Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Farmers Protest
cancel
Homechevron_rightOpinionchevron_rightOpen Forumchevron_rightഇന്ത്യയിലെ കർഷകരെ...

ഇന്ത്യയിലെ കർഷകരെ രോഷാകുലരാക്കുന്നതെന്ത്​?

text_fields
bookmark_border

മഴയും ശൈത്യവുമായിട്ടും, പതിനായിരക്കണക്കിന്​ കർഷകരാണ്​ ആറാഴ്​ചയായി ന്യൂഡൽഹി അതിർത്തികളിൽ തമ്പടിച്ചുനിൽക്കുന്നത്​. കഴിഞ്ഞ സെപ്​റ്റംബർ അവസാനത്തിലായിരുന്നു പ്രധാനമ​ന്ത്രി ​നരേന്ദ്ര മോദിയുടെ സർക്കാർ തിരക്കിട്ട്​ ഇന്ത്യൻ പാർലമെൻറിൽ പുതിയ കാർഷിക നിയമങ്ങൾ പാസാക്കിയെടുക്കുന്നത്​. വൈകാതെ, പഞ്ചാബ്​, ഹരിയാന സംസ്​ഥാനങ്ങളിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. രാജ്യത്തി​െൻറ മൂന്നു ശതമാനമേ ഭൂപ്രദേശമുള്ളൂവെങ്കിലും മിച്ച അരിയുടെയും ഗോതമ്പി​െൻറയും 50 ശതമാനവും വിളയുന്നത്​ ഇവിടങ്ങളിലാണ്​.

പഞ്ചാബിലൊതുങ്ങിയ സമരത്തെ തുടക്കത്തിൽ കേന്ദ്രം അവഗണനയിൽ മുക്കിയതോടെ നവംബർ അവസാനം പ്രക്ഷോഭകർ ഡൽഹിയിലേക്ക്​ നീങ്ങി. ഉയർത്തിനിർത്തിയ ബാരിക്കേഡുകളും കുഴിച്ചുവെച്ച കിടങ്ങളുകളും കടന്ന്​ ട്രാക്​ടറുകളിലായിരുന്നു അവരുടെ യാത്ര. എത്തിയിടത്ത്​ താൽക്കാലിക ടൗൺഷിപ്പുകൾ തീർത്ത്​ അവിടെ അന്തിയുറങ്ങി. നിർത്തിയിട്ട ട്രാക്​ടറുകളിലും ട്രോളികളിലുമിരുന്ന്​ ഭക്ഷണം കഴിച്ചു. താൽക്കാലിക ശുചിപ്പുരകളും സജ്ജമായി. നടന്നുതളർന്ന കാലുകൾ മസ്സാജ്​ ചെയ്യാൻ പോലും ആളുകൾ റെഡി.



മാന്യമായി ഉറപ്പുനൽകാൻ സർക്കാറുകൾ സ്​ഥാപിച്ച മാർക്കറ്റിങ്​ ബോർഡുകളെ നോക്കുകുത്തിയാക്കി കർഷകരിൽനിന്ന്​ നേരിട്ട്​ വിളകൾ വാങ്ങാൻ സ്വകാര്യ വ്യാപാരികൾക്ക്​ ചട്ടം നിർണയിക്കുന്നതാണ്​ നിയമം. അധികം വരുന്ന വിളകൾ വാങ്ങി സഹായിക്കുന്ന സർക്കാർ ​മാർക്കറ്റിങ്​ ബോർഡുകളെ തകർക്കുന്നതാണ്​ ഈ നിയമങ്ങളെന്ന്​ കർഷകർ വിശ്വസിക്കുന്നു.

