തോൽക്കുമെന്നുറപ്പുള്ള തെരഞ്ഞെടുപ്പുകൾ അമിത് ഷാ മുന്നിൽനിന്ന് നയിക്കുന്നത് എന്തുകൊണ്ട്?
text_fieldsതോൽവി ഉറപ്പായൊരു യുദ്ധത്തിൽ സൈനിക ജനറൽ മുന്നിൽനിന്ന് പോര് നയിക്കുകയും അവസാനം ആയുധം വെച്ച് കീഴടങ്ങുകയും ചെയ്യുേമ്പാൾ സ്വാഭാവികമായും നാം അമ്പരക്കാതെ തരമില്ല- അയാൾ കാണിച്ചത് ധീരതയായിരുന്നോ അതല്ല മഹാവിഡ്ഢിത്തമോ? അടുത്തിടെ അമിത്ഷാ തോറ്റ തെരഞ്ഞെടുപ്പുകൾ വിശകലനം നടത്തിയാൽ, രാഷ്ട്രീയത്തിലെ പലർക്കുമുന്നിലും ഇപ്പോഴും അജയ്യനും അവരെ ഭീതിയുടെ മുനയിൽനിർത്താൻ ശേഷിയുമുള്ള ഷായെ ഇനിയും 'ചാണക്യനെ'ന്നും 'തന്ത്രങ്ങളുടെ പെരുന്തച്ചനെ'ന്നും വിളിച്ച് മഹത്ത്വം വിളമ്പുന്ന മുഖ്യധാര മാധ്യമങ്ങൾ നടത്തുന്നത് തീർച്ചയായും അന്യായം തന്നെയാകണം.
നരേന്ദ്ര മോദി സർക്കാർ അധികാരമേറി ഒരു വർഷം പൂർത്തിയാകും മുമ്പ് ദേശീയ തലസ്ഥാനത്ത് 2015ൽ മോദിയും ഷായും നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതാണ്. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ മൂന്നെണ്ണം മാത്രമായിരുന്നു നേടാനായത്. പുതുതായി ഗോദയിലിറങ്ങിയ ആം ആദ്മി പാർട്ടി 67 എണ്ണം അടിച്ചെടുത്തു. അതേ വർഷം അവസാനം ബിഹാർ തെരഞ്ഞെടുപ്പിനായി മൂന്നു മാസമാണ് പട്നയിൽ ഷാ ക്യാമ്പ് ചെയ്തത്. എന്നിട്ടും ലാലു യാദവ്- നിതീഷ് കുമാർ കൂട്ടുകെട്ടിനോട് തോറ്റു. മുമ്പ് മോദിയുടെ സഹായിയായിരുന്ന പ്രശാന്ത് കിഷോറിനെയായിരുന്നു ഇരുവരും കൂട്ടുപിടിച്ചത്.
2018ൽ കർണാടകയിൽ തെരഞ്ഞെടുപ്പിനുശേഷവും മറുവശത്ത് ഏറ്റവും ദുർബലരായ കോൺഗ്രസ് ആയിട്ടും ബി.ജെ.പിക്ക് സർക്കാർ ഉണ്ടാക്കാനായില്ല. ഷാ നോക്കിനിൽക്കെ രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളും കൈവിട്ടു- അവസാന രണ്ടും ഗുജറാത്ത് പോലെ ഒരിക്കലും ഇളക്കം തട്ടില്ലെന്ന പ്രതീതി ഉണർത്തിയവയായിരുന്നുവെന്ന് കൂടി ചേർത്തുവായിക്കണം. അതിനിടെ ഗുജറാത്തും നഷ്ടപ്പെടുമെന്ന അപകട സ്ഥിതിയും ഝാർഖണ്ഡും ഹരിയാനയും പോയതും നാം കണ്ടു. ഹരിയാനയിൽ പിന്നെ സഖ്യസർക്കാർ ഉണ്ടാക്കാനായത് മെച്ചം. തെരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ സഖ്യകക്ഷിയുമായി ചേർന്ന് ഭരണം പിടിച്ചിട്ടും മഹാരാഷ്ട്രയിൽ സർക്കാർ ഉണ്ടാക്കാനായില്ല. ഗുജറാത്തിലെ അഭിമാന പോരാട്ടത്തിൽ രാജ്യസഭ സീറ്റ് കവരാൻ അഹ്മദ് പട്ടേലുമായി പോരും നടന്നു- പക്ഷേ, തോറ്റു.
