സിറിയൻ നാടകം ആരുടെ തിരക്കഥ?
text_fieldsപണമായും ആയുധസാമഗ്രികളായും യുക്രെയ്ന് സഹായങ്ങൾ നൽകുന്നത് ട്രംപിന്റെ ഭാഷയിൽ പറഞ്ഞാൽ മോശം കാര്യത്തിനായി നല്ല പണം എറിഞ്ഞുകൊടുക്കുന്നതിന് തുല്യമാണ്. അദ്ദേഹം നിശ്ശബ്ദത പുലർത്തുന്നതിന്റെ കാരണവും ലളിതമാണ്: പുടിനുമായി മാന്യമായ ചർച്ച നടത്താൻ ട്രംപ് ആഗ്രഹിക്കുന്നു
“അസദ് രാജ്യം വിട്ടുപോയിരിക്കുന്നു. സംരക്ഷകനായ റഷ്യക്ക് ഇനി അയാളെ സംരക്ഷിക്കാൻ താൽപര്യമില്ല’’ -സിറിയൻ സംഭവവികാസങ്ങളെക്കുറിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിരീക്ഷണം ഇതാണ്. യുക്രെയ്നിൽ ഗതികെട്ട് പൊരുതിക്കൊണ്ടിരിക്കുന്ന പ്രസിഡന്റ് വോളോദിമിർ സെലെൻസ്കിയുടെ കാതുകളിൽ ഈ വാക്കുകൾ എങ്ങനെയാവും പ്രതിധ്വനിക്കുക -റഷ്യക്ക് അസദിനെ കൈയൊഴിയാമെന്നുണ്ടെങ്കിൽ ട്രംപ് ഈ ഭാരം ഇനിയും ചുമക്കാൻ മുതിരുമോ?
അതേസമയം, “അസദിന്റെ പതനത്തോടെ ഇറാൻ കേന്ദ്രമാക്കിയുള്ള ‘ശിയാ’ അച്ചുതണ്ടിന്റെ ഏറ്റവും പ്രധാന ഭാഗത്തെ മറിച്ചിട്ടിരിക്കുന്നു’’വെന്ന് ഹിസ്ബുല്ലയോടും ഹമാസിനോടും പോരാടുന്ന ഇസ്രായേൽ ബിന്യമിൻ നെതന്യാഹു ആഹ്ലാദം പൂണ്ടു. അസദിനോട് വിടപറയുന്നതിൽ ഇറാൻ മര്യാദ കാണിച്ചില്ലെങ്കിൽ ഇസ്രായേൽ പ്രധാനമന്ത്രിയുടെ ആഹ്ലാദം സത്യമാകും. സ്വതവേയുള്ള സൂക്ഷ്മതയോടെ, ഇറാൻ അസദിനെയും സിറിയയെയും വേർതിരിച്ചു കണ്ടു.
പ്രധാന വിമത നേതാവായ അബൂ മുഹമ്മദ് അൽജൂലാനിയുടെ പ്രസ്താവന സമന്വയ ഭാഷയിലാണ്. ‘‘സിറിയ എല്ലാ സുന്നികൾക്കും അലവികൾക്കും ക്രൈസ്തവർക്കും ഡ്രൂസുകൾക്കുമുള്ളതാണ്’’ എന്ന അദ്ദേഹത്തിന്റെ പല്ലവിക്ക് ഏറെ സ്വീകാര്യതയും ലഭിച്ചു.
അസദിന്റെ പതനം ഭൂമികുലുക്ക വാർത്തപോലെ വിന്യസിക്കപ്പെട്ടതോടെ, വിരോധാഭാസമെന്നു പറയട്ടെ, ലോകത്തെ ആവേശത്തിൽ നിർത്തിയ രണ്ട് യുദ്ധങ്ങളുടെ ആദ്യ പേജിൽനിന്ന് പെട്ടെന്ന് അപ്രത്യക്ഷമായി. ആണവായുധ കൈമാറ്റത്തിലേക്ക് നീങ്ങുന്ന ഒരു യുദ്ധം വായു തരംഗങ്ങളിൽനിന്ന് പൊടുന്നനെ നീക്കംചെയ്യേണ്ടിവന്നത് എന്തുകൊണ്ടാണ്? പടിഞ്ഞാറൻ ശക്തികളുടെ തോൽവിയാണോ അതിനു കാരണം?
