എവിടെ എഴുപതു കോടി ‘ചെലവിട്ട’ ആദിവാസി വീടുകൾ?
text_fieldsഎല്ലാ തദ്ദേശീയ ജനങ്ങള്ക്കും ഭൂമിയും പാർപ്പിടവും വിദ്യാഭ്യാസവും തൊഴിലും ആരോഗ്യ സംരക്ഷണവും ഒരുക്കുകയാണ് ഈ സർക്കാറിന്റെ ലക്ഷ്യമെന്ന് ലോക ആദിവാസി ദിനത്തിലെഴുതിയ കുറിപ്പിൽ സംസ്ഥാന പട്ടികജാതി-വർഗ പിന്നാക്ക ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ പ്രസ്താവിച്ചിരുന്നു. എന്നാൽ, ആദിവാസി സമൂഹത്തിന് ഭൂമിയും താമസിക്കാൻ കൊള്ളാവുന്ന വീടും പോഷകാഹാരവും ഒരുക്കുന്നതിൽ സർക്കാറുകൾ വൻവീഴ്ചയാണ് വരുത്തിയതെന്ന് എ.ജിയുടെ അന്വേഷണ റിപ്പോർട്ടുകൾ വിശദമാക്കുന്നു
സംസ്ഥാനത്ത് വീടില്ലാത്ത ആദിവാസികൾക്ക് 500 വീടുകൾ നിർമിക്കാൻ 2013 ഡിസംബർ 12ന് ഹഡ്കോയിൽ നിന്ന് 135 കോടി രൂപ വായ്പയെടുക്കാൻ ഉത്തരവാവുകയും 2014 ഒക്ടോബർ 30ന് ഹഡ്കോയും പട്ടികവർഗ ഡയറക്ടറും തമ്മിൽ കരാർ ഒപ്പുവെക്കുകയും ചെയ്തിരുന്നു.
ഷെഡ്യൂൾ പ്രകാരം, ഏഴു തവണയായാണ് തുക നൽകുന്നത്. വായ്പ ആദ്യ ഗഡുവായി 2015 മാർച്ച് 31ന് അവസാന ഗഡു 2016 ഡിസംബർ 31നും നൽകുമെന്നായിരുന്നു വ്യവസ്ഥ. ഈ ഷെഡ്യൂൾ പ്രകാരം, പ്രിൻസിപ്പലിന്റെ തിരിച്ചടവ് ആരംഭിച്ച തീയതി 2017 ഫെബ്രുവരി 28 ആയിരുന്നു, ഷെഡ്യൂൾ പ്രകാരം ആദ്യ ഗഡു റിലീസ് ചെയ്തെങ്കിലും, മന്ദഗതിയിലുള്ള പുരോഗതി കാരണം, തുടർന്നുള്ള റിലീസുകൾ വൈകുകയും യഥാർഥ ഷെഡ്യൂൾ പ്രകാരം ഏഴു ഗഡുക്കളിൽ മൂന്ന് ഗഡുക്കളായി റിലീസ് ചെയ്യുകയും ചെയ്തു. 170 ദിവസം വൈകിയ പേമെന്റിന് കൂട്ടുപലിശയായും പിഴപ്പലിശയായും എസ്.ടി.ഡി.ഡി 12.76 ലക്ഷം തുക ഹഡ്കോക്ക് അടച്ചു.
രേഖകൾ പരിശോധിച്ചപ്പോൾ, എട്ടു വർഷത്തിലേറെയായി 5000 വീടുകൾ നിർമിക്കാൻ ലക്ഷ്യമിട്ടതിൽ 1387 വീടുകൾ മാത്രമേ പൂർത്തിയാക്കാനായുള്ളൂ. പദ്ധതിക്കായി 70.03 കോടിയാണ് ചെലവഴിച്ചത്. ഭവന പദ്ധതി നടപ്പാക്കുന്നതിലെ അനാവശ്യ കാലതാമസം ഇപ്പോഴും തുടരുന്നു.
എന്നു നൽകും പോഷകാഹാരം?
