Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightലോകം ഇസ്‍ലാമോഫോബിയ...

ലോകം ഇസ്‍ലാമോഫോബിയ തിരിച്ചറിയുമ്പോൾ

text_fields
bookmark_border
ലോകം ഇസ്‍ലാമോഫോബിയ തിരിച്ചറിയുമ്പോൾ
cancel

ഇനിമേൽ മാർച്ച് 15 ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ആഗോള ഇസ്‍ലാമോഫോബിയ വിരുദ്ധദിനമായി ആചരിക്കും. 2004ൽ തന്നെ അന്നത്തെ സെക്രട്ടറി ജനറൽ കോഫീ അന്നന്റെ മുൻകൈയിൽ ഇസ്‍ലാമോഫോബിയക്കെതിരായ ഗവേഷണ - നയ രൂപവത്കരണ ശ്രമങ്ങൾ യു.എൻ ആരംഭിച്ചിരുന്നു. ഇസ് ലാമിക പണ്ഡിതൻ ഹുസൈൻ നസ്ർ അക്കാലത്ത് ഐക്യരാഷ്ട്ര സഭയിൽ ഇസ് ലാമോഫോബിയയെക്കുറിച്ച് നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധ നേടിയതാണ്.

ഇസ്‍ലാമോഫോബിയ ദിനം ആചരിക്കാനുള്ള യു.എൻ പൊതുസഭയിലെ പ്രമേയത്തെ 140 അംഗരാഷ്ട്രങ്ങൾ പിന്തുണച്ചു. ബി.ജെ.പി നേതൃത്വം നല്കുന്ന ഇന്ത്യൻ സർക്കാർ എതിർവാദമാണുയർത്തിയത്. ലോകത്ത് എല്ലാ മതങ്ങൾക്കെതിരെയും വിവിധ സന്ദർഭങ്ങളിൽ വിവേചനങ്ങൾ നടക്കുന്നുണ്ടെന്നും ഇസ്‍ലാമിനെതിരെമാത്രം വിവേചനം നടക്കുന്നുവെന്നപേരിൽ ഐക്യരാഷ്ട്രസഭ നിലപാടെടുക്കുന്നത് തെറ്റിദ്ധാരണയുണ്ടാക്കുമെന്നും ഇന്ത്യൻ പ്രതിനിധികൾ വാദിച്ചെങ്കിലും ബഹുഭൂരിപക്ഷം ലോകരാഷ്ട്രങ്ങളും അതിനോട് യോജിച്ചില്ല.

2021ൽ യു.എസ് കോൺഗ്രസ് ഇൽഹൻ ഒമറിന്റെയും ജാൻ ഷാക്കോവ്സ്കിയുടെയും നേതൃത്വത്തിൽ ‘കോമ്പാറ്റിങ് ഇന്റർനാഷനൽ ഇസ് ലാമോഫോബിയ’ ബിൽ പാസാക്കിയിരുന്നു. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വാർഷിക മനുഷ്യാവകാശ റിപ്പോർട്ടുകളിൽ വിവിധ ഭരണകൂടങ്ങൾ നടത്തുന്ന ഇസ് ലാമോഫോബിക് പ്രചാരണങ്ങളും ഹിംസകളും ഉൾപ്പെടുത്തണമെന്നു ബില്ലിൽ നിർദേശമുണ്ട്. 2023 ജനുവരിയിൽ യൂറോപ്യൻ യൂനിയൻ ‘മുസ്‍ലിം വിരുദ്ധ വിദ്വേഷത്തെ’ ചെറുക്കുന്നതിനുള്ള പുതിയ കോഓഡിനേറ്ററെ നിയമിച്ചതും ഈ മാറ്റങ്ങളുടെ ഭാഗമാണ്.

