എന്തുകൊണ്ട് ‘ഭാരതം’ ?
text_fields‘We are Indians firstly and lastly’-DR. B.R. Ambedkar
ഇന്ത്യ എന്ന നമ്മുടെ രാജ്യത്തിെൻറ പേര് ഭാരതം എന്ന് മാറ്റിയെഴുതാൻ വർഗീയ ഭരണകൂട ശക്തികൾ തീരുമാനിച്ചെന്ന വാർത്ത വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേവലം അനുമാന സ്വഭാവം മാത്രമുള്ളതല്ല ഈ വാർത്ത. ജി20 ഉച്ചകോടിയിലെ അതിഥികൾക്കുള്ള ക്ഷണപത്രികയിൽ "President of Bharath " എന്ന് രേഖപ്പെടുത്തിയത് അഭ്യൂഹങ്ങളെ ബലപ്പെടുത്തുന്നു. "India that is Bharath shall be a union of states" എന്നാണ് ഭരണഘടന രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ഇന്ത്യക്കാണ് പ്രാഥമികമായ ഊന്നൽ. ഇന്ത്യയെന്നോ ഭാരതമെന്നോ ഉപയോഗിക്കാമെന്ന് സുപ്രീംകോടതി പരാമർശിക്കുകയുണ്ടായെങ്കിലും ഇന്ത്യ എന്ന പേര് സമൂലം നീക്കം ചെയ്ത് ഭാരതം എന്ന് മാത്രമാക്കി പുനർ രചിക്കാൻ കോടതി നിർദേശിക്കുകയുണ്ടായില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് പുനർനാമകരണത്തിനു പിന്നിലെ രാഷ്ട്രീയ പ്രത്യയശാസ്ത്രവും ലക്ഷ്യവും എന്താണെന്ന് അന്വേഷിക്കേണ്ടി വരുന്നത്.
ഭാരതവർഷം
വിഷ്ണുപുരാണമനുസരിച്ച് ‘സമുദ്രത്തിന് വടക്കും ഹിമാലയത്തിന് തെക്കുമായി സ്ഥിതി ചെയ്യുന്ന വർഷത്തെയാണ് ഭാരതവർഷം’ എന്ന് വിളിക്കുന്നത് (ഉത്തരം യദ് സമുദ്രസ്യ ഹിമാദ്രേശ് ചൈവ ദക്ഷിണം / വർഷം തദ് ഭാരതം നാമ ഭാരതീ യത്ര സന്തതി: ). ഈ നിർവചനപ്രകാരം ഇന്ന് ഇന്ത്യയുടെ ഭാഗമല്ലാത്ത അഫ്ഗാനിസ്താനും പാകിസ്താനുമെല്ലാം ഭാരതവർഷത്തിൽ ഉൾപ്പെടുന്നു. ഭാരതവർഷത്തിലെ ഭരതവംശം ആരംഭിക്കുന്നത് സ്വായംഭുവ മനുവിൽ (മനുസ്മൃതി രചിച്ചതും ഒരു മനുവാണ് ) നിന്നാണെന്ന് വിഷ്ണുപുരാണം സമർഥിക്കുന്നു. ഇത്തരമൊരു വംശകഥനത്തിന്റെ പ്രശ്നം എന്തെന്നാൽ, അത് ഇന്ത്യയിലെ വ്യത്യസ്ത ഗോത്രവർഗങ്ങളുടെയും ആദിവാസികളുടെയും പിന്നാക്ക ജാതി വിഭാഗങ്ങളെയും അസ്തിത്വത്തെ തന്നെ നിഷേധിക്കുന്നുവെന്നതാണ്. ഭാരതവർഷത്തിന്റെ അധികാരികളായി ഭരതവംശത്തെ സ്ഥാപിക്കുന്ന ഫ്യൂഡൽ രാജാധിപത്യ ബ്രാഹ്മണ്യ യുക്തി വൈവിധ്യത്തിലധിഷ്ഠിതമായ ഇന്ത്യൻ പാരമ്പര്യത്തെ തന്നെ നിഷേധിക്കുന്നു. ജംബുദ്വീപം എന്നുള്ള ഭാരതത്തിന്റെ മറ്റൊരു പേരും വിവാദാസ്പദമാണ്. ജംബുദ്വീപം എന്ന ദേശഭാവനയിൽ അഫ്ഗാനിസ്താൻ ഉൾപ്പെടുകയും ഇന്ത്യയിലെ ദക്ഷിണ ദേശങ്ങൾ പുറന്തള്ള പ്പെടുകയും ചെയ്യുന്നു. വിഷ്ണുപുരാണമനുസരിച്ച് ‘ഭാരതത്തിെൻറ കിഴക്ക് കിരാതരും, പടിഞ്ഞാറ് യവനരും മധ്യദേശത്ത് ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും അവരവർക്ക് വിധിച്ച വർണധർമങ്ങൾ നിർവഹിച്ച് കഴിയുന്നു.’ വിഷ്ണുപുരാണം പ്രസ്താവിക്കുന്ന മധ്യദേശത്തെ സംബന്ധിച്ച് മനുസ്മൃതിയിലെ പരാമർശങ്ങളും പഠനീയമാണ്. ഹിമവാൻ, വിന്ധ്യൻ എന്നീ പർവതങ്ങളുടെ മധ്യത്തിലും വിനശനത്തിന് കിഴക്കും പ്രയാഗക്ക് പടിഞ്ഞാറുമുള്ള സ്ഥലത്തെയാണ് മനു മധ്യദേശം എന്ന് നിർവചിക്കുന്നത് (ഹിമവദ് വിന്ധ്യയോർ മധ്യേ യത് പ്രാഗ് വിനശ നാദപി / പ്രത്യഗേവ പ്രയാഗച്ച മധ്യദേശ: പ്രകീർത്തിത : , മനു. 2.21). കൂടാതെ, കിഴക്കു പടിഞ്ഞാറൻ സമുദ്രങ്ങളുടെയും ഹിമവദ് വിന്ധ്യ പർവതങ്ങളുടെയും മധ്യത്തിലുള്ള പ്രദേശത്തെ മനു ആര്യാവർത്തം എന്നും വിളിക്കുന്നു ( ആസമുദ്രാത്തു വൈ പൂർവാദാ സമുദ്രാത്തു പശ്ചിമാത് / തയോരേവാന്തരം ഗിര്യോ രാര്യാവർത്തം വിധുർ ബുധാ: , മനു. 2. 22). അതായത്, മധ്യദേശം ആര്യാവർത്തം കൂടിയാണ് എന്ന് സാരം. ഈ മധ്യദേശം ദ്വിജാതികളുടെ ദേശമാണെന്നും മധ്യദേശത്തെ ആചാരവും ജീവിതക്രമവും ചാതുർവർണ്യ നിഷ്ഠമാണെന്നും മനു വിവരിക്കുന്നുണ്ട് (2.18,24). ചുരുക്കത്തിൽ, പ്രാചീനമായ ഭാരത രാഷ്ട്ര ഭാവന രണ്ടുതരം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു. ഒന്ന്, അത് ജാതിബദ്ധവും ചാതുർവർണ്യ നിഷ്ഠവുമായ സാമൂഹിക ക്രമത്തിലാണ് നിലീനമായിരിക്കുന്നത്. മറ്റൊന്ന്, പ്രാചീന ഭാരത ഭാവനയുടെ ദേശാതിർത്തികൾ ആധുനിക ഇന്ത്യയുടെ ദേശാതിർത്തികളുമായി വലിയ വൈരുധ്യം സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ, ഇന്ത്യ എന്ന പേര് റദ്ദ് ചെയ്തു കൊണ്ടുള്ള ഭാരതം എന്ന ഒരൊറ്റയായ രാഷ്ട്രനാമം ഇന്ത്യയുടെ മതേതര രാജ്യ സങ്കല്പത്തിന് വിരുദ്ധമായ ജാതി അസമത്വ ശ്രേണീ സാമൂഹിക വ്യവസ്ഥയെ ദൃഢമാക്കാൻ മാത്രമേ സഹായിക്കൂ. ആത്യന്തികമായി ഭരണഘടനാ ജനായത്തത്തെ തന്നെ നിർവീര്യമാക്കാനും അത് വഴിയൊരുക്കും. ഭാരത വർഷത്തെയും മനുസ്മൃതിയിലെ മധ്യദേശ സങ്കല്പങ്ങളെയും പുനരാനയിക്കുന്നതിലൂടെ ഹിന്ദുത്വ ബ്രാഹ്മണ്യർ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനാണ് ലക്ഷ്യമിടുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്.
