ഭാരതീയ ന്യായ സൻഹിത ആ വകുപ്പ് മാത്രം മരവിപ്പിച്ചതെന്തുകൊണ്ട്?
text_fieldsഞെട്ടലോടെയാണ് ഈയിടെ ഓരോ ദിവസവും പത്രവും ടി.വിയും തുറക്കുന്നത്. കുഞ്ഞുങ്ങളും വയോധികരുമടക്കമുള്ളവർ റോഡുകളിൽ ഞെരിഞ്ഞു മരിച്ച വാർത്തകളും ദൃശ്യങ്ങളുമില്ലാത്ത ദിവസങ്ങൾ അപൂർവമാണ്. മനസ്സിനെ കശക്കിക്കളയുന്ന സമാനമായ വാർത്തകൾ ഒന്നാം പേജ് തലക്കെട്ടായി നിരന്തരം കാണേണ്ടിവരുന്നത്, ഇതിനൊരു അറുതി ഉണ്ടാവാത്തത് എന്തുകൊണ്ടാണ്? 164 വർഷം പിന്നിട്ട ഇന്ത്യൻ ശിക്ഷാ നിയമം പൊളിച്ചെഴുതുന്നു എന്ന അവകാശവാദത്തോടെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭാരതീയ ന്യായ...
ഞെട്ടലോടെയാണ് ഈയിടെ ഓരോ ദിവസവും പത്രവും ടി.വിയും തുറക്കുന്നത്. കുഞ്ഞുങ്ങളും വയോധികരുമടക്കമുള്ളവർ റോഡുകളിൽ ഞെരിഞ്ഞു മരിച്ച വാർത്തകളും ദൃശ്യങ്ങളുമില്ലാത്ത ദിവസങ്ങൾ അപൂർവമാണ്. മനസ്സിനെ കശക്കിക്കളയുന്ന സമാനമായ വാർത്തകൾ ഒന്നാം പേജ് തലക്കെട്ടായി നിരന്തരം കാണേണ്ടിവരുന്നത്, ഇതിനൊരു അറുതി ഉണ്ടാവാത്തത് എന്തുകൊണ്ടാണ്?
164 വർഷം പിന്നിട്ട ഇന്ത്യൻ ശിക്ഷാ നിയമം പൊളിച്ചെഴുതുന്നു എന്ന അവകാശവാദത്തോടെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭാരതീയ ന്യായ സൻഹിത (ബി.എൻ.എസ്)യിലെ 357 വകുപ്പുകളിൽ ഒന്നൊഴികെ എല്ലാ വകുപ്പുകളും 2024 ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വന്നിരുന്നു. ഒഴിവാക്കപ്പെട്ട വകുപ്പ് എന്തായിരുന്നു എന്നറിയുമോ?
അശ്രദ്ധയിൽ വാഹനമോടിച്ച് നരഹത്യയല്ലാത്ത മരണം സംഭവിക്കുകയും അപ്രകാരമുള്ള അപകടങ്ങൾ ഉടൻ പൊലീസിലോ മജിസ്ട്രേറ്റിനെയോ അറിയിക്കാതെ രക്ഷപ്പെടുകയും ചെയ്യുന്നവർക്കെതിരെ പത്തുവർഷം തടവും പിഴയും ചുമത്താവുന്ന ജാമ്യമില്ലാ കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്ന 106(2) വകുപ്പ്. ഈയിടെ അശ്രദ്ധയാൽ വാഹനമോടിച്ചുണ്ടായ അപകടത്തിൽ വാഹനം നിർത്താതെ പോയ ഒരു കേസിൽ മേൽ പറഞ്ഞ വകുപ്പനുസരിച്ച് കേസ് രജിസ്റ്റർ ചെയ്ത അസം പൊലീസിന്റെ നടപടി റദ്ദുചെയ്ത ഗുവാഹതി ഹൈകോടതി പ്രസ്തുത വകുപ്പ് പ്രാബല്യത്തിൽ വന്നിട്ടില്ലാത്തതുകൊണ്ട് അതിൻ പ്രകാരം കേസ് രജിസ്റ്റർ ചെയ്യരുതെന്ന് പൊലീസ് മേധാവിക്ക് നിർദേശം നൽകുകയുണ്ടായി.
