പുസ്തകം വായിക്കുമ്പോൾ നാം ദൈവികതയെ തൊടുന്നു
text_fieldsമനുഷ്യ ജീവിതത്തെ പറ്റി അവഗാഹം നൽകുന്ന ഏതു പുസ്തകവും വേദപുസ്തകമാണ്. നല്ല ഒരു പുസ്തകം വായിക്കുമ്പോൾ യഥാർഥമായ ദൈവികത അറിയുന്നു. ദേവാലയങ്ങളിൽ അകപ്പെടുമ്പോൾ അനുഭവവേദ്യമാകുന്ന ആത്മീയമായ ഉണർവ് അവിടെ ചൂഴ്ന്നുനിൽക്കുന്ന സർഗാത്മകതയുടെ സാന്നിധ്യം കൊണ്ടാണ്. ഇവയുടെ വിപുലീകരണമാണ് സാഹിത്യ സൃഷ്ടികൾ
ഗുജറാത്ത് മുതൽ തെക്കോട്ട് ഇത്രയും ദീർഘമായ ഒരു സമുദ്രതീരമുള്ള നമ്മുടെ ഇന്ത്യയിൽ വൈദേശിക ശക്തികളായാലും കച്ചവടക്കാരായാലും ആദ്യമായി കടൽമാർഗം വന്നണഞ്ഞത് കോഴിക്കോടിന്റെ മണ്ണിലാണെന്നുള്ളതിൽ കേവല യാദൃച്ഛികതക്കപ്പുറമുള്ള ഒരു വിസ്മയമുണ്ടെന്ന് വിചാരിക്കുന്നയാളാണ് ഞാൻ. ‘മനുഷ്യന് ഒരു ആമുഖം’ എന്ന എന്റെ ആദ്യ നോവലിൽ കോഴിക്കോട്ടേക്ക് വന്നെത്തുന്ന ജിതേന്ദ്രൻ എന്ന ചെറുപ്പക്കാരനെ ചിത്രീകരിക്കുന്ന സന്ദർഭത്തിൽ ഞാനത് വ്യക്തമായി പറയാൻ ആഗ്രഹിച്ചിരുന്നു. മുഴുവൻ പേരെയും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന ഒരു കാന്തം കോഴിക്കോടിന്റെ മണ്ണിലുണ്ടെന്നാണ് ആ സൂചന.
കടലിലൂടെ വരുമ്പോൾ അജ്ഞാതവും അതുവരേക്കും യൂറോപ്യർ പര്യവേക്ഷണം ചെയ്തിട്ടില്ലാത്തതുമായ ഈ ഭൂപ്രദേശത്തിലേക്ക് എന്തുകൊണ്ടാണ് ഗാമ തന്റെ കപ്പലടുപ്പിച്ചത് എന്നുള്ളതിന് നമുക്ക് ഉത്തരം കിട്ടുകയില്ല. അദൃശ്യമായ ഒരു കാന്തികശക്തി, വന്നുചേരുന്ന എല്ലാവരെയും സ്വന്തം മണ്ണിൽ ചേർത്തുപിടിക്കാനുള്ള ഈ നാടിന്റെ മഹനീയമായ ആന്തരിക ബലം, തീർച്ചയായും ആ യാത്രയിൽ പ്രവർത്തിച്ചിരിക്കുമെന്ന് ഞാൻ കരുതുകയാണ്.
കേരളത്തിൽ ധാരാളമായി എഴുത്തുകാരും സാഹിത്യവുമുണ്ടെങ്കിലും കടലിനെ പ്രമേയമാക്കുന്ന രചനകൾ നമുക്ക് തുലോം കുറവാണ്. മലയാളത്തിന്റെ ഏറ്റവും വലിയ സാഹിത്യകാരന്മാരിലൊരാളായ വൈക്കം മുഹമ്മദ് ബഷീർ തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ് കഴിച്ചുകൂട്ടിയതെങ്കിലും അദ്ദേഹം കടലിനെ പ്രമേയമാക്കി ഒരു കഥയോ നോവലോ രചിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
തകഴി ശിവശങ്കരപ്പിള്ള ആലപ്പുഴയിലിരുന്ന് ‘ചെമ്മീൻ’ എഴുതിയെങ്കിലും, ‘‘ഒരു പ്രണയകഥയുടെ പിന്നിൽ വെറുതെ തിരയടിക്കുകയാണ് ഒരു മഹാസമുദ്ര’’മെന്ന് പിന്നീട് ജി.എൻ. പിള്ള വിമർശിച്ചുപറഞ്ഞതുപോലെ കടലിന്റെ ആന്തരികമായ ഗഹനതയും ഗാംഭീര്യവുമൊന്നും ആ കൃതിയിൽ പകർത്താൻ തകഴിക്കും സാധിച്ചിട്ടില്ലെന്നതും അദ്ദേഹത്തോടുള്ള ആദരവോടെതന്നെ പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്.
