ആരുടെതാകും അവസാനചിരി ?
text_fieldsകർണാടക നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിലിലാണ്. മാസങ്ങൾ നീണ്ട പ്രചാരണത്തിന് ശേഷം ജനം ശനിയാഴ്ച വിധിയെഴുതുകയാണ്. മേയ് 15ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുേമ്പാൾ അവസാനചിരി ആരുടെതാകും? അഞ്ചുവർഷത്തെ ഭരണമികവും സർവേ ഫലങ്ങളുടെ പിന്തുണയുമായി ആത്മവിശ്വാസത്തോടെ ജനവിധിയെ നേരിടുന്ന കോൺഗ്രസിേൻറതോ? ഭരണത്തിൽ തിരിച്ചെത്താൻ പഠിച്ചപണി പതിനെട്ടും പയറ്റുന്ന ബി.ജെ.പിയുടേതോ? ഒറ്റക്കു ഭരണം നേടാനാവില്ലെങ്കിലും ആരു ഭരിക്കണമെന്ന് ഒരുപക്ഷേ, തീരുമാനിച്ചേക്കാവുന്ന ജെ.ഡി.എസിേൻറതോ? ത്രികോണ മത്സരം അരങ്ങേറുന്ന തെരഞ്ഞെടുപ്പിൽ മൂന്നു പാർട്ടികളുടെയും മുഖ്യമന്ത്രി സ്ഥാനാർഥിമാരുടെ വിശേഷങ്ങളിലൂടെ...
മേരെ ഭയ്യ, തേരെ ഭയ്യ... സിദ്ധരാമയ്യ! കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരേന്ത്യയിലായിരുന്നെങ്കിൽ ഇൗ മുദ്രാവാക്യമാണ് മുഴങ്ങിക്കേൾക്കുക എന്ന് പറഞ്ഞത് എൻ.സി.പി ജനറൽ സെക്രട്ടറി ഡി.പി. ത്രിപാഠിയാണ്. സിദ്ധരാമയ്യയുടെ ജനസമ്മതിയെക്കുറിച്ചാണ് ത്രിപാഠി സൂചിപ്പിച്ചത്. കർണാടകയിൽ കോൺഗ്രസിെൻറ കുന്തമുനയാണ് സിദ്ധരാമയ്യ. സംസ്ഥാനത്തെ രണ്ടു പ്രധാന നദികളായ കാവേരിയും മഹാദായിയും ചർച്ചയാവുന്ന മൈസൂരു ജില്ലയിലെ ചാമുണ്ഡേശ്വരിയിലും ബാഗൽകോട്ട് ജില്ലയിലെ ബദാമിയിലുമാണ് മുഖ്യമന്ത്രി സ്ഥാനാർഥിയായ സിദ്ധരാമയ്യ വിധി തേടുന്നത്. കൃഷ്ണരാജ സാഗർ അണക്കെട്ടിൽനിന്ന് വരുണ കനാൽ വഴി കാവേരി ജലം ചാമുണ്ഡേശ്വരിയടക്കമുള്ള ഭാഗങ്ങളിലേക്ക് എത്തുന്നുണ്ട്. എന്നാൽ, ബദാമി മണ്ഡലം സ്ഥിതിചെയ്യുന്ന ഉത്തര കർണാടക മേഖലയുടെ സ്ഥിതി മറിച്ചാണ്. മഹാദായി ജലം പ്രതീക്ഷിച്ച് പണി തുടങ്ങിയ കാലസ-ബണ്ഡൂരി കനാൽ നിയമക്കുരുക്കിൽ പാതിവഴിയിൽ കിടക്കുകയാണ്.
