ഇറാനിൽ റഈസിയുടെ വരവ് ഇസ്രായേൽ ഭയക്കുന്നത് എന്തിന്?
text_fieldsടെൽ അവീവ്: ഹസൻ റൂഹാനിയുടെ പിൻഗാമിയായി ഇബ്രാഹിം റഈസി ഇറാൻ പ്രസിഡന്‍റ് പദവിയേറുേമ്പാൾ പശ്ചിമേഷ്യയിലെ യഥാർഥ പ്രശ്നക്കാരും എന്നാൽ സമാധാനത്തിന്‍റെ കുഴലൂത്തുകാരുമായ ഇസ്രായേൽ ഇത്രമേൽ ആശങ്കപ്പെടുന്നത് എന്തുകൊണ്ടാകും? അഞ്ചു വർഷം മുമ്പ് റൂഹാനിക്കു മുന്നിൽ ഇതുപോലൊരു അങ്കം തോറ്റതിന് മധുര പ്രതികാരമായി ഇത്തവണ റഈസി തെരഞ്ഞെടുക്കുേമ്പാൾ ലോകം കരുതലോടെ പ്രതികരിച്ചപ്പോൾ ആധി ലോകത്തെ അറിയിക്കുന്ന വാക്കുകളായിരുന്നു ഇസ്രായേൽ സർക്കാറിന്‍റെത്.
ഇറാൻ കണ്ട ഏറ്റവും കടുത്ത തീവ്രപക്ഷക്കാരനായ നേതാവാണ് റഈസിയെന്നും ആണവ പദ്ധതികൾ അദ്ദേഹം പുനരുജ്ജീവിപ്പിക്കുമെന്നുമായിരുന്നു ഇസ്രായേൽ വിദേശകാര്യ മന്ത്രാലയ വക്താവ് ലിയോർ ഹായതിന്‍റെ ആദ്യ പ്രതികരണം. ''ഇറാൻ ആണവ പദ്ധതി അടിയന്തരമായി നിർത്തണമെന്നും അനിശ്ചിതമായി അവസാനിപ്പിക്കണമെന്നും ബാലിസ്റ്റിക് മിസൈൽ നിർമാണം തകർക്കണമെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്‍റെ തുടർന്നുള്ള ട്വീറ്റ്.
ആഗസ്റ്റിൽ പ്രസിഡന്‍റ് പദവിയേറുന്ന റഈസി നിലവിൽ രാജ്യത്തെ പരമോന്നത ജഡ്ജിയാണ്. പുതിയ ദൗത്യം ഏറ്റെടുക്കുംവരെ ചീഫ് ജസ്റ്റീസായി തുടരുകയും ചെയ്യും. രാഷ്ട്രീയ എതിരാളികൾക്ക് വധശിക്ഷ നൽകിയതിന് അമേരിക്ക ഉപരോധ പട്ടികയിൽ പെടുത്തിയിട്ടുണ്ട്. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ പോലെ കറുത്ത തലപ്പാവണിയുന്ന റഈസി സയ്യിദ് കുടുംബക്കാരനായാണ് കരുതപ്പെടുന്നത്. 82കാരനായ ഖാംനഈ വിട പറയുന്നതോടെ ആ പദവിയിലേക്ക് പരിഗണിക്കപ്പെടുന്നയാൾ.
ഇറാനെതിരെ ഏറെയായി നിഴൽ യുദ്ധത്തിലാണ് ഇസ്രായേൽ. നേരിട്ട് ആക്രമണത്തിനിറങ്ങാതെ ശത്രുവിനെ പരമാവധി നശിപ്പിക്കുന്ന രീതി നടപ്പാക്കിവരികയും ചെയ്യുന്നു. അടുത്തിടെ ഇരു രാജ്യങ്ങളും തമ്മിലെ പോര് കൂടുതൽ മൂർഛിച്ചതിനിടെയാണ്, ഹസൻ റൂഹാനിയുടെ മധ്യ നിലപാടുകളെ വെട്ടി കടുത്ത ശൈലിക്കാരനായ റഈസിയെ ജനം തെരഞ്ഞെടുക്കുന്നത്.
