ഈ വാദം ഉന്നയിക്കാറുള്ളത്. ജനാധിപത്യത്തെ സങ്കുചിതമായി കാണുന്ന ഈ കാഴ്ചപ്പാടിനോട് യോജിക്കാനാവില്ല.

അതുപോലെ രാഷ്ട്രീയ പാർട്ടികൾ പൊതുവേ തെരഞ്ഞെടുപ്പാണ് ജനാധിപത്യമെന്ന് വിശ്വസിക്കുന്നവരാണ്. സാമുവേൽ ഹണ്ടിങ്ടനെപ്പോലെ നിരവധി രാഷ്ട്രമീമാംസകരും ഇത്തരം ധാരണകൾക്ക് അടിവരയിടുന്നു. ജനാധിപത്യ ആശയത്തിന്റെ ഉള്ളടക്കത്തിലും ദർശനത്തിലും പ്രായോഗിക നടത്തിപ്പിലും വളരെ ദൂരെ മുന്നേറാനുണ്ടെന്നിടത്തുനിന്ന് വേണം ഈ ചർച്ചകൾക്ക് രൂപംനൽകേണ്ടത്.

The dawn of everything ന്റെ പുറംചട്ട

വാസ്തവത്തിൽ ജനാധിപത്യം സാമൂഹിക ജീവിയായ മനുഷ്യന്റെ നൈസർഗിക ഭാവമാണ്. ബി.സി ആറാം നൂറ്റാണ്ടിനുമുമ്പ് ആതൻസ് നഗരത്തിൽ നേരിട്ടുള്ള ജനാധിപത്യം (സ്ത്രീകളെയും അടിമകളെയും ഒഴിച്ചുനിർത്തിയിരുന്നു) പരീക്ഷിക്കുന്നതിന് 30,000 വർഷങ്ങൾക്കപ്പുറം മനുഷ്യർ പ്രാകൃതമായ ജനാധിപത്യം പരീക്ഷിച്ചിരുന്നുവെന്നാണ് പുതിയ കണ്ടുപിടിത്തം. എങ്ങനെയാണ് മനുഷ്യർക്ക് സ്വാതന്ത്ര്യവും പാരസ്പര്യവും നഷ്ടപ്പെട്ടത് എന്ന അന്വേഷണം കൂടിയാണ് ഡേവിഡ് െഗ്രയിബറും ഡേവിഡ് വെൻേഗ്രായും ചേർന്ന് പ്രസിദ്ധീകരിച്ച, 2021ൽ ഏറ്റവുമധികം കോപ്പികൾ വിറ്റഴിഞ്ഞ എല്ലാറ്റിന്റെയും ഉദയം (The Dawn of everything) എന്ന പുസ്തകം.

യുദ്ധം, ആർത്തി, ചൂഷണം, അന്യന്റെ കഷ്ടപ്പാടുകളെക്കുറിച്ചുള്ള ബോധപൂർവമായ നിസ്സംഗത തുടങ്ങിയ ദുരവസ്ഥകൾക്ക് പരിഹാരമില്ലേ? മനുഷ്യർ എക്കാലവും ഇങ്ങനെത്തന്നെ ആയിരുന്നുവോ? സംസ്കാരത്തിന്റെ കൊടുമുടിയിൽ എത്തിയെന്ന് അവകാശപ്പെടുന്ന മനുഷ്യർ എന്തുകൊണ്ട് ദാരിദ്യ്രം, അസമത്വം, േശ്രണീബദ്ധമായ സമൂഹം ഒക്കെ മാറ്റാവുന്ന സാമൂഹിക ക്രമങ്ങൾ സൃഷ്ടിക്കാൻ മുന്നോട്ടുവരുന്നില്ല? ഇങ്ങനെ അവർ ചോദിക്കുന്ന ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം തേടാൻ ജനാധിപത്യത്തിനു മാത്രമേ സാധിക്കൂ.

