മോദി മണിപ്പൂരിൽ പോകാത്തതെന്തേ?
text_fieldsഇംഫാലിലെ റിട്ട. ഐ.ആർ.എസ് ഓഫിസർ ഡബ്ല്യു.എൽ. ഹാങ്ഷിങ് പറഞ്ഞത്, താഴ്വരയിൽ മെയ്തേയികൾക്കൊപ്പം ഇടകലർന്ന് ജീവിക്കുന്ന കുക്കികളുടെ ഭവനങ്ങൾ തിരഞ്ഞുപിടിച്ച് കത്തിക്കാനുള്ള സർവേ മൂന്നുവർഷം മുമ്പേ നടത്തിയെന്നാണ്. ഇംഫാലിൽ സ്മാർട്ട് സിറ്റി ഉണ്ടാക്കാനാണെന്ന് പറഞ്ഞായിരുന്നു ഈ സർവേ നടത്തിയതത്രേ
വർഗീയ ഭ്രാന്തും വംശവിദ്വേഷവും അണയാതെ കത്തിപ്പടരുന്ന മണിപ്പൂരിൽ ആയിരത്തോളം പേർ മൂന്ന് വനിതകളെ പട്ടാപ്പകൽ വസ്ത്രമുരിഞ്ഞ് നഗ്നരാക്കി നടത്തിച്ച് അതിലൊരാളെ ബലാത്സംഗം ചെയ്തിട്ട് രണ്ടുമാസം കഴിഞ്ഞ് അന്നാട്ടിലെ മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയും നടുക്കം പ്രകടിപ്പിച്ചിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ മണിപ്പൂർ പ്രതികരണത്തിന്റെ സന്തോഷത്തിൽ രാജ്യത്തെ വനിതകൾ ഒന്നടങ്കം ഒരു ദിവസം വ്രതം അനുഷ്ഠിക്കണമെന്നാണ് മുതിർന്ന മാധ്യമ പ്രവർത്തകൻ രവീഷ് കുമാർ പരിഹസിച്ചത്. രവീഷ് ഇത്രയും കൂടി പറഞ്ഞു. പ്രധാനമന്ത്രി ജീ, ഇതിലും ഭേദം താങ്കൾ മണിപ്പൂരിനെക്കുറിച്ച് ഒന്നും പറയാതിരിക്കുകയായിരുന്നു. ഇനി പ്രതിപക്ഷത്തെ നാവടപ്പിക്കാനായിരുന്നുവെങ്കിൽ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ബി.ജെ.പി എം.പി ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെ കേന്ദ്രത്തിൽ വനിത വികസന മന്ത്രിയാക്കാമായിരുന്നു. മണിപ്പൂരിനെക്കുറിച്ച് പ്രഥമ പ്രതികരണം വന്ന അതേ ദിവസമാണല്ലോ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ഗോദി മീഡിയ അണിയിക്കുന്ന പരിചയുള്ളപ്പോൾ താങ്കൾക്കെന്തും പറഞ്ഞുകൊണ്ടിരിക്കാം. എന്തും ചെയ്തുകൊണ്ടിരിക്കാം. ആരുണ്ടിവിടെ ചോദിക്കാൻ !
എ.എൻ.ഐയുടെ വിദ്വേഷമേളം
രവീഷ് കുമാർ പറഞ്ഞതുപോലെ ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തിന് ഗോദി മീഡിയ പക്കമേളമൊരുക്കുന്നത് പ്രധാനമന്ത്രിയുടെ മണിപ്പൂർ പ്രതികരണത്തിനുപിന്നാലെ രാജ്യം കണ്ടു. മേയ് നാലിന് കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിയ പരേഡും കൂട്ടബലാത്സംഗവുമല്ല, സംഭവം പുറത്തറിയാൻ ഇടയാക്കിയ ആ വിഡിയോ പുറത്തുവന്നതായിരുന്നു മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെപ്പോലെ ഗോദി മീഡിയയെയും ആദ്യം രോഷാകുലരാക്കിയത്. ഇത്തരമൊരു വിഡിയോ പുറത്തുവിടാൻ സ്വന്തം പ്ലാറ്റ്ഫോം അനുവദിച്ച ട്വിറ്ററിനെതിരെ നടപടി വരുമെന്ന് ബ്രേക്കിങ് ന്യൂസ് വന്നു. വിഡിയോ കണ്ടുണർന്ന മണിപ്പൂർ പൊലീസ് രണ്ടര മാസത്തിനുശേഷം പ്രതികൾക്കായി നടത്തിയ ഊർജിതമായ തിരച്ചിലും ആയിരത്തോളം വരുന്ന പ്രതികളിൽ നാലുപേരെ പിടികൂടിയതും ഗോദി മീഡിയ ആഘോഷിച്ചു.