വിവാദപരമെന്നും പൗരാവകാശങ്ങളെ ലംഘിക്കുന്നതെന്നും ആക്ഷേപം നേരിടുന്ന പല വകുപ്പുകളും രാജ്യത്തിന്റെ ഉത്തമതാൽപര്യത്തിന് എന്ന വാദത്തോടെ ധിറുതിപിടിച്ച് വാശിയോടെ നടപ്പിലാക്കിയ സർക്കാറാണ് മനുഷ്യജീവന് സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്ന ഈ വകുപ്പ് മാത്രം മരവിപ്പിച്ചു വെച്ചിരിക്കുന്നത് എന്നതാണ് വിചിത്രം.
സ്വാതന്ത്ര്യം നേടി ഏഴരപതിറ്റാണ്ടിലേറെ കഴിഞ്ഞിട്ടും വർധിച്ചുവരുന്ന വാഹനാപകടങ്ങൾ തടയാൻ രാജ്യത്ത് ആവശ്യമായ നിയമങ്ങൾ ഉണ്ടായില്ലെന്നത് മനുഷ്യജീവൻ സംരക്ഷിക്കുന്നതിൽ നാളിതുവരെ പുലർത്തിപ്പോരുന്ന അനാസ്ഥയുടെ നിദർശനമാണ്.
ബ്രിട്ടീഷ് ഭരണകാലത്ത് നടപ്പാക്കിയ 1860ലെ ഇന്ത്യൻ ശിക്ഷാനിയമ (ഐ.പി.സി) ത്തിൽ ആദ്യത്തെ പത്തുവർഷം റോഡപകടങ്ങളെ തുടർന്നുണ്ടാവുന്ന അപായ മരണങ്ങൾക്ക് ഉത്തരവാദിയാകുന്നവർക്കെതിരെ പ്രയോഗിക്കുവാൻ യാതൊരു നിയമവും ഉണ്ടായിരുന്നില്ല. 1870ലാണ് 304 എ എന്ന വകുപ്പ് പുതുതായി ഇന്ത്യൻ ശിക്ഷാ നിയമത്തിൽ എഴുതിച്ചേർത്തത്.
അതനുസരിച്ച് കുറ്റകരമായ നരഹത്യയാകാത്ത സാഹസികമോ ഉപേക്ഷാപൂർവകമോ ആയ ഏതെങ്കിലും കൃത്യം ചെയ്ത് മരണം വരുത്തിവെക്കുന്നവർക്കെതിരെ രണ്ടുവർഷംവരെ തടവോ പിഴയോ ചുമത്തുന്ന, ജാമ്യം ലഭിക്കാവുന്ന കേസെടുക്കാൻ തുടങ്ങി. മനുഷ്യജീവൻ ഹോമിക്കപ്പെടുന്ന കുറ്റത്തിന് അനുപാതികമായ ശിക്ഷയല്ല വ്യവസ്ഥ ചെയ്തിരുന്നത് എന്ന് വ്യക്തം.
ബ്രിട്ടീഷ് ഭരണകാലത്ത് വാഹന ഉടമകളിൽ ഭൂരിപക്ഷവും ബ്രിട്ടീഷുകാരും നാട്ടുരാജാക്കന്മാരും അവരുടെ ഇഷ്ടക്കാരുമായിരുന്നതിനാലാണ് ദുർബലമായ ശിക്ഷ നിശ്ചയിച്ചത് എന്നാണ് പരക്കെ പറയപ്പെട്ടിരുന്നത്. രാജ്യം സ്വാതന്ത്ര്യം നേടി പരിപൂർണ റിപ്പബ്ലിക്കാവുകയും മനുഷ്യജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും പരമപ്രധാന പരിരക്ഷ നൽകുന്ന ഭരണഘടന നിലവിൽ വന്ന് ഏഴര പതിറ്റാണ്ട് പിന്നിടുകയും ചെയ്തെങ്കിലും അശ്രദ്ധമൂലമുണ്ടാവുന്ന വാഹനാപകടങ്ങളിൽ മരണപ്പെടുന്നവരുടെ കുടുംബത്തിന്റെ കണ്ണീരൊപ്പാൻ ഫലപ്രദമായ നിയമമുണ്ടായില്ലെന്നതാണ് ഏറെ ദൗർഭാഗ്യകരം. വാഹനാപകടങ്ങളെതുടർന്ന് നിരവധിയാളുകൾ മരിക്കാനിടയാവുന്ന സംഭവങ്ങളിൽ വാഹനമോടിച്ച വ്യക്തിക്കെതിരെ പൊലീസ് നരഹത്യാകുറ്റം ചുമത്തി കേസെടുക്കുമ്പോൾ ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുത്തുവെന്ന തോന്നലുണ്ടാക്കുന്നുവെങ്കിലും ഫലം തികച്ചും വിപരീതമാണ്.