അട്ടപ്പാടിയിൽ ശിശുമരണങ്ങൾ തുടർക്കഥയായപ്പോഴാണ് ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനായി മുൻമന്ത്രി പി.കെ. ജയലക്ഷ്മി 2013 ജൂൺ 18ന് ജനനി ജന്മരക്ഷ എന്ന പേരിൽ പദ്ധതി തുടങ്ങിയത്. പട്ടികവർഗ സ്ത്രീകൾക്ക് വരുമാനം നോക്കാതെ ഗർഭാവസ്ഥയുടെ മൂന്നാം മാസം മുതൽ പ്രസവം കഴിഞ്ഞ് മൂന്നു മാസം വരെ പ്രതിമാസം 1000 രൂപ ധനസഹായം നൽകാൻ പദ്ധതി വിഭാവനം ചെയ്തു. 2018 ജൂലൈ 23ന് ഈ തുക പ്രതിമാസം 2000 ആക്കി ഉയർത്തി. ഉത്തരവ് തീയതി മുതൽ ഇത് പ്രാബല്യത്തിലായി. ഗുണഭോക്താക്കൾക്കുള്ള സാമ്പത്തിക സഹായം എല്ലാ മാസവും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി നൽകും. ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ഡയറക്ടർ കർശന നടപടിയെടുക്കുമെന്ന് വ്യവസ്ഥ ചെയ്തു.
സംസ്ഥാനത്തെ 53 ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർമാരുടെ കീഴിലുള്ള ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സഹായം കൈമാറുന്നതിന്റെ വിശദാംശങ്ങൾ ഓരോ മൂന്നു മാസത്തിലും ഡയറക്ടർ സർക്കാറിന് നൽകണമെന്നായിരുന്നു വ്യവസ്ഥ. 2021-22ൽ പദ്ധതിയുടെ ബജറ്റ് വിഹിതമായി 16.50 കോടി വകയിരുത്തി. ഗുണഭോക്താക്കൾക്ക് ധനസഹായം നൽകുന്നതിന്, സംസ്ഥാനത്തുടനീളമുള്ള 18 ട്രൈബൽ ഡെവലപ്മെന്റ് ഓഫിസുകളിലായി 26.50 കോടി (16.50+10 കോടി അധിക അംഗീകാരമായി) വിതരണം ചെയ്യുകയും ഗുണഭോക്താക്കൾക്ക് നൽകുകയും ചെയ്തു. രേഖകളുടെ സൂക്ഷ്മപരിശോധനയിൽ വ്യവസ്ഥകൾ പലതും പാലിച്ചിട്ടില്ല.
സംസ്ഥാനതല ഉദ്യോഗസ്ഥനെയും പദ്ധതിയുടെ നിരീക്ഷണ ചുമതല ഏൽപിച്ചിട്ടില്ല. മോണിറ്ററിങ് റിപ്പോർട്ട്, പുരോഗതി റിപ്പോർട്ട്, വിനിയോഗ സർട്ടിഫിക്കറ്റ്, കൈമാറ്റത്തിന്റെ വിശദാംശങ്ങൾ ഗുണഭോക്താക്കൾക്കുള്ള സഹായം എന്നിവ ഡയറക്ടർ സർക്കാറിന് നൽകിയതായി രേഖയില്ല.
ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കുള്ള പേമെന്റ് ഓരോ മാസവും അവരുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നതിനുപകരം കുടിശ്ശിക വരുത്തി. ഗുണഭോക്താക്കൾ പോഷകാഹാരം ലഭിക്കുക എന്ന പ്രധാന ലക്ഷ്യത്തെ പരാജയപ്പെടുത്തുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതു വ്യവസ്ഥകൾക്ക് എതിരായിരുന്നു. കുട്ടിയുടെ ജനനത്തിനു മുമ്പും ശേഷവും പോഷകാഹാരം നൽകാനാണ് തുക അനുവദിച്ചത്. അത് പാലിക്കുന്നതിൽ പട്ടികവർഗ വകുപ്പ് പരാജയപ്പെട്ടു. ഗർഭകാലത്ത് ലഭിക്കേണ്ട പോഷകാഹാരം വർഷങ്ങൾക്കുശേഷം ലഭിച്ചിട്ട് എന്ത് കാര്യം?
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.