ആദിവാസികളെ നശിപ്പിക്കുന്നത് ആരാണ് ?
text_fieldsപട്ടികവർഗ വകുപ്പാണ് ഇന്ന് ആദിവാസികളുടെ ജീവിതത്തിൽ ഇടപെടുന്ന സർക്കാറിന്റെ പ്രധാന ഏജൻസി. എല്ലാ പദ്ധതികളും അവരുടെ കൈകളിലൂടെയാണ് ആദിവാസി ഊരുകളിലെത്തുന്നത്. കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും ഊരുകളിൽ അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. പദ്ധതികൾ നടപ്പാക്കുന്നതിൽ പട്ടികവർഗ ഡയറക്ടറേറ്റ് വരുത്തിയ വീഴ്ചയാണ് അതിന്റെ കാരണമെന്ന് എ.ജിയുടെ അന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കേരളത്തിൽ ഏഴു മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കൽ പദ്ധതിയിൽ നടന്ന ക്രമക്കേടുകളിൽനിന്ന് അത് വായിച്ചെടുക്കാം.
അക്ഷരങ്ങൾ തട്ടിപ്പറിച്ച ഡിജിറ്റൽ ലൈബ്രറി
കുളത്തൂപ്പുഴ, ചാലക്കുടി, ഏറ്റുമാനൂർ, കാസർകോട്, കണിയാമ്പറ്റ, നിലമ്പൂർ, മൂന്നാർ എന്നിവിടങ്ങളിലെ ഏഴു മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ ലൈബ്രറികൾ ഡിജിറ്റലാക്കാനായിരുന്നു പദ്ധതി. ഇതിന് കണക്കാക്കിയ തുക 4.73 കോടി രൂപ (4,73,30,249). കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് (കെ.എസ്.ഐ.ഇ) ആണ് പദ്ധതി നടത്തിപ്പിനായി കരാർ ഏറ്റെടുത്തത്. 2019 ഡിസംബർ 12ന് വർക്ക് ഓർഡർ നൽകി. 2020 ജനുവരി 24ന് ഡയറക്ടറും കെ.എസ്.ഐ.ഇ പ്രതിനിധിയും കരാർ ഒപ്പിട്ടു. തിരുവനന്തപുരത്തെ മറ്റൊരു സ്ഥാപനമായ നെഫ് (Neuf) സൊല്യൂഷൻസിന് കെ.എസ്.ഐ.ഇ ഉപകരാർ നൽകി.
ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കുന്നതിൽ കെ.എസ്.ഐ.ഇക്ക് ഒരു മുൻപരിചയവും ഉണ്ടായിരുന്നില്ല. 2020-21 വർഷത്തിൽ നാലു ഗഡുക്കളായി മൊത്തം പദ്ധതിച്ചെലവിന്റെ 93 ശതമാനം (4,38,01,511 രൂപ) കെ.എസ്.ഐ.ഇക്ക് ലഭിച്ചു. ഡിജിറ്റലൈസേഷൻ പ്രവർത്തനം തുടങ്ങിയതോടെ ഗ്രന്ഥശാലകളുടെ സാധാരണ പ്രവർത്തനം താളംതെറ്റിയതായും പുസ്തകങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും സ്കൂൾവരാന്തയിൽ തള്ളുന്നതായും സ്കൂളുകളിൽനിന്ന് പരാതി ഉയർന്നു. ഡിജിറ്റൽ ലൈബ്രറി സജ്ജീകരിക്കുന്നതിന് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ഇൻവോയ്സുകൾ നൽകി കെ.എസ്.ഐ.ഇയും ഉപകരാറുകാരും ക്രമരഹിതമായി പണം വാങ്ങി. 2023 ഫെബ്രുവരിക്കു മുമ്പ് പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും നാളിതുവരെ ഒരു മോഡൽ റെസിഡൻഷ്യൽ സ്കൂളിലും ഡിജിറ്റൽ ലൈബ്രറി പൂർത്തിയായിട്ടില്ല. ഓർമപ്പെടുത്തലുകൾ അയച്ചതല്ലാതെ ഡയറക്ടറേറ്റിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടായില്ല.
തിരുനെല്ലി എം.ആർ.എസ് എന്ന് പൂർത്തിയാക്കും?
കേരളത്തിൽ ഏറ്റവുമധികം അവിവാഹിത ആദിവാസി അമ്മമാരുള്ള നാടാണ് വയനാട്ടിലെ തിരുനെല്ലി. 2014ലാണ് തിരുനെല്ലിയിൽ മോഡൽ റെസിഡൻഷ്യൽ സ്കൂൾ നിർമിക്കുന്നതിന് ഭരണാനുമതി നൽകിയത്. 23.18 കോടിയാണ് നിർമാണത്തിന് കണക്കാക്കിയത്. 2016 ജനുവരി 21ന് സാങ്കേതിക അനുമതിയായി. കിറ്റ്കോ ടെൻഡർ ചെയ്ത പ്രവൃത്തി 19.18 കോടി രൂപക്ക് കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിനും വയനാട് മീനങ്ങാടി ടി.ടി. സണ്ണിക്കും സംയുക്തമായി നൽകി. 2016 മേയ് 27ന് 18 മാസംകൊണ്ട് പൂർത്തീകരിക്കണം എന്നായിരുന്നു വ്യവസ്ഥ. ഓഡിറ്റിന് ഹാജരാക്കിയ രേഖകൾപ്രകാരം, ജോലിയുടെ ഇപ്പോഴത്തെ ഭൗതിക പുരോഗതി ഏകദേശം 43 ശതമാനം മാത്രം.
