മോദിയിപ്പോഴെന്തിനാവും അബ്ബാസിനെ ഓർമിച്ചത് ?
text_fieldsകുഞ്ഞായിരിക്കെ പിതാവ് മരണപ്പെട്ടതിനെ തുടർന്ന് തന്റെ കുടുംബത്തോടൊപ്പം താമസിച്ച് പഠനം നടത്തിയ അബ്ബാസ് റംസാദയെ പൊടുന്നനെയൊരു സുപ്രഭാതത്തിൽ എന്തുകൊണ്ടാവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഓർത്തെടുത്തിട്ടുണ്ടാവുക? ഇങ്ങനെയൊരു ചോദ്യമുയർത്താൻ കാരണമുണ്ട്. മുസ്ലിംകളുമായുള്ള വ്യക്തിപരമായ ഇടപഴകലുകളെക്കുറിച്ച് സാധാരണഗതിയിൽ പരാമർശിക്കാത്തയാളാണ് മോദി. ഒരു മുസ്ലിമുമായി നടത്തിയ ഇടപെടലിനെക്കുറിച്ച് അവസാനമായി വാർത്ത വന്നത് 2011ൽ, അതും ഓർമിക്കാൻ കൊള്ളാത്തത്. പ്രധാനമന്ത്രിപദത്തിലേക്കുള്ള പ്രയാണം പ്രഖ്യാപിക്കപ്പെട്ട സദ്ഭാവന കാമ്പയിന്റെ വേദിയിൽ ഒരു മുസ്ലിം പണ്ഡിതൻ നൽകിയ തൊപ്പി തിരസ്കരിച്ചു മോദി. ഈ ചെയ്തിയെ അനുയായികൾ വാനോളം വാഴ്ത്തിയപ്പോൾ എതിരാളികൾ കർശനമായി വിമർശിച്ചു. ധ്രുവീകരണത്തിന്റെ ആൾരൂപം എന്ന പ്രതിച്ഛായ അരക്കിട്ടുറപ്പിച്ച ഈ സംഭവം മോദിയുടെ ഉയർച്ചക്ക് വലിയ തോതിൽ സഹായകമാവുകയും ചെയ്തു.
പ്രധാനമന്ത്രിയായ ശേഷം ഇടക്ക് മുസ്ലിം പ്രതിനിധികളുമായി പരസ്യപ്പെടുത്തിയ ചില സ്വകാര്യ ചടങ്ങുകൾ നടത്തുകയും ഉറൂസ് കാലങ്ങളിൽ ഒന്നോ രണ്ടോ ദർഗകളിലേക്ക് ചാദർ വിരിപ്പുകൾ കൊടുത്തയക്കുകയും ചെയ്യാറുണ്ട്. 2017 സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിച്ച അന്നത്തെ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയെ അഹ്മദാബാദിലെ സിദി സയ്യദ് മസ്ജിദിലേക്ക് അനുഗമിച്ചു. ഗുജറാത്തിന്റെ ബഹുസ്വര സംസ്കാരത്തിന്റെ ചരിത്രശേഷിപ്പായ ആ വാസ്തുകലാ വിസ്മയത്തിലേക്ക് മോദി നടത്തിയ ആദ്യ സന്ദർശനമായിരുന്നു അത്.
ആബെക്കൊപ്പം സിദി മസ്ജിദിൽ പോയതും ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും മാസം മുമ്പായിരുന്നു. ഇപ്പോൾ അബ്ബാസിനെപ്പറ്റി ഓർമകൾ പങ്കിടുന്നതും സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾമാത്രം ശേഷിക്കേ- ഇത് വെറും യാദൃച്ഛികത മാത്രമാണോ?
ഗുജറാത്ത് മുഖ്യമന്ത്രിയായ കാലം തൊട്ടേ 'സബ്കാ തത്വ'ത്തിൽ അടിയുറച്ചു നിൽക്കുന്നയാളാണ് താൻ എന്നാണ് മോദി സ്വയം അടയാളപ്പെടുത്താറ്. ലാൽകൃഷ്ണ അദ്വാനിയാണ് 'എല്ലാവർക്കും വികസനം, ആരോടുമില്ല പ്രീണനം' എന്നവകാശപ്പെടുന്ന സബ്കാ തത്വത്തിന്റെ ഉപജ്ഞാതാവ്.
