ആരാണ് യഥാർഥ ഗദ്ദാർ?
text_fieldsഇന്നോളമില്ലാത്തവിധം ‘ഗദ്ദാർ’ എന്ന വാക്ക് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ആധിപത്യം നേടിയിരിക്കുകയാണ്. ശിവസേനയിലെ പിളർപ്പിനും ഭരണ അട്ടിമറിക്കും പിന്നാലെ വിമതർക്കെതിരെ ഉദ്ധവ് താക്കറെയാണ് ‘ഗദ്ദാർ’ എന്ന വാക്ക് ആദ്യം പ്രയോഗിച്ചത്. പിന്നിൽ നിന്ന് കുത്തിയവൻ, വഞ്ചകൻ, രാജ്യദ്രോഹി എന്നീ അർഥങ്ങളിലാണ് ഈ വിളികൾ, പച്ചമലയാളത്തിൽ പറഞ്ഞാൽ കുലംകുത്തി.
ഏക്നാഥ് ഷിൻഡെ പക്ഷത്തിനും ബി.ജെ.പിക്കുമെതിരായ ഉദ്ധവിന്റെ ‘ഗദ്ദാർ’ വിളി ജനമനസ്സുകളിൽ ആഴത്തിൽ തട്ടിയിട്ടുണ്ട്. 56 ശിവസേന എം.എൽ.എമാരിൽ 39 പേരും 18 എം.പിമാരിൽ 13 പേരും അടക്കം അറുപതോളം മുതിർന്ന നേതാക്കൾ ഷിൻഡെക്കൊപ്പം പോയെങ്കിലും അണികളും പാർട്ടി അടിത്തറയും ഉദ്ധവിനൊപ്പമാണെന്നാണ് വിലയിരുത്തൽ. മുംബൈ നഗരത്തിലെ മറാത്തികളിൽ ഒരു ചലനവും ഷിൻഡെയുടെ പിളർപ്പിന് ഉണ്ടാക്കാനായിട്ടില്ല.
കിട്ടുന്ന അവസരങ്ങളിലെല്ലാം ഉദ്ധവും സഞ്ജയ് റാവുത്തും മറ്റ് ഉദ്ധവ് പക്ഷ നേതാക്കളും ഷിൻഡെ സംഘത്തെ ‘ഗദ്ദാർ’ എന്നു വിളിച്ചുകൊണ്ടേയിരിക്കുന്നു. ശിവസേന പിളർപ്പും ഭരണ അട്ടിമറിയും നടന്ന ജൂൺ 20 ‘ലോക വഞ്ചന ദിന’മായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് കത്തെഴുതുക വരെ ചെയ്തു സഞ്ജയ് റാവുത്ത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉദ്ധവ് പക്ഷവും ശരദ് പവാറിന്റെ എൻ.സി.പിയും ‘വഞ്ചന ദിനമായി’ ആചരിക്കുകയുംചെയ്തു. ഇതൊന്നും ചില്ലറ പ്രയാസങ്ങളല്ല ഷിൻഡെക്കും ബി.ജെ.പിക്കുമുണ്ടാക്കുന്നത്.
ബി.ജെ.പിയുടെ പ്രേരണയിലാണ് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ 39 ശിവസേന എം.എൽ.എമാരും ഉദ്ധവ് താക്കറെ സർക്കാറിനെ (എം.വി.എ) പിന്തുണച്ച 10 സ്വതന്ത്രരും കാലുമാറിയതെന്നും ഓരോരുത്തർക്കും ബി.ജെ.പി 50 കോടി രൂപ വീതം നൽകിയതായാണ് അറിയുന്നതെന്നും വിമത നീക്കത്തിന്റെ വിജയത്തിന് ബി.ജെ.പി അധികാര ദുർവിനിയോഗം നടത്തിയെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന് അയച്ച കത്തിൽ റാവുത്ത് ആരോപിച്ചിരുന്നു.
കത്തിന് പിന്നാലെ അതിന് മറുപടിയെന്നോണം ബി.ജെ.പി എം.എൽ.എ നിതേഷ് റാണെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിനെ ടാഗ്ചെയ്തുകൊണ്ടൊരു ട്വീറ്റ്ചെയ്തു. ജൂലൈ 27 ‘വഞ്ചന ദിനമായി’ പ്രഖ്യാപിക്കണമെന്നാണ് നിതേഷിന്റെ ആവശ്യം. അന്നാണ് ഉദ്ധവ് താക്കറെയുടെ ജന്മദിനം. ഉദ്ധവിന്റെ പേരെടുത്ത് പറയാതെയാണ് ട്വീറ്റെങ്കിലും കാര്യം വ്യക്തം. താൻ കണ്ട ഏറ്റവും വലിയ വഞ്ചകൻ ജനിച്ചത് അന്നാണെന്നാണ് നിതേഷ് ട്വീറ്റിൽ പറഞ്ഞത്.