സിറ്റിങ് സീറ്റായ വരുണ മകൻ ഡോ. യതീന്ദ്രക്ക് നൽകി മത്സരിക്കാൻ പഴയ തട്ടകമായ ചാമുണ്ഡേശ്വരിയിൽ തിരിച്ചെത്തിയ സിദ്ധരാമയ്യയെ കാത്തിരിക്കുന്നത് കനത്ത പോരാട്ടമാണ്. അടിയൊഴുക്ക് ശക്തമായ മണ്ഡലത്തിൽ പ്രധാന എതിരാളി ജെ.ഡി.എസാണ്. സിദ്ധരാമയ്യയെ തോൽപിക്കാൻ ജെ.ഡി.എസും ബി.ജെ.പിയും തമ്മിൽ കൈകോർത്തതോടെ സുരക്ഷിത മണ്ഡലമായ ബദാമിയിലേക്ക് മുഖ്യമന്ത്രി മാറി. ഖനി അഴിമതിവീരൻ ജനാർദന റെഡ്ഡിയുടെ അടുത്ത അനുയായിയും ശക്തനായ സ്ഥാനാർഥിയുമായ ശ്രീരാമുലുവിനെ ബദാമിയിൽ ഇറക്കുമതി ചെയ്താണ് ബി.ജെ.പി മറുപടിനൽകിയത്. ചാമുണ്ഡേശ്വരി മണ്ഡലത്തിൽ മുമ്പ് രണ്ടുതവണ പരാജയമറിഞ്ഞിട്ടുണ്ട് സിദ്ധരാമയ്യ.
1967 മുതൽ ചാമുണ്ഡേശ്വരി ഭരിച്ച കോൺഗ്രസിനെ 1983ൽ ഭാരതീയ ലോക്ദൾ സ്ഥാനാർഥിയായി തോൽപിച്ചാണ് സിദ്ധരാമയ്യയുടെ ആദ്യ നിയമസഭ പ്രവേശനം. പിന്നീട് ജനതാപാർട്ടിയിൽ ചേർന്ന് ’85ൽ വിജയിച്ച് മന്ത്രിയായി. ’89ൽ ജനതാദൾ കുപ്പായത്തിലെത്തിയപ്പോൾ കോൺഗ്രസിനോട് തോൽവി. ജനതാദളിൽനിന്ന് ജനതാദൾ സെക്കുലറിലെത്തി ’94ൽ മണ്ഡലം തിരിച്ചുപിടിച്ച സിദ്ധരാമയ്യ ’99ൽ വീണ്ടും കോൺഗ്രസിനോട് തോറ്റു. 2004ൽ ജെ.ഡി.എസ് 59 സീറ്റുമായി ചരിത്രംകുറിച്ചപ്പോൾ സിദ്ധരാമയ്യ ഉപമുഖ്യമന്ത്രിയായി. പക്ഷേ, അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിനൊടുവിൽ ജെ.ഡി.എസ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയപ്പോൾ സിദ്ധരാമയ്യ പാർട്ടി വിട്ടു. പിന്നാക്കവിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും ഒരുമിപ്പിക്കുന്ന ‘അഹിന്ദ’ മൂവ്മെൻറ് രൂപവത്കരിച്ച സിദ്ധരാമയ്യക്ക് ഒടുവിൽ കോൺഗ്രസാണ് കൈകൊടുത്തത്. എം.എൽ.എ സ്ഥാനം രാജിവെച്ച സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിൽ മത്സരിക്കാനിറങ്ങുേമ്പാൾ ദൾ-ബി.ജെ.പി സഖ്യമായിരുന്നു എതിരാളികൾ. പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ ജയിച്ചുകയറിയത് 257 വോട്ടിന്. അന്ന്, ചാമുണ്ഡേശ്വരിയിൽനിന്ന് വരുണയിലേക്ക് ചേക്കേറിയതാണ്. 2008ലും 2013ലും വരുണ കൂടെനിന്നു. 2006ൽ ബി.ജെ.പിയും ജെ.ഡി.എസും ചേർന്നൊരുക്കിയ പരാജയക്കെണിയിൽനിന്ന് ഉൗരിച്ചാടിയ സിദ്ധരാമയ്യയിൽനിന്ന് ഇന്നത്തെ സിദ്ധരാമയ്യയിലേക്ക് ഏറെ വളർന്നിട്ടുണ്ട് അദ്ദേഹം. ചാമുണ്ഡിക്കുന്നിൽ സിദ്ധരാമയ്യക്കെതിരെ ജെ.ഡി.എസും ബി.ജെ.പിയും ചേർന്ന് വീണ്ടുമൊരു ഒളിയുദ്ധം ആസൂത്രണം ചെയ്യുകയാണ്. താരതമ്യേന കോൺഗ്രസിന് സുരക്ഷിത മണ്ഡലമെന്ന് കരുതുന്നതാണ് ബദാമി. 2004ലും 2008ലും ബി.ജെ.പി ജയിച്ചതൊഴിച്ചാൽ കൂടുതൽ കാലവും മണ്ഡലം കോൺഗ്രസേ ഭരിച്ചിട്ടുള്ളൂ. കുറുബർക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ കുറുബ നേതാവായ മുഖ്യമന്ത്രിയെ ബദാമി കൈവിടില്ലെന്നാണ് അദ്ദേഹത്തിെൻറയും പ്രതീക്ഷ.