അമിത് ഷാക്ക് പക്ഷേ, ഈ തോൽവികൾ അവഗണിച്ചു തള്ളാം. കാരണം, അതിലേറെ വലിയ വിജയങ്ങളാണ് വഴിയെ എത്തിപ്പിടിച്ചത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 303 സീറ്റ് ലഭിച്ചത് അതിലൊന്ന്- അന്ന് പാർട്ടി പ്രസിഡൻറ് പദവിയിൽ ഷാ ആയിരുന്നു. ആ തെരഞ്ഞെടുപ്പ് വിജയത്തിെൻറ എല്ലാ ക്രെഡിറ്റും മോദിക്ക് കൊടുക്കാമെന്ന് വന്നാൽ പോലും സ്വാഭാവികമായി ഷായും അതിൽ ചിലതിന് അവകാശിയാണ്.
പക്ഷേ, ഒരിക്കലും വീഴ്ത്താനാവാകാത്ത ചാണക്യനെന്ന പ്രതിഛായ അമിത് ഷാ വെറുതെ കളഞ്ഞുകുളിക്കേണ്ടിയിരുന്നില്ല. 2020 ഫെബ്രുവരിയിൽ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ തെരുവുകൾ നിറഞ്ഞ് പ്രചാരണവുമായി ഷാ ഇറങ്ങിയിട്ടും അന്തിമ ഫലം വന്നപ്പോൾ 70ൽ എട്ട് സീറ്റ് മാത്രമായിരുന്നു ബി.ജെ.പിക്ക്. അടുത്തിടെയായി, ഹൈദരാബാദ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കാമ്പയിെൻറ മുൻനിരയിൽ അമിത് ഷാ നിറഞ്ഞപ്പോൾ രണ്ടിൽനിന്ന് 48 ആയി സീറ്റ് ഉയർത്താനായെങ്കിലും 150 അംഗ കൗൺസിൽ കൈവിട്ടു.
2018 ഡിസംബറിൽ ഒട്ടും ജനപ്രിയ അല്ലാത്ത വസുന്ധര രാജെയെ മുന്നിൽ നിർത്തി രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നത് വിജയ സാധ്യത നൽകുന്നില്ലെന്ന് തീർച്ചയായും ഷാ തിരിച്ചറിഞ്ഞിരിക്കണം. എന്നിട്ടും ദിവസങ്ങളോളം അവിടെ തങ്ങി കാമ്പയിെൻറ ഭാഗമായി. മോദിയും ചില റാലികൾ അവിടെ നടത്തിയിരുന്നു. പക്ഷേ, പ്രതിസന്ധി വലുതെന്ന് തിരിച്ചറിയുന്ന സംസ്ഥാനങ്ങളിൽ മോദി പൊതുവെ പരിപാടികളുടെ എണ്ണം കുറക്കും. 2018ൽ മധ്യപ്രദേശിലും ഛത്തീസ്ഗഢിലും മോദി കൂടുതലായി പരിപാടികളിൽ പങ്കെടുക്കാതിരുന്നത് ഉദാഹരണം. പശ്ചിമ ബംഗാളിലിപ്പോൾ മോദി മാത്രമാണ് എവിടെയും. അത് എവിടെവരെ എത്തുമെന്ന് കാത്തിരുന്ന് കാണണം.
വരുന്നു, മൂന്ന് തെരഞ്ഞെടുപ്പുകൾ
സാഹസങ്ങളിൽ തെൻറ പേര് മുദ്രിതമാകണം, അമിത് ഷാക്ക്. രോഗ ബാധയുടെ നീണ്ട ഇടവേള കടന്നെത്തിയിട്ടും ഹൈദരാബാദിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ അദ്ദേഹമുണ്ടായിരുന്നു.
ഇതിനു പിന്നിലെ രാഷ്ട്രീയ, ഇലക്ടറൽ യുക്തി എന്താകും?