ഇറാൻ ആണവ പദ്ധതിയെ സംശയത്തോടെ കാണുന്ന ഇസ്രായേൽ അത് നശിപ്പിക്കാൻ ഏറെയായി ശ്രമങ്ങൾ തുടരുകയാണ്. പശ്ചിമേഷ്യ നയതന്ത്രത്തിന്‍റെ ഭാഗമായി മുൻനിര ഇറാൻ ആണവ ശാസ്ത്രജ്ഞരെ വധിക്കുന്നതും അമേരിക്കയെയും മറ്റു സഖ്യ രാജ്യങ്ങളെയും കൂട്ടുപിടിച്ച് ഉപരോധം കടുപ്പിക്കുന്നതും പതിവുകാഴ്ച. ആണവ നിലയങ്ങൾ ഊർജാവശ്യത്തിന് മാത്രമെന്ന് പറയുേമ്പാഴും അണുവായുധ നിർമാണത്തിന് ഉപയോഗപ്പെടുത്തുമോയെന്ന് മേഖലയിലെ ഏറ്റവും വലിയ ആണവ ശക്തിയായ ഇസ്രായേൽ ഭയക്കുന്നു. പുതിയ പ്രസിഡന്‍റിന്‍റെ തെരഞ്ഞെടുപ്പിനുടൻ ഇസ്രായേൽ നടത്തിയ പ്രസ്താവനയിലും ഇത് പ്രകടം.
വിട്ടുവീഴ്ചയില്ലാത്ത നിലപാടുകാരൻ
ശിയാവിശ്വാസികൾ ഏറെ പവിത്രത കൽപിക്കുന്ന ഇമാം റിസ പിറന്ന മശ്ഹദ് സ്വദേശിയായ റഈസി നിയമത്തിൽ ഡോക്ടറേറ്റ് നേടിയാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1979ൽ ഷാ റിസ പഹ്ലവിയെ പുറത്താക്കിയ ഇറാൻ വിപ്ലവത്തിൽ നേതൃപരമായ പങ്കുവഹിച്ചിരുന്നു. അതുകഴിഞ്ഞ് ആദ്യമായി എത്തുന്നത് പ്രോസിക്യൂട്ടർ ജോലിയിൽ. ഡെപ്യൂട്ടി പ്രോസിക്യൂട്ടറായി 1985ൽ ടെഹ്റാനിലെത്തി. ഇക്കാലത്ത് ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ നിരവധി പേരുടെ അപ്രത്യക്ഷമാകലിനും രഹസ്യ വധശിക്ഷക്കും പിന്നിൽ റഈസിയുടെ പങ്കുമുണ്ടായിരുന്നുവെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചിരുന്നു. 1988ൽ രാഷ്ട്രീയ എതിരാളികളെ വിചാരണ ചെയ്ത് ശിക്ഷ നടപ്പാക്കാനായി നിയോഗിച്ച നാലംഗ ജഡ്ജിങ് പാനലിൽ ഒരാൾ. 5,000 പേർ അന്ന് കൊല്ലപ്പെട്ടതായാണ് ആംനസ്റ്റിയുടെ കണക്ക്. എന്നാൽ, അതിന്‍റെ അനേക ഇരട്ടികളാണെന്ന് ഇസ്രായേൽ ആരോപിക്കുന്നു.
യു.എസ് ഉപരോധം നിലനിൽക്കുന്ന ആദ്യ ഇറാൻ പ്രസിഡന്‍റായാണ് റഈസി അധികാരമേറുന്നത്. 2019ലായിരുന്നു ഉപരോധമേർപെടുത്തിയത്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് നിയമ നടപടി നേരിടണമെന്ന് ആംനെസ്റ്റി ഇന്‍റർനാഷനലും ആവശ്യപ്പെട്ടിരുന്നു.