അതിനിടയിലാണ് എ.എൻ.ഐ എന്ന വാർത്ത ഏജൻസി, കാംഗ്ലിപാകിലെ പീപ്ൾസ് റവല്യൂഷനറി പാർട്ടിയുടെ കേഡറായ അബ്ദുൽ ഹലീം എന്ന മുഹമ്മദ് ഇബുംഗോ (38) അടക്കം മൂന്നുപേരാണ് വൈറൽ വിഡിയോക്ക് ആധാരമായ കുറ്റകൃത്യത്തിന് അറസ്റ്റിലായതെന്ന് മണിപ്പൂർ പൊലീസ് പറഞ്ഞതായി വ്യാജവാർത്ത ട്വീറ്റ് ചെയ്തത്. നിമിഷനേരംകൊണ്ട് ബി.ജെ.പി നേതാക്കൾ അടക്കമുള്ള ഹിന്ദുത്വ ട്രോൾ ആർമി ആ വ്യാജ വാർത്ത മോദിക്കുള്ള പരിചയും മുസ്ലിംകൾക്കെതിരായ വംശീയ വിദ്വേഷത്തിനുള്ള ആയുധവുമാക്കി. മണിപ്പൂർ പൊലീസ് പറയാത്ത കാര്യം അവരുടെ വായിൽ തിരുകിയിറക്കിയ ട്വീറ്റ് മിനിറ്റുകൾക്കുശേഷം എ.എൻ.ഐ മായ്ച്ചെങ്കിലും ഒരു സമുദായത്തെ വംശവിദ്വേഷത്തിന് എറിഞ്ഞുകൊടുത്ത കൊടുംതെറ്റിന് ക്ഷമാപണം നടത്താനോ വ്യക്തത വരുത്താനോ തയാറായില്ല. ഫാക്റ്റ് ചെക്കറും ആൾട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈർ ട്വിറ്ററിലൂടെ എ.എൻ.ഐയെ തുറന്നുകാട്ടിയപ്പോഴാണ് 12 മണിക്കൂർ കഴിഞ്ഞ്, തങ്ങളുണ്ടാക്കിയ വൈറൽ വാർത്ത തെറ്റായിരുന്നുവെന്ന കുറ്റസമ്മതവുമായി എ.എൻ.ഐ രംഗത്തുവന്നത്.