പ്രായം തന്നെ ഒന്നാമത്. അമ്പത്താറേയുള്ളൂ അദ്ദേഹത്തിന് വയസ്സ്. നരേന്ദ്ര മോദിയെക്കാൾ 14 വയസ്സ് കുറവ്. പ്രധാനമന്ത്രി പദത്തിൽ മോദിയുടെ പിൻഗാമിയായി സ്വന്തത്തെ അമിത് ഷാ കാണുന്നുവെന്ന് വ്യക്തം. ഒരു മുനിസിപ്പൽ സീറ്റ് നേടാൻ പോലും എല്ലാം സമർപ്പിക്കുേമ്പാൾ അത് തെൻറയും പാർട്ടിയുടെയും ഭാവി മുൻനിർത്തിയുള്ള നിക്ഷേപമാണ്. ഇതുകൊണ്ടു കൂടിയാകണം- ഈ ലേഖകൻ വിശ്വസിക്കുന്നത് ശരിയെങ്കിൽ- ഉത്തർ പ്രദേശ് മുഖ്യമന്ത്രി പദത്തിൽ യോഗി ആദിത്യനാഥിന് അദ്ദേഹം പിന്തുണ നൽകിയത്. ഷായെക്കാൾ എട്ടു വയസ്സ് ചെറുപ്പമാണ് യോഗിക്ക്. 2014ൽ മുഖ്യധാരയെ കൂടുതൽ ആവേശിക്കാനായി മോദി ചെയ്തതതിന് സമാനമായി ഷാ തെൻറ പ്രതിഛായ ഒന്നുകൂടി 'മിതവാദ'മാക്കുേമ്പാൾ ഹിന്ദുത്വ മുഖംമൂടി കൂടുതൽ കരുത്തോടെ അണിയാൻ അദ്ദേഹമുണ്ടാകും. ഇതുകൊണ്ടുകൂടിയാണ് ബി.ജെ.പി ജില്ലാ പ്രസിഡൻറുമാർ' ആദിത്യനാഥിനു സമാനമായി പ്രായം 40കളിൽ നിൽക്കുന്നവരെന്ന് ഉറപ്പാക്കിയത്. ഇത് ഭാവി ലക്ഷ്യമിട്ടുള്ള നിക്ഷേപമാണ്, ചുരുങ്ങിയത് അടുത്ത 20 വർഷത്തേക്ക്. അതിെൻറ ഭാഗമാണ്, തേജസ്വി സൂര്യയെ ബി.ജെ.പിയുടെ യുവ മുഖമാക്കി ഷാ അവതരിപ്പിച്ചത്.
തെരഞ്ഞെടുപ്പ് യുക്തി അത്ര പുതിയതൊന്നുമല്ല. ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) സ്ഥാപകൻ കൻഷി റാം രൂപം നൽകിയതാണെന്ന് അറിയാത്തവർ കുറവായിരിക്കും. ബി.എസ്.പി ആദ്യ തെരഞ്ഞെടുപ്പിൽ കൊമ്പുകുലച്ചത് തോൽക്കാനും രണ്ടാമത്തേത് തോൽപിക്കാനും ത്രിതീയമായത് വിജയത്തിനും ആയിരുന്നുവെന്ന് കൻഷി റാം പറഞ്ഞിരുന്നു. അരവിന്ദ് കെജ്രിവാളും ഇത് നടപ്പാക്കണമെന്നായിരുന്നു യോഗേന്ദ്ര യാദവിെൻറ പദ്ധതി. ഒാരോ സംസ്ഥാനത്തും ഒരു കുഞ്ഞ് താരമായി നിൽക്കാൻ പക്ഷേ, കെജ്രിവാൾ ഇഷ്ടപ്പെട്ടില്ല. പഞ്ചാബിൽ കൈപൊള്ളിയ അദ്ദേഹം ഒടുവിൽ അതേ നയത്തിലേക്ക് മടങ്ങി എല്ലാ നിയമസഭ തെരഞ്ഞെടുപ്പുകളിലും മത്സരിക്കാനാണ് കോപ്പുകൂട്ടുന്നത്.
അമിത് ഷാ ഒരു തെരഞ്ഞെടുപ്പിനെ നേരിടുേമ്പാഴും അടുത്ത മൂന്നു-നാല് തെരഞ്ഞെടുപ്പുകൾ കൂടി അദ്ദേഹം കാണുന്നുണ്ട്. എല്ലാ തെരഞ്ഞെടുപ്പും ത്രിപുര പോലെയാകില്ല- അവിടെ ബി.ജെ.പി ആദ്യ ശ്രമത്തിൽ തന്നെ ജയം കൊയ്തിരുന്നു. ഒഡിഷ, പശ്ചിമ ബംഗാൾ, ബിഹാർ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവയിലൊക്കെയും എത്ര തവണ വേണ്ടിവരുമെന്ന് കാത്തിരുന്ന് കാണണം. പലതിലും ഓരോ തവണയും കൂടുതൽ ലക്ഷ്യത്തിലേക്ക് അടുക്കുന്നുണ്ട്. ചിലപ്പോൾ പതിറ്റാണ്ടുകൾ വേണ്ടിവന്നേക്കാമെങ്കിലും. മുൻനിരയിൽ അമിത് ഷാ നിറഞ്ഞുനിൽക്കുന്നത് ഒരു തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാം, ഇല്ലാതിരിക്കാം, പക്ഷേ, പാർട്ടി പ്രവർത്തകരിൽ അതുണ്ടാക്കുന്ന സ്വാധീനവും ആവേശവും വലുതാകും.