രാഷ്ട്രീയ തന്ത്രങ്ങളുടെ അപ്പാജി
മാണ്ഡ്യയിലെ ആർ.എസ്.എസ് പ്രവർത്തകനായ വിദ്യാർഥിയിൽനിന്ന് കർണാടക ബി.ജെ.പിയുടെ തന്ത്രജ്ഞനിലേക്കുള്ള വളർച്ചയാണ് ഭൂകനക്കരെ സിദ്ധലിംഗപ്പ യെദിയൂരപ്പ എന്ന ബി.എസ്. യെദിയൂരപ്പയുടെ രാഷ്ട്രീയ ജീവിതം. ൈമസൂരുവിനടുത്ത മാണ്ഡ്യയിൽ ജനിച്ച യെദിയൂരപ്പ ആർ.എസ്.എസ് പ്രചാരണത്തിനായാണ് ശിവമൊഗ്ഗയിലെ (ഷിമോഗ) ശിക്കാരിപുരയിലേക്ക് കുടിയേറിയത്. പിന്നീട് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച് നാട്ടുകാരുടെ പ്രിയപ്പെട്ട ‘അപ്പാജി’യായി.
വയസ്സ് 75 കഴിഞ്ഞു. ശക്തനായ ലിംഗായത്ത് േനതാവ്. ഇൗ തെരഞ്ഞെടുപ്പിൽ യെദിയൂരപ്പയില്ലാതെ ബി.ജെ.പിക്ക് അധികമൊന്നും മുന്നോട്ടുപോവാനാവില്ല. 2013ലെ തെരഞ്ഞെടുപ്പിൽ പാർട്ടി അത് ശരിക്കും കണ്ടതാണ്. ബി.ജെ.പി വിട്ട് കർണാടക ജനതപക്ഷ രൂപവത്കരിച്ച് ജനവിധി തേടിയ യെദിയൂരപ്പ ശക്തി തെളിയിക്കുകയും ബി.ജെ.പി തോറ്റ് തുന്നംപാടുകയും ചെയ്തു. ആറു മണ്ഡലങ്ങളിൽ കെ.ജെ.പി സ്ഥാനാർഥികൾ ജയിച്ചപ്പോൾ, 19 മണ്ഡലങ്ങളിൽ കോൺഗ്രസിന് പിന്നിൽ രണ്ടാമതെത്തി.
ശിക്കാരിപുര യെദിയൂരപ്പയുടെ ഉറച്ച മണ്ഡലമാണ്. മൂന്നര പതിറ്റാണ്ടിനിടെ ഒറ്റത്തവണ മാത്രമാണ് പരാജയമറിഞ്ഞത്. 1999ൽ കോൺഗ്രസിലെ മഹാലിംഗപ്പയോട്. മഹാലിംഗപ്പ ഇന്ന് യെദിയൂരപ്പയുടെ തെരഞ്ഞെടുപ്പ് മാനേജറാണ്. യെദിയൂരപ്പക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയായി മൂന്നുതവണ മത്സരിച്ച കെ. ശേഖരപ്പ ബി.ജെ.പിയിലെ സജീവ നേതാവാണ്. 2013ൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന എച്ച്.എസ്. ശാന്തവീരപ്പ ഗൗഡയും അദ്ദേഹത്തിനൊപ്പമുണ്ട്. മുമ്പ് ജെ.ഡി.എസ് സ്ഥാനാർഥിയായി മത്സരിച്ച ബി.ഡി. ഭൂകനാഥും യെദിയൂരപ്പ ക്യാമ്പിലാണ്. എതിരാളികളെ സ്ഥാനമാനങ്ങൾ നൽകി തനിക്കൊപ്പം നിർത്തുന്ന രാഷ്ട്രീയ വശീകരണ തന്ത്രം കൂടിയുണ്ട് യെദിയൂരപ്പയുടെ കൈയിൽ.