ആനി രാജയുടെ റിപ്പോർട്ടും ബി.ജെ.പി നേതാവ് പറഞ്ഞതും
പൂർണമായും വംശീയവും വർഗീയവുമായ കലാപത്തെ ‘നാർകോ ടെററിസ്റ്റുകൾ’ക്കെതിരായ ഭരണകൂട യുദ്ധമായി വിശേഷിപ്പിച്ച വിദ്വാനാണ് മണിപ്പൂരിലെ ബി.ജെ.പി മുഖ്യമന്ത്രി ബിരേൻ സിങ്. ഇംഫാൽ താഴ്വരയിലെ കുക്കി സോ വംശജരുടെ പാർപ്പിടങ്ങൾക്ക് തീയിട്ടുകൊണ്ടിരുന്ന തീവ്രവാദികളായ ‘മെയ്തേയി മിലീഷ്യ’ക്ക് സർക്കാർ സേനകളുടെ സഹായം നൽകുന്നതിനെ ന്യായീകരിക്കാനായി മെനഞ്ഞ വ്യാഖ്യാനമാണിതെന്ന് പറയുന്നത് മണിപ്പൂരിലെ ബി.ജെ.പി നേതാവും എം.എൽ.എയുമായ പവോലൈൻലാൽ ഹോകിപ് ആണ്. ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ അരങ്ങേറിയ കലാപങ്ങളിൽനിന്ന് വ്യത്യസ്തമായി മേയ് മൂന്നിന് തുടങ്ങിയ കലാപം ഇത്രനാൾ കഴിഞ്ഞിട്ടും ശമിക്കാത്തതിന്റെ പ്രഥമവും പ്രധാനവുമായ കാരണമായി ഭരണപക്ഷ എം.എൽ.എ പരസ്യമായി പറയുന്നത് ബിരേൻ സിങ് ഭരണകൂടത്തിന് വംശീയ കലാപത്തിലുള്ള പങ്കാളിത്തമാണ്. പ്രധാനമന്ത്രിയുടെ പ്രതികരണം വന്നതിനുശേഷമാണ് ഈ തുറന്നുപറച്ചിൽ. ബി.ജെ.പി എം.എൽ.എ പറഞ്ഞ ഇതേ വസ്തുത മണിപ്പൂരിൽ നേരിൽ പോയി നേരിൽക്കണ്ട് തയാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടിൽ രേഖപ്പെടുത്തിയതിനാണ് സി.പി.ഐ നേതാവും വനിത ഫെഡറേഷന്റെ ദേശീയ സാരഥിയുമായ ആനി രാജക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്.
കലാപത്തിനുപിന്നിലെ ആസൂത്രണം
സ്വാതന്ത്ര്യലബ്ധി തൊട്ട് വിഭവങ്ങൾ പങ്കുവെക്കുന്നതിൽ സംഭവിച്ച വിവേചനത്തിന്റെ അനന്തരഫലമാണ് മൂന്ന് മാസത്തോടടുക്കുന്ന മണിപ്പൂർ കലാപം. വിവേചനത്താൽ ശ്വാസം മുട്ടുന്നതിനിടയിലാണ് താഴ്വരയിലെ മെയ്തേയികൾക്ക് കുന്നിൻ പ്രദേശങ്ങളിലെ ഗോത്രവർഗക്കാരെ പോലെ പട്ടികവർഗ പദവി നൽകുന്നത് പരിഗണിക്കണമെന്ന ഹൈകോടതി വിധികൂടി വരുന്നത്. ഇതിനോടുള്ള കുക്കികളുടെ പ്രതിഷേധം കലാപത്തിനുള്ള അവസരമാക്കി മാറ്റി വംശീയ ഉന്മൂലനത്തിനുള്ള ആസൂത്രണം വളരെ നേരത്തേ നടന്നുവെന്നാണ് ഗോത്രവർഗക്കാർ ആരോപിക്കുന്നത്. ഇംഫാലിലെ റിട്ട. ഐ.ആർ.എസ് ഓഫിസർ ഡബ്ല്യു.എൽ. ഹാങ്ഷിങ് പറഞ്ഞത്, താഴ്വരയിൽ മെയ്തേയികൾക്കൊപ്പം ഇടകലർന്ന് ജീവിക്കുന്ന കുക്കികളുടെ ഭവനങ്ങൾ തിരഞ്ഞുപിടിച്ച് കത്തിക്കാനുള്ള സർവേ മൂന്നുവർഷം മുമ്പേ നടത്തിയെന്നാണ്. ഇംഫാലിൽ സ്മാർട്ട് സിറ്റി ഉണ്ടാക്കാനാണെന്ന് പറഞ്ഞായിരുന്നു ഈ സർവേ നടത്തിയതത്രേ. ഇത്തരമൊരു ആസൂത്രണം മണിപ്പൂർ കലാപത്തിൽ ഉണ്ടായിട്ടുണ്ടോ എന്നത് സത്യസന്ധമായ ഒരു അന്വേഷണത്തിലൂടെ മാത്രം തെളിയിക്കേണ്ടതാണ്.