പക്ഷേ, രാജ്യാന്തര തലത്തിലെ പ്രതിഷേധങ്ങൾക്കിടെയും അതിവേഗം പദവികൾ ഉയർത്തിയ റഈസി, 1989ൽ ഇറാൻ ഖാംനഇൗ പരമോന്നത നേതാവായതോെട നിർണായക തീരുമാനങ്ങളിലും പങ്കാളിയായി. ആദ്യം ടെഹ്റാൻ പ്രോസിക്യൂട്ടറായും പിന്നീട് ജനറൽ ഇൻസ്പെക്ഷൻ ഓർഗനൈസേഷൻ മേധാവിയായും പ്രവർത്തിച്ച ശേഷം 2014വരെ ഒരു പതിറ്റാണ്ടുകാലം ഡെപ്യൂട്ടി ചീഫ് ജസ്റ്റീസായും നിറഞ്ഞുനിന്നു. 2014ൽ അറ്റോണി ജനറലായി ചുമതലയേറ്റ് രണ്ടു വർഷം തുടർന്നു. അതിനിടെയാണ് ഖാംനഈയുടെ പിൻഗാമിയെ കണ്ടെത്താനുള്ള വിദഗ്ധരുടെ അസംബ്ലിയിലേക്ക് ദക്ഷിണ ഖുറാസാനിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്. ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മഷ്ഹദ് ആസ്ഥാനമായുള്ള ആസ്താനെ ഖുദ്സ് റസവി ചുമതലയിലുമെത്തി. വലിയ ഫണ്ടൊഴുകുന്ന സ്ഥാപനമായാണ് ഇത് പരിഗണിക്കപ്പെടുന്നത്.
2017ൽ ആദ്യമായി പ്രസിഡന്‍റ് പദവിയിലേക്ക് അങ്കം കുറിെച്ചങ്കിലും വിജയിക്കാനായില്ല. 38 ശതമാനം വോട്ടുമായി അന്ന് സാന്നിധ്യം കുറിച്ച റഈസി 2019ലാണ് രാജ്യത്തിന്റെ ചീഫ് ജസ്റ്റീസായി അവരോധിക്കപ്പെടുന്നത്.
അഴിമതിക്കെതിരെ കടുത്ത നിലപാടുകളായിരുന്നു പിന്നീട് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ഉയർന്ന സർക്കാർ പദവികൾ വഹിച്ചവർ പോലും കടുത്ത ശിക്ഷ ഏറ്റുവാങ്ങി. ജനപ്രിയ സമൂഹ മാധ്യമങ്ങളായ സിഗ്നൽ, ക്ലബ് ഹൗസ് തുടങ്ങിയവ നിരോധിച്ചു. വാട്സാപ്പ്, ഇൻസ്റ്റഗ്രാം ഒഴിെക മറ്റു സമൂഹ മാധ്യമങ്ങൾക്കും ഇറാനിൽ വിലക്കുണ്ട്.
പുതിയ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് എത്തുംമുന്നേ 32 പ്രവിശ്യകളിലും സഞ്ചരിച്ച് പ്രചാരണം കൊഴുപ്പിച്ച റഈസിയുടെ വിജയം സുനിശ്ചിതമായിരുന്നു. യു.എസ് നേതൃത്വം നൽകി ലോകം നടപ്പാക്കുന്ന ഉപരോധം ശരിക്കും തളർത്തിയ ഇറാൻ ജനതക്ക് പുതു ജീവൻ പകരാൻ റഈസിക്കാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
ഇത്തവണ 50 ശതമാനത്തിൽ താഴെയായിരുന്നു വോട്ടിങ് ശതമാനം. 2017ൽ 70 ശതമാനമായിരുന്നതാണ് കുറഞ്ഞത്.
തെരഞ്ഞെടുപ്പിൽ ജയിച്ചാലും ഇറാനിലെ അറവുകാരൻ എന്നാണ് ഇസ്രായേൽ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. എന്നാൽ, അനുമോദിച്ചായിരുന്നു റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിന്‍റെ പ്രസ്താവന. സിറിയ, ഇറാഖ്, തുർക്കി തുടങ്ങിയ രാജ്യങ്ങളും ആശംസ അറിയിച്ച് രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.