എന്തുകൊണ്ടാവും അവരെല്ലാം പൗരത്വം ഉപേക്ഷിച്ചുപോയത്?
text_fieldsആറു ലക്ഷം പേർ, ചെറിയ സംഖ്യയല്ല ആറു ലക്ഷം ഇന്ത്യക്കാരാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വിദേശ രാജ്യങ്ങളിലെ പൗരത്വം സ്വീകരിച്ചിരിക്കുന്നത്. ഇത് അനൗദ്യോഗികമായ ഊഹക്കണക്കല്ല, വിദേശകാര്യ മന്ത്രാലയം പാർലമെൻറിൽ വെച്ചതാണ്. ഈ കൂട്ട ഒഴിഞ്ഞുപോക്കിന് കാരണമെന്താണെന്ന് മന്ത്രാലയം പറയുന്നില്ല. എന്തുതന്നെയായാലും ഈ പ്രവണത ഗുരുതരംതന്നെ.
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ സുബ്രമണ്യൻ സ്വാമി ഉൾപ്പെടെ നിരവധി പേർ ഇതുസംബന്ധിച്ച് ചോദ്യങ്ങളുയർത്തുന്നുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന് ലഭ്യമായ കണക്കുവെച്ച് ഇത്രയധികം ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ച് വിദേശത്ത് പാർപ്പുറപ്പിക്കാൻ തീരുമാനിക്കുന്നത് ഇതാദ്യമായാണ്.
രാജ്യത്ത് ഏഴു വർഷം മുമ്പ് അധികാരമേറിയ ഭരണകൂടത്തിനു കീഴിൽ ജനാധിപത്യ-മനുഷ്യാവകാശങ്ങൾ ഉല്ലംഘിക്കപ്പെടുകയും ആഭ്യന്തര നയങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്തതുകൊണ്ടാണോ ഈ കൂടുവിട്ടുപറക്കൽ എന്ന തീരുമാനത്തിലെത്തൽ അത്ര എളുപ്പമല്ല. ഇത്തരം പ്രശ്നങ്ങൾക്കിടയിലും ഏറെ സമാധാനമുള്ള രാജ്യംതന്നെയാണ് നമ്മുടെ ഇന്ത്യ.
എന്നാൽ, ഭരണഘടനയെ വിലമതിക്കാത്ത, ഏകാധിപത്യ പ്രവണതയിലേക്ക് രാജ്യഭരണം പോകുന്നു എന്നു കരുതുന്നവർ വർധിച്ചുവരുന്നുണ്ട്. ഭരണാധികാരിയുടെ ഭ്രമകൽപനകളെല്ലാം നിയമങ്ങളായി മാറുന്ന അവസ്ഥ. അവ്വിധമാണല്ലോ ഇപ്പോൾ കർഷകരുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ പിൻവലിക്കേണ്ടിവന്ന വിവാദ കാർഷിക നിയമങ്ങളും പൗരത്വ ഭേദഗതി നിയമവുമെല്ലാം ഉണ്ടായത്, നിഷ്ഠുര മുട്ടാള നിയമങ്ങളുടെ മറവിൽ മനുഷ്യാവകാശപ്രവർത്തകരെ കൊണ്ടുപോയി ജയിലിൽ പൂട്ടിയിട്ടിരിക്കുന്നത്, വിദേശനാണയ നിയന്ത്രണ നിയമം ഭേദഗതി ചെയ്ത് സർക്കാറിതര സന്നദ്ധ സംഘടനകളെ ഫണ്ടുകൾ തടഞ്ഞ് ശ്വാസംമുട്ടിക്കുന്നത്, പ്രതിപക്ഷ പാർട്ടി നേതാക്കൾക്കും മാധ്യമങ്ങൾക്കുംനേരെ സി.ബി.ഐ, ഇ.ഡി, ആദായ നികുതി വകുപ്പ് തുടങ്ങിയ ഏജൻസികളെ അഴിച്ചുവിടുന്നത്.
