Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightജനാധിപത്യ വ്യവസ്ഥയിൽ...

ജനാധിപത്യ വ്യവസ്ഥയിൽ ന്യൂനപക്ഷങ്ങൾ എവിടെ?

text_fields
bookmark_border
ജനാധിപത്യ വ്യവസ്ഥയിൽ ന്യൂനപക്ഷങ്ങൾ എവിടെ?
cancel

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന നിലയില്‍ ഏഴരപ്പതിറ്റാണ്ട് കാലത്തെ സ്വതന്ത്ര്യ ഇന്ത്യയുടെ രാഷ്ട്രീയ ജീവിതം പല തലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ന്യൂനപക്ഷങ്ങൾ എങ്ങനെ പ്രതിനിധാനംചെയ്യുകയും പരിഗണിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് ഒരു ജനാധിപത്യസംവിധാനത്തിന്‍റെ ആരോഗ്യനിര്‍ണയത്തിലെ പ്രധാന മാനദണ്ഡങ്ങളിലൊന്ന്. അതുകൊണ്ടുതന്നെ, സ്വതന്ത്ര ഇന്ത്യ എഴുപത്തി അഞ്ച് വയസ്സ് പിന്നിടുമ്പോൾ രാജ്യത്തെ ഏറ്റവും പ്രബല ന്യൂനപക്ഷത്തിന്‍റെ രാഷ്ട്രീയ പങ്കാളിത്തം എവിടെയെത്തി നില്‍ക്കുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്.

ജനാധിപത്യത്തിലെ ന്യൂനപക്ഷം

സാങ്കേതികമായി ഭൂരിപക്ഷം നേടിയവരുടെ ഭരണമാണ് ജനാധിപത്യത്തിൽ നടക്കുക. എന്നാല്‍, ന്യൂനപക്ഷത്തെ കൂടി പരിഗണിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുമ്പോഴാണ് ജനാധിപത്യം സത്താപരമായ ഉള്ളടക്കം കൈവരിക്കുന്നത്. ബഹുസ്വര സമൂഹത്തിന് ജനാധിപത്യവ്യവസ്ഥ ഏറ്റവും സ്വീകാര്യമായ ആധുനിക മൂല്യമായി മാറുന്നതുതന്നെ ഭിന്നതാൽപര്യങ്ങളെ പ്രതിനിധാനം ചെയ്യാനും പരിഗണിക്കാനുമുള്ള ആ ആശയത്തിന്റെ വിശാലതയാണ്.

ആ അർഥത്തിലാണ് നമ്മുടെ രാഷ്ട്രശില്പികൾ ഇന്ത്യ എന്ന ലോകത്തെ ഏറ്റവും വൈവിധ്യപൂർണമായ ഒരു ജനസമൂഹത്തിന് ജനാധിപത്യ അടിത്തറ ഒരുക്കിയതും. ശക്തികൊണ്ടും സ്വാധീനംകൊണ്ടും ചെറുതും വലുതുമായ എല്ലാ താൽപര്യങ്ങളും ജനവിഭാഗങ്ങളും ജനാധിപത്യവ്യവസ്ഥയില്‍ ഇടമുണ്ടാകണം. സ്വാഭാവികമായും രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമെന്ന നിലയിൽ മുസ്‍ലിം ജനവിഭാഗത്തിന് ഇന്ത്യ ജനാധിപത്യത്തിൽ സവിശേഷമായ ഇടമുണ്ടാകേണ്ടതായിരുന്നു. പക്ഷേ, അവരുടെ ജനാധിപത്യ-ഭരണപങ്കാളിത്തം നാള്‍ക്കുനാള്‍ ശോഷിച്ചുവരുകയാണ്.

ഉള്ളടക്കം ചോരുന്ന ഇന്ത്യന്‍ ജനാധിപത്യം

നാമമാത്ര മുസ്‍ലിം പ്രാതിനിധ്യം പോലുമില്ലാത്ത ഒരു സര്‍ക്കാറാണ് ജനാധിപത്യ ഇന്ത്യയില്‍ അധികാരത്തിലിരിക്കുന്നതെന്നത് കേവല യാദൃച്ഛികതയല്ല. ജനസംഖ്യയുടെ 16 ശതമാനത്തോളം വരുന്ന ഒരു മതസമൂഹത്തെ ഈ രാഷ്ട്രവ്യവസ്ഥയുടെ തുല്യാവകാശികളായി കാണാന്‍പറ്റില്ലെന്ന ഏതാണ്ട് ഒരു നൂറ്റാണ്ട് കാലത്തെ രാഷ്ട്രീയ പ്രചാരണങ്ങളുടെ സ്വാഭാവിക പരിണിതിയാണിത്.