കടൽത്തീരത്ത് വന്ന് വെറുതെ കടല കൊറിച്ചിരുന്നുകൊണ്ട് കുശലം പറയുകയല്ലാതെ കടലിലേക്ക് നോക്കി കടലിനെ മനസ്സിലാക്കുവാൻ നാം പരിശീലിച്ചിട്ടില്ല. ലോകത്തെ അപ്രതിമങ്ങളായിട്ടുള്ള ഗംഭീരസാഹിത്യകൃതികളിൽ ചെയ്തിട്ടുള്ളപോലെ കടലിനെ കേന്ദ്ര പ്രമേയമാക്കി ഒരു രചന നിർവഹിക്കാൻ നമ്മുടെ മലയാളി എഴുത്തുകാർക്ക് ഇനിയും സാധിച്ചിട്ടില്ല.
നമ്മുടെ വലിയ എഴുത്തുകാരുടെ നിരയെടുത്താൽ ഉവ്വ്; എഴുത്തച്ഛനത് തന്റെ എഴുത്താണിയിൽ വാക്കുകൾ തുടരെത്തുടരെ വരുന്നതിനെ ഉപമിച്ചിടത്ത് കടലിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പിന്നീട് യുദ്ധരംഗത്ത് വെള്ളത്തിലെ തിര തള്ളുന്നതുപോലെ തള്ളിവരുന്നിത് വെള്ളക്കുതിരകളെന്ന് മഹാഭാരത യുദ്ധം വർണിക്കുന്നിടത്തും പറഞ്ഞിട്ടുണ്ട്.
എന്നാൽ കടൽ അദ്ദേഹത്തിന്റെ രണ്ട് കിളിപ്പാട്ടുകളിലും എവിടെയും തിരയടിക്കുന്ന ഒരു മഹാസാന്നിധ്യമല്ല. എന്നാൽ, ലോകത്തിലെ അതിഗംഭീരങ്ങളായ എത്രയോ സൃഷ്ടികളിൽ അതുണ്ട്. നിങ്ങൾക്ക് പരിചിതമായ രണ്ട് കൃതികളെപ്പറ്റിയെങ്കിലും ഓർമിപ്പിക്കാൻ ആഗ്രഹിക്കുകയാണ്.
ഹെർമൻ മെൽവിലിന്റെ ‘മൊബിഡിക്ക്‘ ആണ് അതിലൊന്നാമത്. അദ്ദേഹമത് എഴുതിയ സന്ദർഭത്തിൽ ആദ്യപ്രതി പുറത്തിറങ്ങിയപ്പോൾ വെറും 64 കോപ്പികൾ മാത്രമേ വിറ്റുപോയുള്ളൂ. എന്നാലിന്ന് ഒരുപക്ഷേ, ബൈബിളും ഖുർആനും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന, വായനക്കാർ വിശുദ്ധ പുസ്തകം പോലെ ആസ്വദിച്ചുവായിക്കുന്ന സാഹിത്യകൃതികളിൽ ഒന്നായി അതു മാറി.
നൊബേൽ സമ്മാനം നേടിയ ഏറ്റവും ചെറിയ കൃതികളിലൊന്നായ ഹെമിങ് വേയുടെ നിങ്ങൾക്ക് ചിരപരിചിതമായ ‘കിഴവനും കടലു’മാണ് രണ്ടാമത്തെ കൃതി. മലയാളത്തിലത് രണ്ടോ മൂന്നോ പേർ സുന്ദരമായിത്തന്നെ വിവർത്തനം ചെയ്തിട്ടുണ്ട്. അതിൽ കിഴവൻ സാന്റിയാഗോ തനിക്ക് കീഴടക്കാനുള്ള മാരിലിൻ മത്സ്യത്തെ തേടി ചെറു വഞ്ചിയിൽ കടലിൽ അലയുകയാണ്.