പടരുന്ന വലതുപക്ഷ ജനകീയത

രാജ്യങ്ങൾ പൊതുവേ ജനാധിപത്യസമ്പ്രദായത്തിലേക്ക് നീങ്ങുന്ന ഒരു കാഴ്ചയാണ് രണ്ടാം ലോകയുദ്ധ ശേഷം ലോകം ദർശിച്ചത്. മൂന്നാം ചേരിരാജ്യങ്ങളിൽ കൊളോണിയലിസം കടപുഴകിയ കാലം. 2010നുശേഷം ജനാധിപത്യ വിശ്വാസികൾക്ക് ആവേശം നൽകി തുനീഷ്യ, ലിബിയ, ഈജിപ്ത്, മൊറോക്കോ എന്നിങ്ങനെ നിരവധി മുസ്‍ലിം രാജ്യങ്ങളിൽ ജനാധിപത്യത്തിന്റെ ശക്തമായ തരംഗം ആഞ്ഞടിച്ചു. എന്നാൽ, ഈ അടുത്തകാലത്ത് യൂറോപ്പിലും അമേരിക്കയിലും ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും തുർക്കിയയിലും ഫിലിപ്പീൻസിലും ഇന്ത്യയിലും എന്നിങ്ങനെ ലോകമെമ്പാടും വലതുപക്ഷ ജനകീയത (Rigth wing Populsim) തലപൊക്കുന്ന കാഴ്ചയാണ് നാം കാണുക.

നാഴികമണി പിറകോട്ടു തിരിക്കപ്പെടുന്നു. ഭരണഘടനയിൽ ഊന്നിനിന്ന് വ്യവസ്ഥാപിത മാർഗങ്ങളിലൂടെ ജനക്ഷേമാധിഷ്ഠിത ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തി സങ്കുചിത ദേശീയതക്കും സ്വന്തം വിശ്വാസങ്ങൾക്ക് അദ്വിതീയ സ്വത്വബോധം നൽകിയും മറ്റും സാധാരണക്കാരെ വശത്താക്കുന്ന തന്ത്രമാണ് ഇവിടങ്ങളിലെ ചില നേതാക്കൾ പയറ്റുന്നത്. ഡൊണാൾഡ് ട്രംപ്, ജെയിർ ബൊൾസനാരോ (ഈ അടുത്ത കാലത്ത് ബ്രസീലിൽ അധികാരമേറ്റ ലൂലായെ അന്തിക്രിസ്തുവാണെന്ന് വിളിച്ച് ജനവികാരമിളക്കി സാൻഫ്രാൻസിസ്കോയിലിരുന്ന് അയാൾ സുപ്രീംകോടതി മന്ദിരം ആക്രമിക്കാൻ ഒരുമ്പെട്ടു), ജേക്കബ് സുമാ, (ദക്ഷിണാഫ്രിക്ക) റോഡറിഗോദുത്തർത്തേ (ഫിലിപ്പീൻസ്) ഇന്ത്യയിലെ മോദി എന്നിങ്ങനെ ഒത്തിരി രാഷ്ട്രീയ നേതാക്കൾ ജനാധിപത്യത്തെ ശക്തമായി വെല്ലുവിളിക്കുന്നു.

പാട്രിക് ഹെല്ലർ

വളർന്നുവരുന്ന മധ്യവർഗത്തിന് അവരുടെ അവകാശങ്ങളും പദവികളും നിലനിർത്താൻ മത-ദേശീയ വികാരങ്ങളെ കൂട്ടുപിടിക്കുന്ന തന്ത്രമാണ് അനാവരണം ചെയ്യപ്പെടുന്നത്. അത് എത്രകണ്ട് വേരോടുമെന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്. പ്രസിദ്ധ സാമൂഹികശാസ്ത്രജ്ഞൻ പാട്രിക് ഹെല്ലർ ഇന്റർനാഷനൽ സോഷ്യോളജി എന്ന ജേണലിൽ ഇന്ത്യയിലെ മോദിയെയും ബ്രസീലിലെ മുൻ പ്രസിഡന്റ് ബൊൾസനാരോയെയും താരതമ്യം ചെയ്ത് 2020ൽ എഴുതിയ പ്രബന്ധം നിഷ്പക്ഷമായി ചിന്തിക്കുന്ന സകലരും വായിക്കേണ്ടതാണെന്ന് ഞാൻ കരുതുന്നു. ഈ പശ്ചാത്തലത്തിൽ ജനാധിപത്യം പൊതുവേയും ഇന്ത്യ പ്രത്യേകിച്ചും നേരിടുന്ന ചില വെല്ലുവിളികൾ പറയാനാണ് ഞാൻ ഉദ്ദേശിക്കുക.