രാജ്യം മുഴുക്കെ പ്രചാരണ സംവിധാനങ്ങൾ ശംഖൊലി മുഴക്കിയിട്ടും ആറു വർഷത്തിനിടെ ആദ്യമായി എതിർത്തുതോൽപിക്കാനാവാത്ത പ്രതിഷേധത്തെയാണ്​ മോദി മുഖാമുഖം നിൽക്കുന്നത്​. പ്രതിഷേധക്കാർക്കു നേരെ തുടക്കത്തിൽ മുഴങ്ങിയ വാക്​ശരങ്ങൾ മയപ്പെടുത്തി എട്ടാം റൗണ്ട്​ ചർച്ചകളിലെത്തി കാര്യങ്ങൾ. എന്നിട്ടുമില്ല കാര്യമാത്ര പുരോഗതി.

15 വർഷം മുമ്പ്​ സമാന നിയമം പാസാക്കിയ ബിഹാറിലേക്കാണ്​ കർഷകർ വിരൽ ചൂണ്ടുന്നത്​. അന്നത്തെ നിയമങ്ങൾ സർക്കാർ തല മാർക്കറ്റിങ്​ സംവിധാനം സമ്പൂർണമായി തകർത്തു. 87 ശതമാനം വിൽപന കേന്ദ്രങ്ങളും അത്​ ഇല്ലാതാക്കി. മാത്രമല്ല, ഉൽപന്നങ്ങൾക്ക്​ വാഗ്​ദാനം ചെയ്യപ്പെട്ട വിലയുടെ അടുത്തെങ്ങും കർഷകർക്ക്​ ലഭിച്ചുമില്ല. 100 കിലോ ധാന്യങ്ങൾക്ക്​ 1800 രൂപയെന്ന്​ തറവില നിശ്​ചയിച്ചിട്ടും വില പകുതിയോളമായി കുറഞ്ഞ്​ 1100 രൂപക്ക്​ വിൽക്കാൻ കർഷകർ നിർബന്ധിതരായി.


ചെറുകിട സ്വകാര്യ വ്യാപാരികളെന്നത്​ മാറി വമ്പൻ കച്ചവട ഭീമന്മാർ കാര്യങ്ങൾ ഏറ്റെടുക്കുമെന്നാണ്​ കർഷകരുടെ ഭയം. അതോടെ, ഒന്ന്​ വി​ലപേശാൻ പോലും അവർക്കാവില്ലെന്ന്​ വരും. തർക്കങ്ങൾക്ക് പരിഹാരം തേടി​ കോടതി കയറുന്നതും പുതിയ നിയമങ്ങൾ വിലക്കുന്നത്​ അവരുടെ നെഞ്ചിടിപ്പേറ്റുന്നു.

മുകേഷ്​ അംബാനിയുടെ റിലയൻസ്​ ഇൻഡസ്​ട്രീസ്​, മോദിയുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന ഗൗതം അദാനിയുടെ അദാനി ഗ്രൂപ്​ എന്നീ ബഹുരാഷ്​ട്ര ഭീമന്മാർക്കെതിരെ പ്രക്ഷോഭകർ രോഷം പരസ്യമാക്കിക്കഴിഞ്ഞു. പഞ്ചാബിൽ റിലയൻസ്​ ശൃംഖലക്കു കീഴിലെ സെൽഫോൺ ടവറുകൾ തകർക്കുന്നത്​ തുടർന്നതോടെ പൊലീസ്​ സംരക്ഷണം നൽകാൻ സർക്കാർ നിർബന്ധിതമായി. കരാർ കൃഷിയിലേക്ക്​ തങ്ങളില്ലെന്ന്​ റിലയൻസ്​ തൊട്ടുപിറകെ വാർത്താകുറിപ്പിറക്കുകയും ചെയ്​തു. മാർക്കറ്റിങ്​ ബോർഡുകളെ ഉപയോഗിച്ച്​ ധാന്യങ്ങൾ ശേഖരിച്ച്​ രാജ്യത്തെ വലിയ ജനസംഖ്യക്ക്​ അന്നമൂട്ടുന്ന പോംവഴിയാണ്​ നിലവിലെ സംവിധാനമെന്നും അതാണ്​ സ്വകാര്യ വ്യവസായ ഭീമന്മാർ തകർക്കുന്നതെന്നും കർഷകർ കരുതുന്നു.