ഒരുപക്ഷേ, മൊബിഡിക്കിന്റെ ഒരു സംഗൃഹീത പുനരാഖ്യാനം പോലെ- കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ എങ്ങനെയാണോ വേദങ്ങളിൽ നിന്ന് ഉപനിഷത്തുകൾ ഉണ്ടാക്കിയത് അതുപോലെ - ഹെർമൻ മെൽവിലിന്റെ കടലിന്റെ സാരസംഗ്രഹം മറ്റൊരു ഉദാത്ത കൃതിയായി മാറ്റിയെഴുതിയതാണ് കിഴവനും കടലും.
തന്റെ നിരന്തര പരാജയത്തിന്റെ പതാകപോലെ പാറിയ കാറ്റുപായകൾ തുന്നിക്കെട്ടിയ വഞ്ചിയിൽ ഒരു ചൂണ്ടയുമായ് ഉൾക്കടലിൽ പോയി മീൻ പിടിക്കാനിരിക്കുന്ന വൃദ്ധനായ സാന്റിയാഗോയെ അവതരിപ്പിക്കുന്നത് എൺപത്തി നാലാം ദിവസം പട്ടിണി കിടന്നിട്ടും വൃദ്ധനായിരുന്നിട്ടും തന്റെ ഇച്ഛാശക്തി കടലിന്റെയും പ്രകൃതി ശക്തികളുടെയും മുന്നിൽ അടിയറവുവെക്കാത്ത മനുഷ്യനായിട്ടാണ്. അതൊക്കെ കടലിനക്കരെയുള്ള സാഹിത്യത്തിന്റെ കാര്യം.
എന്നാൽ കടലെന്ന നിത്യ വിസ്മയത്തെ നാം വേണ്ടത്ര, നമ്മുടെ നോവൽ സാഹിത്യത്തിൽ അടയാളപ്പെടുത്തിയിട്ടില്ല. ഇങ്ങനെയുള്ള സാഹിത്യ സമ്മേളനങ്ങൾ നടത്താനുള്ള മണൽപരപ്പും വേദിയുമാക്കി മാത്രം അതിനെ ചുരുക്കാതെ അതിലേക്കിറങ്ങിച്ചെല്ലേണ്ടതുണ്ട്.
ഒരുപക്ഷേ, കടലിനെ മലയാള നോവൽ ഒരു തീണ്ടാപ്പാടകലെ നിർത്തിയതിൽ ജാതീയമായ ഉള്ളടക്കമുണ്ടെന്ന് ഞാൻ കരുതുന്നു. നമ്മുടെ സാഹിത്യം പലപ്പോഴും വരേണ്യവർഗത്തിന്റെ മാത്രം വിനോദോപാധിയായതുകൊണ്ടും കടലുമായിട്ട് കൂടുതൽ ബന്ധമുള്ളത് മത്സ്യത്തൊഴിലാളികളായതുകൊണ്ടും കടലിനെ നേരിട്ട് ഉപജീവിക്കുന്നവരിലെ വിദ്യാഭ്യാസമുള്ളവർക്കുപോലും തങ്ങൾ സാഹിത്യമെഴുതാൻ പ്രാപ്തിയുള്ളവരാണെന്ന് സ്വയം ബോധ്യമില്ലാതിരുന്നതുമാകണം കടലിനെ ആസ്പദമാക്കി സാഹിത്യ സൃഷ്ടികൾ ഇല്ലാതെപോയതിന് ഒരു കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഇന്നത് മതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടുണ്ടെങ്കിലും മനുഷ്യനെ പല തട്ടുകളായി വിഭജിച്ചുകൊണ്ടുള്ള ജാതീയതയുടെ ആ കാലം നല്ല സാഹിത്യത്തിന് വിഘാതമായിട്ടുണ്ട്.
വടക്കേയിന്ത്യയിൽനിന്ന് താഴേക്ക് വരുന്നവർക്ക് കേരളമെന്ന് പറഞ്ഞാൽ മലബാർ തന്നെയാണ്. പഴയകാലത്തെ കേരളത്തിന്റെ പ്രതിനിധാനമാണ് മലബാർ. അതുകൊണ്ട്, ഇപ്പോഴും യു.എ.ഇയിലൊക്കെ ചെന്നാൽ കേരളത്തിലുള്ളവരെക്കുറിച്ച് അവിടത്തെ പഴമക്കാർ പറയുന്നത് മലബാരി എന്നുതന്നെയാണ്.