ആദ്യമായി ഓർക്കാനുള്ളത്, ഭരണഘടനയിൽ അധിഷ്ഠിതമാണ് ഇന്ത്യൻ ജനാധിപത്യം എന്നുള്ളതാണ്. ഗ്രാമപഞ്ചായത്ത് അംഗം മുതൽ രാഷ്ട്രപതി വരെയുള്ള എല്ലാവരും ഭരണഘടനയോട് കൂറുപ്രഖ്യാപിച്ച് പ്രതിജ്ഞ എടുക്കുന്നത് ഭരണഘടനയിൽനിന്നും അതിനെ ആശ്രയിച്ചുമാണ് ഇന്ത്യൻ ഭരണവ്യവസ്ഥ നിലകൊള്ളുന്നുവെന്ന യാഥാർഥ്യം ഉൾക്കൊണ്ടാണ്. തുടക്കത്തിൽ ഹിന്ദുത്വവാദി സംഘടനകളും കമ്യൂണിസ്റ്റ് പാർട്ടിയും ഭരണഘടനയെ എതിർത്തിരുന്നു. കാരണം ബഹുസ്വരതയാണ് ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്നതാണ്.

ഈ അടുത്തകാലത്ത് ഭരണഘടനയുടെ കേന്ദ്രബിന്ദുവായ പൊതുസ്ഥാപനങ്ങളെയെല്ലാം ദുഷിപ്പിക്കാനും തകർക്കാനും ബോധപൂർവമായ യത്നം നടക്കുന്നുവെന്നത് ഇന്ത്യൻ ജനാധിപത്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ഇത് വിശദീകരിക്കാൻ ഒരുമ്പെടുന്നില്ല. എന്നാൽ, റിപ്പബ്ലിക്കിന്റെ ഏതാണ്ട് തുടക്കത്തിൽതന്നെ കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാറിനെ പിരിച്ചുവിട്ടതും 1975–77 കാലഘട്ടത്തിലെ അടിയന്തരാവസ്ഥയും അതിജീവിച്ചുവെന്നത് ഭാവിയെക്കുറിച്ച് ആത്മധൈര്യം പകരുന്നു. ജനാധിപത്യത്തിന്റെ ഗുണമേന്മ അതിന്റെ പ്രായോഗിക നടത്തിപ്പിനെ ആശ്രയിച്ചാണിരിക്കുന്നത്.

തെരഞ്ഞെടുപ്പാണ് ജനാധിപത്യത്തിന്റെ മുഖ്യഘടകം എന്നുപറയുന്നത് ഒരുപാട് വിശേഷണങ്ങൾ പറയാതെ മനസ്സിലാക്കാനാവില്ല. ഒന്നാമത്, തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായിരിക്കണം. ജനാധിപത്യം ശരിയായ അർഥത്തിൽ സമൂഹം അതിന്റെ മുൻഗണനകൾ വെളിവാക്കുന്ന പ്രക്രിയ (Choice) ആണ്. 1998 ഡിസംബർ എട്ടിന് അമർത്യ സെൻ സ്റ്റോക്ഹോമിൽ തന്റെ നൊബേൽ പ്രഭാഷണത്തിന്റെ തുടക്കം തന്റെ സോഷ്യൽ ചോയ്സ് സിദ്ധാന്തം പ്രസിദ്ധമായ ജനങ്ങൾ, ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന സമ്പ്രദായം എന്ന ജനാധിപത്യ നിർവചനം ഉദ്ധരിച്ചാണ് അവതരിപ്പിച്ചത്.

(ചോയ്സ് എന്ന വാക്കിനും ഇലക്ഷൻ എന്ന വാക്കിനും മലയാളത്തിൽ തെരഞ്ഞെടുപ്പ് എന്ന് മൊഴിമാറ്റം ചെയ്യുന്നത് ധാരണപ്പിശക് ഉണ്ടാക്കുമെന്നുകൂടി പറയട്ടെ). സമൂഹത്തിന്റെ ക്ഷേമം, ദാരിദ്യ്രം, അസമത്വം എന്നിങ്ങനെ ജനങ്ങളെ അലട്ടുന്ന അടിസ്ഥാന പ്രശ്നങ്ങളുടെ പരിഹാരം സാമൂഹിക തെരഞ്ഞെടുപ്പിന്റെ ഭാഗമാണ്. അത് രാഷ്ട്രീയ തെരഞ്ഞെടുപ്പിൽ തുടങ്ങുന്നുവെന്നുമാത്രം. ഭൂരിപക്ഷം തോന്നിയ രീതിയിൽ പ്രവർത്തിക്കാനല്ല, മറിച്ച് സമൂഹത്തിന്റെ എല്ലാ തെരഞ്ഞെടുപ്പുകളെയും (Choice) അർഥവത്താക്കേണ്ടതുണ്ട്. ഒരാൾ മാത്രമുള്ള ന്യൂനപക്ഷത്തെപ്പോലും അവഗണിക്കുക ജനാധിപത്യത്തിന്റെ നിരാസമാണെന്നുകൂടി ഓർക്കണം.