അബ്ബാസിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ പരാമർശം വന്നത് ബ്ലോഗിലാണ്. മറ്റ് ഒരുപാട് സമൂഹ മാധ്യമങ്ങളും ലഭ്യമായതിനാൽ ബ്ലോഗ് ഉപയോഗിക്കുന്നത് വല്ലപ്പോഴുമാണ്. അവസാനമായി ബ്ലോഗെഴുതിയത് 2021 ഒക്ടോബറിൽ ഇന്ത്യയിലെ കോവിഡ് വാക്സിനേഷൻ നൂറുകോടി കടന്ന ഘട്ടത്തിലാണ്.
ഇപ്പോഴെഴുതിയ 'അമ്മ' എന്നു പേരിട്ട കുറിപ്പ് ശതാബ്ദിയിലേക്ക് കടക്കുന്ന തന്റെ മാതാവിനെക്കുറിച്ചാണ്. 4000 വാക്കുകളുള്ള കുറിപ്പ് അമ്മ ജീവിതത്തിൽ എതിരിട്ട കഷ്ടതകളെയും മക്കൾക്കു വേണ്ടി അവയോട് പൊരുതാൻ കാണിച്ച കരുത്തിനെയും വിശദമാക്കുന്നു. ജീവിതത്തിലെ തീരുമാനങ്ങൾക്കും തെരഞ്ഞെടുപ്പുകൾക്കും നിസ്വാർഥ സേവകനായി മാറുന്നതിനുമെല്ലാം കരുത്തുപകർന്ന വ്യക്തിത്വമായും അമ്മയെ അവതരിപ്പിക്കുന്നു.
എന്തെങ്കിലും കാണാതെ ഒരു കാര്യവും ചെയ്യില്ല മോദി. ജീവിതത്തിന്റെ വിഷമാവസ്ഥയിലൂടെ നീങ്ങുന്ന ഒരു മുസ്ലിം യുവാവിനോട് തന്റെ കുടുംബം പുലർത്തിയ അടുപ്പത്തിന്റെ തെളിവായി അബ്ബാസിനെ പരാമർശിക്കുന്നതിൽ തന്നെ പൊരുത്തക്കേടുണ്ട്.. ''മറ്റുള്ളവരുടെ സന്തോഷങ്ങളിൽ സന്തോഷം കണ്ടെത്തുന്ന'' വ്യക്തിയായി അമ്മ ഹീരാബെന്നിനെ വിശേഷിപ്പിച്ചത് സാധൂകരിക്കുന്നതിനാണ് ഈ കഥാപാത്രത്തെ ബ്ലോഗിൽ അവതരിപ്പിച്ചത്. തന്റെ സുഹൃത്തിന്റെ മകനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുകയും അദ്ദേഹത്തിന് വയ്യാതായപ്പോൾ പിന്തുണ നൽകിയ കരുതലിന്റെ രൂപമായാണ് പിതാവിനെയും ചിത്രീകരിച്ചിരിക്കുന്നത്. ഈദ് സമയത്ത് ആ കുട്ടിയുടെ പ്രിയപ്പെട്ട വിഭവങ്ങൾ ഹീരാബെൻ തയാറാക്കിയത് വിവരിക്കുകവഴി മറ്റുള്ളവരുടെ വിശ്വാസത്തോടുള്ള അവരുടെ ബഹുമാനത്തെ ചൂണ്ടിക്കാട്ടുന്നു.
ഈ വിശദാംശങ്ങളെല്ലാം നിരത്തുന്നത് താൻ വളർന്നത് ഇസ്ലാമിനോട് അകാരണവിരോധമുള്ള കുടുംബത്തിലല്ലയെന്നും ദുരിതത്തിലായ ഒരു മുസ്ലിമിനെ പരിപാലിക്കുന്നത് തന്റെ കുടുംബമൂല്യങ്ങളുടെ ഭാഗമായിരുന്നുവെന്നും സ്ഥാപിക്കാനാണ്. അബ്ബാസ് ആ കുടുംബത്തിലെത്തിയ 1973 കാലത്ത് മോദി വീടുവിട്ട് രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ ഭാഗമായി മാറിയിരുന്നു എന്നത് മറ്റൊരു കാര്യം. തന്റെ ഇളയ സഹോദരൻ പങ്കജിന്റെ സഹപാഠിയായിരുന്ന അബ്ബാസുമായി മോദി ഇടപഴകിയിരിക്കാൻ സാധ്യതയേ ഇല്ല. അക്കാര്യം പരാമർശിക്കുന്നുമില്ല. ഹീരാബെൻ ''ഞങ്ങൾ സഹോദരങ്ങൾക്ക് നൽകിയതു പോലെ'' സ്നേഹവും കരുതലും ചൊരിഞ്ഞുവെന്നാണ് മോദി കുറിച്ചിരിക്കുന്നത്.