ബഹുധ്രുവ ലോകത്തിന്റെ വാക്ക്

ശീതയുദ്ധാനന്തര ലോകത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ മാറ്റങ്ങളുടെ ഭാഗമാണ് ഐക്യരാഷ്ട്ര സഭയുടെയും സുരക്ഷാ സമിതിയിലെ അംഗ രാഷ്ട്രങ്ങളുടെയും ഈ ചുവടുമാറ്റം എന്നാണ് പ്രബലമായ നിരീക്ഷണം. നവലോകക്രമം (ന്യൂ വേൾഡ് ഓർഡർ) എന്ന പേരിൽ ലോകം ഒരൊറ്റ യൂനിറ്റാണെന്ന സമീപനം വികസിച്ചത് 1989ൽ സോവിയറ്റ് യൂനിയന്റെ തകർച്ചക്കുശേഷമാണ്. പുതിയ ലോകം ഒരു ലിബറൽ നവലോക ക്രമമാണെന്നു സൈദ്ധാന്തികമായി വിശദീകരിച്ചത് 1992ൽ ഫ്രാൻസിസ് ഫുക്കുയാമയുടെ ‘ദി എൻഡ് ഓഫ് ഹിസ്റ്ററി ആൻഡ് ദി ലാസ്റ്റ്മാൻ’ എന്ന പുസ്തകമായിരുന്നു.

ഇറാഖ് - കുവൈത്ത് ( 1991 ) , റുവാണ്ട (1994) ബോസ്നിയ ( 1995 ), കൊസോവോ ( 1999) തുടങ്ങിയ രാഷ്ട്രങ്ങളിൽ ‘അമേരിക്കൻ സൂപ്പർ പവർ’ ലോക പൊലീസായി ഇടപെട്ടത് ലോകം ഒരൊറ്റ യൂനിറ്റായതിന്റെ ബലത്തിലാണ്. എന്നാൽ, 2000 - 2010 കാലയളവിൽ അഫ്ഗാനിസ്താൻ (2001), ഇറാഖ് (2003) അധിനിവേശങ്ങളും 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയും ഈ സങ്കൽപത്തിന് തിരിച്ചടിയായി. അമേരിക്കൻ വിലക്ക് മറികടന്ന് വിവിധ സാമ്പത്തിക - സൈനിക ശക്തികൾ ഉയർന്നുവന്നു. ഉദാഹരണമായി, 2014 ൽ യുക്രെയ്നിൽനിന്നു ക്രിമിയ പിടിച്ചെടുത്ത റഷ്യ 2022ൽ യുക്രെയ്നെതിരെ വീണ്ടും അധിനിവേശം നടത്തി.

ഫ്രാൻസിസ് ഫുക്കുയാമ, ഇവാൻ അഗ്വേലി, കോഫീ അന്നൻ

റഷ്യൻ അതിർത്തിയിൽ നാറ്റോ അംഗരാജ്യങ്ങളുണ്ടായിട്ടും ആരും നേരിട്ടു പ്രതികരിച്ചില്ല. റഷ്യക്കെതിരെ ഉപരോധം പ്രഖ്യാപിച്ചെങ്കിലും ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങൾ അത് അംഗീകരിച്ചില്ല. 1990കളിൽ സദ്ദാം ഹുസൈനെ ഉപരോധിച്ച ലോകം വ്ലാദ്മിർ പുടിനെ ഒറ്റപ്പെടുത്തിയില്ല എന്നതാണ് പുതിയ മാറ്റം. മാത്രമല്ല, അടുത്ത സാമ്പത്തിക വർഷം (2023 -2024) യൂറോപ്യൻ പ്രബലരായ ജർമനിയെ മറികടക്കുന്ന സാമ്പത്തിക വികസന വേഗത റഷ്യ സ്വയം കൈവരിക്കുമെന്ന നിരീക്ഷണം ഇന്റർനാഷനൽ മോണിറ്ററി ഫണ്ട് (വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോർട്ട് 2023 ജനുവരി) തന്നെ നടത്തുന്നു. 2030 ആവുന്നതോടെ ഏഷ്യൻ രാജ്യമായ ചൈന അമേരിക്കയെ മറികടക്കുന്ന ഒന്നാം നമ്പർ സാമ്പത്തിക ശക്തിയായി മാറുമെന്നാണ് മറ്റൊരു പ്രവചനം.