ഉദ്ധവിന്റെ പ്രഖ്യാപിത ശത്രു കേന്ദ്രമന്ത്രി നാരായൺ റാണെയുടെ മകനാണ് നിതേഷ്. ഉദ്ധവിന്റെ കൊടിയ ശത്രു എന്നത് മാത്രമാണ് റാണെമാർക്ക് ബി.ജെ.പിയിലുള്ള പ്രസക്തി. ഉദ്ധവ് താക്കറെയെ അച്ഛൻ ബാൽ താക്കറെ ശിവസേന വർക്കിങ് പ്രസിഡന്റാക്കിയതിനു പിന്നാലെ ആദ്യം പാർട്ടിവിട്ട ആളാണ് നാരായൺ റാണെ.
അസ്സൽ ‘ഗദ്ദാർ’ ഉദ്ധവാണെന്നാണ് ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് പറയുന്നത്. 2019 ലെ തെരഞ്ഞെടുപ്പിൽ ഒപ്പംനിന്ന് മത്സരിച്ചിട്ട് മുഖ്യമന്ത്രി പദത്തിനുവേണ്ടി ബി.ജെ.പിയെ പിന്നിൽ നിന്ന് കുത്തുകയായിരുന്നു ഉദ്ധവെന്ന് ഫഡ്നാവിസ് പറയുന്നു.
ആ വഞ്ചനക്ക് പ്രതികാരമായാണ് ശിവസേനയിലെ പിളർപ്പെന്ന് മറാത്തി ചാനൽ അഭിമുഖത്തിൽ ഒരിക്കൽ ഫഡ്നാവിസ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. രണ്ടര വർഷംവീതം മുഖ്യമന്ത്രി പദം പങ്കുവെക്കാമെന്നു പറഞ്ഞ് ഒപ്പംകൂട്ടി തെരഞ്ഞടുപ്പു ഫലം അനുകൂലമായതോടെ കാലുമാറിയ ബി.ജെ.പിയാണ് ‘ഗദ്ദാറെ’ന്ന് ഉദ്ധവ് തിരിച്ചടിക്കുന്നു.
ബാൽ താക്കറെയുടെ ഹിന്ദുത്വ നയത്തിൽനിന്ന് വഴിമാറി എൻ.സി.പിക്കും കോൺഗ്രസിനുമൊപ്പംപോയ ഉദ്ധവാണ് യഥാർഥ ‘ഗദ്ദാറെ’ന്ന് ഏക്നാഥ് ഷിൻഡെയും പറയുന്നു. ചുരുക്കത്തിൽ, പരസ്പരം മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ വലിയ ഒരു വിഭാഗം നേതാക്കൾ തമ്മിൽ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നത് ഈ വാക്കാണിപ്പോൾ. എന്നാൽ, മുഴങ്ങി നിൽക്കുന്ന ഗദ്ദാർ വിളി ഉദ്ധവിന്റേതാണ്.
ശിവസേനയിലെ പിളർപ്പ് നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും കാര്യമായ സംഘടന നീക്കങ്ങൾ ഉദ്ധവ് പക്ഷത്തും ഷിൻഡെ പക്ഷത്തും നടന്നിട്ടില്ല. ജനങ്ങളുടെ സഹതാപം അനുകൂലമെങ്കിലും സംഘടനാതലത്തിൽ കാര്യമായ നീക്കുപോക്കുകൾ ഉദ്ധവിനും അനിവാര്യമാണ്. കാലുമാറിപ്പോയവർക്ക് പകരക്കാരെ കണ്ടെത്തലാണ് പ്രധാനം. സ്വന്തം തട്ടകമായ താണെ, കല്യാൺ മേഖലകളിലല്ലാതെ ഷിൻഡെക്ക് ഒരു ചലനവുമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
സ്വന്തം തട്ടകത്തിലല്ലാതെ ആൾക്കൂട്ടത്തെ ആകർഷിക്കാനുള്ള ശേഷിയും പ്രതിച്ഛായയും അദ്ദേഹത്തിനോ ഒപ്പമുള്ള നേതാക്കൾക്കോ ഇല്ല. വരുന്ന ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി തങ്ങളെ അർഹിക്കുംവിധം പരിഗണിക്കുമോ എന്ന ആശയക്കുഴപ്പവും ഷിൻഡെ വിഭാഗത്തെ കുഴക്കുന്നു. മാത്രമല്ല, വിമതനീക്കത്തിൽ ഒപ്പം പോന്നവർ തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ ബി.ജെ.പിയിലേക്ക് കാലുമാറാനുള്ള സാധ്യതയും വളരെയേറെയാണ്.