അബ്ബാസും മോദി കുടുംബവും തമ്മിലെ ബന്ധത്തിന്റെ കാര്യമൊക്കെ 2014ന്റെ തുടക്കം മുതലേ പൊതുമണ്ഡലത്തിലുണ്ട്. ബി.ജെ.പി നേതാവായി മാറിയ മാധ്യമ പ്രവർത്തകൻ സുദേഷ് വർമ പുകഴ്ത്തലുകൾ കുത്തിനിറച്ച് എഴുതിയ ജീവചരിത്രത്തിൽ ഇക്കാര്യമുണ്ട്. അതിൽപിന്നെ എട്ടുവർഷമായി മോദി ഇതേക്കുറിച്ചെന്തെങ്കിലും പറയുകയോ എഴുതുകയോ ചെയ്തിരുന്നുമില്ല. പ്രവാചകനെക്കുറിച്ച് (സസ്പെൻഷനിലായ) ബി.ജെ.പി ദേശീയ വക്താവ് നൂപുർ ശർമയുടെ പരാർമശങ്ങളുണ്ടാക്കിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ഓർത്തെഴുതൽ.
ഏവരെയും ഉൾക്കൊള്ളുന്ന കുടുംബ പശ്ചാത്തലത്തിലാണ് മോദി വളർന്നുവന്നത് എന്ന് സ്ഥാപിച്ചെടുക്കാനാണോ പൊടുന്നനെ അബ്ബാസിനെ ചർച്ചാവിഷയമാക്കിയത് എന്ന ചോദ്യം ഉയരുക സ്വാഭാവികമാണ്. ആണെങ്കിൽതന്നെ ആരെ ബോധിപ്പിക്കാനാണിത്? രോഷാകുലരായ ഇസ്ലാമിക രാജ്യങ്ങളേയോ അതോ വായിൽ തോന്നിയത് വിളമ്പുന്ന ബി.ജെ.പിക്കാരെയോ? ഇങ്ങനെയൊരു അഭ്യാസം ബി.ജെ.പിയേയോ മോദിയേയോ സഹായിക്കുമോ?
നൂപുർ ശർമയും അവരുടെ സഹപ്രവർത്തകനും നടത്തിയ പരാമർശങ്ങളുടെ പേരിൽ കേന്ദ്രത്തെ തള്ളിപ്പറഞ്ഞ ഒരു ലോക നേതാവും ബോധപൂർവം കുത്തിപ്പൊക്കിയ ഈ കഥയുടെ പേരിൽ തങ്ങളുടെ കാഴ്ചപ്പാടിൽ മാറ്റം വരുത്തില്ല എന്നത് തീർച്ചയാണ്. അതേപോലെത്തന്നെ, കഴിഞ്ഞ എട്ടുവർഷമായി പരിശീലിച്ച് പരിചരിച്ചു പോരുന്ന വെറുപ്പിന്റെയും മുൻവിധിയുടെയും പദാവലികൾ ഒരൊറ്റ രാത്രികൊണ്ട് ബി.ജെ.പി നേതാക്കളും അണികളും ഉപേക്ഷിക്കുമെന്നും സങ്കൽപിക്കാനാവില്ല.
മുതിർന്ന ബി.ജെ.പി നേതാക്കൾ ആക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്ന സംഭവങ്ങൾ സകലർക്കും അറിയാം, അവ പൊതുസഞ്ചയത്തിൽ ധാരാളമായി ലഭ്യവുമാണ്. അബ്ബാസിന്റെ കഥ ഇന്റർനെറ്റിൽ ട്രെൻഡാവുകയും ഇപ്പോൾ ആസ്ട്രേലിയയിലുള്ള ആ മനുഷ്യന് പുളകം സൃഷ്ടിക്കുകയും ചെയ്തിരിക്കാം. മോദിയുടെ 'മൃദുവശം' പരസ്യപ്പെടുത്താനുള്ള പദ്ധതികൾക്കും ഉപകരിച്ചേക്കാം. അതിനപ്പുറം അത് മോദിക്കോ അദ്ദേഹത്തിന്റെ സർക്കാറിനോ കാര്യമായ ഗുണമൊന്നും നൽകില്ല ഈ അഭ്യാസം.
(മുതിർന്ന മാധ്യമപ്രവർത്തകനും നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ ലേഖകൻ ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.