വ്യാപാരികൾ ഒന്നിച്ചാൽ കുത്തകകൾ മുട്ടുമടക്കും
text_fieldsനിലവിലെ ലോക്ഡൗണിെൻറ ആദ്യ രണ്ടാഴ്ചയിൽ ഇ-കൊമേഴ്സ് കുത്തകകൾ കേരളത്തിൽ വിറ്റത് 186 കോടി രൂപയുടെ ഉൽപന്നങ്ങൾ. ഇതിെൻറ മുഴുവൻ ബില്ലും അടിച്ചത് അന്യസംസ്ഥാനങ്ങളിലായതിനാൽ പ്രളയ സെസ് ഇനത്തിൽമാത്രം സംസ്ഥാനത്തിന് നഷ്ടം 1.86 കോടി രൂപയാണ്. സംസ്ഥാനത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുേമ്പാഴാണ് രണ്ടാഴ്ചകൊണ്ട് ഭീമമായ തുക ഫ്ലിപ്കാർട്ടും ആമസോണും ഒക്കെ കൈക്കലാക്കുന്നത്.
എങ്ങനെ ഈ ഭീഷണി നേരിടാമെന്ന കേരളത്തിലെ ചെറുകിട വ്യാപാര മേഖലയിലെ സംഘടനകൾ തലപുകഞ്ഞ് ആലോചിക്കുന്നു. ഇ-കൊമേഴ്സ് കുത്തകകളുടെ ഭീഷണിയെ ഒരു പരിധി വരെ ഫലപ്രദമായി ചെറുത്ത അനുഭവം സംസ്ഥാനത്തെ ഐ.ടി ഉപകരണങ്ങളുടെ ഡീലർമാരുടെ സംഘടനയായ കേരള ഐ.ടി ഡീലേഴ്സ് അസോസിയേഷൻ വിവരിച്ചുനൽകും.
'ചെറുകിട ഡീലർമാർക്ക് ഒരിക്കലും നൽകാനാകാത്ത വൻ ഡിസ്കൗണ്ട് നൽകിയാണ് ഇ-കൊമേഴ്സ് കുത്തകകൾ കേരളത്തിൽ അടക്കം വിപണി പിടിച്ചെടുക്കുന്നത്. രണ്ടുവർഷം മുമ്പ് ഐ.ടി ഡീലർമാരുടെ അഖിലേന്ത്യ സംഘടനയായ ഫയിറ്റ (എഫ്.എ.ഐ.ടി.ടി.എ) വഴി ഇലക്ട്രോണിക്സ് ഉൽപന്ന നിർമാതാക്കളായ ബഹുരാഷ്ട്ര കമ്പനികളുമായി ബന്ധപ്പെട്ട് ഇ-കൊമേഴ്സ് കുത്തകകൾക്ക് നൽകുന്ന വൻ ഡിസ്കൗണ്ട് നിരക്കിനെതിരെ കത്ത് നൽകിയിരുന്നു. 'വൺ ഇന്ത്യ വൺ പ്രൈസ്' എന്ന നിലപാടാണ് അന്ന് ഞങ്ങൾ മുന്നോട്ടുവെച്ചത്. തുടർന്ന് ബഹുരാഷ്ട്ര കമ്പനികളുടെ ഉൽപന്നങ്ങൾ ബഹിഷ്കരിക്കും എന്ന് വന്നപ്പോഴാണ് അവർ ആവശ്യങ്ങൾ അംഗീകരിച്ചത്' -ഓൾ കേരള ഐ.ടി ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹി തോഷി മാത്യു പറയുന്നു.
ഡീലർമാരുടെ സ്വന്തം ഇ-കൊമേഴ്സ് സൈറ്റ്
ഓൾ കേരള ഐ.ടി ഡീലേഴ്സ് അസോസിയേഷന് കീഴിലെ 3000 സ്ഥാപനങ്ങളെ അംഗങ്ങളാക്കി ഓൾ കേരള ഐ.ടി ഡീലേഴ്സ് കോഓപറേറ്റീവ് സൊസൈറ്റി രൂപവത്കരിച്ചിട്ടുണ്ട്. 13 ജില്ലകളിലും പ്രവർത്തനാനുമതിയുള്ള സൊസൈറ്റിയാണ് ഇത്. ഇതിന് കീഴിൽ സ്വന്തമായി ഇ-കൊമേഴ്സ് വെബ്സൈറ്റും ഉടൻ നിലവിൽ വരും. സഹകരണ വകുപ്പ് അസിസ്റ്റൻറ് രജിസ്ട്രാർക്ക് വെബ്സൈറ്റിലൂടെ വിപണന അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ട്.