ഉദ്ധവ് പക്ഷ ശിവസേന, എൻ.സി.പി, കോൺഗ്രസ് (എം.വി.എ) കൂട്ടുകെട്ടാണ് ബി.ജെ.പി-ഷിൻഡെ സഖ്യത്തിനു മുന്നിലെ പ്രധാന വെല്ലുവിളി. ഹിന്ദുത്വയെ മാറ്റിനിർവചിച്ച് ഉദ്ധവ് ന്യൂനപക്ഷങ്ങൾക്കിടയിലും സ്വീകാരനായി മാറി. ഭരണഘടന ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ പേരമകൻ പ്രകാശ് അംബേദ്കർ നയിക്കുന്ന വഞ്ചിത് ബഹുജൻ അഗാഡിയുമായിപ്പോലും ഉദ്ധവ് ധാരണയിലാണ്.
ഈ ഘട്ടത്തിൽ ലവ്ജിഹാദ്, ഭൂമിജിഹാദ് കഥകൾ ചമച്ച് വോട്ട് ധ്രുവീകരണത്തിലൂടെ നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഹിന്ദുത്വ സംഘടനകൾ. ഇപ്പോൾ ഔറംഗസീബാണ് വില്ലൻ. പെട്ടെന്ന് ഔറംഗസീബിന്റെ ചിത്രങ്ങൾ വാട്സ്ആപ്പുകളിൽ സ്റ്റാറ്റസായി പ്രത്യക്ഷപ്പെടുകയും അതിനെതിരെ പരാതിയുമായി ഹിന്ദുത്വ സംഘടനങ്ങൾ രംഗത്തുവരുകയും അത് സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു.
കോലാപുരിൽ സംഘർഷമുണ്ടായി. ഔറംഗസീബിന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് ഒരു ഡസനിലേറെ പേരെ അറസ്റ്റ് ചെയ്തു. പൊടുന്നനെ ‘ഔറംഗസീബിന്റെ ഔലാദുകൾ’ പിറന്നുവീണിരിക്കുന്നുവെന്നാണ് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചത്. മറാത്ത മണ്ണിൽ ഔറംഗസീബിനെ വാഴ്ത്തുന്നവരോട് പൊറുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഔറംഗസീബും ഈ നാടുഭരിച്ച ഭരണാധികാരിയാണെന്നു പറഞ്ഞ് പ്രകാശ് അംബേദ്കർ ഔറംഗാബാദിലെ ശവകുടീരത്തിൽ ചെന്ന് പുഷ്പങ്ങളർപ്പിച്ചു. വെറുപ്പ് പ്രചരിപ്പിക്കുന്നതിനു പകരം ചരിത്രം പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പ്രകാശ് അംബേദ്കർ ഔറംഗസീബിന്റെ ശവകുടീരം സന്ദർശിച്ചതിന് ഉദ്ധവ് താക്കറെ മറുപടി പറയണമെന്നാണ് ഫഡ്നാവിസ് പറഞ്ഞത്.
പ്രകാശ് അംബേദ്കറോട് ഒരു സംവാദത്തിന് സംഘ്പരിവാർ തയാറല്ല, പകരം വർഗീയ വികാരമിളക്കി നാലു വോട്ടുതരപ്പെടുത്താനുള്ള തിരക്കാണവർക്ക്. തന്റെ ട്വിറ്റർ പ്രഫൈൽ ചിത്രമാക്കി ഔറംഗസീബിന്റെ ചിത്രം പ്രദർശിപ്പിച്ച് മഹാത്മ ഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധിയും ഹിന്ദുത്വരെ വെല്ലുവിളിച്ചു.
നഗരസഭ, ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നൊന്നായി അടുത്തെത്തി നിൽക്കുകയാണ്. നഗരസഭ തെരഞ്ഞെടുപ്പ് അകാരണമായി നീണ്ടുപോവുകയാണ്. ഷിൻഡെ-ബി.ജെ.പി സഖ്യത്തിന്റെ ആത്മവിശ്വാസക്കുറവാണ് നഗരസഭ തെരഞ്ഞെടുപ്പ് നീളുന്നതിനു പിന്നിലെന്നാണ് പറയപ്പെടുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലേ അറിയൂ, ആരുടെ ഗദ്ദാർ വിളിയെയാണ് ജനം ശരിവെച്ചതെന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.