ആഗോള രാഷ്ട്രീയത്തിലെ പുതിയ ശാക്തിക ചേരിതിരിവിന്റെ ഭാഗമായി യൂറോപ്യൻ - അമേരിക്കൻ ശക്തികളുടെ നേതൃത്വത്തിൽ പുതിയ ചുവടുമാറ്റങ്ങൾ നടക്കുമെന്ന അഭിപ്രായം ശക്തമാണ്. ആഗോള അധികാര പ്രതിസന്ധി യൂറോ അമേരിക്കൻ സമൂഹങ്ങളുടെ ആന്തരിക അവസ്ഥകളെയും ബാധിച്ചിരിക്കുന്നു. ലിബറൽ ജനാധിപത്യ രാഷ്ട്രീയത്തിന്റെ ശക്തിനിലനിർത്താനും ‘വെളുത്ത വംശീയ ദേശീയത’യുണ്ടാക്കുന്ന ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാനും ഉതകുന്ന സാമൂഹിക- രാഷ്ട്രീയ മാറ്റങ്ങൾക്ക് യൂറോ -അമേരിക്കൻ ദേശരാഷ്ട്രങ്ങൾ ഒരു പരിധി വരെ തയാറെടുക്കുന്നുവെന്ന സൂചനകൾ ശക്തമാണ്.

പുതിയ ബഹുധ്രുവ ലോകസാഹചര്യത്തിൽ ഇസ് ലാമോഫോബിയയെ ചെറുക്കുന്ന നിരവധി സമീപനങ്ങൾ ശക്തിപ്പെടുന്നുണ്ട്. ഏറ്റവും കൗതുകകരമായ വസ്തുത 1992ൽ ചരിത്രത്തിന്റെ അന്ത്യം പ്രവചിച്ച ഫുക്കുയാമ 2018ൽ ചരിത്രത്തിന്റെ അന്ത്യം കുറച്ചു കൂടി നീളുമെന്ന സമീപനത്തിലേക്ക് എത്തിപ്പെട്ടു (2018ൽ എഴുതിയ ‘ഐഡന്റിറ്റി: ദി ഡിമാൻഡ് ഫോർ ഡിഗ്നിറ്റി ആൻഡ് ദി പൊളിറ്റിക്സ് ഓഫ് റിസൻമെന്റ്’ എന്ന പുസ്തകം കാണുക). ഫുകുയാമ തന്നെ സ്വതഃസിദ്ധമായ പരിമിതികളോടെയാണെങ്കിലും ലിബറൽ ജനാധിപത്യ ശക്തികൾ ഇസ്‍ലാമോഫോബിയയുടെ പ്രശ്നങ്ങൾ അഭിമുഖീകരിക്കണം എന്ന അഭിപ്രായത്തിലെത്തി.

ഗവേഷണങ്ങളും പൊതുചർച്ചകളും

സമകാലിക ലോക മാധ്യമങ്ങളിലും പൊതുസംവാദങ്ങളിലും അന്താരാഷ്ട്ര നയരൂപവത്കരണ വേദികളിലും വിവിധ പൗരസമൂഹ കൂട്ടായ്മകളിലും ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന വാക്കാണ് ഇസ്‍ലാമോഫോബിയ. അർമിൻ മുഫ്തിച്ച് എന്ന ഗവേഷകൻ ശേഖരിച്ച ‘ഇസ്‍ലാമോഫോബിയ ഗ്രന്ഥസൂചിക’ പ്രകാരം പതിനായിരത്തിലധികം പിയർ-റിവ്യൂഡ് ഗവേഷണപ്രബന്ധങ്ങളും ഇരുനൂറിലേറെ അക്കാദമിക സ്വഭാവമുള്ള ഗവേഷണ പുസ്തകങ്ങളും അഞ്ഞൂറിലേറെ എഡിറ്റഡ് പുസ്തകങ്ങളിൽ ചിതറിക്കിടക്കുന്ന നിരവധി അധ്യായങ്ങളും ഈ വിഷയത്തിൽ ഇന്നുണ്ട്.

ഇസ്‍ലാമോഫോബിയയുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട് അര ഡസനോളം സ്കൂൾ ഓഫ് തോട്ടുകളും അക്കാദമിക മേഖലയിലുണ്ട്. ജോൺ എൽ എസ്പോസിറ്റോയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ജോർജ് ടൗൺ യൂനിവേഴ്സിറ്റിയുടെ ബ്രിഡ്ജ് ഇനീഷ്യേറ്റിവ്, ഹാതിം ബസിയാന്റെ കാർമികത്വത്തിൽ യൂനിവേഴ്സിറ്റി ഓഫ് കാലിഫോർണിയയുടെ ഇസ്‍ലാമോഫോബിയ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് പ്രോജക്ട്, ബർലിൻ ടെക്നിക്കൽ യൂനിവേഴ്സിറ്റിയുടെ സെന്റർ ഫോർ റിസർച് ഓൺ ആന്റി സെമിറ്റിസം തുടങ്ങിയ നിരവധി ഗവേഷണ സ്ഥാപനങ്ങൾ വിവിധ വീക്ഷണകോണുകളിലും വൈവിധ്യമാർന്ന ഊന്നലുകളിലും ഇസ്‍ലാമോഫോബിയയെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്നു. ലോകത്തെ പ്രധാനപ്പെട്ട ഇരുപതു സർവകലാശാലകൾ ചേർന്ന് 2017ൽ ‘ഇസ് ലാമോഫോബിയ സ്റ്റഡീസ് കൺസോർട്യം’ രൂപവത്കരിച്ചു.

ഓക്സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടു പ്രകാരം ഇംഗ്ലീഷിൽ ഇസ്‍ലാമോഫോബിയ എന്ന പദം ആദ്യമായി രേഖപ്പെടുത്തിയത് 1923ൽ ‘ദി ജേണൽ ഓഫ് തിയോളജിക്കൽ സ്റ്റഡീസ്’ എന്ന ഗവേഷണ പ്രസിദ്ധീകരണത്തിലാണ്. എന്നാൽ, ഇപ്പോൾ ലഭ്യമായ വിവരമനുസരിച്ച് ഇവാൻ അഗ്വേലി അഥവാ അബ്ദുൽ ഹാദി അൽ അഖീലി എന്ന സ്വീഡിഷ് പെയിന്ററാണ് ഈ വാക്കിന്റെ ഉപജ്ഞാതാവ്. അക്കാലത്തെ യൂറോപ്യൻ ബുദ്ധിജീവികളുടെ മുസ് ലിംവിരുദ്ധതയും ഇസ് ലാമിനെതിരേയുള്ള സാമ്രാജ്യത്വഇടപെടലുകളെയും വിശേഷിപ്പിക്കാനാണ് 1904ൽ അദ്ദേഹം ആ വാക്ക് പ്രയോഗിക്കുന്നത്.

‘എനിമീസ് ഓഫ് ഇസ് ലാം’ എന്ന തലക്കെട്ടിൽ ഒരു ഇറ്റാലിയൻ ജേണലിൽ എഴുതിയ ലേഖനത്തിലാണ് ഇസ് ലാമോഫോബിയ എന്ന വാക്കിന്റെ സാധ്യത ആദ്യമായി അദ്ദേഹം വിസ്തരിക്കുന്നതെന്നു മാർക് സെഡ്വിക് 2021ൽ എഴുതിയ ഇവാൻ അഗ്വേലിയുടെ ജീവചരിത്രത്തിൽ (അനാർകിസ്റ്റ്, ആർട്ടിസ്റ്റ്, സൂഫി: ദി പൊളിറ്റിക്സ്, പെയിൻറിങ്, ഇസോറ്ററിസം ഓഫ് ഇവാൻ അഗ്വേലി ) പറയുന്നു. ഒരു നൂറ്റാണ്ട് മുമ്പ് ഏകാകിയായ ഒരു ദുർബല മനുഷ്യന്റെ സ്വകാര്യ അന്വേഷണങ്ങളുടെ ഭാഗമായി വികസിച്ച ഒരു വാക്കായിരുന്നു ഇസ് ലാമോഫോബിയ. എന്നാൽ, അത് ഇന്ന് ലോക രാഷ്ട്രങ്ങളുടെ തന്നെ സാമൂഹിക - രാഷ്ട്രീയ നയങ്ങളെ നിർണയിക്കുന്നുവെന്ന സത്യം ഇസ്‍ലാമോഫോബിയക്കെതിരായ പോരാട്ടത്തിന് വെളിച്ചമേറ്റുന്നു.

(ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ് ബർഗ് സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ റിസർച് ഫെലോയും ബ്രിട്ടനിലെ വാർവിക് സർവകലാശാലയിൽ അധ്യാപകനുമാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Islamophobia
News Summary - When the world recognizes Islamophobia
Next Story