ജാതീയവും വർഗീയവും സാംസ്കാരികവും മതപരവുമായ വിഭജനങ്ങളെ പൊളിച്ചുകളയുന്ന പ്രവർത്തനത്തിൽ ഏർപ്പെടുന്ന ആളുകളാണ് സാഹിത്യപ്രവർത്തകർ എന്നുള്ളതുകൊണ്ടാണ് നാം അവരെ ബഹുമാനിക്കുകയും സാംസ്കാരിക നായകരായി പ്രതിഷ്ഠിക്കുകയും ചെയ്യുന്നത്. സാഹിത്യോത്സവങ്ങൾ നടത്തുമ്പോൾ നമുക്കുള്ളിലെ ഈ അതിർത്തികളെ പൊളിച്ചുകളയുന്ന ഒരു പ്രകാശം അതിന്റെ പ്രസരണം പൂർണമായിട്ടും നടത്തണമെന്നുള്ളതാണ് നമ്മുടെ ആഗ്രഹം.
ഈ അതിർത്തി പൊളിക്കൽ സാഹിത്യത്തിൽ തുടക്കം മുതൽക്കേയുണ്ട്. പതിനാറാം നൂറ്റാണ്ടിൽ സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിൽ പ്രതാപികളായി ഇംഗ്ലീഷുകാർ നിൽക്കുമ്പോൾ ഭാഷയിലൂടെ ലോകം കീഴടക്കിയ പ്രതിഭാശാലിയായിരുന്നു വില്യം ഷേക്സ്പിയർ. ആ പ്രതിഭാശാലി ചെയ്തതെന്താണെന്ന് ഇന്ന് തിരിഞ്ഞുനിന്ന് നോക്കുമ്പോൾ ഒരത്ഭുതം കാണാം.
അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട നാടകങ്ങളിലെ പ്രമേയങ്ങളോ അതിന്റെ കേന്ദ്ര പരിസരമോ ഭൂമികയോ ഇംഗ്ലണ്ടല്ല. വെനീസിലെ വ്യാപാരിയിൽ നിങ്ങൾക്കറിയാം, ശീർഷകംതന്നെ വെനീസാണ്.
ആന്റണി ആൻഡ് ക്ലിയോപാട്രയുടെ കഥ നടക്കുന്നതും ഇംഗ്ലണ്ടിലല്ലെന്ന് നിങ്ങൾക്കറിയാം. ടെംപെസ്റ്റെന്ന് പറയുമ്പോൾ ഭൂമിക അലകടലിൽ അജ്ഞാതമായ് കിടക്കുന്ന ഏതോ ഒരു ദ്വീപാണ്. ഒഥല്ലോയിൽ ഒരു നിഗ്രോയാണല്ലോ നായകൻ.
ആ നാടകങ്ങളിലെ കഥനടക്കുന്ന നാടുകളുടെ പേരുകളൊക്കെ ഒന്നു നോക്കൂ: തുർക്കി, ഗ്രീസ്, സ്പെയിൻ, യൂഗോസ്ലാവ്യ, ഫ്രാൻസ്, ഓസ്ട്രിയ, ഡെന്മാർക്, സ്കോട്ട്ലൻഡ്, ഈജിപ്ത്, ലബനാൻ.... അങ്ങനെ ഇംഗ്ലണ്ടുകാർക്ക് അറിയാമായിരുന്ന പ്രധാനപ്പെട്ട എല്ലാ ദേശങ്ങളെയും അദ്ദേഹം തന്റെ സർഗപ്രതിഭയിലേക്ക് സ്വാംശീകരിച്ചത് കടലുകടന്നുള്ള അക്കാലത്തെ യൂറോപ്യൻ സഞ്ചാരികളിൽനിന്നുള്ള ഉൾവെളിച്ചങ്ങളെ തോറ്റിയെടുത്തിട്ടാണ്.