കോൺഗ്രസ് അടക്കിവെച്ചിരുന്ന ശിക്കാരിപുര മണ്ഡലം 1983ൽ ആദ്യ അങ്കത്തിൽത്തന്നെ കൈക്കലാക്കി നിയമസഭയിലേക്കുള്ള വരവ് ഗംഭീരമാക്കിയ യെദിയൂരപ്പ പിന്നീട് ഏഴുതവണ മണ്ഡലത്തെ പ്രതിനിധാനംചെയ്തു. 2008ൽ സമാജ്വാദി പാർട്ടിയുടെ എസ്. ബംഗാരപ്പയുമായി കടുത്ത മത്സരം നടന്നെങ്കിലും വിജയിച്ച് ദക്ഷിണേന്ത്യയിലെ ആദ്യ ബി.ജെ.പി സർക്കാറിനെ നയിച്ചു. പിന്നീട് മുഖ്യമന്ത്രിസ്ഥാനം പോയി; അഴിമതിക്കേസിൽപെട്ട് ജയിലിലുമെത്തി. 2012ൽ പാർട്ടിയോട് പിണങ്ങി കർണാടക ജനത പക്ഷ (കെ.ജെ.പി) എന്ന പേരിൽ സ്വന്തം പാർട്ടിയുണ്ടാക്കി. കെ.ജെ.പി പിന്നീട് ബി.ജെ.പിയിൽ ലയിച്ചു. എം.എൽ.എ സ്ഥാനം രാജിവെച്ച് 2014 തെരെഞ്ഞടുപ്പിൽ ശിവമൊഗ്ഗയിൽനിന്ന് ലോക്സഭയിലെത്തി. ശിക്കാരിപുരയിലെ സിറ്റിങ് എം.എൽ.എയും മൂത്തമകനുമായ ബി.വൈ. രാഘവേന്ദ്രയാണ് യെദിയൂരപ്പയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻപിടിക്കുന്നത്.
കിങ്ങോ കിങ് മേക്കറോ?
കർണാടക രാഷ്ട്രീയത്തിലെ കിങ് മേക്കർ എന്നാണ് ജനതാദൾ സെക്കുലർ സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമിയുടെ വിശേഷണം. ആർക്കും ഭൂരിപക്ഷം കിട്ടാതിരുന്ന 2004ൽ കോൺഗ്രസുമായും 2006ൽ ബി.ജെ.പിയുമായും കൂട്ടുണ്ടാക്കി സർക്കാർ രൂപവത്കരിച്ചു. രണ്ടിനും അധികകാലം ആയുസ്സുണ്ടായില്ല. ഇതാണ് ജെ.ഡി.എസിെൻറയും കുമാരസ്വാമിയുടെയും പ്രശ്നവും. ബന്ധങ്ങൾക്കൊക്കെ അൽപായുസ്സാണ്. രാഷ്ട്രീയമല്ലേ അത്രയൊക്കെ മതിയെന്ന മട്ട്. ആരോടും അയിത്തമില്ല. തെരഞ്ഞെടുപ്പ് പ്രചാരണമാരംഭിക്കുേമ്പാൾ കോൺഗ്രസായിരുന്നു ബദ്ധശത്രു. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം സാഹചര്യം പരിഗണിച്ച് തീരുമാനമെടുക്കുമെന്നാണ് ഇപ്പോൾ കുമാരസ്വാമി പറയുന്നത്. ത്രികോണമത്സരം നടക്കുന്ന സംസ്ഥാനത്ത് ഇത്തവണ തൂക്കുമന്ത്രിസഭക്ക് കൂടുതൽ സാധ്യത കൽപിക്കപ്പെടുേമ്പാൾ മൂന്നാം പാർട്ടിയായ ജെ.ഡി.എസിൽനിന്ന് കുമാരസ്വാമി മുഖ്യമന്ത്രിപദത്തിലേറിയാലും അത്ഭുതപ്പെടാനില്ല. ഇത്തവണ താൻ കിങ്മേക്കറല്ല; കിങ് തന്നെയാണെന്നാണ് കുമാരസ്വാമിയുടെ പക്ഷം.