കേന്ദ്രത്തില്‍ ഒരു മുസ്‍ലിം മന്ത്രി പോലുമില്ല എന്നത് മാത്രമല്ല, ഭരണകക്ഷിയുടെ 394 പാര്‍ലമെന്‍റ് അംഗങ്ങളില്‍ ഒരു മുസ്‍ലിം പേരുകാരന്‍പോലും ഇല്ല എന്നതുപോലും ബി.ജെ.പിക്കോ നരേന്ദ്ര മോദി സര്‍ക്കാറിനോ ഒരു അസ്വസ്ഥതയും ഉണ്ടാക്കുന്ന കാര്യമാകില്ല. പക്ഷേ, രാജ്യത്തെ ജനാധിപത്യ മതേതരത്വ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒട്ടും ആശാവഹമായ അനുഭവമല്ല ഇത്.

സംസ്ഥാന നിയമസഭകളിലും വളരെ പരിതാപകരമാണ് മുസ്‍ലിം പ്രാതിനിധ്യം. രാജ്യത്തെ എട്ട് സംസ്ഥാന നിയമസഭകളില്‍ ഒരു മുസ്‍ലിം പോലുമില്ല. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായ ബി.ജെ.പിക്ക് 28 സംസ്ഥാനങ്ങളില്‍ നിയമസഭാ പ്രാതിനിധ്യമുണ്ട്. എന്നാല്‍, അവരുടെ 1383 നിയമസഭാംഗങ്ങളില്‍ അസമിലെ അമിനുല്‍ഹഖ് മാത്രമാണ് ഒരേയൊരു മുസ്‍ലിം. പേരിനുപോലും മുസ്‍ലിം ന്യൂനപക്ഷത്തിന് തങ്ങളുടെ രാഷ്ട്രീയവ്യവസ്ഥയില്‍ പങ്കാളിത്തം നല്‍കേണ്ടതില്ലെന്ന രാഷ്ട്രീയതീരുമാനമാണ് ഈ ആസൂത്രിത പുറംതള്ളലിന് കാരണമെന്ന് കൂടുതല്‍ വിശദീകരിക്കേണ്ട കാര്യമില്ല.

ഇങ്ങനെ വ്യവസ്ഥാപിതമായ നീക്കങ്ങളിലൂടെ നിയമനിർമാണ സഭകളില്‍നിന്ന് രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷം അന്യവത്കരിക്കപ്പെടുകയാണ്.ബി.ജെ.പി മാത്രമാണ് മുസ്‍ലിം രാഷ്ട്രീയ പ്രാതിനിധ്യത്തിന്‍റെ സമകാലിക ദുരവസ്ഥക്ക് ഒരേയൊരു കാരണക്കാര്‍ എന്ന് കരുതുന്നതും ശരിയല്ല. സ്വതന്ത്ര ഇന്ത്യയിൽ നിയമനിർമാണ സഭകളില്‍ ഒരു കാലത്തും മുസ്‍ലിംകള്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം കിട്ടിയിട്ടില്ല. കേവലം 26 മുസ്‍ലിം എം.പിമാർ മാത്രമാണ് ലോക്സഭയിലുള്ളത്. 1952ലെ പ്രഥമ ലോക്സഭയിൽ നാലു ശതമാനം മാത്രമായിരുന്നു മുസ്‍ലിം പ്രാതിനിധ്യം - 25 പേര്‍. 1980 ലെ ഒമ്പതു ശതമാനമാണ് ഏറ്റവും ഉയർന്ന കണക്ക്.

