കർപൂരി ഠാകുറിനെ അവർ സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ
text_fieldsസംവരണം നടപ്പാക്കിയ കർപൂരി ഠാകുറിനും മണ്ഡൽ റിപ്പോർട്ട് നടപ്പാക്കിയ വി.പി. സിങ്ങിനുമെതിരെ സംഘ്പരിവാർ ഉയർത്തിയ എതിർപ്പുകൾക്ക് സമാനതകളുണ്ട്. മണ്ഡലിനെ പ്രതിരോധിക്കാൻ രഥയാത്ര ആരംഭിച്ച അദ്വാനിയെ ലാലു പ്രസാദ് യാദവ് അറസ്റ്റ് ചെയ്തു. അത് പിന്നീട് ഹിന്ദി ഹൃദയഭൂമിയിൽ ‘മണ്ഡലും കമണ്ഡലും’ തമ്മിലെ പോരാട്ടമായി മാറി
അധഃസ്ഥിത-പാർശ്വവത്കൃത സമൂഹങ്ങൾക്ക് സർക്കാർ ജോലികളിൽ 26 ശതമാനം സംവരണം നടപ്പാക്കാൻ 1978ൽ ബിഹാർ മുഖ്യമന്ത്രിയായിരിക്കെ കർപൂരി ഠാകുർ കൈക്കൊണ്ട തീരുമാനം സമാനതകളില്ലാത്ത ഒരു തുടക്കമായിരുന്നു. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിലെ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത ഈ സ്വാതന്ത്ര്യസമര സേനാനി രണ്ടുതവണ ബിഹാറിന്റെ മുഖ്യമന്ത്രിയായി (ഡിസംബർ 1970 മുതൽ ജൂൺ 1971 വരെയും ഡിസംബർ 1977 മുതൽ ഏപ്രിൽ 1979 വരെയും).
ഹജ്ജാം (ക്ഷുരക) സമുദായത്തിൽനിന്ന് ഉയർന്നുവന്ന അദ്ദേഹം ഉയർന്ന പിന്നാക്ക ജാതിക്കാർക്കും താഴ്ന്ന പിന്നാക്ക ജാതിക്കാർക്കും ഇടയിൽ ഒരു പാളിയുണ്ടെന്ന് കണ്ടെത്തി. കൂടുതൽ ദുർബലരായ വിഭാഗങ്ങൾക്ക് 12 ശതമാനവും പിന്നാക്ക വിഭാഗങ്ങളിലെ താരതമ്യേന മെച്ചപ്പെട്ട വിഭാഗങ്ങൾക്ക് എട്ട് ശതമാനവും സംവരണം നൽകാൻ ഉത്തരവിട്ടു. ഉത്തരേന്ത്യയിലെ സാമൂഹികനീതി പ്രസ്ഥാനത്തിന്റെ മുൻനിരക്കാരനായി അദ്ദേഹം ഉയർന്നുവരുകയും ചെയ്തു.
ജനതാ പാർട്ടിയിലെ ജനസംഘ (ഇപ്പോൾ ഭാരതീയ ജനതാ പാർട്ടി) വിഭാഗത്തിന്റെ പിന്തുണയോടെയാണ് ഠാകുർ മന്ത്രിസഭ പ്രവർത്തിച്ചിരുന്നത്. ബിഹാറിലെ ജനസംഘം സ്ഥാപകൻ കൈലാശ്പതി മിശ്ര ആ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നു. സംവരണ തീരുമാനം വന്നതോടെ ഈ വിഭാഗത്തിലെ എം.എൽ.എമാർ ഠാകുറിനെ അധിക്ഷേപിച്ച് തെരുവിലിറങ്ങിയിരുന്നതായി മുതിർന്ന സോഷ്യലിസ്റ്റ് നേതാവും രാഷ്ട്രീയ ജനതാദൾ ദേശീയ വൈസ് പ്രസിഡന്റുമായ ശിവാനന്ദ് തിവാരി ഓർമിക്കുന്നു.
‘‘യേ റിസർവേഷൻ കഹാം സേ ആയ്, കർപ്പൂരി കെ മൈ ബിയായീ’’(ഈ സംവരണം എവിടന്ന് വന്നു? കർപൂരിയുടെ അമ്മ പെറ്റു)-ഭൂരിഭാഗവും ‘മേൽജാതിക്കാരായ’രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്) അണികൾ അന്ന് ഉറക്കെ വിളിച്ചു.