സംസ്ഥാന സർക്കാറിെൻറ അനുഭാവപൂർവമായ ഇടപെടൽ ഉണ്ടായാൽ ഇത് ഉടൻ യാഥാർഥ്യമാകും. സഹകരണ സൊസൈറ്റിയായതിനാൽ ഇ-കൊമേഴ്സ് രംഗത്ത് ഇടപെടുന്നതിന് കടമ്പകൾ ഉണ്ട്. നിയമസഭ തെരഞ്ഞെടുപ്പും രണ്ടാം ലോക്ഡൗണും ഒക്കെ തുടർ നടപടികളുടെ വേഗം കുറച്ചെങ്കിലും അടുത്ത ദിവസങ്ങളിൽതന്നെ രാജ്യത്തെ ആദ്യത്തെ ചെറുകിട ഡീലർമാരുടെ ഇ-കൊമേഴ്സ് രംഗത്തേക്കുള്ള ചുവടുവെപ്പ് യാഥാർഥ്യമാകുമെന്ന് സൊസൈറ്റി ഹോണററി സെക്രട്ടറി കൂടിയായ തോഷി മാത്യു വ്യക്തമാക്കി.
സ്വന്തം വെബ്സൈറ്റിലൂടെ വിപണനവുമായി കൂടുതൽ സ്ഥാപനങ്ങൾ
ഇക്കഴിഞ്ഞ മേയ് 14ന് അക്ഷയ തൃതീയ നാളിൽ സ്വർണ വ്യാപാരം നടന്നത് അതത് ജ്വല്ലറി ഗ്രൂപ്പുകളുടെ വെബ്സൈറ്റുകൾ വഴിയാണ്. ഫോൺ, സമൂഹമാധ്യമങ്ങൾ വഴി സ്വർണം ബുക് ചെയ്തായിരുന്നു വാങ്ങിയത്. ഇക്കുറി 15 മുതൽ 20 ശതമാനം വരെ വ്യാപാരം നടന്നതായാണ് റിപ്പോർട്ടുകളെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ്. അബ്ദുൽ നാസർ വിവരിച്ചു. വിവിധ കമ്മോഡിറ്റി എക്സ്ചേഞ്ചുകൾ വഴിയും സ്വർണ വ്യാപാരം ലോക്ഡൗൺ നാളുകളിൽ നടന്നു.
2019ൽ പത്തുലക്ഷം ഉപഭോക്താക്കളാണ് അക്ഷയ തൃതീയ ദിനത്തിൽ കേരളത്തിലെ 12,000 സ്വർണ വ്യാപാരശാലകളിലേക്ക് ഒഴുകിയെന്നതാണ് കണക്ക്. കോവിഡ് ആദ്യ ലോക്ഡൗണിൽ അടഞ്ഞുകിടന്ന 2020ലെ ആ ദിനത്തിൽ വ്യാപാരം ഓൺലൈനിലായി. 10 ശതമാനമായിരുന്നു വ്യപാരം നടന്നത്. സ്മാർട്ട് ഫോൺ, ഇലക്ട്രോണിക്സ് സ്ഥാപന ശൃംഖലകളും ഈവിധം ഓൺലൈൻ വ്യാപാരത്തിലേക്ക് കൂടുതൽ ശ്രദ്ധിക്കുന്നു. അപ്പോഴും സൈപ്ല ചെയിൻ കുറ്റമറ്റതാക്കുകയാണ് സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളി.
സ്വർണാഭരണ മേഖലയിൽ അന്തർദേശീയ ഓൺലൈൻ കോർപറേറ്റുകളുടെ കടന്നുകയറ്റങ്ങൾക്ക് തടയിടാൻ ഓൺലൈൻ സ്വർണാഭരണ വ്യാപാരം വ്യാപകമാക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ സ്വർണ വ്യാപാരികളുടെ സംഘടന. ഓരോ ജില്ലയിലും പരമാവധി ചെറുകിട, ഇടത്തരം വ്യാപരികളെ ഉൾപ്പെടുത്തി 14 ഓൺലൈൻ പ്ലാറ്റ്ഫോം രൂപവത്കരിക്കുന്നതിന് കൺസൾട്ടൻസിയുമായി ചർച്ചകൾ നടക്കുകയാണ്.