അനുകൂലമല്ലാത്ത യുദ്ധങ്ങളിൽനിന്ന് പാശ്ചാത്യർക്ക് ലഭിച്ച സ്വാഗതാർഹമായ വഴിത്തിരിവ് മാത്രമല്ല സിറിയൻ സംഭവവികാസങ്ങൾ. അസദിന്റെ പതനം അറബ് വസന്തത്തിന്റെ ന്യായീകരണമായി മാറാനുള്ള സാധ്യതയുമുണ്ട്. ‘‘അസദേ വഴി മാറുക’’യെന്ന് യു.എസ് ആഭ്യന്തര സെക്രട്ടറിയായിരുന്ന ഹിലരി ക്ലിന്റൻ ആവശ്യപ്പെട്ടിരുന്നതാണ്. 2011ലെ സാഹചര്യങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നെങ്കിലും, താൻ പറഞ്ഞത് ശരിയായിരുന്നുവെന്ന് അവർക്കിപ്പോൾ അവകാശപ്പെടാം.
മുഖ്യധാരക്ക് പുറത്തുള്ള മാധ്യമ വിദഗ്ധർക്കിടയിൽ ശക്തമായി ഉയരുന്ന അഭിപ്രായം ഇതാണ്: യുക്രെയ്നിലെ വ്യക്തമായ തോൽവി അംഗീകരിക്കാതിരിക്കാനാണ് പാശ്ചാത്യ ശ്രമം. മാത്രമല്ല, എല്ലാത്തിനും ഒരു പരാജയം ഒഴിവാക്കേണ്ടതുമുണ്ട്. പണമായും ആയുധസാമഗ്രികളായും യുക്രെയ്ന് സഹായങ്ങൾ നൽകുന്നത് ട്രംപിന്റെ ഭാഷയിൽ പറഞ്ഞാൽ മോശം കാര്യത്തിനായി നല്ല പണം എറിഞ്ഞുകൊടുക്കുന്നതിന് തുല്യമാണ്. അദ്ദേഹം നിശ്ശബ്ദത പുലർത്തുന്നതിന്റെ കാരണവും ലളിതമാണ്: പുടിനുമായി മാന്യമായ ചർച്ച നടത്താൻ ട്രംപ് ആഗ്രഹിക്കുന്നു. തോറ്റു മടങ്ങാൻ അദ്ദേഹം ഉദ്ദേശിക്കുന്നില്ല. എന്നാൽ, പുടിന്റെ അടുക്കൽ ചെന്ന് വിലപേശൽ നടത്താൻ സെലൻസ്കിയെ പ്രേരിപ്പിക്കുന്നു. തരംതാഴ്ന്ന മാധ്യമങ്ങൾ ഇതിനെ അനുകൂല തലക്കെട്ടുകൾ നൽകി വിറ്റഴിച്ചുകൊള്ളും.
അസദിന്റെ പതനത്തിന്റെ വേഗത്തിന് പിന്നിലെ പല കാര്യങ്ങൾക്കും ഒരുതരം അവ്യക്തതയുണ്ട്. മോസ്കോയിൽ അഭയം ലഭിച്ച അസദിന്റെയും പത്നിയുടെയും ഏറക്കുറെ സന്തോഷകരമായ ഭാവത്തിലുള്ള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. സിറിയയിലെ റഷ്യൻ താവളങ്ങൾക്ക് വരാനിരിക്കുന്ന ഭരണകൂടം സമ്പൂർണ സംരക്ഷണം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇറാനിയൻ എംബസിക്കു നേരെ നടന്ന അതിക്രമം ഏതെങ്കിലും വിധത്തിലെ സംഘടനപരമായ പിന്തുണയില്ലാതെ ഒറ്റപ്പെട്ട സംഭവമായാണ് കണക്കാക്കപ്പെടുന്നത്.
മുഖ്യ സംവിധായകൻ ആരെന്ന് കണ്ടെത്തൽ പ്രയാസകരമാക്കുംവിധത്തിൽ ഒട്ടേറെ കൈകളുണ്ട് സിറിയൻ സംഭവവികാസങ്ങൾക്ക് പിന്നിൽ.
യുക്രെയ്നിൽ എന്നതുപോലെ സിറിയയിലും സുപ്രധാന താൽപര്യങ്ങളുണ്ടെന്നത് ആശ്ചര്യകരമായ വഴിത്തിരിവിന്റെ മുഖ്യകാരണക്കാരനായി റഷ്യയെ മാറ്റുന്നു. മേഖലയിലെ മറ്റു രണ്ട് സംഭവവികാസങ്ങളും അവരുടെ വൈദഗ്ധ്യംകൊണ്ട് അടയാളപ്പെടുത്തപ്പെട്ടതാണ്: റിയാദ്-തെഹ്റാൻ അനുരഞ്ജനവും ഹമാസ് മുതൽ ഫലസ്തീനിയൻ അതോറിറ്റി വരെയുള്ള എല്ലാ ഫലസ്തീൻ ഗ്രൂപ്പുകളുടെയും ഒരുമിച്ചുചേരലും റഷ്യ ചൈനയുമായി ചേർന്ന് ഏറെ പണിപ്പെട്ട് സാധ്യമാക്കിയതാണ്. ചരിത്രത്തിൽ മുമ്പൊരിക്കലും ചൈനയും റഷ്യയും ഇത്രകണ്ട് അടുപ്പം പുലർത്തിയിട്ടില്ല.