നാം കരുതുന്നതുപോലെ ഇംഗ്ലീഷ് സർവവ്യാപിയായതുകൊണ്ടല്ല ഷേക്സ്പിയർ ഇന്നും നിലനിൽക്കുന്നത്, പതിനാറാം നൂറ്റാണ്ടിൽതന്നെ സ്വന്തം ദേശത്തിന്റെയും കാലത്തിന്റെയും അപ്പുറത്തേക്ക് തന്റെ പ്രതിഭയെ നാടകകൃതികളിലൂടെ വ്യാപരിപ്പിക്കാൻ ഷേക്സ്പിയറിനു സാധിച്ചുവെന്നതുകൊണ്ടു മാത്രമാണ്. അത് കേവലം ഭാഷാ മേൽക്കോയ്മയോ പ്രതിഭാ മേൽക്കോയ്മയോ അല്ല.
മനുഷ്യൻ ഇംഗ്ലണ്ടിനു പുറത്തും ഒന്നുതന്നെയാണെന്നും സ്വയം യജമാനന്മാരായ് കരുതി ലോകം മുഴുവൻ കീഴടക്കാൻ ആ ജനത ചെന്നെത്തിയ സ്ഥലങ്ങളിലും അവരുടെതായ നായകന്മാരുണ്ടെന്നും ഓരോ മനുഷ്യനും സ്വന്തം ജീവിതത്തിന്റെ നായകനും നായികയും മാത്രമാണെന്നുമുള്ള തിരിച്ചറിവ് ഒരെഴുത്തുകാരനിൽ പ്രവർത്തിച്ചതിന്റെ ഫലമാണ് ഷേക്സ്പിയറിന്റെ കൃതികളെന്ന് ഞാൻ വിചാരിക്കുന്നു.
അതിർത്തികളെ ഭേദിക്കാനുള്ള ഈ ത്വരയാണ് എല്ലാ കലാകാരന്മാരിലും വിശേഷിച്ച് അക്ഷരങ്ങളെ ആയുധമാക്കിയ എഴുത്തുകാരനിലും പ്രവർത്തിക്കുന്നത്.
മനുഷ്യ ജീവിതത്തെ പറ്റി അവഗാഹം നൽകുന്ന ഏതു പുസ്തകവും വേദപുസ്തകമാണ്. അതുകൊണ്ട് ഹെർമൻ മെൽവിൽ എഴുതിയ ‘മൊബിഡിക്ക്’ ഒരു വേദപുസ്തകമാണ്. ഹെമിങ് വേയുടെ ‘കിഴവനും കടലും’ വേദപുസ്തകമാണ്. ദസ്തയോവ്സ്കി എഴുതിയ ‘കാരമസോവ് ബ്രദേഴ്സ്’ മറ്റൊരു വേദപുസ്തകമാണ്.
അതുകൊണ്ട് നിങ്ങൾ നല്ല ഒരു പുസ്തകം വായിക്കുമ്പോൾ യഥാർഥമായ ദൈവികത അറിയുന്നു. ക്ഷേത്രത്തിൽ ഒരു വലിയ പ്രതിമക്കു മുന്നിൽ നമസ്കരിക്കുന്ന ഒരാൾ അബോധത്തിലെങ്കിലും ആ പ്രതിമ നിർമിച്ച അപാരനായ ശില്പിയെയും വന്ദിക്കുന്നുണ്ട്. ദേവാലയങ്ങളിൽ അകപ്പെടുമ്പോൾ അനുഭവവേദ്യമാകുന്ന ആത്മീയമായ ഉണർവ് അവിടെ ചൂഴ്ന്നുനിൽക്കുന്ന സർഗാത്മകതയുടെ സാന്നിധ്യം കൊണ്ടാണ്.
എന്റെ സംഗീതാവബോധംകൊണ്ട് ഞാൻ മനസ്സിലാക്കിയ ഏറ്റവും വലിയ സംഗീതാനുഭൂതി കിട്ടിയത് താജ്മഹലിൽ വെച്ച് ആ ഗോപുര മകുടത്തിനുതാഴെ വന്ന് ഒരു മുല്ല ബാങ്ക് വിളിച്ചപ്പോഴാണ്. മറ്റൊരു മതത്തിന്റെ ആത്മീയധാരയെ നമ്മൾ അത്രമേൽ പിൻപറ്റിയിട്ടില്ലെങ്കിലും ആ സർഗാത്മകതയുടെ ഉദ്ദേശ്യത്തെ നമുക്ക് തിരിച്ചറിയാൻ സാധിക്കും.