ബിഗ് സെയിൽ പച്ചയായ നിയമലംഘനം
'ക്രോസ് സബ്സിഡി' എന്നതാണ് ഫ്ലിപ്കാർട്ടും ആമസോണും അടക്കം രാജ്യത്തെ ചെറുകിട വ്യാപാര മേഖലയെ തകർക്കാൻ ചെയ്തുവന്ന വിപണന തന്ത്രം. 'ബിഗ് ഡേ സെല്ലിങ്' പ്രഖ്യാപിച്ചാണ് ഇത് പയറ്റുന്നത്. ഇ-കൊമേഴ്സ് സൈറ്റുകൾക്ക് ഡീലർമാർ സാധനങ്ങൾ നൽകുന്ന മാർജിനിലും കൂടിയ ഡിസ്കൗണ്ട് ആ ദിവസത്തിൽ പ്രഖ്യാപിച്ചാണ് വിൽപന. അന്ന് പരമാവധി പേരെ സൈറ്റിൽ സന്ദർശകരാക്കി വിൽപന നടത്തുകയാണ് ലക്ഷ്യം. ഇത് ഫെമ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻറ് ആക്ട്) ലംഘനമാണെന്ന് ചെറുകിട വ്യാപാര സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
ഐ.ടി ഡീലർമാരുടെ അഖിലേന്ത്യ സംഘടനയായ ഫയിറ്റ വഴി ഇലക്ട്രോണിക് ഉൽപന്ന നിർമാതാക്കളെ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഇ-കൊമേഴ്സ് കുത്തകകളുടെ ക്രോസ് സബ്സിഡി കുറക്കാൻ അവർ നിർബന്ധിതരായി. ഇപ്പോൾ വർഷത്തിൽ മൂന്നോ നാലോ തവണ മാത്രമായി 'ബിഗ് സെയിൽ' കുറഞ്ഞു. മുമ്പ് ഓരോ മാസവുമായിരുന്നു ഇത്തരം ബിഗ് സെല്ലിങ്. ഇപ്പോൾ ക്രോസ് സബ്സിഡിക്ക് പകരം 'മെറ്റീരിയൽ ക്ലബിങ്ങായി' ഇ-കൊമേഴ്സ് കുത്തകകളുടെ വ്യാപാര തന്ത്രം മാറി. ഒരു ഉപകരണം ഓർഡർ ചെയ്യുേമ്പാൾ കൂടെ എന്തെങ്കിലും സൗജന്യമായി നൽകുന്നതാണിത്.
ഇ-കൊമേഴ്സ് കുത്തക സൈറ്റുകളിൽ വില കുറക്കുേമ്പാൾ ഉൽപന്നത്തിെൻറ യഥാർഥ വിലയല്ല കുറയുന്നത്. പക്ഷേ, ചെറുകിട വ്യാപാരികൾ നൽകാൻ കഴിയാത്ത ഡിസ്കൗണ്ട് നൽകി ചെറുകിട വ്യാപാര രംഗം തകർക്കുകയും ഭാവിയിൽ വിപണി കൈയടക്കുകയുമാണ് കുത്തകകളുടെ ലക്ഷ്യം. ഭാവിയിലെ വൻ ലാഭം മുന്നിൽകണ്ട് ചെലവഴിക്കാവുന്ന ഭീമമായ ഫണ്ടാണ് ഇ-കൊമേഴ്സ് കുത്തകകളുടെ കൈവശമുള്ളത്. സാധാരണ ഡീലർക്ക് അതിനൊപ്പം മത്സരിക്കാനാകില്ല. പക്ഷേ, പ്രാദേശികമായും സംഘടനപരമായും ഒന്നിച്ചാൽ ഭാവിയിൽ ഇ-കൊമേഴ്സ് കുത്തകകളുടെ കൈയിൽ ചെറുകിട വ്യാപാരരംഗം ഞെരിഞ്ഞമരുന്ന സ്ഥിതി തടയാൻ കഴിയും. അതുവഴി ഉപഭോക്താവിന് മത്സരക്ഷമമായ വിപണിയിൽനിന്ന് മികച്ച സേവനവും ഉറപ്പാക്കാം.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.