കുടിയേറ്റ വിഷയത്തിൽ പ്രവർത്തിക്കുന്ന ഏജൻസികളുടെ വിലയിരുത്തലിൽ സ്വദേശത്ത് ലഭിക്കാത്ത മികച്ച ജീവിതനിലവാരത്തിെൻറയും സാമൂഹികസുരക്ഷയുടെയും ലഭ്യതയാണ് ഇന്ത്യക്കാരെ കൂടുതലായി വിദേശ രാജ്യങ്ങളിലേക്ക് ഉന്നംവെക്കാൻ പ്രേരിപ്പിക്കുന്നത്.
1,33,049 ഇന്ത്യക്കാർ 2017ലും 1,34,561, 1,44,017, 85,248, 1,11,287 പേർ വീതം തുടർവർഷങ്ങളിലും ഇന്ത്യൻ പൗരത്വം വിട്ടൊഴിഞ്ഞിരിക്കുന്നുവെന്നാണ് വിദേശകാര്യ സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ പറഞ്ഞത്. 2019ലാണ് കൂടുതൽ പേർ പോയത്, 2020ൽ എണ്ണക്കുറവ് കാണുന്നുവെങ്കിലും ആശ്വസിക്കാൻ വകയില്ല, ആ വർഷം കോവിഡ് പ്രതിസന്ധിമൂലം അന്താരാഷ്ട്ര യാത്രകൾതന്നെ ഏറക്കുറെ മുടങ്ങിയിരിക്കുകയായിരുന്നുവല്ലോ, വ്യോമഗതാഗതം ഒരൽപം മെച്ചപ്പെട്ട 2021ൽ എണ്ണത്തിൽ വീണ്ടും വർധന വന്നതും ശ്രദ്ധിക്കുക.
പൗരത്വം കൈയൊഴിയാനുള്ള അപേക്ഷകളിൽ 40 ശതമാനം വന്നത് അമേരിക്കയിൽ കുടിയേറിയ ഇന്ത്യക്കാരിൽനിന്നാണ്. 30 ശതമാനം അപേക്ഷകൾ ആസ്ട്രേലിയയിലും കാനഡയിലുംനിന്ന്. മറ്റു രാജ്യങ്ങളിൽ നിന്ന് ബാക്കി 30 ശതമാനം അപേക്ഷകളും.
മൊറീഷ്യസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ആഫ്രഏഷ്യ ബാങ്ക് നടത്തിയ ആഗോള സ്വത്ത് കൈമാറ്റ സർവേപ്രകാരം 7000 അതിസമ്പന്നർ, അഥവാ കോടീശ്വര പ്രഭുക്കൾ 2020ൽ മാത്രം ഇന്ത്യൻ പൗരത്വം വേണ്ടെന്നുവെച്ച് വിദേശത്തേക്ക് കൂടുമാറിയിട്ടുണ്ട്. ഇന്ത്യയിലെ വമ്പൻ കാശുകാരുടെ രണ്ടു ശതമാനമേ ഇതു വരൂ. ജനസംഖ്യയിലെന്നപോലെ ചൈനയാണ് ഇക്കാര്യത്തിൽ ഇന്ത്യക്കു മുന്നിലുള്ളത്, 16,000 പൂത്തപണക്കാർ ആ രാജ്യം വിട്ടുപോയപ്പോൾ 5000 റഷ്യക്കാരും ഇതേ പാത സ്വീകരിച്ചു. ഹെൻലി ആൻഡ് പാർട്ണേഴ്സിൽ ലഭ്യമായ കണക്കുപ്രകാരം നിക്ഷേപം നടത്തുന്നതിനു പകരമായി ദീർഘകാല താമസ വിസയോ പൗരത്വമോ ലഭിക്കാനുള്ള സാധ്യത അന്വേഷിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് 2020ൽ 63 ശതമാനം കണ്ട് വർധിച്ചിരിക്കുന്നു. 30 രാജ്യങ്ങളാണ് ഈ സൗകര്യം വാഗ്ദാനം ചെയ്യുന്നത്. കിട്ടാവുന്ന എല്ലാ രാജ്യങ്ങളിലും ഇന്ത്യക്കാർ സാധ്യത തേടുന്നുണ്ട്. 2019ൽ 1500ലേറെ പേരാണ് ഈ സൗകര്യത്തിെൻറ സാധ്യത തേടിയത് എന്നു വരുേമ്പാൾ എണ്ണം സാമാന്യം വലുതുതന്നെ. അവരുടെ വിവരങ്ങൾ മുഖവിലക്കെടുത്താൽ ദീർഘകാല താമസവിസ ലഭിക്കുമെങ്കിൽ നിക്ഷേപം നടത്താൻ സന്നദ്ധരായി ഇന്ത്യക്കാർ ഏറ്റവുമധികം ലക്ഷ്യമിടുന്നത് കാനഡയാണ്. ആസ്ട്രേലിയ, പോർചുഗൽ എന്നീ രാജ്യങ്ങളിലേക്കും അന്വേഷണം നീളുന്നു. നിക്ഷേപമിറക്കി പൗരത്വം നേടാൻ ശ്രമിക്കുന്നവരെ കൂടുതൽ ആകർഷിക്കുന്നത് തുർക്കിയും മാൾട്ടയുമാണ്.