കർമഭൂമി
ഈ നാടു മുഴുവൻ തപോഭൂമിയാണെന്നും ഭാരതം കർമഭൂമിയാണെന്നും ആർ.എസ്.എസ് താത്ത്വികാചാര്യൻ എം.എസ്. ഗോൾവാൾക്കർ വിചാരധാരയിൽ എഴുതുന്നുണ്ട്. തപസ്സ് ചെയ്ത ശംബൂകന്റെ ശിരസ്സ് വെട്ടിപ്പിളർക്കുകയും ഏകലവ്യന്റെ പെരുവിരൽ അറുത്തെടുക്കയും ചെയ്ത തപോഭൂമി സങ്കല്പം ബഹുജനങ്ങൾക്ക് ഭയാനകമായിരിക്കും എന്നതിൽ സംശയിക്കേണ്ടതുണ്ടോ? ഓരോരുത്തരുടെയും പാപ പുണ്യ കർമങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത ജാതി വിഭാഗങ്ങളിൽ ആളുകൾ വന്നു പിറക്കുന്നു എന്നതാണ് കർമ ജന്മ സിദ്ധാന്തം വിശദീകരിക്കുന്നത്. ഇങ്ങനെ നോക്കിയാൽ ഭാരത കർമഭൂമി സങ്കല്പം അസമത്വത്തിന്റെ വിളനിലമാണെന്ന് തിരിച്ചറിയാൻ പ്രയാസമില്ല. മാതൃഭൂമി - ജന്മഭൂമി സങ്കൽപങ്ങളാവട്ടെ ഭാരതത്തെ ഹിന്ദുക്കളുടെ മാത്രം ജന്മദേശമായി എണ്ണുന്നു. അങ്ങനെ മുസ്ലിംകളെയും ക്രൈസ്തവ ന്യൂനപക്ഷങ്ങളെയും പുറന്തള്ളുന്നു. അതേസമയം, ഹിന്ദുക്കൾ എന്നു പറഞ്ഞുകൊണ്ടുതന്നെ ദലിതരെയും മറ്റും ക്രൂരമായ ജാതിഹിംസക്ക് ഇരയാക്കുകയും ചെയ്യുന്നു. ഇങ്ങനെ വ്യത്യസ്ത പ്രതലങ്ങളിൽനിന്ന് പരിശോധിക്കുമ്പോൾ ബോധ്യപ്പെടുന്നത് ഇന്ത്യ എന്ന പേര് റദ്ദാക്കി തൽസ്ഥാനത്തേക്ക് ഭാരതം എന്ന പേര് സ്ഥാപിക്കുക എന്നത് ഇന്ത്യ എന്ന സെക്കുലർ ജനായത്ത രാഷ്ട്രം എന്ന ആശയത്തിനുമേലുള്ള സർവാധീശ പൂർണമായ കടന്നുകയറ്റമായിരിക്കും. ഭാരതവർഷം എന്ന ആശയം കൊടിയ ജാതി അസമത്വ വ്യവസ്ഥയുടെയും ഹീനമായ ബ്രാഹ്മണ്യ സാമൂഹിക ക്രമത്തിന്റെയും ഈറ്റില്ലമായിരിക്കുമ്പോൾ , ‘ഇന്ത്യ’ എന്ന പുതിയ പേരിലുള്ള ഭരണഘടന ജനായത്ത ആധുനിക രാഷ്ട്രമാണ് അന്തസ്സും ആത്മാഭിമാനവും സമത്വവും വാഗ്ദാനം ചെയ്യുന്ന നവീന പൗര സങ്കല്പം സൃഷ്ടിച്ചത്. ഇന്ത്യ എന്ന ആശയത്തിന് മുകളിൽ ഭാരതവർഷം മേൽക്കൈ നേടുന്നത് ജനായത്ത പൗര സഹജീവനത്തിനുതന്നെയാണ് ഏറ്റവും വലിയ വിഘാതമായി ഭവിക്കുക. അതുകൊണ്ടുതന്നെ, ജാതി അസമത്വ മൂല്യങ്ങൾ പേറുന്ന പേരുകളും ശക്തികളും രാജ്യത്തെ വിഴുങ്ങാതിരിക്കാൻ ഇന്ത്യയിലെ മുഴുവൻ ജനങ്ങളും ജാഗരൂകരാവേണ്ടതുണ്ട്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.