പണവും കൈയൂക്കും ഭയപ്പെടുത്തുന്ന ജാഗ്രതസമിതികളും വർത്തമാനകാല ജനാധിപത്യത്തെ വല്ലാതെ സ്വാധീനിക്കുന്നു. ഇപ്പോഴത്തെ ഇന്ത്യൻ പാർലമെന്റിൽ ജയിച്ച 539 എം.പിമാരിൽ 233 പേർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് അവർ ഇലക്ഷൻ കമീഷൻ മുമ്പാകെ സമ്മതിച്ചിട്ടുണ്ട്. ഇക്കൂട്ടർ പാർലമെന്റിൽ ആരുടെ താൽപര്യമാകും പ്രതിഫലിപ്പിക്കുക?സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഇലക്ഷൻ കമീഷനിൽ പാർശ്വവർത്തികളെ തിരുകിക്കയറ്റാൻ ഭരണകൂടം ശ്രമിക്കുമ്പോൾ ജനാധിപത്യമാണ് തകരുക. ടി.എൻ. ശേഷനെപ്പോലെ സ്വതന്ത്രമായി പ്രവർത്തിക്കാൻ കെൽപുള്ള മുഖ്യതെരഞ്ഞെടുപ്പ് കമീഷണർമാർ പിൽക്കാലത്ത് എന്തുകൊണ്ട് ഉണ്ടായില്ല? ജനാധിപത്യ ദർശനമുള്ള ഭരണകൂടം അപ്രത്യക്ഷമാകുകയാണോ?

മാധ്യമങ്ങൾ ആരുടെ പക്ഷത്ത്?

തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്ന വ്യാജപ്രചാരണം സോഷ്യൽ മീഡിയ വഴി കത്തിച്ചുപടർത്തുന്നവർ തകർക്കുന്നത് ജനാധിപത്യത്തെയാണ്. മറിച്ച്, സത്യം പ്രചരിപ്പിച്ച് പൊതുയുക്തിയുടെ മണ്ഡലം സൃഷ്ടിച്ചാൽ അവർക്ക് ചെയ്യാവുന്ന സേവനം നിസ്സീമമാണ്. മാധ്യമങ്ങളുടെ ധർമം ജനാധിപത്യ മൂല്യങ്ങൾ മുറുകെപ്പിടിച്ചുകൊണ്ടുള്ള സത്യസന്ധമായ വാർത്താവതരണവും അപഗ്രഥനവുമാണ്. പക്ഷേ മാധ്യമങ്ങളുടെ നിയന്ത്രണം പണക്കാരുടെ കൈയിലാണ്. പരസ്യങ്ങളെ ആശ്രയിച്ചാണ് അവരിൽ മിക്കതിന്റെറയും നിലനിൽപ്.

ഇത് സത്യത്തെ തമസ്കരിക്കാനും വളച്ചൊടിക്കാനും വഴിവെക്കുന്നു. മാധ്യമങ്ങൾ പൊതുവേ പണമുള്ളവർക്കുവേണ്ടി വാദിക്കുന്നതിനാൽകൂടിയാണ് സാധാരണക്കാരുടെ ആവശ്യങ്ങളെ മറികടന്ന് കോർപറേറ്റുകളുടെ താൽപര്യങ്ങൾക്ക് സമൂഹവും സർക്കാറും മുൻഗണന നൽകുന്നത്. റോഡുകൾ നന്നാക്കാനും ശിശുക്കൾക്ക് പോഷകാഹാരനിവാരണത്തിനും പാർശ്വവത്കരിക്കപ്പെട്ടവർക്ക് ശുദ്ധജലമെത്തിക്കാനും രോഗപ്രതിരോധത്തിനും പണമില്ലെന്നു പറയുമ്പോൾ കോടികൾ നികുതി സൗജന്യമായും പെേട്രാളിയം ഉൽപന്നങ്ങൾക്കും വളം, വൈദ്യുതി എന്നിങ്ങനെ സമ്പന്നർക്ക് സബ്സിഡി നൽകാനും യൂനിയൻ സംസ്ഥാന ബജറ്റുകൾ മടിക്കുന്നില്ലെന്ന സത്യം വിസ്മരിക്കാനാവില്ല.