ശ്രദ്ധതിരിക്കുന്നതിലെ ശ്രദ്ധ
‘‘ഈ സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് അറിവില്ലായിരുന്നോ? അറിവില്ലായിരുന്നുവെങ്കിൽ ഏതുതരക്കാരനായ പ്രധാനമന്ത്രിയാണ് താങ്കൾ? അതല്ല, സംഭവത്തെക്കുറിച്ച് അറിവുണ്ടായിട്ടും മൗനം പാലിച്ചതാണെങ്കിലും ഏതുതരക്കാരനായ പ്രധാനമന്ത്രിയാണ് താങ്കൾ?’’ മൗനം ഭഞ്ജിച്ച പ്രധാനമന്ത്രിയോട് കോൺഗ്രസ് നേതാവ് പവൻ ഖേര ഉന്നയിച്ചതാണ് ഈ ചോദ്യങ്ങൾ. മണിപ്പൂർ എന്നൊരു വാക്ക് ഒരിക്കൽ പോലും പറയാതിരിക്കാൻ കഴിഞ്ഞ മൂന്നുമാസത്തോളമായി ബദ്ധശ്രദ്ധ കാണിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി അതുച്ചരിച്ചപ്പോൾ ഛത്തിസ്ഗഢിനെയും രാജസ്ഥാനെയും കൂടി വലിച്ചിഴച്ച് രാജ്യചരിത്രത്തിൽ തുല്യതയില്ലാത്ത ഒരു കലാപത്തെ മറ്റു സംസ്ഥാനങ്ങളിലെ കേവലം ഒറ്റപ്പെട്ട ക്രിമിനൽ കേസുകൾ കണക്കെ ഒന്നായി ലഘൂകരിച്ചു.
ഇത് ഒരു മുന്നറിയിപ്പാണ്
വൈറൽ വിഡിയോ രാജ്യത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ച സാഹചര്യത്തിൽ ഒരിക്കൽകൂടി രാഹുൽ ഗാന്ധി മണിപ്പൂരിൽ പോകണമെന്നും എന്നാലെങ്കിലും പ്രധാനമന്ത്രി മണിപ്പൂരിലേക്ക് പോകാൻ നിർബന്ധിതനാകുമെന്നും മാധ്യമ പ്രവർത്തക സ്വാതി ചതുർവേദിയെ പോലുള്ളവർ എഴുതി. പ്രധാനമന്ത്രി മണിപ്പൂരിലേക്ക് പോകാൻ തയാറാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ. സ്വന്തം വോട്ടുബാങ്കിനോടുള്ള ബി.ജെ.പിയുടെ പ്രതിബദ്ധത. സ്വന്തം വോട്ടുബാങ്കിനെ ബാധിക്കുന്ന ഒരു നടപടിയും പൊതുതെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുമ്പോൾ അവരിൽനിന്ന് പ്രതീക്ഷിക്കാനാവില്ല. കലാപം ഇത്രയേറെ കെടുതി വിതച്ചിട്ടും രാജ്യം ഒന്നടങ്കം മുറവിളി കൂട്ടിയിട്ടും പ്രധാനമന്ത്രി മണിപ്പൂരിലേക്ക് പോകാതിരിക്കുമ്പോൾ മണിപ്പൂരിലെ ഭൂരിപക്ഷ വോട്ടുബാങ്കിൽ അതുണ്ടാക്കുന്ന ആത്മവിശ്വാസത്തെക്കുറിച്ച് ഒന്ന് ഓർത്തുനോക്കുക. വോട്ടുസമാഹരണത്തിന് ഭിന്നിപ്പിന്റെ രാഷ്ട്രീയം പയറ്റാൻ ഏതറ്റം വരെയും പോകുന്നവർ മണിപ്പൂരിൽ സ്വീകരിക്കുന്ന സമീപനം ആ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണെങ്കിൽ മണിപ്പൂർ ഒരു മുന്നറിയിപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.