ബി.ജെ.പിയുടെ എ, ബി പ്ലസ്, ബി, സി
ഇന്ന് ഈ സിദ്ധാന്തം ബി.ജെ.പി പ്രവർത്തകരിൽ അത്രമേൽ രൂഢമായതിനാൽ ഓരോരുത്തരും പഠിച്ച അതേപടി നിങ്ങൾക്ക് ഓതിത്തരും. എ, ബി പ്ലസ്, ബി, സി എന്നിങ്ങനെയാണ് ബി.ജെ.പി സീറ്റുകൾ വിഭജിക്കുന്നത്. 2017ൽ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ഒരു ബി.ജെ.പി പ്രവർത്തകൻ എനിക്ക് പറഞ്ഞുതന്നതു പ്രകാരം 'എ' വിഭാഗത്തിലാണ് സീറ്റെങ്കിൽ പാർട്ടി അനായാസം ജയിക്കുന്നവയാകും. സി വിഭാഗത്തിലുള്ളവ വിജയ സാധ്യത തീരെ കുറഞ്ഞവയാകും- അതായത് മറ്റു പാർട്ടികളുടെ ശക്ത്രി കേന്ദ്രങ്ങൾ. ബി വിഭാഗത്തിലുള്ളിടത്ത് മികച്ച വോട്ട് ശരാശരിയുണ്ടായിട്ടും പാർട്ടി തോൽക്കുന്നു. ബി പ്ലസ് ആണെങ്കിൽ തോൽവിയുടെ ആഘാതം കുറവാകും.''സി ബി ആക്കാനും ബി ബി പ്ലസ് ആക്കാനും ബി പ്ലസ് എ ആക്കാനുമാണ് ഞങ്ങളുടെ പ്രയത്നം''. ഹൈദരാബാദ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ അമിത് ഷാ ചെയ്തതും അതാണ്. സി ആയിരുന്ന ബി.ജെ.പിയെ അവിടെ ബി ആക്കി.
തട്ടകം കാക്കൽ
2020 ഡൽഹി തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കായി അമിത് ഷാ നയിച്ചത് ഹിന്ദുത്വയിലധിഷ്ഠിതമായ കാമ്പയിനായിരുന്നു. എ.എ.പി വിജയിക്കുമെന്നറിഞ്ഞിട്ടും പാർട്ടി പ്രവർത്തകർക്ക് ആവേശമണയാതെ വോട്ടുവിഹിതം നിലനിർത്തുകയായിരുന്നു ലക്ഷ്യം. പരമ്പരാഗത ബി.ജെ.പി വോട്ടർ മറ്റൊരു പാർട്ടിക്കാണ് ഇത്തവണ വോട്ടുനൽകുന്നതെങ്കിൽ ദീർഘകാലാടിസ്ഥാനത്തിൽ പൂർണമായി ആ വോട്ട് കൈവിടാൻ സാധ്യതയേറെ. ബി.എസ്.പി ചിന്തിക്കുന്നതും സമാനമായാണ്. അതുകൊണ്ടുതന്നെയാണ്, തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യങ്ങൾക്ക് അവർ തലവെക്കാത്തത്.
രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർട്ടിയും പക്ഷേ, തോൽക്കുമെന്നുറപ്പുള്ള തെരഞ്ഞെടുപ്പുകളിൽനിന്ന് ഓടിയകലാനാണ് ശ്രമം നടത്തിയത്. സമാനമായി, പല പ്രതിപക്ഷ നേതാക്കളും തോൽക്കുമെന്ന് കാണുന്ന തെരഞ്ഞെടുപ്പിെൻറ ചിത്രത്തിലെവിടെയുമുണ്ടാകില്ല. പക്ഷേ, തോൽക്കുന്ന അങ്കങ്ങളിലും യുദ്ധമുഖത്ത് കരുത്തോടെ നിൽക്കുന്നത് എത്ര സവിശേഷമെന്ന് അമിത് ഷായിൽനിന്ന് തന്നെ അവർ പഠിക്കണം.
കടപ്പാട്: theprint.in
മൊഴിമാറ്റം: കെ.പി. മൻസൂർ അലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.