സിദ്ധരാമയ്യയെ പോലെ ഇരട്ട സീറ്റിലാണ് മത്സരം. പട്ടിെൻറ നാടായ രാമനഗരയും കളിപ്പാട്ട നാടായ ചന്നപട്ടണയും സമീപ മണ്ഡലങ്ങളാണ്. രണ്ടും സീറ്റിലും വിജയപ്രതീക്ഷയുണ്ട്. പാർട്ടിയുടെ വോട്ടുബാങ്കായ വൊക്കലിഗരാണ് ബഹുഭൂരിഭാഗവും. രാമനഗരയിൽ 1.33 ലക്ഷവും ചന്നപട്ടണയിൽ 90,000 ഉം വൊക്കലിഗർ. പാർട്ടി പ്രവർത്തകർക്ക് കുമാരസ്വാമി പ്രിയപ്പെട്ട കുമാരണ്ണയാണ്. ഇന്ദിര കാൻറീനിന് പകരം അപ്പാജി കാൻറീൻ. ഒാല, ഉബർ ഒാൺലൈൻ ടാക്സികളെ ചെറുക്കാൻ നമ്മ ൈടഗർ ടാക്സി തുടങ്ങിയ ബദലുകൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു കുമാരസ്വാമി. സമ്പാദ്യത്തിലും ഒട്ടും മോശമല്ല. 167 കോടിയാണ് ആസ്തി.
അപ്രതീക്ഷിത വഴിത്തിരിവുകളാണ് കുമാരസ്വാമിയുടെ രാഷ്ട്രീയജീവിതം. പിതാവ് എച്ച്.ഡി. ദേവഗൗഡ രാഷ്ട്രീയത്തിൽ തിളങ്ങിനിൽക്കുേമ്പാൾ നിർമാണവും വിതരണവുമൊക്കെയായി സിനിമ മേഖലയിലായിരുന്നു കുമാരസ്വാമി. കന്നട സൂപ്പർസ്റ്റാർ രാജ്കുമാറിെൻറ കറകളഞ്ഞ ആരാധകൻ. 1996ലാണ് രാഷ്ട്രീയ ചുവടുവെപ്പ്. കർണാടക മുഖ്യമന്ത്രിയായിരുന്ന ദേവഗൗഡ ആ വർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ദേശീയ തലത്തിലെ പരീക്ഷണ മുന്നണിയുടെ ഭാഗമായി പ്രധാനമന്ത്രി പദത്തിലേക്കെത്തി. കനകപുരയിൽനിന്ന് എം.പിയായ കുമാരസ്വാമി അടുത്ത തെരഞ്ഞെടുപ്പിൽ ആ മണ്ഡലത്തിൽത്തന്നെ തോറ്റു. ’99ൽ ശാന്തനൂരിൽനിന്ന് നിയമസഭയിലേക്കും തോറ്റ അദ്ദേഹത്തെ പിറ്റേ തെരഞ്ഞെടുപ്പിൽ രാമനഗര മണ്ഡലം രക്ഷിച്ചു. 2006ൽ നിനച്ചിരിക്കാതെ മുഖ്യമന്ത്രിയായി. പക്ഷേ, ബി.ജെ.പിയുമായുള്ള സഖ്യം തകർന്ന് പദവിയിൽനിന്ന് ഇറങ്ങി.
2006ൽ ബി.ജെ.പിയുമായി തീർത്ത സഖ്യം കുമാരസ്വാമിക്ക് പറ്റിയ അബദ്ധമാണെന്നായിരുന്നു പാർട്ടി ചീഫ് ദേവഗൗഡ അടുത്തിടെ പറഞ്ഞത്. എന്നാൽ, പിതാവിനെ സംബന്ധിച്ച് അത് തെറ്റാണെങ്കിലും തനിക്കത് തെറ്റല്ലെന്നാണ് കുമാരസ്വാമിയുടെ നിലപാട്. ●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.