2014ൽ കെട്ടിടം നിർമിക്കാൻ ഭരണാനുമതി ലഭിച്ചെങ്കിലും ഒമ്പതു വർഷം പിന്നിട്ടിട്ടും നിർമാണം പൂർത്തിയാക്കിയില്ല. പദ്ധതി പൂർത്തീകരിക്കുന്നതിലെ ക്രമാതീതമായ കാലതാമസം ചെലവ് വർധനയിലേക്ക് നയിച്ചു. ആദിവാസികൾക്ക് അഞ്ചു വർഷം ഇന്നും ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടില്ല.
ആദിവാസികളെ മോഹിപ്പിച്ച ഗോത്ര വാത്സല്യ നിധി
പട്ടികവർഗ പെണ്കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് മുൻ മന്ത്രി എ.കെ. ബാലൻ മുന്നോട്ടുവെച്ച സ്വപ്ന പദ്ധതിയായിരുന്നു ഗോത്ര വാത്സല്യ നിധി. പട്ടികവർഗ വകുപ്പും എല്.ഐ.സിയും സംയുക്തമായാണ് ഈ പദ്ധതി തുടങ്ങിയത്. ദാരിദ്ര്യരേഖക്കു താഴെയുള്ള ആദിവാസി കുടുംബത്തിൽ 2017 ഏപ്രിൽ ഒന്നിനോ അതിനുശേഷമോ ജനിച്ച പെൺകുട്ടികൾ പദ്ധതിയിൽ അംഗമാണ്. 2017 ഫെബ്രുവരി രണ്ടിന് എസ്.സി-എസ്.ടി വകുപ്പ് ഉത്തരവിറക്കി. ജനനസർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ സർക്കാർ കുട്ടിയുടെ പേരിൽ 39,000 രൂപയും പിന്നീട് അഞ്ച്, 10, 15 വയസ്സിൽ, 36,000, 33,000, 30,000 എന്നിങ്ങനെ തവണകളായി എൽ.ഐ.സി വഴി നിക്ഷേപിക്കും.
കുട്ടിക്ക് രണ്ടു വയസ്സ് പൂർത്തിയാകുമ്പോൾ മാതാപിതാക്കൾക്ക് 2000 രൂപ ലഭിക്കും. പിന്നീട് അഞ്ച്, 10, 15 വയസ്സ് തികയുമ്പോൾ 3000, 5000, 10,000 എന്നിങ്ങനെ തുക എൽ.ഐ.സി വഴി നൽകും. 18 വയസ്സാകുമ്പോൾ, ബാക്കി തുക പലിശസഹിതം ഗുണഭോക്താവിന് ലഭിക്കുമെന്നായിരുന്നു പദ്ധതി. പെൺകുട്ടിക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനൊപ്പം ബാലവേലയും ശൈശവവിവാഹവും നിരുത്സാഹപ്പെടുത്തലും പദ്ധതിയുടെ ലക്ഷ്യമായിരുന്നു. എന്നാൽ, പദ്ധതി തങ്ങൾക്ക് പ്രയോജനകരമല്ലെന്നു കണ്ട് അത് തുടരേണ്ടതില്ലെന്ന് അടുത്ത വർഷം എൽ.ഐ.സി തീരുമാനിച്ചു. ധാരണപത്രം അനുസരിച്ച്, എൽ.ഐ.സിക്ക് മൂന്നു മാസത്തെ നോട്ടീസ് നൽകി കരാർ അവസാനിപ്പിക്കാനുള്ള അവകാശം നോഡൽ ഏജൻസിയിൽ നിക്ഷിപ്തമാണ്. കരാർ അവസാനിക്കുന്ന സാഹചര്യത്തിൽ, എൽ.ഐ.സിയിൽ ശേഷിക്കുന്ന പൂൾ ചെയ്ത അക്കൗണ്ടിൽനിന്ന് റിലീസ് ചെയ്ത തുക പലിശസഹിതം പട്ടികവർഗ വികസന ഡയറക്ടറേറ്റിലേക്ക് തിരികെ നൽകണം.
എസ്.സി-എസ്.ടി വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ 2022 ഫെബ്രുവരി അഞ്ചിന് ചേർന്ന യോഗത്തിൽ തുക തിരികെ നൽകാൻ എൽ.ഐ.സി സന്നദ്ധത അറിയിച്ചെങ്കിലും അത് യഥാസമയം ഈടാക്കുന്നതിൽ വകുപ്പ് പരാജയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.