യുക്രെയ്ൻ മുതൽ കിഴക്കൻ മെഡിറ്ററേനിയൻ വരെ നീളുന്ന വിഷയങ്ങളിൽ വേറെയും ഒരുപാട് ധാരണകൾ ഉണ്ടായിട്ടുണ്ട്. സിറിയക്കു വേണ്ടി റഷ്യയും ഇറാനും തുർക്കിയയും തമ്മിലുണ്ടാക്കിയ അസ്താന സമാധാന പ്രക്രിയതന്നെ ഉദാഹരണം.
കരാറിലെ ഒരു നിർണായക താരം തുർക്കിയയാണ്. ചരിത്രത്തിലാദ്യമായി തത്സമയ സംപ്രേക്ഷണം നടക്കുന്ന വംശഹത്യയെ അഭിമുഖീകരിക്കുന്ന ഹമാസിന് പിന്നിലുറച്ചുനിന്നത് ഇറാൻ, ഹിസ്ബുല്ല, ഹസ്ബ് അൽ ശാബി (ഇറാഖ്), ഹൂത്തികൾ (യമൻ) എന്നിവരായിരുന്നു. എല്ലാം ശിയാ വകഭേദങ്ങൾ. സിറിയൻ വിഷയത്തിൽ തുർക്കിയക്ക് നിർണായക പങ്ക് നൽകുന്നത് ഒരു സുപ്രധാന രാജ്യത്തെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നു. ഉർദുഗാനും ഒരു ഉത്തേജനം ലഭിക്കുന്നു. ഇറാനിയൻ താൽപര്യങ്ങൾക്ക് പ്രാധാന്യമുള്ള തുർക്കിയയുമായുള്ള കരാറിന്റെ ഭാഗമാണോ അസർബൈജാൻ?
തുർക്കിയക്കും ഇറാനുമൊപ്പം റഷ്യയുടെ അത്ഭുതകരമായ കൈകളും പ്രവർത്തിച്ചതായി തോന്നുന്നു. അസദിന്റെ പതനം എന്തായാലും പശ്ചിമേഷ്യയിൽ ഇസ്രായേലിന്റെയും യുക്രെയ്നിൽ യു.എസ് -പാശ്ചാത്യ ശക്തികളുടെയും മുഖം രക്ഷിച്ചു.
വൈറ്റ്ഹൗസിന്റെ നാഥനെ കാത്തിരിക്കുന്നത്...
ഒക്ടോബറിൽ നടന്ന ദേശീയ തെരഞ്ഞെടുപ്പിലെ റഷ്യൻ അനുകൂല വിധി അംഗീകരിക്കാൻ പ്രസിഡന്റ് സലോമി സൂറബിച്വിലി വിസമ്മതിച്ചതോടെ ജോർജിയയിൽ അരാജകമായ സാഹചര്യമാണ്. വൈറ്റ് ഹൗസിലേക്ക് കാലെടുത്തുവെക്കാനിരിക്കുന്ന ട്രംപിനെ കാത്തിരിക്കുന്നത് ഇതുമാത്രമല്ല. പസഫികിലെ യു.എസിന്റെ പ്രധാന താൽപര്യം ദക്ഷിണ കൊറിയയിലെ അസംബന്ധമായ രാഷ്ട്രീയംമൂലം തരിപ്പണമായിപ്പോയിരിക്കുന്നു.
മുൻ ആഭ്യന്തര വക്താവ് വിക്ടോറിയ നൂലാൻഡിന്റെ യുക്രെയ്നിലെ തന്ത്രങ്ങളും തകർന്നു. അതുപോലെ ബംഗ്ലാദേശിൽ വികസിച്ചുകൊണ്ടിരിക്കുന്ന സ്ഫോടനാത്മക സാഹചര്യത്തിന്റെ പേരിൽ വിഡ്ഢിയായി മാറിയിരിക്കുന്നു ദക്ഷിണേഷ്യൻ ചുമതലയുള്ള അണ്ടർ സെക്രട്ടറി ഡോണൾഡ് ലു. റുമേനിയയും മൾഡോവയും പോലെ പാകിസ്താനും അഫ്ഗാനിസ്താനും പ്രക്ഷുബ്ധമാണ്.