ഇന്ത്യയിലെ ഭരണഘടനയിലൂന്നിയ ജനാധിപത്യം വിജയിക്കണമെങ്കിൽ, ഭരണഘടനയുടെ നാലാംഭാഗമായ ഡയറക്ടിവ് പ്രിൻസിപ്പിൾസ് ഓഫ് സ്റ്റേറ്റ് പോളിസി അനുസ്യൂതം നടപ്പാക്കിക്കൊണ്ടിരിക്കണം. വരേണ്യ വർഗത്തിന് അതിന്റെ ആവശ്യമില്ല. ദലിതർ, ആദിവാസികൾ, മുക്കുവർ, മുസ്‍ലിംകൾ, സിക്കുകാർ, ൈക്രസ്തവർ തുടങ്ങിയ മറ്റു ന്യൂനപക്ഷങ്ങൾ ശബ്ദമുയർത്തണം. മാധ്യമപിന്തുണ വലിയ ശക്തിയാണ്. ഇവിടെ എന്റെ ചോദ്യം, മാധ്യമങ്ങൾ ഇക്കാര്യത്തിൽ ആരുടെ പക്ഷത്താണ്?

ജനാധിപത്യത്തെ തകർക്കുന്ന സുപ്രധാന ഘടകം പാർട്ടി ഫണ്ടിങ് ആണ്. തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങാൻതന്നെ ധാരാളം പണം വേണം. വികസനം പാർട്ടിക്കും പാർട്ടിക്കാർക്കും കറവപ്പശുവാകുന്ന ദയനീയ ചിത്രമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ മുഖ്യശത്രു. ഒരുകാലത്ത് കോർപറേറ്റുകൾ പാർട്ടിക്ക് സംഭാവന നൽകിയാൽ അത് അവരുടെ ബാലൻസ് ഷീറ്റിൽ പ്രകടമായിരുന്നു. ഇന്ന് അത് നിയമത്തിലൂടെ മാറ്റിയിരിക്കുന്നു. പാർട്ടി ഫണ്ടിങ്ങിലെ ഉള്ള സുതാര്യതയും എടുത്തുകളഞ്ഞിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. ഇടപാടുകളിൽ സുതാര്യത ഉറപ്പുവരുത്താതെ ജനാധിപത്യം വേരുറക്കുകയില്ല. സാധാരണക്കാരനും സ്വാധീനമുള്ളവനും നിയമങ്ങളും ചട്ടങ്ങളും തുല്യമല്ലെന്ന അവസ്ഥയിൽ സുതാര്യതയില്ല.

നിയമംകൊണ്ട് അഴിമതിയെ സാധൂകരിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്. അഴിമതിയെ സ്ഥാപനവത്കരിക്കുന്നതിലൂടെ ജനാധിപത്യം ജീർണിക്കുന്നു. ഞാൻ പറഞ്ഞുവരുന്നത്, 2017ൽ ഒരു ഫിനാൻസ് ബില്ലായി അവതരിപ്പിച്ച് പാസ്സാക്കിയെടുത്ത ഇലക്ടറൽ ബോണ്ടിന്റെ കാര്യമാണ്. അന്ന് ബി.ജെ.പിക്ക് രാജ്യസഭ എതിർപ്പിനെ മറികടക്കാനായിരുന്നു ഈ കുതന്ത്രം.

ഇലക്ടറൽ ബോണ്ട് തെരഞ്ഞെടുപ്പ് കമീഷനെയും തെരഞ്ഞെടുപ്പ് പ്രക്രിയയെത്തന്നെയും തകിടംമറിക്കുന്നു. ആദായ നികുതിയിൽനിന്ന് പാർട്ടികളുടെ സംഭാവനകൾ ഒഴിവാക്കപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ ഒച്ചപ്പാടുകൾ ഇല്ലാതെ ബോണ്ടുകൾ അനുസ്യൂതം വിറ്റഴിയുമ്പോൾ ജനാധിപത്യമാണ് നശിക്കുക. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് കാതലായ ഘടകമെങ്കിലും ജനാധിപത്യത്തിന്റെ വിജയം പ്രയോഗത്തിൽ എങ്ങനെയാണ് കാര്യങ്ങൾ എന്നതാണ് നിർണായകഘടകം.

ഒരു കാര്യംകൂടി എടുത്തുപറയാം. നല്ല പ്രതിപക്ഷമാണ് ജനാധിപത്യത്തിന്റെ വിജയം. ഇടതുപക്ഷം പ്രതിപക്ഷ നേതൃത്വത്തിലുണ്ടായ കാലം; അന്ന് അതിശക്തരായ ഭരണകക്ഷിയും വിറച്ചിരുന്നു. ഇന്ന് ഭരണകക്ഷിയുടെ മുന്നിൽ വിറക്കുന്ന പ്രതിപക്ഷമാണ്. എണ്ണത്തിൽ മാത്രമല്ല ധാർമികതയിലും പതറുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:democracy
News Summary - When the foundation of democracy is broken
Next Story