സംഘ്പരിവാർ അണികൾ അക്രമാസക്തരാവുകയും പലയിടത്തും പിന്നാക്ക ജാതിക്കാർക്കെതിരെ ആളുകളെ ഇളക്കിവിടുകയും അത് രക്തരൂഷിത ഏറ്റുമുട്ടലിലേക്ക് നയിക്കുകയും ചെയ്തു. ഈ സംവരണം നടപ്പാക്കിയതിനു പിന്നാലെ 1979ൽ ഠാകുർ സർക്കാർ വീണു. എന്നാൽ സംവരണം നടപ്പാക്കുകവഴി ഉത്തരേന്ത്യയിൽ രാഷ്ട്രീയത്തെ സ്വാധീനിക്കാനുതകുന്ന സാമൂഹികനീതി പ്രസ്ഥാനത്തിന് മാതൃക സൃഷ്ടിക്കാൻ ഠാകുറിന് സാധിച്ചു.
1978ൽ സംവരണം നടപ്പാക്കിയ കർപൂരി ഠാകുറിനും 1990ൽ മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കിയ വി.പി. സിങ്ങിനുമെതിരെ സംഘ്പരിവാർ ഉയർത്തിയ എതിർപ്പുകൾക്ക് കാര്യമായ സമാനതകളുണ്ട്. മണ്ഡൽ കമീഷൻ റിപ്പോർട്ടിനെ പ്രതിരോധിക്കാൻ രഥയാത്ര ആരംഭിച്ച അന്നത്തെ ബി.ജെ.പി അധ്യക്ഷൻ എൽ.കെ. അദ്വാനിയെ അന്ന് ബിഹാർ മുഖ്യമന്ത്രിയായിരുന്ന ഠാകുർ അനുയായി ലാലു പ്രസാദ് യാദവ് അറസ്റ്റ് ചെയ്തു. അത് പിന്നീട് ഹിന്ദി ഹൃദയഭൂമിയിൽ ‘മണ്ഡലും കമണ്ഡലും’തമ്മിലെ പോരാട്ടമായി മാറി.
ഭാരത്രത്നയും രാമക്ഷേത്രവും
വാസ്തവം പറഞ്ഞാൽ, 1990ൽ അദ്വാനി രഥയാത്ര ആരംഭിച്ചതിന്റെയും ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠക്ക് നേതൃത്വം നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കർപൂരി ഠാകുറിന് ഭാരത്രത്ന നൽകിയതിന്റെയും ഉദ്ദേശ്യം ഒന്നുതന്നെയാണ്.
മണ്ഡൽ കമീഷൻ റിപ്പോർട്ടിന്റെ മുൻനിര പ്രയോക്താക്കളും അന്നത്തെ ഹിന്ദുത്വവിരുദ്ധ രാഷ്ട്രീയത്തിന്റെ മുന്നണിപ്പോരാളികളുമായിരുന്ന ബിഹാറിലെ ലാലു പ്രസാദ് യാദവിനും ഉത്തർപ്രദേശിലെ മുലായം സിങ് യാദവിനും അനുകൂലമായി അണിനിരന്ന പിന്നാക്ക വിഭാഗങ്ങളിലേക്ക് കടന്നുകയറുകയാണ് അദ്വാനി തന്റെ രഥയാത്രകൊണ്ട് ലക്ഷ്യമിട്ടിരുന്നത്.
രാമന്റെ പേരിൽ പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണ നേടുകയും മുസ്ലിംകൾക്കെതിരായ വിശാല ഹിന്ദു സ്വത്വത്തിന് കീഴിൽ അവരെ സംഘടിപ്പിക്കുകയുമായിരുന്നു ഉദ്ദേശ്യം. അദ്വാനിയുടെ പരീക്ഷണങ്ങൾ ഒരു പരിധിവരെ വിജയം കണ്ടു. നിരവധി ഒ.ബി.സി നേതാക്കളെ ഹിന്ദുത്വയിലേക്ക് കൊണ്ടുവന്ന സാമൂഹിക എൻജിനീയറിങ് വർഷങ്ങളായി ബി.ജെ.പി പിന്തുടരുന്നു.
ഈ നീക്കം ഹിന്ദി ഹൃദയഭൂമിയിലെ നിരവധി പിന്നാക്ക, പാർശ്വവൽകൃത ജാതി വിഭാഗങ്ങളുടെ പിന്തുണ സ്വന്തമാക്കാൻ ബി.ജെ.പിയെ തുണച്ചു. അയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠനടന്നതിനു പിന്നാലെയാണ് കർപൂരി ഠാകുറിന് മരണാനന്തര ബഹുമതിയായി ഭാരത്രത്ന നൽകി ആദരിക്കുമെന്ന രാഷ്ട്രപതിയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.