1980നും 2019നും ഇടയിൽ മുസ്‍ലിം ജനസംഖ്യ നാലുശതമാനം വർധിച്ചപ്പോൾ ലോക്സഭാ പ്രാതിനിധ്യം പകുതിയായി കുറഞ്ഞു. ബാബരി-മണ്ഡൽ കാലഘട്ടത്തിലൊഴികെ മുസ്‍ലിം ജനസമൂഹം എക്കാലവും കൈയയച്ച് സഹായിച്ച കോണ്‍ഗ്രസിന്‍റെ പ്രതാപകാലത്തുപോലും മുസ്‍ലിംകള്‍ക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. ബി.ജെ.പി കഴിഞ്ഞാല്‍ മുസ്‍ലിംകൾക്ക് ഏറ്റവും കുറവ് ടിക്കറ്റ് നല്‍കിയ പാര്‍ട്ടിയും കോണ്‍ഗ്രസാണ്. 1952 മുതൽ ദേശീയ പ്രാദേശിക പാർട്ടികളെല്ലാം കൂടി കേവലം നാലു ശതമാനം മുസ്‍ലിം സ്ഥാനാർഥികളെ മാത്രമാണ് മത്സരിപ്പിച്ചത്.

1982നുശേഷം ജമ്മു- കശ്മീരിലൊഴികെ രാജ്യത്തെ ഒരു സംസ്ഥാനത്തും ഒരു മുസ്‍ലിം പേരുകാരന്‍ മുഖ്യമന്ത്രിയായിട്ടില്ല എന്നതുകൂടി ഇതോടു ചേർത്തു വായിക്കണം. കോണ്‍ഗ്രസ് നേതാവായിരുന്ന എ.ആർ. ആന്തുലെയായിരുന്നു അവസാന മുസ്‍ലിം മുഖ്യമന്ത്രി.

മുസ്‍ലിം രാഷ്ട്രീയം- അകത്തെയും പുറത്തെയും സന്ദേഹങ്ങള്‍

ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ഏത് ജനവിഭാഗത്തിനും രാഷ്ട്രീയ കർതൃത്വമുണ്ടാകണമെന്ന സാമാന്യചിന്ത പങ്കിടുന്നവർപോലും മുസ്‍ലിം രാഷ്ട്രീയ സംഘാടനചർച്ചകളില്‍ സന്ദേഹികളാകുന്നതുകാണാം. മുസ്‍ലിംകൾ രാഷ്ട്രീയമായി സംഘടിക്കുന്നത് ഹിന്ദുത്വ ഏകീകരണത്തിന് കാരണമാകുമെന്നാണ് ഒരു പ്രധാന വാദഗതി. എന്നാൽ, മുസ്‍ലിംകള്‍ക്ക് നാമമാത്രമായ രാഷ്ട്രീയ സാന്നിധ്യം പോലുമില്ലാത്ത ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് രാജ്യത്ത് ഹിന്ദുത്വ ഏകീകരണത്തിന് മുന്നേ നടന്നതെന്ന യാഥാർഥ്യം നമുക്കു മുന്നിലുണ്ട്.

അവർക്ക് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പങ്കാളിത്തമുള്ള തമിഴ്നാട് കേരളം പോലുള്ള സംസ്ഥാനങ്ങളിൽ അത്തരത്തിലുള്ള ഭൂരിപക്ഷ ഏകീകരണത്തിന് ഹിന്ദുത്വരാഷ്ട്രീയത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന യാഥാർഥ്യവും ഇതോടുചേർത്തു വായിക്കണം. സ്വത്വാധിഷ്ഠിത രാഷ്ട്രീയ സംഘാടനം രാജ്യത്തെ പൊതുവായ തൊഴിലാളിവർഗ മുന്നേറ്റത്തെ ദുർബലപ്പെടുത്തുമെന്ന വർഗരാഷ്ട്രീയ കാഴ്ചപ്പാടിലാണ് ഇടതുപാർട്ടികള്‍ പൊതുവെ ന്യൂനപക്ഷ സംഘാടനത്തെ നോക്കിക്കാണുന്നത്.

വർഗരാഷ്ട്രീയത്തിന്റെ നേർ വിപരീത ദിശയിൽ പ്രതിഷ്ഠിക്കേണ്ടതാണ് സ്വത്വരാഷ്ട്രീയമെന്ന യാന്ത്രികകാഴ്ചപ്പാടാണ് ഈ വിമർശനത്തിന്‍റെ കാതല്‍. എന്നാൽ, രാജ്യത്ത് മുസ്‍ലിംകള്‍നേരിടുന്ന അസമത്വത്തിന്‍റെയും അനീതിയുടെയും കാരണം വർഗനിലയല്ല മറിച്ച്, സ്വത്വമാണെന്ന അടിസ്ഥാന വസ്തുത ഇക്കൂട്ടർ ബോധപൂർവം അവഗണിക്കുകയാണ്.