അശ്രദ്ധമൂലം വാഹനമോടിച്ച് മരണം സംഭവിക്കുന്ന കേസുകളിൽ നരഹത്യാകുറ്റം ചുമത്തി കേസെടുക്കുന്നതോടുകൂടി മരിച്ചവരുടെ ആശ്രിതർ/ കുടുംബാംഗങ്ങൾക്ക് വാഹനാപകട നഷ്ടപരിഹാരം ലഭിക്കില്ലെന്നായി. അശ്രദ്ധയാൽ വാഹനമോടിച്ചതിനെ തുടർന്നുണ്ടാവുന്ന കേസുകൾക്ക് മാത്രമേ വാഹന ഇൻഷുറൻസ് ലഭിക്കുകയുള്ളൂ. നരഹത്യാ കേസുകൾക്ക് അത് ലഭിക്കില്ല.
അശ്രദ്ധയാലുള്ള വാഹനമോടിക്കൽ, റോഡിന്റെ ശോച്യാവസ്ഥ, പഴക്കം ചെന്ന വാഹനങ്ങളുടെ ഉപയോഗം എന്നിവയാണ് വർധിച്ചുവരുന്ന വാഹനാപകടങ്ങൾക്കുള്ള മൂലകാരണമായി കണ്ടെത്തിയിട്ടുള്ളത്. അതേപോലെ നാൾക്കുനാൾ വർധിച്ചു കൊണ്ടിരിക്കുന്ന വാഹനാപകടങ്ങൾ തടയാൻ നിരവധി നിർദേശങ്ങളും വിവിധ തലങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്.
ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിറ്റിക്സ് വകുപ്പിന്റെ 2018-2022ലെ കണക്കനുസരിച്ച് ഭൂരിപക്ഷം റോഡപകടങ്ങളും നടന്നിട്ടുള്ളത് വൈകുന്നേരം മൂന്ന് മണിക്കും ആറു മണിക്കും ഇടയിലും വൈകുന്നേരം ആറു മണിക്കും രാത്രി ഒമ്പതു മണിക്കുമിടയിലുമാണ്. അതുകൊണ്ടുതന്നെ അപകടമരണത്തിൽ നിർത്താതെ രക്ഷപ്പെട്ട് അപ്രത്യക്ഷമാവുന്ന വാഹനങ്ങളുടെ എണ്ണം കൂടിവരികയാണ്
വാഹനാപടകങ്ങളെത്തുടർന്ന് മരണം സംഭവിക്കുന്ന കേസുകളിൽ അതും വാഹനം നിർത്താതെ രക്ഷപ്പെടുന്ന കേസുകളിൽ കർശന ശിക്ഷ വ്യവസ്ഥചെയ്യുന്ന നിയമം പാസാക്കിയിട്ടും നടപ്പിലാക്കാതെ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന കേന്ദ്ര സർക്കാർ നയം മാപ്പർഹിക്കാത്ത കുറ്റമായേ കാണാനൊക്കൂ. ആയത് ഉടൻ നടപ്പിലാക്കുവാൻ നിയമ രാഷ്ട്രീയരംഗത്തുള്ളവർ മുന്നോട്ടുവരണം.
(മുൻ കേരള പ്രോസിക്യൂഷൻ ഡയറക്ടർ ജനറലാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.