1947ൽ സ്വതന്ത്രമാകു​േമ്പാൾ ഭക്ഷ്യകമ്മി രൂക്ഷമായ രാജ്യമായിരുന്നു ഇന്ത്യ. കടുത്ത ഭക്ഷ്യക്ഷാമവും പട്ടിണിയും കടന്ന്​ 1960കളിൽ ഇന്ത്യ ഭ​േക്ഷ്യാൽപാദന രംഗത്ത്​ വലിയ പുരോഗതി കൈവരിച്ചു. ഉയർന്ന വിളവ്​ നൽകുന്ന ഹൈബ്രിഡ്​ അരി, ഗോതമ്പ്​ വിത്തുകൾ പരീക്ഷിച്ചായിരുന്നു നേട്ടം. രാസവളം വ്യാപകമായി ഉപയോഗിച്ച്​ മെഷീനുകൾ കാർഷിക വൃത്തിയെ ത്വരിതപ്പെടുത്തി.

പഞ്ചാബും ഹരിയാനയുമായിരുന്നു ഈ പുതു രീതികൾ നടപ്പാക്കാൻ ഏറ്റവും അനുയോജ്യം. കർഷകർക്കു തന്നെയായിരുന്നു അവിടങ്ങളിൽ ഭൂവുടമസ്​ഥാവകാശം. മറ്റു സംസ്​ഥാനങ്ങളിൽ പക്ഷേ, അത്​ കുറവായിരുന്നു. അവിടങ്ങളിൽ ഫ്യൂഡൽ ജന്മിമാർക്കായിരുന്നു ഭൂമിയേറെയും. പഞ്ചാബിലും ഹരിയാനയിലും സർക്കാർ മാന്യമായ വില ഉറപ്പുനൽകിയത്​ കർഷകർക്ക്​ കൈത്താങ്ങായിനിന്നു. അടുത്ത പതിറ്റാണ്ടാകു​േമ്പാഴേക്ക്​ രണ്ടു സംസ്​ഥാനങ്ങളിലും വിളവ്​ കാര്യമായി വർധിച്ചു. അരി ഇറക്കുമതിയും അതോടെ അവസാനിച്ചു. മോശം കാലാവസ്​ഥ വ്യാപക കൃഷി നാശം വരുത്തിയ ഘട്ടങ്ങളിൽ മാത്രമായിരുന്നു പിന്നെ നിർബന്ധിത ഇറക്കുമതി.


ഹരിയാനയിലും പഞ്ചാബിലും കൃഷി സമൃദ്ധമായി വിളഞ്ഞത്​ പൊതുവിതരണ സംവിധാനം സ്​ഥാപിച്ച്​ രാജ്യത്തി​െൻറ വിശപ്പു മാത്രമല്ല, പോഷണക്കുറവും നേരിടുന്നതിൽ നിർണായകമായി. കർഷകർക്ക്​ മിച്ചമായി വന്ന ധാന്യം അവർക്ക്​ മാന്യമായ വില നൽകി മാർക്കറ്റിങ്​ ബോർഡുകൾ വഴി സർക്കാർ സ്വന്തമാക്കി. തുച്​ഛ വിലക്ക്​ രാജ്യത്തുടനീളം വിതരണം ചെയ്യുകയും ചെയ്​തു. ഇരു സംസ്​ഥാനങ്ങളിലും ഭൂഗർഭ ജലം കൂടുതലായി ആവശ്യമുള്ള അരികൃഷി വ്യാപിച്ചത്​ ജല വിതാനം കൂടുതൽ താഴോട്ടാക്കുന്നതിൽ നിർണായകമായിട്ടുണ്ട്​. രാസവളങ്ങളും കീടനാശിനികളും മണ്ണിനെ വിഷമയവുമാക്കിയിട്ടുണ്ട്​. ഇതിന്​ പരിഹാരമുണ്ടാകേണ്ടത്​ വ്യവസായ ഭീമന്മാ​രിൽനിന്നല്ല, സർക്കാറിൽനിന്നാണ്​. പക്ഷേ, പുതിയ നിയമങ്ങൾ സർക്കാർ ഇ​ടപെടൽ പിന്നെയും കുറച്ച്​ എല്ലാം വ്യവസായ ഭീമൻമാരെ ഏൽപിക്കുകയാണ്​. അതാണ്​ അവരെ ഡൽഹിയിലെത്തിച്ചത്​. മോദി സർക്കാറിനെ മുനയിൽ നിർത്തുന്നതും.