ഉത്തരേന്ത്യയിലെ സാമൂഹികനീതി പ്രസ്ഥാനത്തിന്റെ ശരിയായ തുടക്കക്കാരൻ എന്ന് കരുതപ്പെടുന്നയാളാണ് റാം മനോഹർ ലോഹ്യ. 1953ലെ കാക്കാ കലേൽക്കർ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ആവശ്യപ്പെട്ടത് അദ്ദേഹമാണ്. ഭരണനിർവഹണ സംവിധാനങ്ങളിൽ 60 ശതമാനം പിന്നാക്ക വിഭാഗങ്ങൾക്ക് ഉറപ്പാക്കാൻ ദൃഢനിശ്ചയം ചെയ്തതായി 1960കളിൽ ലോഹ്യ നേതൃത്വം നൽകിയ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി (എസ്.എസ്.പി) പ്രഖ്യാപിച്ചു.
ലോഹ്യയുടെ രാഷ്ട്രീയ പൈതൃകത്തിന്റെ വിളക്കേന്തി നടന്ന ഠാകുറാണ് ലാലു പ്രസാദ് യാദവിന്റെയും നിതീഷ് കുമാറിന്റെയും രാഷ്ട്രീയ ദർശനങ്ങളെ രൂപപ്പെടുത്തിയത്. പലതവണ വേർപെട്ടുപോയ ലാലുവും നിതീഷും എല്ലാക്കാലത്തും സാമൂഹിക നീതിക്ക് പ്രഥമസ്ഥാനം നൽകി.
ലാലുവിന്റെ പിന്തുണയോടെ നിതീഷ് കുമാർ നേതൃത്വം നൽകുന്ന ബിഹാർ സർക്കാർ നടത്തിയ ജാതി സർവേ 36.01 ശതമാനം അതീവ പിന്നാക്ക വിഭാഗങ്ങളും (ഇ.ബി.സി) 27.12 ശതമാനം മറ്റു പിന്നാക്ക വിഭാഗങ്ങളും (ഒ.ബി.സി) ഉൾക്കൊള്ളുന്നതാണ് സംസ്ഥാന ജനസംഖ്യ എന്ന വസ്തുത പുറത്തു കൊണ്ടുവന്നു. ബിഹാർ സർക്കാർ ഈ വിഭാഗങ്ങളുടെ ജനസംഖ്യാനുപാതത്തിന് അനുസൃതമായി 65 ശതമാനം വരെ സംവരണം ഉയർത്തി.
ജാതി സെൻസസ് നടപ്പാക്കണമെന്ന ഇൻഡ്യ സഖ്യത്തിന്റെ ആവശ്യത്തെ തുടർച്ചയായി എതിർക്കുന്ന മോദി ഠാകുറിന് പരമോന്നത സിവിലിയൻ അവാർഡ് നൽകുകവഴി ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ ആഖ്യാനത്തെ പൊളിച്ചുകളയാമെന്ന് കണക്കുകൂട്ടുന്നു.
പൊതു തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ രാമന്റെ പേരിൽ ഉന്മാദത്തിന് ഇന്ധനം പകരുന്നതിനൊപ്പം സാമൂഹികനീതി പ്രസ്ഥാനത്തിന്റെ പൈതൃകം ഏറ്റെടുക്കാനും അക്ഷീണ യത്നം നടത്തുന്നുണ്ട് ബി.ജെ.പി. ഠാകുറിന്റെ ജന്മശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ജനുവരി 24ന് നിതീഷ് കുമാറിന്റെ ജനതാദൾ (യുനൈറ്റഡ്) - ഒരു വമ്പൻ പരിപാടി സംഘടിപ്പിച്ചിരുന്നു. ഠാകുറിന്റെ ചിന്തകളോടും നിലപാടിനോടും നാളിതുവരെ ശത്രുത മാത്രം പുലർത്തിവന്ന ബി.ജെ.പിയും ഇന്നലെ പട്നയിൽ ഒരു ചടങ്ങ് സംഘടിപ്പിച്ചു.
കർപൂരി ഠാകുറിന് പുരസ്കാരം നൽകുകവഴി പിന്നാക്ക വിഭാഗത്തിന്റെ പിന്തുണയിലേക്ക് കടന്നുകയറുന്നതിന് മോദി വിജയിക്കുമോ? വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ഫലം ഇതിനുള്ള ഉത്തരം നൽകിയേക്കാം.
(മുതിർന്ന മാധ്യമപ്രവർത്തകനും ജേണലിസം അധ്യാപകനുമായ ലേഖകൻ ബിഹാർ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിവിധ പുസ്തകങ്ങളുടെ രചയിതാവാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.