അമ്പലത്തിൽനിന്ന് രാവിലെ കേൾക്കുന ശംഖധ്വനം, സന്ധ്യാസമയത്ത് ബസിൽ പോകുമ്പോൾ ദൂരെ നിന്നുമുള്ള ഒരു ബാങ്കുവിളി, അതിരാവിലെ ക്രിസ്ത്യൻ പള്ളികളിൽനിന്ന് കേൾക്കുന്ന മണിമുഴക്കം -ആ മതങ്ങളുമായി ഒരു ബന്ധവുമില്ലെങ്കിൽകൂടി നിങ്ങളിൽ ഇതെല്ലാം ഒരാത്മീയാനുഭൂതിയുണ്ടാക്കുമെന്ന് ഉറപ്പാണ്. ഇവയുടെ വിപുലീകരണമാണ് സാഹിത്യ സൃഷ്ടികൾ.
പതിനാറാം നൂറ്റാണ്ടിൽ പോർചുഗീസുകാർ ഇവിടെ അടക്കിവാണിരുന്ന സന്ദർഭത്തിൽ ഈ കടപ്പുറത്തുനിന്ന് പിടിച്ചു കൊണ്ടുപോയ ഒരു മുസ്ലിം മധ്യവയസ്കയെ ഏതാനും പോർചുഗീസ് ഉദ്യോഗസ്ഥർ വെള്ളിയാങ്കല്ലിൽ വെച്ച് ബലാത്സംഗം ചെയ്ത് കൊന്ന കഥ ഓർക്കുകയാണ്. വഞ്ചിയിൽ വെള്ളിയാങ്കല്ലിലേക്ക് അവളെ തട്ടിക്കൊണ്ടുപോകുമ്പോൾ തനിക്ക് കുഞ്ഞുങ്ങളും ഭർത്താവുമുണ്ടെന്ന് അവൾ കരഞ്ഞു പറഞ്ഞു.
അവരിലൊരാൾക്ക് ദയ തോന്നി അവരെ ഒന്നും ചെയ്യരുതെന്ന് അയാൾ കൂട്ടുകാരോട് യാചിച്ചു. പക്ഷേ ആരുമത് ചെവിക്കൊണ്ടില്ല. ആ മുസ്ലിം യുവതിയെ അവർ ബലാൽസംഗം ചെയ്തു കൊന്ന് കടലിലെറിഞ്ഞു. അവളെ സഹായിക്കാൻ ശ്രമിച്ചയാൾ ലിസ്ബണിലേക്ക് ഈ വിവരമെത്തിക്കുമെന്ന് ഭയന്ന മറ്റു ഉദ്യോഗസ്ഥർ അയാളെക്കുറിച്ച് കള്ളക്കഥകൾ ഉണ്ടാക്കുകയും മേലുദ്യോഗസ്ഥരാൽ അയാൾ ലിസ്ബണിൽ തുറുങ്കിലടക്കപ്പെടുകയും ചെയ്തു.
കാരാഗൃഹവാസത്തിലിരുന്ന് ഇദ്ദേഹമെഴുതിയ ‘ആയിഷ’യാണ് പോർചുഗീസ് ഭാഷയിലെ ആദ്യ ഖണ്ഡകാവ്യങ്ങളിലൊന്ന്. അജ്ഞാത ദേശത്തെ അജ്ഞാത യുവതിയെ ഓർത്ത് കൽത്തുറുങ്കിലിരുന്ന് വേദനയോടെ എഴുതുന്ന ആ ഉദ്യോഗസ്ഥൻ എഴുത്തു മുറികളിലിരുന്ന് എഴുതുന്ന ഏതൊരു എഴുത്തുകാരുടെയും പ്രതിനിധിയാണ്.
ഇഖ്റഅ് എന്നാൽ വായിക്കുകയെന്നാണർഥം. ഖുർആൻ വായിക്കുകയെന്നു മാത്രമല്ല അതിന്റെ വിവക്ഷ. എല്ലാ പുസ്തകങ്ങളും വായിക്കുകയെന്നാണ്. മികച്ച എല്ലാ പുസ്തകങ്ങളെയും വേദപുസ്തകങ്ങളായ് അംഗീകരിക്കാൻ സാധിക്കുന്ന വിശാലമനസ്കരായി മാറട്ടെ ഏവരുമെന്ന് പ്രാർഥിക്കുന്നു.
(കോഴിക്കോട് ആരംഭിച്ച മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.