സമയമാകും മുമ്പേ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഫ്രാൻസിൽ ഒരു സർക്കാറില്ലാതെ കാര്യങ്ങൾ മനസ്സിലാക്കുകയാണ്, അദ്ദേഹത്തിന് ഒരു ഇടതുപക്ഷ പ്രധാനമന്ത്രി ഉണ്ടാകില്ല. ജർമനിയിലാവട്ടെ ഫാഷിസം തുറിച്ചുനോക്കുകയാണ്.
തകിടംമറിഞ്ഞുകൊണ്ടിരിക്കുന്ന ലോക കേന്ദ്രങ്ങളുടെ സ്ഥലങ്ങളുടെ ഈ അപൂർണ പട്ടിക, ചുരുങ്ങിക്കൊണ്ടിരിക്കുന്ന ജി7നെയും വികസിച്ചുകൊണ്ടിരിക്കുന്ന ബ്രിക്സിനെയും സന്തുലിതമാക്കാനുള്ളതാണ്.
“അമേരിക്കയെ വീണ്ടും മഹത്തരമാക്കുക’’യെന്ന ട്രംപിന്റെ ആഹ്വാനത്തിൽ ഒഴിഞ്ഞുമാറൽ നയം അന്തർലീനമാണോ?അമേരിക്ക മുമ്പും തകർച്ച നേരിട്ടുണ്ടെങ്കിലും റൊണാൾഡ് റീഗന്റെ കീഴിൽ അവർ തിരിച്ചുകയറുകയായിരുന്നു.സോവിയറ്റ് യൂനിയൻ സ്വയം വരുത്തിവെച്ച പതനം, അമേരിക്കയെ ലോകത്തെ ഏക സൂപ്പർ പവർ എന്ന നിലയിലേക്ക് കൊണ്ടുവന്നു.
ജിമ്മി കാർട്ടറുമായി നടത്തിയ സംഭാഷണം ഓർത്തുവെക്കുന്നത് ട്രംപിന് നല്ലതായിരിക്കും. “ചൈനക്കാർ നമ്മളെക്കാൾ മുന്നിലാണ്, നമ്മളെന്താണ് ചെയ്യേണ്ടത്” എന്ന ട്രംപിന്റെ വിലാപത്തിന് കാർട്ടറുടെ മറുപടി സംക്ഷിപ്തമായിരുന്നു: “1979ൽ വിയറ്റ്നാമുമായി ഒരു ഏറ്റുമുട്ടലുണ്ടായതൊഴിച്ചാൽ, ചൈനക്കാർ ഒരിക്കലും യുദ്ധം ചെയ്തിട്ടില്ല; നമ്മളാണെങ്കിലോ, ഒരുകാലത്തും യുദ്ധം ചെയ്യുന്നത് അവസാനിപ്പിക്കുന്നുമില്ല.’’
ലോകമൊട്ടുക്കുമുള്ള 760 അമേരിക്കൻ സൈനിക താവളങ്ങളും ഒടുക്കമില്ലാത്ത യുദ്ധങ്ങളും വിശദമാക്കുന്നത് ആയുധക്കച്ചവട സംഘങ്ങൾ സദാ തിരക്കിലാണെന്നാണ്. വിയറ്റ്നാമിലും ഇറാഖിലും അഫ്ഗാനിലും യുക്രെയ്നിലുമെല്ലാമുണ്ടായ പരാജയങ്ങൾ ഇത് നിർത്തിവെക്കാൻ സൈനിക വിശകലന വിദഗ്ധരെ പ്രേരിപ്പിക്കേണ്ടതുണ്ട്.
തങ്ങളുടെ യുദ്ധലക്ഷ്യങ്ങളൊന്നും കൈവരിക്കാതെ വർഷത്തിലേറെയായി ടി.വി കാമറകൾക്കു മുന്നിൽ തത്സമയ വംശഹത്യ നടത്തിക്കൊണ്ടിരിക്കുന്ന ഒരു വർണവിവേചന ഭരണകൂടത്തിന്റെ പ്രേരണക്ക് വഴങ്ങി വിവരണാതീതമാം വിധം നിന്ദ്യമായി ഗസ്സ മുനമ്പിൽ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തി ഈയടുത്തനാളുകളിലും നിരന്തരമായി ബോംബാക്രമണം നടത്തി. ഇതിനെയൊക്കെ ട്രംപ് എങ്ങനെയാണ് അഭിമുഖീകരിക്കാൻ പോകുന്നത്?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.