സിഖുകാർ കൂടുതലായുള്ള ഇൗ സമരത്തെ അപമാനിച്ച്​ മാറ്റിനിർത്താനായിരുന്നു മോദി സർക്കാറി​െൻറ തുടക്കത്തിലെ ശ്രമം. സമരക്കാർ ഖലിസ്​ഥാനികളാണെന്ന്​ കേന്ദ്ര മന്ത്രിമാർ കുറ്റപ്പെടുത്തുന്നത്​ അതി​െൻറ ഭാഗമായിരുന്നു. മുസ്​ലിംകളെയും ക്രിസ്​ത്യാനികളെയും അരികിൽ നിർത്തി സിഖുകാരെ കൂടെകൂട്ടാനുള്ള ഹിന്ദുത്വ ദേശീയതയുടെ ശ്രമം ഒരുകാലത്തും സിഖുകാരെ തൃപ്​തിപ്പെടുത്തിയിട്ടില്ല. എന്നുമാത്രമല്ല, കാർഷിക വിഷയങ്ങളിൽ സിഖ്​ സമരങ്ങൾക്ക്​ ഒരു നൂറ്റാണ്ടി​െൻറ പഴക്കമുണ്ട്​. അതുകഴിഞ്ഞ്​ 1970കളിൽ ഇന്ദിര ഗാന്ധി കൂടുതൽ ഏകാധിപത്യ പ്രവണത പ്രകടിപ്പിച്ചപ്പോൾ എതിർപ്പുമായി രംഗത്തുണ്ടായിരുന്നവരിൽ സിഖുകാരുമുണ്ടായിരുന്നു.



നിലവിലെ പ്രതിഷേധങ്ങൾ മരിച്ചൊടുങ്ങുമെന്ന്​ മോദി സർക്കാർ കരുതുന്നുണ്ടെങ്കിൽ അത്​ സംഭവിക്കില്ലെന്നുറപ്പാണ്​. രണ്ടു മാസം മുമ്പ്​ ഗോതമ്പ്​ വിത്തിടൽ കഴിഞ്ഞതിനാൽ സമരക്കാർ താരതമ്യേന ​സ്വതന്ത്രരാണ്​. മാർച്ച്​ കഴിഞ്ഞും അവർക്ക്​ സമരം തുടരാം. മാത്രവുമല്ല, ഡൽഹിയിലെത്തിയും അവർക്ക്​ അന്നം നൽകാൻ ഭക്ഷ്യ വിതരണ ശൃംഖലയും സജ്ജം​.

സുപ്രീം കോടതിയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്​. വിഷയം സർക്കാറുമായും കർഷകരുമായും ചർ​ച്ച ചെയ്​ത്​ നിർദേശം സമർപ്പിക്കാൻ ഒരു സമിതിയെ വെച്ചിട്ടുണ്ട്​. പക്ഷേ, ഇൗ പ്രക്രിയയുടെ ഭാഗമാകില്ലെന്ന്​ കർഷകർ കട്ടായം പറഞ്ഞുകഴിഞ്ഞു. ഇനി ഉത്തരവാദിത്വം മോദിയുടെ തലയിലാണ്​. ഒരിക്കലും മുഖം നഷ്​ടപ്പെടാതെ മുന്നോട്ടുപോകാനുള്ള ശേഷി എത്രത്തോളം ഈ വിഷയത്തിൽ പാലിക്കാനാകുമെന്നതാണ്​ ഇനി ലോകം ഉറ്റുനോക്കുന്നത്​.


കടപ്പാട്​: nytimes.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PunjabDelhi ChaloFarm Laws
News Summary - Why Are India’s Farmers Angry​?
Next Story