രാജ്യത്തെ പ്രബല ന്യൂനപക്ഷമെന്ന നിലയില്‍ മുസ്‍ലിംകള്‍നേരിടുന്ന പ്രതിസന്ധികള്‍ കേവലം കേന്ദ്രസർക്കാറിന്‍റെ സാമ്പത്തിക നയങ്ങളുടെയോ നിലവിലെ സാമൂഹിക വ്യവസ്ഥയുടേയോ കേവല യാദൃച്ഛികതകളല്ല, മറിച്ച് ദീർഘകാല രാഷ്ട്രീയ പദ്ധതികളുടെ ബോധപൂർവമായ നടത്തിപ്പാണ് എന്ന യാഥാർഥ്യബോധത്തിലേക്ക് കൺതുറന്നാൽ ഇത്തരം വിമർശനങ്ങളുടെ പൊള്ളത്തരം മനസ്സിലാകും. രാജ്യത്തെ ഇതര മതേതരരാഷ്ട്രീയ കക്ഷികളിൽ അദൃശ്യരായി വിലയം പ്രാപിക്കുകയാണ് മുസ്‍ലിം ന്യൂനപക്ഷത്തിന് മുന്നിലുള്ള ഏക രാഷ്ട്രീയ രക്ഷാമാർഗം എന്നതാണ് മറ്റൊരു വാദഗതി.

എന്നാല്‍, സ്വാതന്ത്ര്യാനന്തരകാലം മുതല്‍ തൊണ്ണൂറുകളുടെ തുടക്കം വരെ ഇന്ത്യൻ നാഷനല്‍കോണ്‍ഗ്രസിനു പിന്നില്‍ പാറപോലെ ഉറച്ചുനിന്നിട്ടും ഇന്ത്യൻ മുസ്‍ലിംകളുടെ അനുഭവം നമ്മുടെ മുന്നിലുണ്ട്. പശ്ചിമബംഗാളിൽ ഇടതിനൊപ്പവും ബിഹാറിലും യു.പിയിലും മറ്റും സോഷ്യലിസ്റ്റ് പാർട്ടികളിലും അദൃശ്യസാന്നിധ്യമായി അസ്തമിക്കാനായിരുന്നു മുസ്‍ലിം രാഷ്ട്രീയ സ്വത്വത്തിന്‍റെ നിയോഗം. അതേസമയം, കേരളത്തില്‍ മുസ്‍ലിം ലീഗിലൂടെ രാഷ്ട്രീയ ശക്തി കൈവരിക്കുകയും അധികാരരാഷ്ട്രീയത്തില്‍ ഇടംനേടുകയും ചെയ്ത അനുഭവവുമുണ്ട്.

ഈ ജനാധിപത്യ-രാഷ്ട്രീയ വ്യവസ്ഥയില്‍ പതിനാറ് കോടിയോളം മനുഷ്യർക്ക് ഇടമില്ലാതാകുന്നത് ഇന്ത്യയെന്ന ആശയത്തിന്‍റെതന്നെ അടിത്തറയിളക്കുന്നതാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ജനാധിപത്യ വീക്ഷണത്തില്‍വേണം സമകാലിക ഇന്ത്യയിലെ മുസ്‍ലിം രാഷ്ട്രീയ പ്രതിനിധാനത്തെ വിലയിരുത്താൻ. ജനാധിപത്യവ്യവസ്ഥയില്‍ സക്രിയമായി ഇടപെടാനാകുംവിധം ന്യൂനപക്ഷങ്ങള്‍ അവരുടെ രാഷ്ട്രീയകർതൃത്വ രൂപവത്കരണം നടത്തുകയും രാജ്യത്തെ മതേതരജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് കരുത്തുപകരുകയും മാത്രമാണ് ഇന്ത്യൻ ന്യൂനപക്ഷങ്ങളുടെ മുന്നിലുള്ള വഴി.

(കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minoritiesindian democratic system
News Summary - Where are the minorities in the democratic system?
Next Story