ദുബൈയിലും ഹോങ്കോങ്ങിലും സിംഗപ്പൂരിലുമുള്ള പ്രവാസികൾ അവിടെ താമസം/പൗരത്വം ലഭിക്കാത്തപക്ഷം യൂറോപ്പിലേക്ക് ചേക്കേറാൻ പെട്ടിമുറുക്കുന്നുണ്ട്. എന്തായാലും ഇന്ത്യയിൽ തിരിച്ചുപോയി നിക്ഷേപം നടത്താൻ അവർക്ക് താൽപര്യമില്ലെന്ന് മാധ്യമറിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
തൊഴിലും വ്യവസായസാധ്യതകളും തേടി വിദേശ രാജ്യങ്ങളിലേക്കു പോവുകയും താമസിക്കുകയും ചെയ്യുന്നതിൽ ന്യായമുണ്ട്. പക്ഷേ, എന്തുെകാണ്ടാവും ഇത്രയേറെ സമ്പന്ന ഇന്ത്യക്കാർ ഇങ്ങനെ വേരുകൾ അറുത്തുമാറ്റിപ്പോകുന്നത്? അതും സമ്പന്നർക്കും വ്യവസായികൾക്കും ഏറ്റവും സ്വീകാര്യൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രധാനമന്ത്രി ആത്മനിർഭര ഭാരതത്തെക്കുറിച്ച് ഇത്രയേറെ പ്രസംഗിക്കുകയും ഊറ്റംകൊള്ളിക്കുകയും ചെയ്യുന്ന ഈ വേളയിൽ? സ്വത്തും സമ്പത്തുമെല്ലാം ഫലപ്രദമായി വിനിയോഗിക്കാനും ആസ്വദിക്കാനുമെല്ലാം ഇന്നാട്ടിൽ എല്ലാ അവസരങ്ങളുമുണ്ടെന്നിരിക്കെ, രാജ്യത്തിെൻറ സ്വത്തു മുഴുവൻ വിദേശങ്ങളിലേക്ക് ഒഴുകുന്നു എന്നത് ഗൗരവമായിതന്നെ നോക്കിക്കാണേണ്ട ഒരു വിഷയമാണ്. സർക്കാർ ഇതിനെ വേണ്ടത്ര പ്രാധാന്യത്തോടെ സമീപിച്ചുതുടങ്ങിയോ എന്നറിയില്ല. എന്തായാലും സാമൂഹിക ശാസ്ത്രജ്ഞരും ഗവേഷണ വിദ്യാർഥികളും മാധ്യമങ്ങളുമെല്ലാം ഇത് അടിയന്തരമായി പഠനവിധേയമാക്കുകതന്നെ വേണം.
മുതിർന്ന മാധ്യമ പ്രവർത്തകനും നിരീക്ഷകനുമായ ലേഖകൻ ഇന്ത്യാ ടുമാറോ വാർത്ത പോർട്ടൽ ചീഫ് എഡിറ്ററാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.